‘എനിക്ക് ഗർഭപാത്രമില്ല. ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവുമില്ല. പക്ഷേ ഒരമ്മയുടെ സ്നേഹവാത്സല്യം എന്നിൽ നിന്ന് കൈമോശം വരില്ല. ഏതൊരമ്മയേയും പോലെ ഒരു കുഞ്ഞിനെ സ്നേഹത്തിൽ പൊതിയാനുള്ള വലിയൊരു മനസ് ഉള്ളിലുണ്ട്. സോഷ്യല്‍ മീഡിയയിൽ നിങ്ങൾ കണ്ട ആ കുഞ്ഞ്... ഞങ്ങളുടെ പ്രിയപ്പെട്ട ‘നന്ദൂമ്മ’ ഞങ്ങളുടെ ജീവനാണ്. ഞങ്ങളുടെ ഹൃദയപ്പാതി. ആ ആറുമാസക്കാരിയുടെ കളിചിരികളും കുറുമ്പുമാണ് ഇന്ന് എന്റെയും ഹൃതികിന്റേയും ദിനങ്ങളെ സുന്ദരമാക്കുന്നത്.’– ഹൃദയത്തിൽ നിന്നായിരുന്നു തൃപ്തിയുടെ ആ വാക്കുകൾ.
സ്വത്വബോധങ്ങളേയും യാഥാസ്ഥിതിക മാമൂലുകളേയും കാറ്റിൽപ്പറത്തി ജീവിതത്തിൽ ഒരുമിച്ച തൃപ്തിയുടേയും ഹൃതികിന്റേയും ഓരോ തീരുമാനങ്ങളും വിപ്ലവമായിരുന്നു. ആദ്യം ആഗ്രഹിച്ച ഉടലുകളിലേക്ക് അവർ മാറി. പ്രണയം തിരിച്ചറിഞ്ഞ നിമിഷം പിന്നാലെ ജീവിതത്തിൽ ഒരുമിച്ചു. അവയവ ദാനത്തിനുള്ള സമ്മതപത്രം എഴുതി നൽകാനുള്ള തൃപ്തിയുടേയും ഹൃതികിന്റേയും തീരുമാനവും മറ്റൊരു ചരിത്രപ്രഖ്യാപനമായി. ആ ജീവിതത്തിലേക്ക് ഒരു കുഞ്ഞിക്കാലടികൾ തത്തിക്കളിക്കുമ്പോഴും പ്രിയപ്പെട്ടവർ പ്രതീക്ഷിക്കുന്നത് മറ്റൊരു വിപ്ലവം.
ഇരുവർക്കും ഒപ്പം സോഷ്യല്‍ മീഡിയയിൽ പ്രത്യക്ഷപ്പെട്ട കുഞ്ഞാണ് പുതിയ ചർച്ചകൾക്ക് ആധാരം. ഹൃതികിന്റെ നെഞ്ചോടൊട്ടി ഉറങ്ങുന്ന... തൃപ്തിയുടെ മടിയിൽ ചായുറങ്ങുന്ന ആ കുറുമ്പി ആരെന്നായി പിന്നെയുള്ള ചോദ്യം. ഇരുവരും സ്നേഹത്തോടെ നന്ദൂമ്മയെന്ന് വിളിക്കുന്ന ആ വാവയുടെ ചോറൂണിന്റെ ചിത്രങ്ങളും വൈറലായതോടെ ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടു. ഇപ്പോഴിതാ പ്രിയപ്പെട്ടവരുടെ സ്നേഹാന്വേഷണങ്ങൾക്കുള്ള മറുപടി വനിത ഓൺലൈനിലൂടെ നൽകുകയാണ് തൃപ്തി.
അവൾ ഞങ്ങളുടെ ലോകം
ആ കുഞ്ഞ് ആരുടേത് എന്ന ചോദ്യമാണ് പ്രിയപ്പെട്ടവർ ചോദിക്കുന്നത്. ആ ചോദ്യത്തിന് ഉത്തരം നൽകും മുമ്പ് നന്ദൂമ്മ ഞങ്ങളുടെ എല്ലാമെല്ലാമാണ് എന്ന് ആദ്യമേ പറയട്ടെ.– വാക്കുകളിൽ സ്നേഹം നിറച്ച് തൃപ്തി പറഞ്ഞു തുടങ്ങുകയാണ്

ഞങ്ങളുടെ ജീവിതം ഞങ്ങളെ സ്നേഹിക്കുന്നവർക്കു മുന്നിൽ തുറന്ന പുസ്തകമാണ്. എല്ലാവർക്കും അറിയുന്ന പോലെ ഞാനും ഹൃതികും ട്രാൻസ് ദമ്പതിമാരാണ്. എനിക്ക് പ്രസവിക്കാൻ കഴിയില്ല എന്ന വസ്തുതയെ കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ പോറ്റാൻ ഞങ്ങളുടെ ഈ സ്വത്വം തടസമാകുന്നില്ല. ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം നേരത്തെ ഞങ്ങൾ പ്രകടിപ്പിച്ചുള്ളതാണ്. ആ ആഗ്രഹത്തിന്റെ പടിവാതിൽക്കലാണ് ഞങ്ങൾ എന്നു മാത്രം പറയുന്നു.

കാത്തിരിക്കുന്നു ആ ദിവസത്തിനായി
ആ കുഞ്ഞ് ആരാണ്, അതിന്റെ അച്ഛനും അമ്മയും ആരാണ് എന്ന് പലരും ചോദിക്കുന്നു. ഞങ്ങളുടെ സുഹൃത്തിന്റെ കുട്ടി ആണ് നന്ദൂമ്മ എന്ന് പറയാൻ മാത്രമേ തത്കാലം നിവൃത്തിയുള്ളൂ. അവർക്ക് ജോലിക്കു പോകേണ്ട സാഹചര്യം വന്നപ്പോഴാണ് അവളുടെ സംരക്ഷണം താത്കാലികമായി ഞങ്ങൾ ഏറ്റെടുത്തത്. കുഞ്ഞുങ്ങളോടുള്ള ഞങ്ങളുടെ ഇഷ്ടം അറിഞ്ഞു കൊണ്ടു തന്നെയാണ് അവളെ കുറച്ചു നേരത്തേക്കെങ്കിലും ഞങ്ങളെ ഏൽപ്പിച്ചത്. പക്ഷേ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അവൾ ഞങ്ങളുമായി അടുത്തു. അച്ഛാ... അമ്മാ... എന്ന് വിളിച്ചിട്ട് എന്റേയും ഹൃതികിന്റേയും മുഖത്തേക്ക് നോക്കും. ഹൃതികിന്റെ നെഞ്ചിൽ കിടന്നാണ് ഉറങ്ങുന്നതു പോലും. നാൾ നോക്കി അവൾക്ക് കൃതികയെന്ന് പേരിട്ടതും ഞങ്ങൾ തന്നെ. നന്ദൂമ്മയെന്നാണ് ഞങ്ങൾ വിളിക്കുന്നത്.
അവളുടെ ചോറൂണിന് സമയം ആയപ്പോഴും അച്ഛന്റേയും അമ്മയുടേയും സ്ഥാനത്ത് നിന്ന് ആ ചടങ്ങ് നടത്തി. എല്ലാം അവളുടെ യഥാർത്ഥ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ. അവരുടെ അനുവാദമുണ്ടെങ്കിൽ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി അവൾ ഞങ്ങളുടെ കുഞ്ഞാകും. അന്നു തന്നെ അവളുടെ യഥാർത്ഥ അച്ഛനേയും അമ്മയേയും എല്ലാവർക്കും പരിചയപ്പെടുത്തുകയും ചെയ്യും. ആ ദിവസത്തിനായി കാത്തിരുന്നേ തീരൂ. ഞങ്ങളും കാത്തിരിപ്പിലാണ്.– തൃപ്തി പറഞ്ഞു നിർത്തി.