Monday 10 June 2019 06:58 PM IST

‘ഏതൊരാണിനേയും പെണ്ണിനേയും പോലെ ഞങ്ങൾ ജീവിക്കും, അന്തസോടെ’; ട്രാൻസ് നവദമ്പതികളായ തൃപ്തിയും ഹൃതികും പറയുന്നു

Binsha Muhammed

thripthy

‘ഈ ലോകത്ത് എല്ലാം തികഞ്ഞ എത്ര പേരുണ്ട്? ദൈവം എന്തെങ്കിലും പരിമിതികൾ ഉള്ള ആരെങ്കിലുമൊക്കെ കാണില്ലേ. അതു കൊണ്ട് എന്റെ കുറവിനെ അവനും അവന്റെ കുറവിനെ ഞാനും അങ്ങ് പൊരുത്തപ്പെട്ടു. ഇനി അവനുണ്ടാകും എനിക്കൊപ്പം... എന്നെ മനസിലാക്കി...എനിക്ക് കൂട്ടായി...എന്റെ നല്ലപാതിയായി.’– ഹൃതിക്കിന്റെ കരം ഗ്രഹിച്ച് തൃപ്തി ഇതു പറയുമ്പോൾ നിറഞ്ഞൊരു പുഞ്ചിരിയുണ്ടായിരുന്നു മുഖത്ത്.

ആയിരം ഫ്രെയിമുകളിൽ ഒപ്പിയെടുത്താലും കണ്ടു മതിയാകാത്ത കാഴ്ച. ഹൃതിക് എന്ന സുന്ദര പുരുഷന്റെ തോളിൽ ചാരി നാണക്കാരിയായി തൃപ്തി നിൽക്കുമ്പോൾ കണ്ണെടുക്കാനേ തോന്നില്ല. അത്ര സുന്ദരമാണ് ആ കല്യാണ കിസ. മംഗല്യപ്പട്ടണിഞ്ഞ് സർവ്വാഭരണ വിഭൂഷിതയായി കല്യാണപ്പെണ്ണിന്റെ പുതുക്കത്തോടെ നിൽപ്പാണ് തൃപ്തി. അവളുടെ നിഴലായി അരികിലുണ്ട് ഹൃതിക് എന്ന മണവാളന്‍. സുന്ദരമായ ആ കാഴ്ച കണ്ട് അനുഗ്രഹാശിസുകളുമായി കേരളക്കരയൊന്നാകെ....ചരിത്രമെന്നോ...അനർഘ നിമിഷമെന്നോ...അപൂർവ സംഗമമെന്നോ എന്ത് പേരിട്ട് വിളിച്ചാലും മതിയാകില്ല. അതിനേക്കാളുമപ്പുറം ഇരു ഹൃദയങ്ങളുടെ കൂടിച്ചേരലാണിതെന്ന്് തൃപ്തിയുടെ വിശേഷണം...

സ്വത്വം തേടിയുള്ള യാത്രയിൽ യാതനകൾ അനുഭവിക്കേണ്ടി വന്നവർ...നിലനിൽപ്പിനായി പോരാടിയവർ...അവഗണനകളുടെ കയ്പുനീർ കുടിക്കേണ്ടി വന്നവർ. ഒന്നും വെറുതെയായില്ല. കേരളത്തിലെ തന്നെ ആദ്യത്തെ ട്രാൻസ് ജെൻഡർ എന്ന പേരെടുത്തു നമ്മുടെ കഥാനായിക...നായകനാകട്ടെ കണ്ടന്റ് റൈറ്റിംഗിൽ മേഖലയിൽ തന്റെ മികവ് അടയാളപ്പെടുത്തി.

thripthy-6

ഇരു വഴിയിൽ ഒഴുകിയെത്തി ഒരു നദിയായി ചേർന്നൊഴുകാനുള്ള ഹൃതിക്–തൃപ്തി ജോഡിയുടെ തീരുമാനത്തിന് കേരളക്കര ഹൃദയം നൽകിയ ദിനമായിരുന്നു ഇന്ന്. കൊച്ചിയിലെ ക്ഷേത്രത്തിൽ വച്ച് താലികെട്ട്...പിന്നാലെ സ്വകാര്യ ഹോട്ടലിൽ ഉറ്റവർക്കും ഉടയവർക്കുമായി സ്വീകരണം.

ട്രാൻസ്ജെൻഡർ കല്യാണ ചരിത്രത്തില്‍ സുന്ദര പ്രണയകാവ്യം എഴുതി ചേർത്ത ആ മണിമുത്തുകൾ ഇപ്പോഴിതാ വനിത ഓൺലൈൻ വായനക്കാർക്കായി മനസു തുറക്കുകയാണ്. സ്വത്വം തേടിയുള്ള യാത്രയിൽ പ്രണയം പിറന്ന വഴി...ആ പ്രണയം കതിർ മണ്ഡപത്തിലേക്കെത്തിച്ച കഥ...

‘ഒരു കൂട്ട് വേണമെന്ന് കൊതിച്ചതല്ല. പക്ഷേ ഇടയ്ക്കെപ്പോഴോ ആ തീരുമാനം മാറ്റേണ്ടി വന്നു.’– തൃപ്തി പറഞ്ഞു തുടങ്ങുകയാണ്.

thripthy-5

കൊച്ചിയിൽ എന്റെ കരകൗശല വസ്തുക്കളുടെ പ്രദർശനം നടക്കുന്നതിനിടയിലാണ് ഹൃതിക്കിനെ പരിചയപ്പെടുന്നത്. പുള്ളിക്കാരനാണ് പ്രണയം ആദ്യം തുറന്നു പറഞ്ഞത്. സത്യം പറയാല്ലോ അന്നേരം പ്രണയം, വിവാഹം എന്നിങ്ങനെ ഒരു ഐഡിയയും മനസിൽ ഇല്ലായിരുന്നു. സ്നേഹത്തോടെ തന്നെ ആ പ്രണയാഭ്യാർത്ഥന വേണ്ടെന്നു വച്ചു.  സംരംഭക എന്ന നിലയിൽ വേരുറപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ ഒരു കൂട്ടില്ലാതെ ബിസിനസ് മാത്രം തലയിലേറ്റി എത്രകാലം പോകും എന്ന ചിന്ത വന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഒത്തിരി നിർബന്ധിച്ചു. വിവാഹിതയാകാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്. ഒന്നും ആലോചിച്ചില്ല കണ്ണുംപൂട്ടി ഹൃതികിന്റെ പ്രണയം ഞാൻ സ്വീകരിച്ചു.– തൃപ്തിയുടെ വാക്കുകളിൽ പ്രണയത്തിന്റെ ഫ്ലാഷ്ബാക്ക്.

thripthy-3

ഒരു ചരിത്ര മുഹൂർത്തം എന്ന നിലയിൽ ഞങ്ങളുടെ കൂടിച്ചേരലിനെ നെഞ്ചേറ്റുമ്പോൾ നിറഞ്ഞ ചാരിതാർത്ഥ്യമാണ് മനസിൽ. കരളുറപ്പുള്ള ഈ തീരുമാനത്തിലേക്ക് ഞങ്ങളെ കൈപിടിച്ചു നടത്തിയത്...ഞങ്ങൾക്ക് പ്രചോദനമായത് ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനുമാണ്. എന്റെ അമ്മ രഞ്ജുവിന്റെ കരുതലും സപ്പോർട്ടും ഒക്കെ കൂടിയായപ്പോൾ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നു. എന്നെ കൈപിടിച്ചു നൽകിയതും എന്റെ അമ്മ തന്നെയാണ്. രഞ്ജുഅമ്മയാണ് എനിക്കെല്ലാം.–തൃപ്തി പറയുന്നു.

ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഒരാണും പെണ്ണും അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യത്തോടെ...അവകാശങ്ങളോടെ ഞങ്ങൾക്കും ജീവിക്കണം എന്നതാണ് ആഗ്രഹം. അതിൽക്കവിഞ്ഞ് വേറൊന്നും ഇല്ല. ട്രാൻസ്ജെൻഡേഴ്സും ഈ സമൂഹത്തിന്റെ പ്രതിനിധികളല്ലേ...‍ഞങ്ങൾക്കും ഉണ്ട് നിലനിൽപ്പ്. ഒരു സംരംഭക എന്ന നിലയിൽ എന്നെ അംഗീകരിച്ചതാണ് ഈ നാട്. എനിക്ക് പ്രതീക്ഷയുണ്ട്...ഞങ്ങൾ ഈ നാട്ടിൽ ജീവിക്കും അന്തസോടെ തന്നെ.

thripthy-4

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് ഹൃതിക്. വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തിയിരുന്നു. പിന്നെ എനിക്കെല്ലാം രഞ്ജുവമ്മയാണ്...എന്റെ ബന്ധുക്കൾ പണ്ടേ എന്നെ പടിയടച്ച് പിണ്ഡം വച്ചതു കൊണ്ട് ആ ടെൻഷനില്ല.– വേദനയൊളിപ്പിച്ച് തൃപ്തി പറയുന്നു.

തങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ പൊതു സമൂഹത്തിന് നിരവധി ചോദ്യങ്ങളുണ്ടാകുക സ്വാഭാവികം. അതിൽ കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനും ഉള്ള വിവേചനം ഞങ്ങൾക്കുണ്ട്. കുട്ടികളുണ്ടാകുമോ എന്നതാണ് ഞങ്ങള്‍ നേരിടുന്ന പ്രധാന ചോദ്യം. അത്തരം ചോദ്യങ്ങളെ നേരിട്ടു കൊണ്ട് ഞങ്ങളെ അച്ഛാന്നും അമ്മേന്നും വിളിക്കാന്‍ രണ്ട് കുട്ടികളെ ദത്തെടുക്കും. ഞങ്ങളും സാധാരണ മനുഷ്യരാണ്. വിവാഹത്തിന് ശേഷം എന്റെ ബിസിനസ് കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഹൃതികും ഒപ്പമുണ്ടാകും. കക്ഷിയും ബിസിനസ് മൈൻഡ് ഉള്ള ആളാണ്...എനിക്ക് പറ്റിയ ആൾ‍– കള്ളച്ചിരി തൃപ്തി പറഞ്ഞു നിർത്തി.

thripthy-1