Friday 27 July 2018 05:32 PM IST

ജുബ്ബ എന്ന നിത്യഹരിതനായകൻ! അറിയുമോ നമ്മുടെ പ്രിയപ്പെട്ട ജുബ്ബയുടെ ഈ കഥകൾ

V N Rakhi

Sub Editor

jubba1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1930കളിൽ കോറത്തുണി കൊണ്ട് തയ്ച്ച് ‘വി’ കഴുത്തുള്ള ഒരു കുപ്പായം ആണുങ്ങള്‍ ഇട്ടു. അതാകണം കേരളത്തിെല ആദ്യ ജുബ്ബ...

അയയിലായാലും ദേഹത്തിട്ടാലും നോക്കിയവർ രണ്ടാമതൊന്നു കൂടി നോക്കും, ആ ഭംഗിയൊന്ന് ആസ്വദിക്കും. ത ലയ്ക്കകത്ത് ഒന്നുമില്ലെങ്കിലും ‘ബുജി’ ആകണമെന്നു തോന്നിയാൽ ഏതു ‘ന്യൂജെനും’ ആശ്രയിക്കാം.

കോലങ്ങൾ പലതു മാറിയിട്ടും കോളറിന്റെ പത്രാസ് ഇല്ലാഞ്ഞിട്ടും എവിടെയും തലയെടുപ്പോടെ നില്‍ക്കാന്‍ ജുബ്ബ തന്നെ വേണം! അടക്കവും ഒതുക്കവുമില്ലാതെ കഞ്ഞിപ്പശയിൽ മുങ്ങിക്കുളിച്ചു വരുമ്പോ ൾ ‘ലൈറ്റ് വെയ്റ്റ്’ സുന്ദരിയെന്ന് അഹങ്കരിക്കുന്ന ഇസ്തിരിപ്പെട്ടിക്കു പോലും വളയ്ക്കാനാകില്ല പിടിവാശിക്കാരൻ ജുബ്ബയെ. കുറച്ചെങ്കിലും അനുസരണക്കാരനാകുന്നത് കനലിൽ വെന്ത നാടൻ ഇസ്തിരിപ്പെട്ടിക്കു മുൻപിൽ മാത്രം.

രാഷ്ട്രീയക്കാർക്കൊപ്പം കവലകളിൽ പ്രസംഗിച്ചും ഗാനമേളകളിൽ പാടിയും കുറേ അലഞ്ഞു. മുഷിഞ്ഞും വീണ്ടും വെളുത്തും വേഷങ്ങള്‍ പലതാടി പാവം ജുബ്ബ നാടുചുറ്റാൻ തുടങ്ങിയിട്ട് കാലമെത്രയായി! പറഞ്ഞു തുടങ്ങിയാല്‍, നിത്യഹരിതനായകനായ ജുബ്ബയ്ക്ക് ഒരുപാടു പറയാനുണ്ട്.

ഒത്തിരിയില്ലെങ്കിലും ഇത്തിരി ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെുള്ളവരാണു ജുബ്ബാ ഫാമിലിക്കാരും. ‘ദേഹം മുഴുവൻ മറയ്ക്കാൻ സഹായിക്കുന്ന ഞ ങ്ങളെ ഗൾഫ് രാജ്യക്കാർക്കു പെരുത്ത് ഇഷ്ടമായിരുന്നു. ഞങ്ങൾ പിറന്നത് അവിടെയാണ്.’ ജുബ്ബ കഥ പറയുകയാണ്.

‘ചരിത്രമറിയാവുന്നവരോട് ചോദിച്ചാൽ ഞങ്ങളുടെ ആദ്യ തലമുറ ‘കള്ളി വച്ച ജുബ്ബ’യാണെന്നു പറയും. വേഷത്തിന്റെ കാര്യത്തിൽ കുറച്ച് പിടിവാശിയുള്ള മൈസൂരു, തമിഴ് രാജകുടുംബങ്ങളിൽ നിന്നാകണം കള്ളി ജുബ്ബ എത്തിയതെന്ന് കേൾക്കുന്നു.

സാദാ ജുബ്ബ രണ്ട് പീസ് തുണി കൊണ്ടാണ് തുന്നുന്നതെങ്കിൽ നെഞ്ചു വരെ ഇറുകിയിരിക്കുന്ന ‘കള്ളി ജുബ്ബ’ ആറ് പീസ് വച്ചാണ് തുന്നുന്നത്. കക്ഷത്തിനു താ ഴെ പിടിപ്പിച്ച ‘ചതുരം’ എന്നു വിളിപ്പേരുള്ള പീസ് കൈ ഉയർത്തിയാൽ വിരിഞ്ഞു വരും. അതുകൊണ്ട് ജുബ്ബ മുഴുവനായി പൊങ്ങില്ല.

ഒരു പെർഫെക്റ്റ് കള്ളി വച്ച ജുബ്ബ തുന്നാൻ രണ്ട് ഷർട്ട് തുന്നുന്ന സമയവും കഷ്ടപ്പാടും വേണം. ഒരു പൊടിക്ക് കൂടുതൽ അറിവും. ആളെ വേണ്ടത്ര പിടികിട്ടിയില്ലെന്നു തോന്നുന്നു. നമ്മുടെ ഗാനഗന്ധർവന്‍ ദാസേട്ടന്‍ ഇടുന്ന ജുബ്ബ സൂക്ഷിച്ചു നോക്കിയാല്‍ സംഗതി മനസ്സിലാകും.

‘ഞാൻ’ എന്ന സിനിമയിലെ ദുൽഖറിന്റെ ജുബ്ബയെ ഒന്നു ധ്യാനിക്കൂ... സഖാവ് ജുബ്ബ എന്നറിയപ്പെടുന്ന ഈ പരിഷ്കാരി ജുബ്ബയും ഞങ്ങളുടെ കാരണവന്മാരിൽ പെടും. കമ്യൂണിസ്റ്റ്–നക്സലൈറ്റ് നേതാക്കന്മാരുടെ പ്രിയ വേഷം. സാധാരണ ജുബ്ബയിൽ നെഞ്ചു വരെ നടുകെയുളള കീറൽ ഇതിൽ നെഞ്ചിന്റെ വലതു വശത്തായിരിക്കും.

ജുബ്ബയിട്ടു നടന്നു ജുബ്ബ രാമകൃഷ്ണപിള്ളയായി

എൺപതുകളിൽ നമ്മൾ കണ്ട ജുബ്ബയുടെ കഥയാണെങ്കിൽ ദണ്ഡിയാത്രയിൽ നിന്നു തുടങ്ങണം. ദണ്ഡിയാത്രയിൽ പങ്കെടുത്തതിന് ജയിലിലായ പഴയ കോൺഗ്രസുകാരൻ രാമകൃഷ്ണപിള്ള പൊലീസിന്റെ കണ്ണു വെട്ടിച്ച് പുണെയിലെത്തി. ദേവധാർ മന്ദിരത്തിൽ പോയി തുന്നൽ പഠിച്ചു. തിരുവനന്തപുരത്ത് മടങ്ങിയെത്തി പട്ടികവിഭാഗത്തിലെ കുട്ടികൾക്കു വേണ്ടി സൗജന്യ തുന്നൽ സ്കൂൾ തുടങ്ങി. പുണെയിൽ കണ്ട വസ്ത്രത്തിന്റെ അനുകരണമായി അദ്ദേഹം ഡിസൈൻ ചെയ്തെടുത്തതാണ് സിംപിൾ രൂപത്തിലുള്ള ജുബ്ബ. വെളുത്ത പരുത്തിത്തുണിയിൽ പാകപ്പെടുത്തിയ ജുബ്ബ കോൺഗ്രസുകാരങ്ങ് ഏറ്റെടുത്തു. ജുബ്ബ കൊണ്ടു വന്ന രാമകൃഷ്ണപിള്ള ജുബ്ബാ രാമകൃഷ്ണപിള്ളയായി.

സെക്രട്ടറിയേറ്റിലെ വലിയ ഉദ്യോഗസ്ഥർ വരെ ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു. എന്നാലിവനെ ഔ ദ്യോഗികവേഷമാക്കാം എന്നു തോന്നിയത് തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർക്ക്. കസവു മുണ്ടും ഞാനും ചേർന്ന കോമ്പിനേഷനെ തിരുവിതാംകൂറിന്‍റെ ഔദ്യോഗിക വേഷമായി പ്രഖ്യാപിച്ചു. 1942ഏപ്രിൽ 29നായിരുന്നു ചരിത്രപ്രസിദ്ധമായ, കോരിത്തരിപ്പിച്ച ആ പ്രഖ്യാപനം. ഹാ... അതൊരു സുവർണകാലം...!

വളരെ വേഗം ഞാൻ പ്രതാപത്തിന്റെ അടയാളമായി മാറി. പ്രതാപചന്ദ്രനെപ്പോലുള്ള പ്രമാണി വില്ലൻമാർ പ്രതാപിയാകാൻ സിൽക് ജുബ്ബയെ കൂട്ടുപിടിച്ചു. ക്രീമിലും വെള്ളയിലും മുങ്ങി നിന്ന എന്നെ ‘കളർഫുൾ ’ ആക്കി ചില ബ്രാൻഡുകാർ. കുർത്ത എന്ന പേരിൽ പല നിറങ്ങളിൽ ഞാൻ നിങ്ങളുടെ അടുത്തെത്തി. കുട്ടികൾ മുതൽ പ്രായമായവർ വരെ എന്നെ തിരഞ്ഞു നടപ്പായി. വിവാഹച്ചടങ്ങുകളിൽ ‘നോട്ടപ്പുള്ളി’യായി. ചൈനീസ് കോളർ പിടിപ്പിച്ചും പ്രിന്റുകളോടെ എത്തിയപ്പോഴും ഇരുകൈയും നീട്ടി എന്നെ സ്വീകരിച്ചു. നമ്മുടെ പ്രധാനമന്ത്രി മോദിജിയുടെ കുർത്തയാണ് ഇപ്പോൾ ജുബ്ബ ഫാമിലിയിലെ പുതിയ താരം.

വട്ടോളം വാണിയാരേ കേട്ടുകൊൾക, കോട്ടയം പട്ടണമേ കണ്ടു െകാള്‍ക...

പറഞ്ഞല്ലോ, കോൺഗ്രസുകാരാണ് ഞങ്ങളെ സാധാരണക്കാർക്കിടയിൽ ഇത്ര പോപ്പുലർ ആക്കിയതെന്ന്. പാലക്കാടിന്റെ നേതാവ് കെ. ശങ്കരനാരായണനെ ജുബ്ബയിലല്ലാതെ കണ്ടവരില്ല. ടി വി തോമസ്, എം. എൻ ഗോവിന്ദൻ, സി.എച്ച് കണാരൻ, കെ.കരുണാകരൻ ഇവരൊക്കെ ജുബ്ബയിൽ തിളങ്ങിയ രാഷ്ട്രീയക്കാരാണ്. ഞങ്ങളെ ‘ദേശീയ കുപ്പായ’മായി അണിയുന്ന, കോൺഗ്രസ് പാരമ്പര്യം തേച്ചുമിനുക്കി കാത്തുസൂക്ഷിക്കുന്ന കുറേപ്പേർ കേരളത്തിന്റെ മറ്റൊരു ഭാഗത്തുമുണ്ട്. കാഞ്ഞിരപ്പള്ളിയിലും പാലായിലും ചങ്ങനാശ്ശേരിയിലും ഒക്കെ നോക്കിയാല്‍ നല്ല ഒന്നാന്തരം ജൂബ്ബാസംഘങ്ങളെ കാണാം.

‘ഓ, ഇതീക്കൂടുതൽ എന്നാ പറയാനാ ഉവ്വേ... ഒരു ജുബ്ബാക്കാരനെയെങ്കിലും മുട്ടാതെ ഇപ്പറഞ്ഞ സ്ഥലത്തൂടൊക്കെ നടക്കാനൊക്കുമോ?’ എന്ന ചോദ്യവുമായി. സിനിമയിലായാലും ജുബ്ബയിലെ ഈ ‘കോട്ടയം ടച്ചി’നെ അങ്ങനെയങ്ങ് കണ്ടില്ലെന്നു നടിക്കാനാകില്ല. ഒരു സീനിലെങ്കിലും ജുബ്ബയിടാതെ വരുന്ന കോട്ടയം ക്രിസ്ത്യാനി കഥാപാത്രത്തെ കണ്ടിട്ടുണ്ടോ? അല്ല, സത്യത്തിൽ കോട്ടയത്തെ എല്ലാ ക്രിസ്ത്യാനികളും ജുബ്ബയിടുന്നോരാണോ?

അന്വേഷിച്ചപ്പോൾ അറിഞ്ഞത് ദിവസേനയൊന്നുമില്ലേലും കുർബാന കൂടാനോ കല്യാണത്തിനോ ക്ലബിൽ പോകുമ്പോഴോ ഇടാനായി മുക്കിപ്പൊരിച്ചു വച്ച പോലൊരു സിൽക് ജുബ്ബ അലക്കിത്തേച്ചിരിപ്പുണ്ടാകും എല്ലാ വീട്ടിലെയും അലമാരയിൽ എന്നാണ്.

ഞങ്ങളുടെ ‘സ്ട്രക്ചർ’ ഇച്ചിരി വേെറയാണേ. നാടൻ കാറ്റിന് തോന്നും പോലെ ജുബ്ബയ്ക്കകത്തൂടെ ഓടിക്കളിച്ച് ശരീരത്തെ കൂളാക്കി ഒന്നുമറിയാത്ത മട്ടിൽ പോകാനാണ് താഴത്തെ കീറലുകൾ. കീറലുകളിലൊന്നിനു മുകളിലൂടെ വെറുതേ കൈയൊന്നു കടത്തിയാൽ ചെറിയൊരു ‘മണി പെഴ്സ്’ തടയും. ‘റബ്ബർ മണി’ ഇച്ചിരി കൂടുതലുള്ളതോണ്ടാന്നു കൂട്ടിക്കോ. കഴുത്തിനു തൊട്ടു താഴെ നെഞ്ചിനു നടുവിലൂടൊരു വിടവില്ലേ, അതെന്തിനാണെന്നു പിടി കിട്ടാൻ ഇത്തിരി കോമൺ സെൻസ് ഉപയോഗിക്കണം.മ്മ്ടെ ഇരിങ്ങാലക്കുടേലും ണ്ട്ട്ടാ...

jubba2

നല്ല ഒന്നാംക്ലാസ് ജുബ്ബ

കോമൺസെൻസും നർമവും കൂട്ടിയിളക്കി ജുബ്ബാക്കഴുത്തിലെ ഈ വിടവിനെക്കുറിച്ചു പറയാൻ ഇരിങ്ങാലക്കുടയിൽ ഇ ന്നസെന്‍റ് കാത്തിരിക്കുന്നുണ്ട്. ‘‘നൈറ്റിണ്ടല്ലോ നൈറ്റി. കത്രിക കൊണ്ട് നൈസായിട്ട് ഒന്നു കട്ട് ചെയ്ത് നീളം കുറച്ചാൽ മ്മടെ ജുബ്ബയായില്ലേ? ചുരിദാറിന്റെ ടോപ്പ് മാത്രമായിട്ട് ഇട്ടാലും മതീ. ഇനീപ്പോ ജുബ്ബയെല്ലാം അലക്കാൻ കൊണ്ടുപോയീന്ന് വയ്ക്ക്യാ. ആലീസിന്റെ ഒരു ടോപ്പോ നൈറ്റിയോ വച്ച് അഡ്ജസ്റ്റ് ചെയ്യാലോ.

രാഷ്ട്രീയം, സിനിമന്നൊക്കെ പറയുമ്പോ എപ്പഴും ആരാധകര് കൂടെണ്ടാകും. ഇടയ്ക്ക് പിടിവലി നടക്കാം, മുണ്ട് അഴിഞ്ഞു പോകാം. മുട്ടുവരെ ഇറക്കമുള്ള ജുബ്ബയാണെങ്കില് സംഗതി സെയ്ഫാ. ഇതിന്റെ അടീല്ക്കൂടിയും സൂക്ഷിച്ചു നോക്കുന്ന ചിലരുണ്ട്. അവരെ ഒന്നും പറയാനില്ല. സിനിമേല് വന്നപ്പോ എനിക്കന്നെ തോന്നി ഞാൻ കലാകാരനല്ലാന്ന്. ന്നാലൊരു ജുബ്ബയങ്ങ്ട് പാസ്സാക്കിയാൽ മറ്റുള്ളോരെ പറ്റിക്കാലോന്ന് കരുതീട്ടാ മുപ്പത്തഞ്ചു കൊല്ലം മുൻപ് ജുബ്ബയിട്ടത്. അതിനു മുമ്പ് എളേപ്പന്റെ ജുബ്ബ ഇടയ്ക്ക് ഇട്ടു നോക്കിയ പരിചയമേയുള്ളൂ.

എന്റെ ജുബ്ബയുടെ ഡിസൈനർ ആലീസാണ്. ഒരു പത്തിരുപത്തഞ്ച് ജുബ്ബയൊക്കെ കാണുമായിരിക്കും. ജുബ്ബയ്ക്കുള്ള മറ്റൊരു ഗുണമറിയ്വോ? കഴുത്തിലെ മാല എല്ലാരേം കാണിക്കാം. ഭരതനും നെടുമുടി വേണുവും കാവാലം നാരായണപ്പണിക്കരും മണിമാലയുമായി ഇറങ്ങിയപ്പോൾ എനിക്കും മോഹമായി.

സാധാരണ ചെയിനിട്ടാൽ ഒരു കച്ചോടക്കാരന്റെ ലുക്കാകും. കലാകാരന്റെയും രാഷ്ട്രീയക്കാരന്റെയും ലുക്ക് ഒരുമിച്ചു കിട്ടാൻ മണിമാലയാ നല്ലത്. അങ്ങനെ ഞാനും മണിമാലയാക്കി. ’’ ഇന്നസെന്‍റ് നന്നായൊന്നു കുലുങ്ങിച്ചിരിക്കുന്നു.

സത്യനും പ്രേംനസീറും മമ്മൂക്കയും ലാലേട്ടനും സുരേഷ്ഗോപിയും ഒക്കെ ജുബ്ബയില്‍ കൂടുതല്‍ സുന്ദരന്മാരായി നമ്മുെട മുന്നില്‍ വന്നിട്ടുണ്ട്. േകാട്ടയം കുഞ്ഞച്ചനും ആറാംതമ്പുരാനായ ജഗന്നാഥനും സ്േനഹാദരങ്ങള്‍ ഏറ്റുവാങ്ങിയത് ജുബ്ബയുെട െപാലിമയില്‍ കൂടിയാണ്. ‘പൊന്നാമ്പൽ പുഴയിറമ്പിൽ അന്നാദ്യം കാണാന്‍ വന്നപ്പോള്‍’ മമ്മൂക്കയേയും ലാലേട്ടനെയും കുര്‍ത്തയില്‍ ഒരുമിച്ചു കണ്ടു. ഇഷ്ടിക നിറത്തിൽ ലോങ് കുർത്തയും പാന്‍റ്സും ധരിച്ച് ബുദ്ധിജീവി സഞ്ചിയും തൂക്കി തോളത്തു കൈയിട്ടു പാട്ടും പാടി വന്നതില്‍ ആര്‍ക്കായിരുന്നു കൂടുതല്‍ ഗ്ലാമര്‍. അക്കാര്യമൊക്കെ കളം വരച്ച്, തുളസിയിലയിട്ട് അവർ തന്നെ തീരുമാനിക്കട്ടെ.

സിപ്പിക്കുണ്ടൊരു കുപ്പായം...

എറണാകുളത്തെ കുഞ്ഞു ഗ്രാമമായ പള്ളിപ്പുറത്ത് കുഞ്ഞിക്കഥകളും കുട്ടിക്കവിതകളുമായി കൂട്ടുകൂടിയിരിക്കുന്നതിനിടയിൽ സിപ്പി പള്ളിപ്പുറം ജുബ്ബക്കവിതയോടെ തുടങ്ങി. ‘

സിപ്പിക്കുണ്ടൊരു കുപ്പായം,

സിദ്ധന്മാരുടെ കുപ്പായം,

എംബ്രോയിഡറിയാൽ സുന്ദരമാക്കിയ

നല്ലൊരു ജുബ്ബാക്കുപ്പായം.

എന്റെ ജുബ്ബയോടുള്ള ബഹുമാനവും ഇഷ്ടവുമൊക്കെ സഹിക്കാതെ ഒരു പത്രസുഹൃത്ത് എഴുതിയതാണ്. അധ്യാപകനായിരുന്ന കാലത്തും എറണാകുളത്ത് കേരള ടൈംസില്‍ ജോലി ചെയ്തിരുന്നു. ഒരിക്കൽ അർത്തുങ്കലുള്ള ഭാര്യവീട്ടിൽ ഒരു കല്യാണം കൂടാൻ പോകണം. ഷർട്ട് അന്വേഷിച്ച് നടന്ന് ബോട്ട് ജെട്ടിയിലെത്തി. അന്നൊരു മുപ്പത്തിരണ്ട് വയസ്സു കാണും. ഇളംമഞ്ഞയിൽ കഴുത്തിനു ചുറ്റും ചുവന്ന എംബ്രോയിഡറി ചെയ്ത മനോഹരമായ ജുബ്ബ ഒരു കടയുടെ മുമ്പിൽ തൂങ്ങിയാടുന്നു. കൊള്ളാല്ലോ എന്ന് സുഹൃത്ത് ജോർജ്. നൂറ്റി ഇരുപത് രൂപ കൊടുത്ത് അപ്പോൾതന്നെ സ്വന്തമാക്കി. കല്യാണവീട്ടിൽ മണവാളനെക്കാൾ ആളുകളെ ആകർഷിച്ചത് എന്റെ ജുബ്ബയായിരുന്നു.

എവിടുന്നാ, റെഡിമെയ്ഡ് ആണോ. ജുബ്ബ വിശേഷമറിയാൻ പലരും അടുത്തുകൂടി. നാൽപ്പത്തിരണ്ടു കൊല്ലമായി, പിന്നെ, ഷർട്ട് തേടി പോയിട്ടില്ല. സുഖവും സൗകര്യവും. സൂക്ഷിക്കാനും എളുപ്പം. അതാണ് ജുബ്ബയുമായി അടുപ്പിച്ചത്. റെഡിമെയ്ഡ് ജുബ്ബയല്ല, അളവെടുത്ത് തുന്നിയ ജുബ്ബകളാണ് പിന്നെയിട്ടത്. എറണാകുളത്ത് ജോസ് ജംക്‌ഷനിൽ എഡിഎക്സ് ടെയ്‌ലറിങ് ഹൗസിൽ എന്റെ ജുബ്ബകൾ ജനിച്ചു. മഞ്ഞ സിൽക് ജുബ്ബയായിരുന്നു ആദ്യകാലത്ത്. പല കളറുകളും വരയും കള്ളിയുള്ളതും മാറിമാറി പരീക്ഷിച്ചു. കട്ടിങിലാണ് ജൂബ്ബയുെട ജീവന്‍. പിന്നെ, ഭംഗിയായി തുന്നിയാൽ ജോറായി’

അലക്കിത്തേച്ച നീല ജുബ്ബയും മനസ്സ് നിറയെ തമാശയും...

വണ്ടി നേരെ കലാഭവനിലേക്ക്. സിദ്ധിക്കും ലാലും റഹ്മാനും വർക്കിച്ചൻ പേട്ടയും പ്രസാദും അൻസാറും സ്റ്റേജില്‍ നിരന്നു നില്‍ക്കുകയാണ്. കലാഭവൻ റഹ്മാന്റെ ഓർമയിൽ നിന്നിറങ്ങി വന്ന പഴയ ചങ്ങാതിമാർ. നീല സിൽക് ജുബ്ബയും കറുത്ത പാന്റ്സുമാണ് വേഷം.

‘‘ആദ്യമായി കലാഭവനിൽ നിന്ന് മിമിക്സ് പരേഡ് അവതരിപ്പിക്കാൻ ഇറങ്ങുമ്പോൾ ഞങ്ങളുടെ കൈയിൽ ഒരു ടെക്സ്ൈറ്റൽ സഞ്ചിയും ഉണ്ടായിരുന്നു. അലക്കിത്തേച്ച നീലജുബ്ബയും കറുത്ത പാന്റ്സുമുള്ള സഞ്ചി. അതു പിന്നെയൊരു സ്ഥിരം കാഴ്ചയായി.

ജുബ്ബ ഇട്ട മിമിക്രിക്കാരെ അതുവരെ ആരും കണ്ടിട്ടുണ്ടായിരുന്നില്ല. പരിപാടി അവതരിപ്പിക്കാനുള്ള എളുപ്പവും വഴക്കവും. ജുബ്ബ തിരഞ്ഞെടുക്കാൻ കാരണമതാണ്. തിളങ്ങി നിൽക്കാൻ സിൽക് ഇഫക്ട് ഇരുന്നോട്ടെ എന്നു വച്ചു. ആബേലച്ചനോടു പറഞ്ഞപ്പോൾ ഫുൾ സപ്പോർട്ട്! നല്ല അപ്പിയറൻസ് ആണല്ലോ എന്നൊക്കെ ഗംഭീര അഭിപ്രായം പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ കാവി ജുബ്ബയാക്കി. സ്വന്തം ട്രൂപ്പ് തുടങ്ങിയപ്പോഴും കാവി ജുബ്ബയും കറുത്ത പാന്റ്സും ഞാൻ കൂടെക്കൂട്ടി. ഇന്നിപ്പോൾ മിമിക്രി എന്ന സങ്കൽപം തന്നെ മാറിയില്ലേ? ജുബ്ബയിടുന്ന മിമിക്രിക്കാരനും ഇല്ലാതായി.’’

കഥാപ്രസംഗക്കാരായിരുന്നു ജുബ്ബയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മറ്റൊരു കൂട്ടര്‍. ‘‘ജുബ്ബയിട്ടില്ലെങ്കിൽ കഥാപ്രസംഗത്തിന് ‘ഒരിത്’ ഇല്ലല്ലോ എന്നു പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു.’’ കാഥികന്‍ ഇടക്കൊച്ചി പ്രഭാകരന്റെ മകനും കഥാപ്രസംഗത്തിലെ പുതുതലമുറക്കാരനുമായ ഇടക്കൊച്ചി സലിംകുമാർ പറയുന്നു.

‘‘കെടാമംഗലം സദാനന്ദൻ, ജോസഫ് കൈമാപ്പറമ്പൻ, എം.പി. മന്മഥൻ തുടങ്ങി പേരുകേട്ട കാഥികരെ ജുബ്ബയോടെ യല്ലാതെ സങ്കൽപിക്കാനാകില്ല. കാവിമുണ്ടും തോളത്തൊരു വെള്ള മേൽമുണ്ടും ഇട്ടാണ് ആദ്യത്തെ കാഥികനായ സ്വാമി സത്യദേവൻ കഥകൾ അവതരിപ്പിച്ചത്. ഉത്സവപ്പറമ്പുകളിലേക്കു കുടിയേറിയപ്പോൾ പകിട്ടിനു വേണ്ടി ജുബ്ബയെ കൂട്ടുപിടിച്ചു. പത്തു വർഷത്തോളമാകും കഥാപ്രസംഗവേദിയിൽ നിന്ന് ജുബ്ബ കാണാതായിട്ട്. എന്നാലും മനസ്സിലെ ചിത്രത്തിൽ കാഥികന്റെ വേഷം ഇന്നും ജുബ്ബ തന്നെ.’’

വലത്, ഇടത് എന്നൊന്നും തരംതിരിവില്ല കേട്ടോ.കാലുവാരുമെന്ന പേടിയേ വേണ്ട. വലതും ഇടതും പോക്കറ്റുമായി ഞ ങ്ങളെപ്പോഴും ലൈവാ. ആദ്യ മന്ത്രിസഭയിലെ മുണ്ടശ്ശേരി മുതൽ ഇന്നത്തെ ധനമന്ത്രി തോമസ് ഐസക് വരെയുള്ളവർക്കൊപ്പം കൂടി എത്ര ചരിത്രങ്ങളെഴുതി, വകുപ്പുകളുടെ തലപ്പത്തിരുന്നു! ഹൃദയത്തോടു ചേർക്കുന്നവർക്കൊപ്പം ഇനിയും ഞങ്ങളുണ്ടാകും. ‘ചങ്ക് ബ്രോസ്’ ആയി...

ചിരിപ്പിക്കും ജുബ്ബയും രാജമാണിക്യം ജുബ്ബയും

‘പഞ്ചാബി ഹൗസി’ന് വസ്ത്രമൊരുക്കിയ വേലായുധൻ കീഴില്ലത്തിന് ചിരിപ്പിക്കുന്ന ജുബ്ബയെക്കുറിച്ച് പറയാനുണ്ട്. ‘‘കൊച്ചിയിലുള്ള പഞ്ചാബികളുടെ വീട്ടിൽ നേരിട്ട് ചെന്ന് കണ്ടാണ് ജനാർദ്ദനന്റെയും മറ്റും കുർത്ത തുന്നിയത്. ഏഴുമീറ്റർ വേണം ഒരു ജുബ്ബയ്ക്ക്. അവിടുത്തെ ജോലിക്കാരും അതേ പോലത്തെ കുർത്ത തന്നെയാണ് ഇട്ടിരുന്നത്. അതിട്ടാൽ അശോകനെ കാണാനുണ്ടാകില്ല.

വേലക്കാർക്കായി കുറച്ച് ലൈറ്റ് വെയ്റ്റ് ജുബ്ബ ഡിസൈൻ ചെയ്യാൻ പറഞ്ഞു. അങ്ങനെയാണ് ഹരിശ്രീ അശോകന്റെ സീ–ത്രൂ ജുബ്ബ ഉണ്ടായത്. ഇന്നെല്ലാവരും ലൈനിങിനേ ആ തുണി ഉപയോഗിക്കൂ. ചുവപ്പ്, മഞ്ഞ,നീല തുടങ്ങി ഏഴു നിറങ്ങളിൽ ജുബ്ബ തുന്നി. അടിയിലിട്ട ബനിയന്‍ കൂടി കാണുന്ന ആ ജുബ്ബ അന്ന് എല്ലാവരെയും കുടുകുടെ ചിരിപ്പിച്ചു.’’

‘തള്ളേ... കലിപ്പ്കള് തീരണില്ലല്ല്...’ എന്നു പറഞ്ഞ് രാജമാണിക്യത്തിലെ മമ്മൂക്കയുടെ കളർഫുൾ പ്യൂർ സിൽക് ജുബ്ബ തൊട്ടടുത്ത് ഗമയോടെ നിൽക്കുന്നു. രാജമാണിക്യം ജുബ്ബ ഒരുക്കിയ എസ്. ബി സതീഷ് അതിന്‍റെ കഥ പറഞ്ഞു. ‘‘ചെറിയ നെക്ബാൻഡ് വച്ച് മുൻഭാഗത്ത് ആവശ്യത്തിലേറെ തുറന്നും പുറകിൽ ഇറങ്ങിയും കിടക്കുന്ന ‘വൈഡ്’ കഴുത്തുമായിട്ടാണ് രാജമാണിക്യം ജുബ്ബയുടെ വരവ്. കണ്ണു തുളച്ചു കയറുന്ന കോൺട്രാസ്റ്റ് നിറത്തിലുള്ള മുണ്ടാണ് കോമ്പിനേഷൻ. മമ്മൂക്കയുടെ നിർദേശമായിരുന്നു ഈ സിൽക് ജുബ്ബ. പിങ്ക്, ഓറഞ്ച്, ഇളംപച്ച, നീല തുടങ്ങി പല നിറങ്ങളില്‍ 30 സിൽക് ജുബ്ബകളാണ് മമ്മൂക്കയ്ക്കായി ഒരുക്കിയത്.’’ .