Monday 13 August 2018 04:52 PM IST : By R.Sreelekha IPS

എന്നെങ്കിലും ഞങ്ങൾക്ക് മോചനം കിട്ടിയാൽ കല്യാണം കഴിക്കണം, ഒരുമിച്ചു താമസിക്കണം, ശ്വാസം പോകുംവരെ!

sreelekha-ips3479

തൊട്ടടുത്ത സംസ്ഥാനക്കാരിയാണ്. എങ്കിലും കഴിഞ്ഞ ഒൻപതു വർഷത്തിലേറെയായി ഞാൻ ഇവിടെ ഈ ജയിലിനുള്ളിലാണ്. ഇപ്പോൾ മലയാളം നന്നായി സംസാരിക്കാനും  എഴുതാനും  അറിയാം. ഞാൻ കുറ്റം ചെയ്തിട്ടുണ്ട്. ശരിയാണ്. ചിലപ്പോഴൊക്കെ അതോർക്കുമ്പോൾ  വേണ്ടായിരുന്നു എന്നും തോന്നാറുമുണ്ട്. എന്റെ മാതാപിതാക്കൾ ഇത്ര കർക്കശക്കാരായിരുന്നില്ലെങ്കിൽ എനിക്കീ അവസ്ഥ വരികയും ഇല്ലായിരുന്നു.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഉണ്ടായതാണ് എന്റെ ആ  പ്രണയം. എന്നെ സ്കൂളിൽ കൊണ്ടുപോകാനും െകാണ്ടുവരാനും ഏർപ്പാടാക്കിയ ഓട്ടോക്കാരനെയാണ് ഞാൻ പ്രേമിച്ചത്. അവനെ വീട്ടിലെല്ലാവര്‍ക്കും ജീവനായിരുന്നു. അച്ഛൻ പലപ്പോഴും പറയുന്നതും കേട്ടിട്ടുണ്ട്, ‘എന്ത് നല്ല പയ്യൻ. നല്ല വിനയം, ഏതു പണിയും ചെയ്യാൻ ഒരു മടിയുമില്ല. കാണാൻ ശ്രീകൃഷ്ണനെ പോലെയും. പാവം, നല്ല വീട്ടിൽ പിറന്നവനാണ്. കാശില്ലാത്ത കുടുംബം എന്നൊരു കുഴപ്പമേയുള്ളൂ.’ ഇതൊക്കെ  കേൾക്കുമ്പോൾ എനിക്കും ഇഷ്ടം തോന്നാതിരിക്കുമോ?

അവന്‍റെ ഒാട്ടോയില്‍ ഞാനുള്‍പ്പെടെ നാലു കുട്ടികളാണു പോയിരുന്നത്. പക്ഷേ, എന്നോട് പ്രത്യേകം താൽപര്യമായിരുന്നു. ബാഗ് എടുക്കും, ക്ലാസ്സ്‌റൂം വരെ കൊണ്ടാക്കും, വീട്ടുമുറ്റത്തു തന്നെ നിർത്തി ഇറക്കിവിടും, കാണുമ്പോഴൊക്കെ ‘എന്നമ്മാ, സൗഖ്യമാ?’ എന്നു പുഞ്ചിരിയോടെ ചോദിക്കും. എന്നെക്കാൾ എട്ടു വയസ്സ് പ്രായക്കൂടുതൽ ഉണ്ട്. പ്രണയിക്കുമ്പോൾ അതൊന്നും ആരും നോക്കാറില്ലല്ലോ. ഒരിക്കൽ അമ്മയെയും എന്നെയും അമ്പലത്തിൽ കൊണ്ടു പോയി മടങ്ങും വഴി അമ്മ അവനോടു ചോദിച്ചു, ‘നിനക്ക് കല്യാണത്തിനു പ്രായമായല്ലോ? എന്താണ് അതെക്കുറിച്ചൊന്നും ആലോചിക്കാത്തത്?’ എന്ന്. ‘സമയമാവട്ടെ, അമ്മ’ എന്നവൻ മറുപടി പറഞ്ഞു. പിന്നെ, തിരിഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു.

വീട്ടുകാർക്ക് അവനെ നല്ല വിശ്വാസമായിരുന്നു. അത് കൊണ്ട് ഞങ്ങൾ യഥേഷ്ടം പ്രണയിച്ചു നടന്നു. ആറു വർഷം. ഈ സമയം ഒന്നും എന്നെ എവിടെയും ഒറ്റയ്ക്ക് കൊണ്ട് പോകുകയോ തെറ്റായ വിധം സ്പർശിക്കുകയോ ചെയ്തില്ല. ചിലപ്പോൾ എനിക്കു കൊതി തോന്നും, ഒരുമ്മ കൊടുക്കാൻ. പക്ഷേ, അവൻ അതിനിടം തരില്ല. എന്നിട്ടു പറയും, ‘വേണ്ട, നമ്മൾ തെറ്റായി ഒന്നും  ചെയ്യരുത്. സമയം ആകട്ടെ.’

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു അത്. പ്രണയപ്പുഴയിൽ നീന്തിത്തുടിച്ചു ഉല്ലസിച്ച കാലം. എനിക്ക് പതിനെട്ടു തികഞ്ഞ ദിവസം ഒരു സമ്മാനവുമായി അവൻ വീട്ടിൽ വന്നു. എന്റെ എല്ലാ പിറന്നാളിനും മധുര പലഹാരങ്ങൾ കൊണ്ടു വരുമായിരുന്നു. ഇപ്രാവശ്യം കൊണ്ടു വന്നത് ഒരു സിൽക്ക് സാരിയായിരുന്നു. ചുവപ്പ് നിറത്തിൽ കസവു ബോർഡർ ഉള്ള നല്ല സാരി. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടിയപ്പോൾ അച്ഛനും അമ്മയും നെറ്റി ചുളിച്ചു.‘ഈ സാരി നിന്റെ അമ്മയ്ക്ക് കൊണ്ട് നൽകൂ. എന്നിട്ടു അവൾക്കായി വല്ല ചോക്‌ലറ്റൊ മറ്റോ കൊണ്ട് വന്നാൽ മതി.’ അമ്മ പറഞ്ഞത് കേട്ട് അവന്റെ മുഖവും എന്റെ നെഞ്ചും വാടി. ഞാൻ സാരിയും കൊണ്ട് അകത്തേക്ക് പോയി. ഇത് ഞാൻ തിരിച്ചു കൊടുക്കില്ല എന്ന വാശിയിൽ.

‘‘മോളെ, ഒരു പുരുഷനിൽ നിന്നു പുടവ സമ്മാനമായി സ്വീകരിക്കാൻ പാടില്ല. അതങ്ങു തിരികെ കൊടുക്കൂ. നീ ഇപ്പോൾ പ്രായപൂർത്തിയായ പെണ്ണാണ്.’ അമ്മ ഉപദേശിച്ചു.
‘ഞാൻ കൊടുക്കില്ല. ഇതെനിക്ക് വേണം. ഇതിൽ ഒരു തെറ്റുമില്ല. എനിക്കവനെ ഇഷ്ടമാണ്. വർഷങ്ങളായി പ്രണയത്തിലാണ് ഞങ്ങൾ. ഞാൻ അവനെ കല്യാണം കഴിക്കാൻ പോകുകയാണ്.’ ഞാൻ തീർത്തു പറഞ്ഞു.

അതോെട പല തരത്തിലുള്ള ഉപദ്രവങ്ങളാണ് വീട്ടിൽ നിന്നു നേരിടേണ്ടി വന്നത്. കുടുംബത്തിന്റെ നിലയും വിലയും നോക്കാതെ ഒരാളെ സ്നേഹിച്ചതിന്റെ പേരിലുള്ള ശാപവാക്കുകളായിരുന്നു എപ്പോഴും. അതിനിടയിലൊരു ദിവസം ഒരു റെയിൽവേ ഉദ്യോഗസ്ഥൻ വീട്ടിൽ എന്നെ പെണ്ണ് കാണാൻ വന്നു. ഒറ്റയ്ക്ക് സംസാരിക്കാൻ ആൾക്ക് താൽപര്യമില്ല. അയാൾക്കും വീട്ടുകാർക്കും എന്നെ ഇഷ്ടപ്പെട്ടു. എന്റെ കണ്ണീര് കലങ്ങിയ മുഖമൊന്നും അവർ ശ്രദ്ധിച്ചില്ല. എന്റെ വിസമ്മതത്തിനു പുല്ലുവില കൽപിച്ച് വിവാഹ തീയതി കുറിച്ചു. മാതാപിതാക്കൾ വിവാഹം  ക്ഷണിക്കാൻ പോയ ഒരു ദിവസം ഞാൻ വീട്ടിൽ നിന്ന് ഒളിച്ചോടി എന്റെയാളുടെ അടുത്ത് ചെന്നു.

അതുവരെ എന്നെ തൊടാൻ പോലും കൂട്ടാക്കാത്ത അവൻ അന്നെന്നെ കെട്ടിപിടിച്ചു കരഞ്ഞു. എന്നെ കൂടാതൊരു ജീവിതം അവനില്ലെന്നും ഞാൻ മറ്റൊരു പുരുഷന്റെ ഭാര്യയായാൽ അവൻ ആ നിമിഷം മരിക്കുമെന്നും പറഞ്ഞു. അന്ന് എന്റെ എല്ലാം ഞാൻ അവനായി സമർപ്പിച്ചു. സുഖങ്ങൾ ഒരിക്കലും നീണാൾ നില നിൽക്കില്ലല്ലോ? പിറ്റേന്ന് തന്നെ അച്ഛൻ ഏർപ്പാടാക്കിയ പൊലീസ് എന്നെ അവനിൽ നിന്നകറ്റുകയും അവനെ സ്റ്റേഷനിൽ കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തു. കന്യകയല്ലാത്ത എന്നെ നിർബന്ധിച്ചു വിവാഹ പന്തലിൽ കൊണ്ടിരുത്തിച്ചു, ആ റെയിൽവേ ഉദ്യോഗസ്ഥൻ എന്റെ കഴുത്തിൽ താലി ചാർത്തി.

വിവാഹശേഷവും ഭര്‍ത്താവിനെ സ്േനഹിക്കാനോ ഉള്‍ക്കൊാള്ളാനോ എനിക്കായില്ല. ഞാന്‍ അവനെ മൊെെബലില്‍ വിളിക്കുകയും സംസാരിക്കുകയും െചയ്തു. എത്ര വൈകിയാലും ഏതു പ്രതിസന്ധിയിലും ഒന്നിക്കണമെന്നു തീരുമാനമെടുത്തു. മൂന്നാറിൽ ഹണിമൂണിന് പോകാനായി തയ്യാറെടുക്കുന്ന ഭർത്താവിനോട് ഞാൻ കേണു പറഞ്ഞു, ‘ദയവായി എനിക്ക് വിവാഹമോചനം തരൂ. നിങ്ങളെ ഞാൻ ചതിക്കുകയായിരുന്നു. എനിക്ക് ഒരാളുമായി ബന്ധമുണ്ട്. കല്യാണത്തിന് മുൻപ് ഞാൻ അവന്‍റെ മുന്നില്‍ എല്ലാം സമര്‍പ്പിച്ചതാണ്.  വർഷങ്ങളായുള്ള പ്രേമമാണ്. എനിക്കവനെ മറക്കാൻ ആകില്ല. ഞങ്ങൾക്ക് ഒന്നിച്ചു ജീവിക്കണം’ എന്നൊക്കെ.

അതൊക്കെ േകട്ട് അദ്ദേഹം െപാട്ടിച്ചിരിക്കുയാണ് ഉണ്ടായത്് എന്നിട്ടു പറഞ്ഞു,  ‘അതൊന്നും സാരമില്ല. എനിക്ക് ഒന്നല്ല, പല സ്ത്രീകളുമായി വിവാഹത്തിന് മുൻപ് ബന്ധമുണ്ടായിരുന്നു. ആ ഓട്ടോറിക്ഷക്കാരന്റെ കാര്യമൊക്കെ നിന്റെ അച്ഛൻ എന്നോടു പറഞ്ഞിട്ടുണ്ട്. എന്നെ ഇഷ്ടമില്ലാതെയായിരുന്നു ഈ വിവാഹം എന്നുമറിയാം. പതിയെ ഇഷ്ടപ്പെട്ടോളും. നിന്നെപ്പോലെ സുന്ദരിയും പണക്കാരിയും ആയ ഭാര്യയെ ഞാൻ ഉപേക്ഷിക്കില്ല.’

ഇക്കാര്യം ഞാൻ കാമുകനോട് പറഞ്ഞു. അവൻ മൂന്നാറിൽ എത്താമെന്ന് ഉറപ്പുതന്നു. അവിടെവച്ച് ഭര്‍ത്താവിനെ അപായപ്പെടുത്താനായിരുന്നു പ്ലാന്‍.  മൂന്നാറിൽ പലയിടങ്ങളിൽ വച്ച് ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. ഒടുവില്‍ അവന്റെ കൂട്ടുകാർ കൂടി വന്നു. എന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങള്‍ ഒരിക്കല്‍ക്കൂടി സൂയിസൈഡ് പോയന്റിലേക്കു പോയി.  അവിടെ വച്ച് പിന്നിലൂെട ഭർത്താവിന്റെ കഴുത്തില്‍ മൊബൈൽ ഫോണ്‍ ചാര്‍ജറിന്‍റെ വയർ കുരുക്കി മുറുക്കി. പിന്നെ, പൊക്കിയെടുത്തു കൊക്കയിലേക്ക് തള്ളി.

രക്ഷപെടാന്‍ കള്ളക്കഥകള്‍

എന്റെ ആഭരണങ്ങൾ ഞാൻ അവനു ഊരിക്കൊടുത്തു. നിർബന്ധിച്ച് എന്നെ മൂക്കിലും കണ്ണിലും അവനെക്കൊണ്ടു തല്ലിച്ചു. പിന്നെ ഞാൻ തന്നെ പൊലീസിനെ വിളിച്ചു. തമിഴ്നാട്ടിൽ നിന്ന് ഹണിമൂണിന് വന്നതാണെന്നും ഞങ്ങളെ ഒരു സംഘം ആൾക്കാർ ആക്രമിച്ച് എന്റെ സ്വർണം എല്ലാം തട്ടിക്കൊണ്ടു പോയി എന്നും തടയാൻ നിന്ന ഭർത്താവിനെ തള്ളി കൊക്കയിൽ ഇട്ട് അക്രമികള്‍ ഓടിക്കളഞ്ഞു എന്നും പൊലീസിനോടു പറഞ്ഞു. കൊള്ളസംഘത്തിൽ ആറു പേർ ഉണ്ടായിരുന്നു, എല്ലാവരും മുഖം മൂടി ധരിച്ചിരുന്നു, ഒരു നീല മാരുതി ഓമ്നി വണ്ടിയിലാണ് അവര്‍ വന്നത് എന്നൊക്കെ ഞാൻ പറഞ്ഞു. എന്റെ മുഖത്തെ മുറിവുകൾ കണ്ടു പൊലീസ് അതൊക്കെ വിശ്വസിച്ചു. ഞാൻ തിരികെ നാട്ടിൽ പോവുകയും ചെയ്തു.

പക്ഷേ, അന്വേഷിക്കാൻ വന്ന പോലീസിനോട് എന്റെ മാതാപിതാക്കൾ കട്ടായം പറഞ്ഞു, ‘എന്റെ മോളെ പ്രേമിച്ചു നടന്ന ഒരു ഓട്ടോറിക്ഷാക്കാരനുണ്ട്, അവനറിയാതെ ഈ സംഭവം നടന്നു കാണാൻ വഴിയില്ല’ എന്ന്. അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ആ സംഭവത്തിൽ എനിക്ക് കൂടി പങ്കുണ്ടെന്ന്. ഒടുവിൽ പൊലീസ് അവനെ പിടികൂടി. അവനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്ത പോലീസിന് സംശയം. ഇത് മൂന്നു പേരല്ലെയുള്ളൂ? അപ്പോൾ പരാതിക്കാരി ആറു പേർ ഉണ്ടായിരുന്നു എന്നു പറഞ്ഞതോ? ആ നീല മാരുതി ഓമ്നി എവിടെ? വീണ്ടും അവർ എന്നെ ചോദ്യം ചെയ്തതോടെ കള്ളക്കഥ പൊളിഞ്ഞു. ഞാൻ കൂട്ട് പ്രതിയായി. കാമുകൻ തന്ന ഫോൺ കിണറിൽ എറിഞ്ഞു കളഞ്ഞിരുന്നു. പക്ഷേ, ഫോൺ നമ്പറിൽ നിന്നു ഞങ്ങൾ തമ്മിലുള്ള സംസാരത്തിന്റെ എല്ലാ വിവരവും പൊലീസ് തപ്പിയെടുത്തു. ഞാൻ അറസ്റ്റിലായി. മാതാപിതാക്കൾ എന്നെ രക്ഷിക്കാനായി പല വഴി ശ്രമിച്ചു. ഒന്നും ഫലം കണ്ടില്ല.

കോടതി എന്നെ ശിക്ഷിച്ചു, ജീവപര്യന്തം. ഇപ്പോൾ പതിനൊന്നു വർഷം കഴിഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി ഞാൻ വനിതകളുടെ തുറന്ന ജയിലിലാണ്. വല്ലപ്പോഴും എന്നെ കാണാനും പരോളിൽ ഇറക്കാനും അച്ഛൻ വരാറുണ്ട്. പുറത്തിറങ്ങുമ്പോൾ എന്റെയാളുമായി  ഫോണിൽ സംസാരിക്കാറുണ്ട്. സത്യമായ പ്രണയം അങ്ങനെ അവസാനിക്കില്ലല്ലോ. ഒരേപോലെ പരോൾ കിട്ടുമ്പോൾ ഒരുമിച്ച് കഴിയാറുമുണ്ട്. ആൾ നന്നേ വയസ്സായി, മുടിയൊക്കെ നരച്ചു. ഞാനും കുറെ മാറി. എങ്കിലും മനസ്സിലിപ്പോഴും ഇഷ്ടമുണ്ട്, പഴയ പോലെ തന്നെ. എന്നെങ്കിലും ഞങ്ങൾക്ക് മോചനം കിട്ടിയാൽ കല്യാണം കഴിക്കണം. ഒരുമിച്ചു താമസിക്കണം, ശ്വാസം പോകും വരെ.