ഒരാളോടു പ്രണയമുണ്ടെങ്കിലും അത് പറയാതെ പറയുന്നതായിരുന്നു പണ്ടു കാലത്ത് പതിവ്. പിന്നീട് കത്തുകളും ടെലഫോണും വന്നെങ്കിലും പ്രണയമുണ്ടെന്ന് ‘ഐ.. ലവ്.. യു’ എന്ന മൂന്നു വാക്കു കൊണ്ട് അവർ പ്രകടിപ്പിച്ചില്ല. ഓർക്കൂട്ടും ഫെയ്സ്ബുക്കും കഴിഞ്ഞ് വാട്സാപ്പിലും ടെലഗ്രാമിലും എത്തിനിൽക്കുന്നു പ്രണയവും സൗഹൃദവും. എങ്കിലും പ്രണയം പഴയ പ്രൗഢിയോടെ അൽപ്പം നാണത്തോടെ എവിടെയോ ഒളിച്ചിരിക്കുന്നു. നോട്ടത്തിൽ, ഭാവത്തിൽ, പെരുമാറ്റത്തിൽ നിന്നെല്ലാം പ്രണയിക്കുന്നവർ അതു തിരിച്ചറിയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളോടു ഉള്ളിൽ കൊണ്ടുനടക്കുന്ന പ്രണയമുണ്ടോ? പ്രണയമുണ്ടെങ്കിലും അത് എത്ര ആഴമുള്ളതാണ് എന്ന് ബോധ്യപ്പെടേണ്ടതുണ്ടോ? ഈ ലക്ഷണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന ആ സ്നേഹത്തിന്റെ ആഴം പറയും.

മുടിയിഴകളിൽ...

സ്വന്തം മുടിയിഴകളിൽ തലോടി സംസാരിക്കാറുണ്ട് ചിലർ. മാത്രമല്ല നിങ്ങളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ ഒതുക്കി തരികയോ മുടിത്തുമ്പ് വിരലിൽ കുരുക്കുകയോ മെല്ലെ ചുരുട്ടുകയോ ചെയ്യുന്നുണ്ടോ? എങ്കിൽ ഉറപ്പിക്കാം അവരുടെ ഉള്ളിൽ നിങ്ങളോടുള്ള പ്രണയം നിറഞ്ഞിരിക്കുകയാണ്. ഇനി മുതൽ അയാൾ നിങ്ങളുടെ മുടിയിഴകൾ താലോലിക്കുമ്പോൾ ഹെയർ സ്റ്റൈൽ കളയരുതെന്നു വഴക്കു പറയല്ലേ.

love06

 

കണ്ണുകൾ വിടരും...

പുരുഷന്മാരുടെ നോട്ടത്തിൽ നിന്ന് പ്രണയം തിരിച്ചറിയുക പ്രയാസമാണ്. എങ്കിലും പ്രണയിക്കുന്ന പെണ്ണിനെ അവൻ നോക്കുന്നതു കണ്ടാൽ തിരിച്ചറിയാം. അവളെ കൃഷ്ണമണികൾ വിടർത്തി മനോഹരമായി അവൻ നോക്കും. നിങ്ങൾ സംസാരിക്കുന്നത് കണ്ണിമവെട്ടാതെ അവൻ നോക്കി നിൽക്കുകയും ചെയ്യും. നിങ്ങളുടെ മുഖവും സംസാരവും ഭാവമാറ്റങ്ങളും അവൻ ആസ്വദിക്കുന്നു എന്നാണ് ഇതിനർഥം. അതിലേറെ നിങ്ങളെ ഹൃദയത്തോടു ചേർത്തു വച്ചെന്നും.

 

love07

പുരികക്കൊടിയിൽ...

നിങ്ങളുടെ സംസാരത്തിന്റെ നല്ല ശ്രോതാവായിരിക്കും നിങ്ങളെ ആത്മാർഥമായി പ്രണയിക്കുന്ന ആൾ. നിങ്ങൾ സംസാരിക്കുമ്പോൾ പുരികമുയർത്തി നോക്കി നിൽക്കുന്ന ഒരാളുണ്ടോ? നിങ്ങളെ ഏറ്റവും കൂടുതൽ പ്രണയിക്കുന്ന ആൾ തന്നെയാണ് അത്.

lovers08

 

അരികെ...

പ്രണയമുണ്ടെങ്കിൽ നിങ്ങളുടെ അരികിൽ എപ്പോഴും വന്ന് സംസാരിക്കാൻ അയാൾ ഇഷ്ടപ്പെടും. അടുത്തിരുന്ന് പ്രണയം പങ്കുവയ്ക്കാനും ഒപ്പം സമയം ചിലവിടാനും അയാൾ ആത്മാർഥമായി ആഗ്രഹിക്കും. അടുത്തു നിൽക്കുമ്പോൾ നിങ്ങൾ അൽപ്പം ശ്രദ്ധ തിരിക്കുകയോ മുഖം കുനിക്കുകയോ ചെയ്തു നോക്കൂ, അയാളിലേക്ക് നിങ്ങളുടെ ശ്രദ്ധ എത്തിക്കാൻ നടത്തുന്ന ശ്രമങ്ങൾ മനസ്സിലാക്കാം.

love05

 

കണ്ണുകൾ തിരയും...

നിങ്ങളെ പ്രണയിക്കുന്ന ആൾ എപ്പോഴും നിങ്ങളെ കാണാൻ ആഗ്രഹിക്കും. ആൾക്കൂട്ടത്തിൽ നിന്നാലും നിങ്ങളെ കണ്ടെത്താൻ അവർക്കായിരിക്കും മറ്റാരെക്കാളും കഴിയുക. ഒരുപാട് പേരോടൊപ്പം നിന്നാലും ഇടയ്ക്കിടെ അയാൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടാകും.

love03

 

കൈയിൽ തൊടുമ്പോൾ...

സ്പർശനം കൊണ്ടറിയാം പ്രണയം. നിങ്ങളെ പ്രണയിക്കുന്ന ആൾ കൈകളിൽ സ്പർശിക്കുന്നത് ആത്മാർഥമാണോ എന്നു തിരിച്ചറിയാൻ വഴിയുണ്ട്. നിങ്ങളുടെ കൈകളിൽ ആത്മാർഥമായ സ്നേഹത്തോടെ അവർ ചേർത്തു പിടിക്കും. ശരീരത്തിൽ സ്പർശിച്ചു പോകുന്ന പ്രണയമല്ല, നമുക്ക് ഒരേ മനസ്സാണെന്ന വാക്കാണ് ആ സ്പർശനം. സംസാരിക്കുന്നതിനിടയിൽ കൈകളിൽ മെല്ലെ തൊടുകയും അത് നിങ്ങളിൽ വരുത്തുന്ന മാറ്റം ആസ്വദിക്കുകയും ചെയ്യും നിങ്ങളെ പ്രണയിക്കുന്നയാൾ.

love02

 

ചിരി കണ്ടാൽ...

നിങ്ങളെ പ്രണയിക്കുന്ന പുരുഷൻ ഒരുപക്ഷേ കൂട്ടുകാർക്കൊപ്പം നിൽക്കുകയാകാം. എങ്കിലും നിങ്ങളെ കാണുമ്പോൾ നോട്ടത്തിന്റെ ഭാവം മാറും. അയാൾ നിങ്ങളെ നോക്കി വിടർന്ന കണ്ണുകളോടെ ചിരിക്കും. നിങ്ങൾക്കു മാത്രം നൽകുന്ന മനോഹരമായ ചിരി. പ്രണയത്തിന്റെ ആത്മാർഥമായ സിംബലാണ് നിറഞ്ഞ ചിരി.

 

വസ്ത്രങ്ങളിൽ...

നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി തട്ടിക്കളയാനും നിങ്ങളെ പെർഫക്ട് ആക്കി വയ്ക്കാനും താൽപര്യമുള്ളയാളാകും നിങ്ങളെ ഏറ്റവും നന്നായി പ്രണയിക്കുന്നത്. അത്തരത്തിൽ പോലും നിങ്ങളോട് സ്നേഹം പ്രകടിപ്പിക്കാൻ അയാൾ താൽപര്യം കാണിക്കും. അപ്പോൾ നിങ്ങൾ നൽകുന്ന പുഞ്ചിരി അവരെ സന്തോഷിപ്പിക്കും. നിങ്ങളുടെ വസ്ത്രത്തിന്റെ അതേ നിറത്തിലാണ് അയാളുടെ വസ്ത്രവും എന്നറിഞ്ഞാൽ അവർക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

 

കാതിൽ ചൊല്ലും...

ഇഷ്ടപ്പെടുന്ന ആളുമായി രഹസ്യങ്ങൾ പങ്കുവയ്ക്കാൻ പുരുഷൻ ഇഷ്ടപ്പെടും. തന്റെ പെണ്ണിന്റെ ചെവിയിൽ രഹസ്യങ്ങൾ പറയാൻ അയാൾ കൊതിക്കും. അപ്പോൾ അരികിൽ ചേർന്നു നിൽക്കാൻ കൂടിയാണിത്. ആത്മാർത്ഥമായ ഇഷ്ടമാണ് അതിനു പിന്നിലും.