Thursday 27 February 2020 05:11 PM IST

എനിക്ക് 35, അവൾക്ക് 22...! സോഷ്യൽ മീഡിയ ആഘോഷിക്കുന്ന സ്കൂൾ അധ്യാപകന്റെയും വിദ്യാർഥിനിയുടെയും പ്രണയ കഥ ഇതാണ്

Binsha Muhammed

neenu-sumesh

പഠിപ്പിക്കാനെത്തിയ പ്രഫസറെ കണ്ണും പൂട്ടി പ്രേമിച്ച കുട്ടിയെ മലയാളി ഏറെ ഇഷ്ടത്തോടെ കണ്ടത് മഴയെത്തും മുൻപേയിലാണ്. മമ്മൂട്ടി അവതരിപ്പിച്ച പ്രഫസർ നന്ദകുമാറിന്റെ ഗ്ലാമറിൽ മയങ്ങി പ്രണയാഭ്യർത്ഥനയുമായി ചെന്ന ആനിയുടെ ശ്രുതിയോട് പ്രേക്ഷകർക്ക് ഇന്നും വല്ലാത്തൊരു ഇഷ്ടമുണ്ട്. ഗസ്റ്റ് ലക്ചറെ പ്രണയ നായികയാക്കാൻ ഒരുമ്പെട്ടിറങ്ങിയ ജോർജായിരുന്നു പിന്നെ പിള്ളേരുടെ ഹീറോ. ജോർജ് ഡേവിഡും മലർ മിസും ഏറെ നാളങ്ങനെ യുവത്വത്തിന്റെ പ്രണയ സങ്കൽപ്പങ്ങളിലെ നായകനും നായികയുമായി അങ്ങനേ നിന്നു... നിർഭാഗ്യമെന്നു പറയട്ടേ മേൽപ്പറഞ്ഞ രണ്ട് പ്രണയകഥകളും ക്ലൈമാക്സിൽ പ്രേക്ഷകന് കണ്ണീരാണ് സമ്മാനിച്ചത്. രണ്ടു ജോഡികളും ക്ലൈമാക്സിൽ ഒരുമിച്ചില്ലെന്നത് സിനിമയുടെ നാടകീയത.

ഇനി ജീവിതത്തിലേക്ക് വരാം, ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി. അവളെ പഠിപ്പിക്കാൻ വന്ന ഫിസിക്സ് അധ്യാപകൻ. ഒരു വ്യാഴവട്ടക്കാലം പിന്നിടുമ്പോൾ ആ വിദ്യാർത്ഥിനിയുടെ ഭർത്താവിന്റെ റോളിലാണ് ആ പഴയ അധ്യാപകൻ. ട്വിസ്റ്റും ക്ലൈമാക്സും പാട്ടുമില്ലാത്ത ജീവിതത്തിൽ ഇതെങ്ങനെ സംഭവിച്ചു എന്നാലോചിച്ചിട്ട് സോഷ്യൽ മീഡിയക്ക് ഇനിയും ഇരിക്കപ്പൊറുതി വന്നിട്ടില്ല. സിനിമയിലെ ഇജ്ജാതി പ്രണയങ്ങൾ കണ്ട് രോമാഞ്ചം കൊള്ളുന്നവർക്ക് ജീവിതത്തിലെ ഈ പ്രണയം അത്ര കണ്ട് ദഹിച്ചിട്ടുമില്ല. സംഭവം സോഷ്യല്‍ മീഡിയയിൽ കണ്ടപാടെ ചോദ്യങ്ങളുടെ ഘോഷയാത്രയാണ്. സ്വന്തം വിദ്യാർത്ഥിയെ കെട്ടിയ ആ അധ്യാപകനാര്? ഇവരെങ്ങനെ, എവിടെവച്ച് പ്രണയിച്ചു?. പ്രണയം കാലാതീതമെന്ന് വിശ്വസിക്കുന്ന നന്മമനസുകളുടെ ആശംസയും ഒപ്പമുണ്ട്.

ns-9

ചോദ്യങ്ങളും വിമർശനങ്ങളും ആശംസകളും കടലു പോലെയെത്തുമ്പോൾ വനിത ഓൺലൈൻ ആ ഭാഗ്യ ജോഡികളെ കണ്ടെത്തിയിരിക്കുകയാണ്. പ്രണയത്തിന് ജാതിയും മതവും കാലവും വയസും ഒന്നും പ്രശ്നമല്ലെന്ന് തെളിയിച്ച ആ അധ്യാപകൻ ഇന്ന് മഞ്ചേരി സബ് ഇൻസ്പെക്ടറാണ്. ആ പഴയ ഏഴാം ക്ലാസുകാരി നീനു ജബ്ബാർ സിവിൽ എഞ്ചിനീയറും. സോഷ്യൽ മീ‍ഡിയ നെഞ്ചിലേറ്റിയ പ്രണയകഥയുടെ ഫ്ലാഷ്ബാക്ക് വണ്ടൻമേട്ടിലെ വീട്ടിലിരുന്ന് നീനുവും സുമേഷും പറയുന്നു.

ns-1
ns-5

പ്രണയത്തിന്റെ എബിസിഡി

‘കലികാലം! അക്ഷരവും അറിവും പകർന്നു കൊടുക്കുന്ന അധ്യാപകൻ വിദ്യാർത്ഥിയെ പ്രണയിക്കുമോ?’ ഞങ്ങളുടെ ചിത്രം കണ്ടപാടെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഒരു ചെറിയ തിരുത്തുണ്ട് ചേട്ടൻമാരേ. പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥിയെ പ്രപ്പോസ് ചെയ്യാനോ... പ്രേമിക്കാനോ ഞാൻ ചെന്നിട്ടില്ല. പഠിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ പഠിപ്പിച്ചിട്ടുണ്ട്. ബാക്കി കഥ സോഷ്യൽ മീഡിയ മെനയും മുമ്പ് വിശദമായി പറയാം. –സബ് ഇൻസ്പെക്ടറുടെ ഗൗരവമില്ലാതെ സുമേഷ് പറഞ്ഞു തുടങ്ങുകയാണ്.

ns-6

വർഷം 2008, അന്ന് കുമളി അമലാംബിക സ്കൂളിൽ ഫിസിക്സ് അധ്യാപകനാണ് ഞാൻ. നീനു അതേ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും. അന്നത്തെ പന്ത്രണ്ട് വയസുകാരി നീനുവിനെ നോട്ടമിടാനോ പ്രേമിക്കാനോ പോയി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഞാൻ അധ്യാപകനും നീനു വിദ്യാർഥിയുമായ ആ കാലം അങ്ങനേ അങ്ങു പോയി.– സുമേഷ് പറയുന്നു.

ns-3

കഥയുടെ ബാക്കി പൂരിപ്പിക്കാനെത്തിയത് നീനുവാണ്. ‘2010ൽ പുള്ളിക്കാരൻ എക്സൈസിൽ ജോയിന്‍ ചെയ്യുന്നതോടെയാണ് കഥ മാറുന്നത്. ഏട്ടന്റെ ആദ്യ നിയമനം എന്റെ നാടായ വണ്ടിപ്പെരിയാറിലേക്കായിരുന്നു. അന്ന് ഞാൻ 9–ാം ക്ലാസ് വിദ്യാർത്ഥി. നാട്ടിൽ വച്ച് വീണ്ടും കണ്ടതോടെ സൗഹൃദം വളർന്നു. പതിയെ പതിയെ അത് പ്രണയമായി. ഉള്ളതു പറയട്ടേ, ഞാനാണ് അദ്ദേഹത്തിന്റെ പിന്നാലെ കൂടിയത്. പിന്നെ എന്നെ കണ്ടതോടെയല്ലേ പുള്ളിക്കാരന്റെ ടൈം തന്നെ തെളിഞ്ഞത്. അധ്യാപകനായിരുന്ന ഈ മനുഷ്യൻ എക്സൈസിലേക്കെത്തി. പിന്നാലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലേക്ക്. ഇപ്പോ ദേ... മഞ്ചേരിയിലെ സബ് ഇൻസ്പെക്ടറാണ് കക്ഷി. ഇതിലും വലുത് എന്ത് വേണം. അതിന്റെ ക്രെഡിറ്റ് കുറച്ചൊക്കെ എനിക്കും അവകാശപ്പെട്ടതാണ്. ഞാൻ സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് പിഎസ്‍സി അസിസ്റ്റന്റ് എഞ്ചിനീയറിനായുള്ള പരിശീലനത്തിലാണ് ഞാൻ.

ns-4

ഇതു ഞങ്ങളുടെ ലോകം

കഴിഞ്ഞ ജൂണിൽ വിവാഹിതരാകുമ്പോൾ എനിക്ക് 35 വയസായിരുന്നു പ്രായം. നീനുവിന് 22. ഇരുവീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെയുള്ള വിവാഹം. ഒന്നിന്റെ പേരിലും നീനുവിന്റെ സന്തോഷവും പുഞ്ചിരിയും കെടുത്തില്ല എന്നതാണ് ഞാനവൾക്ക് നൽകിയിട്ടുള്ള വാക്ക്. മരണം വരേയും അതങ്ങനെ തന്നെയായിരിക്കും. പിന്നെ കളിയാക്കുന്നവരോടും സാരോപദേശവുമായി വരുന്നവരോടുമായി... ഞങ്ങളുടെ പ്രണയവും സ്നേഹവും ഞങ്ങൾക്ക് മാത്രം മനസിലാകുന്നതാണ്. ആഫ്റ്റർ ഓൾ, വീ ആര്‍ ഹാപ്പി.

ns-2
Tags:
  • Relationship