Tuesday 25 June 2019 02:53 PM IST : By സ്വന്തം ലേഖകൻ

മൺമറഞ്ഞു പോകില്ല ഈ നന്മ; മരിച്ചവർക്ക് ആദരമർപ്പിക്കാൻ റീത്ത് വേണ്ട, സാരിയോ മുണ്ടോ മതി

wreath പ്രതീകാത്മക ചിത്രം

വാങ്ങുന്നവൻ ഉപയോഗിക്കില്ല; ഉപയോഗിക്കുന്നവൻ അറിയുകയുമില്ല എന്നു ശവപ്പെട്ടിയേക്കുറിച്ചുള്ള ആപ്തവാക്യം പോലെ തന്നെയാണു റീത്തും. തന്റെ മേൽ കുന്നുകൂടുന്ന പുഷ്പചക്രങ്ങളുടെ എണ്ണം പരേതൻ അറിയുന്നേയില്ല. അതിനാൽ മരിച്ചവർക്ക് ആദരമർപ്പിക്കുന്നതിലും നന്മയ്ക്കുള്ള വഴി കണ്ടെത്തുകയാണു തൃശൂരിലെ കോളങ്ങാട്ടുകര നിവാസികൾ.

മരിച്ചവർക്ക് ആദരമർപ്പിക്കാൻ ഇനി പുഷ്പചക്രം വേണ്ട, പകരം സാരിയോ മുണ്ടോ വാങ്ങി സമർപ്പിക്കുക. സംസ്കാരത്തിനു മുൻപ് ഇവ ശേഖരിക്കും. അനാഥാലയങ്ങളിലോ പാവങ്ങൾക്കോ ഇവ നൽകും. കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലാണ് ഈ മാറ്റത്തിനു തുടക്കമിട്ടത്.

കഴിഞ്ഞ ദിവസം പരേതനായ ആലപ്പാട്ട് പൊറിഞ്ചുവിന്റെ മൃതദേഹത്തിൽ അവണൂർ കാർഷിക– കാർഷികേതര സംഘം പ്രസിഡന്റ് നീലങ്കാവിൽ ബാബു മുണ്ട് സമർപ്പിച്ചാണ് ഈ രീതിക്കു തുടക്കമിട്ടത്. തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് കുണ്ടുകുളം അന്തരിച്ചപ്പോൾ റീത്തിനു പകരം സാരിയും മുണ്ടും സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ആയിരക്കണക്കിനു വസ്ത്രങ്ങളാണ് അന്ന് അനാഥാലയങ്ങൾക്കു ലഭിച്ചത്.