Tuesday 07 April 2020 05:41 PM IST

‘എല്ലാം വിട്ടെറിഞ്ഞ് മനസ്സിന് പുറകെ പോയി; ഇതല്ലേ ഉഗ്രൻ ചലഞ്ച്’: ട്രാൻസ്ഫർമേഷൻ ചിത്രങ്ങളുമായി ട്രാൻസ്‌ജെന്റർസ്!

Binsha Muhammed

trangfctrxtdd

കോവിഡിനോട് യുദ്ധം പ്രഖ്യാപിച്ച് വീട്ടില്‍ അടങ്ങുമ്പോഴും സാരി ചലഞ്ചും വർക്ക് ഔട്ട് ചലഞ്ചും ബാൽക്കണി ഫാഷനും ഒക്കെ ആയി ചിലരൊക്കെ ആ ദിവസങ്ങൾ സുന്ദരമാക്കുന്നുണ്ട്. ഇതിനിടയിലേക്കാണ് അതിജീവനത്തിനും സ്വത്വ-സ്വതന്ത്ര്യ പ്രഖ്യാപനങ്ങള്‍ക്കും ചലഞ്ച് രൂപം നല്‍കിയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ കടന്നു വരുന്നത്. 

ആണുടലില്‍ നിന്ന് പെണ്‍മനസിലേക്കുള്ള പരകായ പ്രവേശം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമ്പോള്‍ അക്കഥ പറയാനെത്തുന്നത് മൂന്ന് പേരാണ്. ഇന്ത്യയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയെന്ന് പേരെടുത്ത ഹെയ്ദി സാദിയ, കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ജെയും പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനന്യ, കൊച്ചി മെട്രോ ഉദ്യോഗസ്ഥ രാഗരഞ്ജിനി എന്നിവര്‍ വനിത ഓണ്‍ലൈനോട് പുതിയ ചലഞ്ചിനെ കുറിച്ച് സംസാരിക്കുന്നു.

മനുഷ്യരെ തിരിച്ചറിഞ്ഞ നാളുകള് - ഹെയ്ദി

heodvvugug

പ്രതിസന്ധിയിലും ആപത്ഘട്ടത്തിലും ഉപകരിക്കുന്നത് രക്തബന്ധമാണോ സ്‌നേഹബന്ധങ്ങളാണോ എന്ന് തിരിച്ചറിഞ്ഞ നാളുകളാണ് കടന്നു പോകുന്നത്. ആണുടലില്‍ നിന്നും പെണ്‍മനസിലേക്കുള്ള ഈ മാറ്റം അടയാളപ്പെടുത്തുന്ന ഈ ചിത്രം കാണുമ്പോള്‍ വല്ലാത്തൊരു കൗതുകമുണ്ട്. അതിനേക്കാളേറെ ഇതായിരുന്നു എന്റെ ജീവിതമെന്ന തിരിച്ചറിവും മനസിലേക്ക് തികട്ടി വരും. റിയല്‍ റിലേഷന്‍ എന്ത് ഫെയ്ക് റിലേഷന്‍ എന്ത് എന്നൊക്കെ ഈ നാളുകളില്‍ തിരിച്ചറിയാന്‍ പറ്റി. എന്റെ ജീവനും ജീവിതവും നിര്‍ണയിക്കുന്ന ഒരു തീരുമാനം എടുക്കേണ്ടി വന്നപ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ നമ്മളെ കൈവിടും എന്നു മനസിലായി.-ഹെയ്ദി സാദിയ പറഞ്ഞു തുടങ്ങുകയാണ്.

7 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്‌കൂളിലെ സെന്റ് ഓഫിന് എടുത്തതാണ് ആദ്യം കാണുന്ന ചിത്രം. ആത്മസംഘര്‍ഷങ്ങളിലും സ്‌ട്രെസിലും കഴിച്ചുകൂട്ടിയ ദിനങ്ങള്‍. വീട്ടുകാര്‍ക്ക് ഞാന്‍ പഠിക്കണം, എപ്ലസ് മേടിക്കണം, ഡോക്ടര്‍ ആകണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അന്നേരം മനസില്‍ ഓടിനടന്നിരുന്നത്. അന്നേരം പെണ്ണുടല്‍ എന്നെ കാത്തിരിക്കുന്നുണ്ട് എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ആ ചിത്രം എടുത്ത് 2 കൊല്ലം കഴിഞ്ഞിട്ടാണ് എനിക്ക് ട്രാന്‍സ്‌ഫോര്‍മേഷന്‍ സംഭവിക്കുന്നത്. അതിന് കാരണമെന്തെന്നോ അടിസ്ഥാനമെന്തെന്നോ ഉള്ള ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. മനസു പറയുന്നത് കേട്ടു അത്ര തന്നെ. പക്ഷേ തീരുമാനത്തിന് എനിക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും പലതും നഷ്ടപ്പെടുത്തുമെന്നും ബോധ്യപ്പെടുത്തിയത് കാലമാണ്. ഈ കാല ദൈര്‍ഘ്യം മനസിലൂടെ കടന്നുപോകുമ്പോള്‍ മുന്നില്‍ തെളിയുന്നതും അതേ ചിത്രങ്ങൾ.

മനസു പറഞ്ഞതിനു പിന്നാലെ- രാഗഞ്ജിനി

gdytfetfyrgh

ആരാണ് ഞാന്‍ എന്ന ചോദ്യം മനസില്‍ ഓടിക്കൊണ്ടിരുന്ന ആ പഴയ കാലത്ത് ഞാനൊരു ഹോട്ടലില്‍ ജനറല്‍ മാനേജറാണ്. കുറേ കാലം അതങ്ങനേ നീണ്ടു പോയി. ഒടുവില്‍ എല്ലാം വിട്ടെറിഞ്ഞ് ഞാനെന്റെ മനസിനു പിന്നാലെ പോയി.- രാഗരഞ്ജിനി പറഞ്ഞു തുടങ്ങുകയാണ് 

ആദ്യമൊക്കെ ട്ര്ാന്‍സ് കൂട്ടായ്മയും ഒത്തു ചേരലും എല്ലാം രഹസ്യം. കാരണം സമൂഹം അന്ന് ഞങ്ങളെ കണ്ടിരുന്നത് അവജ്ഞയോടെയായിരുന്നു. അതിന്റെ തിക്തഫലം അറിഞ്ഞത് കോഴിക്കോട് വച്ച് നടന്ന ഒരു കൂട്ടായ്മയ്ക്കു ശേഷമാണ്. ഒത്തു ചേരല്‍ കഴിഞ്ഞ് സാരിയുടുത്ത് നിരത്തിലൂടെ വന്ന ഞങ്ങള്‍ക്കു നേരെ കാമക്കണ്ണുകളോടെയെത്തി. ഞങ്ങലെ സെക്ഷ്വലി ഹരാസ് ചെയ്തു. ഞങ്ങള്‍ ട്രാന്‍സ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ നോക്കി. പക്ഷേ സാരിയില്‍ ഞങ്ങള്‍ സുന്ദരികളാണെന്ന് പറഞ്ഞായിരുന്നു ആ കാട്ടാളന്‍മാര്‍ പാഞ്ഞടുത്തത്. 

പൊലീസ് ഇടപെട്ടപ്പോള്‍ കുറ്റക്കാര്‍ ഞങ്ങളായി. ഞങ്ങളൊക്കെ വേഷം കെട്ടി നടക്കുന്നവരാണ് എന്നവര്‍ പൊലീസിനോട് പറഞ്ഞു.  ഒടുവില്‍ വീട്ടുകാര്‍ ഇടപെട്ടാണ് ഞങ്ങളെ സ്റ്റേഷനില്‍ നിന്നും ഇറക്കിയത്. പക്ഷേ അതിനു ശേഷം ഒരു ഗുണമുണ്ടായി. വീട്ടില്‍ നിന്നും എന്നെ ഗെറ്റ് ഔട്ട് അടിച്ചു. പിന്നീട് കാലങ്ങളോളം ട്രാന്‍സ് സമൂഹത്തിനിടയില്‍ ജീവിതം. ഒടുവില്‍ സര്‍ജറിക്കായി കോയമ്പത്തൂരിലേക്ക്. കാലങ്ങളോളം അവിടെ താമസിച്ചു, ഒടുവില്‍ മനസുകൊണ്ടും ശരീരം കൊണ്ടും പെണ്ണായി കേരളത്തിലേക്ക്. തിരികെയെത്തുമ്പോള്‍ ആട്ടിയോടിച്ച ഈ മണ്ണ് എനിക്ക് ഏറെ തന്നു. ആ സന്തോഷങ്ങളില്‍ ഒന്നാണ് കൊച്ചി മെട്രോയിലെ ടിക്കറ്റിങ് ഏജന്റ് ജോലി.

മനസിലാക്കേണ്ടത് മാതാപിതാക്കള്‍- അനന്യ 

trans54e5dtyfy

ആയിരം സൂചിമുനകള്‍ ദേഹത്ത് തുളഞ്ഞു കയറിയ വേദന. രണ്ടുചിത്രങ്ങള്‍ക്കിടയിലുള്ള കാലദൈര്‍ഘ്യം എനിക്കങ്ങനെയൊരു നോവാണ്. പെണ്ണുടലിലേക്കുള്ള മാറ്റം, സര്‍ജറി വേദന എല്ലാം ഇന്നലെയെന്ന പോലെ. പക്ഷേ അതിനേക്കാളേറെ വേദന എനിക്കും സമ്മാനിച്ചത്് സമൂഹമാണ്.- അനന്യ പറഞ്ഞു തുടങ്ങുകയാണ്.  

ഹോര്‍മോണല്‍ ചെയ്ഞ്ചസിനായി മുഖത്തേക്ക് ലേസര്‍ രശ്മികള്‍ ആഞ്ഞു പതിക്കുന്നൊരു നിമിഷമുണ്ട്. ആ വേദന മരിക്കുന്നതു വരേയും മറക്കില്ല. ട്രീറ്റ്‌മെന്റിനിടയിലും പ്രകൃത്യാലുള്ള ശരീരമാറ്റം ശരീരത്തില്‍ വീണ്ടും ഉയര്‍ന്നു കാണും. രോമ വളര്‍ച്ച പൂര്‍വാധികം ശക്തിയോടെ തിരികെയെത്തും. അപ്പോഴും അനുഭവിക്കണം ഇതേ വേദന. ഈ ചിത്രങ്ങള്‍ വീണ്ടും വീണ്ടും ആ വേദനയുടെ നാളുകളെ ഓര്‍മ്മിപ്പിക്കുന്നു. ആദ്യചിത്രം ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഉള്ളതാണ്. 

എനിക്കിപ്പോള്‍ 27 വയസാകുന്നു. പക്ഷേ നാല് വയസു മുതല്‍ ഞാന്‍ മനസു കൊണ്ട് പെണ്ണാണ്. എന്റെയുള്ളിലുള്ളത് പെണ്‍മനസാണെന്ന് ആ കാലം തൊട്ടേ എനിക്ക് ബോധ്യമുണ്ടായിരുന്നു. പെരുമാറ്റവും മാനസികാവസ്ഥയും കണ്ടപ്പോഴേ നാട്ടുകാര്‍ ചോദിച്ചു തുടങ്ങി. നീയെന്താ ഇങ്ങനെ... നീ പെണ്ണാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍. പതിയെ പതിയെ അതൊക്കെ കുത്തുവാക്കുകളായി. ജനിച്ചുവളര്‍ന്നു നാള്‍തൊട്ടേ ഞാനുമായിബന്ധം സൂക്ഷിച്ചിരുന്ന ചില കസിന്‍സുണ്ട്. അവര്‍ പോലും മാറ്റത്തിനു പിന്നാലെ ഞാന്‍ പോയപ്പോള്‍ എന്നെ കുത്തി നോവിച്ചു. ചിലപ്പോള്‍ കമന്റിന്റെ രൂപത്തില്‍ മറ്റു ചിലപ്പോള്‍ പെരുമാറ്റങ്ങളായി. അതൊക്കെ കേട്ട് വായ്മൂടി നിന്നിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഇന്ന് വെറുമൊരുബൊമ്മയെപ്പോലെ ജീവിതം ജീവിച്ചു തീര്‍ത്തേനെ. പക്ഷേ മാറ്റം അടയാളപ്പെടുത്തിയ ഈ ജീവിതം എന്നെ ഒരുപാട് കാലം വേദനിപ്പിച്ചില്ല. തിരിച്ചെടുത്ത സന്തോഷങ്ങളെല്ലാം നൂറിരട്ടി വേഗത്തില്‍ തിരിച്ചു തന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ് റേഡിയോ ജോക്കിയായി റേഡിയോ മാങ്കോ എന്നെ സ്വീകരിച്ചത് ആദ്യത്തെ സന്തോഷം. ഇപ്പോള്‍ ഞാനൊരു തിരക്കുള്ള മേക്ക് അപ് ആര്‍ട്ടിസ്റ്റാണ്. പറഞ്ഞ് അവസാനിപ്പിക്കും മുമ്പ് ഒന്ന് കൂടി. നമ്മുടെ ഈ മാറ്റം അത് ആദ്യം ഉള്‍ക്കൊള്ളാനുള്ള മനസ് ഉണ്ടാകേണ്ടത് നമ്മുടെ മാതാപിതാക്കള്‍ക്കാണ. എനിക്കില്ലാതെ പോയതും അതാണ്.

Tags:
  • Spotlight