Saturday 13 February 2021 03:41 PM IST

‘പങ്കിട്ടു ചെയ്താൽ ഏതു ജോലിയാണ് ഭാരമാകുക? ഞാനാണ് അവൾക്ക് പാചകം പഠിപ്പിച്ചു കൊടുത്തത്’; മാറിയ ചില കാഴ്ചകൾ

Rakhy Raz

Sub Editor

ggd3dvall334

‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ വൻ വിജയമാകുമ്പോൾ, പൊളിറ്റിക്കൽ കറക്റ്റ്നസ് വലിയ തോതിൽ ചർച്ചയാകുമ്പോൾ മാറിയ ചില കാഴ്ചകൾ കാണാൻ നമുക്ക് അടുക്കളകളിലേക്ക് പോകാം.   

കണ്ട കണ്ടാ... മണം വരണ കണ്ടാ...

ബെംഗളൂരുകാരൻ ഐടി പ്രെഫഷനൽ ഒക്കെയാണെങ്കിലും ദിനേശ് കർത്തയ്ക്ക് പാചകം എന്നാൽ സ്വന്തം തട്ടകമാണ്. ‘‘ജീവിക്കാൻ വേണ്ടി കഴിക്കുന്ന കൂട്ടത്തിൽ അല്ല ഞാൻ. കഴിക്കാൻ വേണ്ടി ജീവിക്കുന്ന കൂട്ടത്തിലാണ്. എന്റെ അമ്മ ടീച്ചറായിരുന്നു. ദൂരെയാണ് ജോലി. വരാൻ ഏഴ് മണിയൊക്കെയാകും. അതുകൊണ്ട് സ്കൂൾ വിട്ടു വന്നാൽ ഇരിങ്ങാലക്കുടയിലെ വീട്ടിൽ ഞാനും ചേച്ചിയും കൂടി ചായ ഉണ്ടാക്കി കുടിക്കും. അതായിരുന്നു തുടക്കം. 

കഴിക്കുന്നതിലെ രുചിഭേദങ്ങൾ ഏതാണെന്നറിയാനുള്ള താൽപര്യം കൊണ്ട് അമ്മയോട് ‘ഇതിൽ എന്തൊക്കെ ചേർത്തു’ എന്നു ചോദിച്ചു തുടങ്ങിയതാണ്. പിന്നെ, ചവിട്ടീട്ട് കിട്ടീല്ല ബ്രോ, എല്ലാം പഠിച്ചു. അവിയൽ, കൂട്ടുകറി, കാളൻ, തോരൻ അങ്ങനെ എല്ലാ വെജിറ്റേറിയൻ ഐറ്റംസും. കോഴിക്കോട് പേയിങ് ഗസ്റ്റ് ആയി നിന്നു പഠിച്ച ബാച്ചിലേഴ്സ് കാലം കൂൾ കൂൾ ആയിരുന്നു.  പല കിടിലൻ ഐറ്റങ്ങളും ഉണ്ടാക്കാൻ പരീക്ഷിച്ചു പഠിച്ചെടുത്തത് അപ്പോഴാണ്. അക്കാലത്ത് കസിൻസിന്റെ ആരുടെയെങ്കിലും കല്യാണം വന്നാൽ ഞങ്ങൾ കലവറയിലും അടുക്കളയിലും കാണും. രാജലക്ഷ്മിയെ കല്യാണം കഴിച്ച ശേഷം ഞാനാണ് അവൾക്ക് പാചകം പഠിപ്പിച്ചു കൊടുത്തത്.

കല്യാണം കഴിയുന്നത് എനിക്ക് ഇരുപത്തിരണ്ട് വയസ്സുള്ളപ്പോഴാണ് എന്ന് രാജലക്ഷ്മി. ‘‘പാചകം അറിയാം എന്നു പറയുമായിരുന്നെങ്കിലും എനിക്ക് ഇഷ്ടമുള്ള ഒന്നോ രണ്ടോ നോൺവെജ് കറികൾ മാത്രമേ വയ്ക്കാൻ അറിയുമായിരുന്നുള്ളൂ. ‘അയ്യേ... ഒന്നും അറിയില്ലേ’ എന്ന് ഭർത്താവ് ചോദിച്ചാൽ നാണം കെട്ടു പോകില്ലേ എന്നൊരു ടെൻഷനുണ്ടായിരുന്നു. ബെംഗളൂരുവിൽ സഹായിക്കാൻ ആരുമില്ലല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് കക്ഷി ‘മേ ഹൂ നാ...’ എന്ന മട്ടിൽ സ്മൂത്തായി അടുക്കളിയിലേക്ക് വരുന്നത്. ഹൊ... അപ്പൊ തോന്നിയ ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല.

പാചകം തെറ്റിയാൽ ദിനേശ് വഴക്കു പറയില്ല. ക്ഷമയോടെ തെറ്റ് പറഞ്ഞു തരും. അങ്ങനെ ഞാനെല്ലാം പഠിച്ചു. ഞ ങ്ങൾക്ക് മൂന്നു കുട്ടികളാണ്. മൂത്തവൾ ഇഷാനി ഏഴിൽ. ര ണ്ടാമത്തെയാൾ യുക്ത നാലിൽ. മൂന്നാമത്തെ മകൻ യജത് രണ്ടാം ക്ലാസ്സിൽ. മൂന്നാമത്തെ പ്രസവത്തിന് ‍ഞാൻ നാട്ടിലേക്ക് പോകുമ്പോ ൾ മൂത്തവൾക്ക് നാലു വയസ്സും രണ്ടാമത്തവൾക്ക് ഒന്നര വയസ്സുമേയുള്ളു. അന്ന് അവരുടെ കാര്യങ്ങളും സ്കൂളും ഓഫിസും ഒക്കെ ദിനേശ് ഒറ്റയ്ക്ക് ഭംഗിയായി മാനേജ് ചെയ്തു. ഐ ടി ജോലിയുള്ള എനിക്ക് ദിനേശ് ഒരനുഗ്രഹം ആണ്.’’

രാജീസ് സ്പെഷൽ മീൻകറി

ആലപ്പുഴക്കാരിയായ രാജലക്ഷ്മി മീൻകറി വയ്ക്കാൻ എക്സ്പെർട്ട് ആയിരുന്നുവെന്ന് ദിനേശ് പറയുന്നു. ‘‘ ഇപ്പോൾ ഞാൻ അസ്സലായി നോൺ വെജ് വയ്ക്കും. ഞാൻ വെജിറ്റേറിയൻ ഡിഷസ് പഠിപ്പിച്ചു കൊടുത്തപ്പോൾ അവൾ നോൺ വെജിറ്റേറിയൻ പഠിപ്പിച്ചു പകരം വീട്ടി.

ജോലി ദിവസങ്ങളിൽ അവളാണ് രാവിെല കുക്കിങ്. കുട്ടികളുടെ ലഞ്ച് ബോക്സ് പാക്ക് ചെയ്യുന്നത് ഞാനായിരിക്കും. പങ്കിട്ടു ചെയ്താൽ ഏതു ജോലിയാണ് ഭാരമാകുക?’’

Tags:
  • Spotlight
  • Relationship