Wednesday 17 July 2019 10:13 AM IST

പത്തു വർഷത്തെ റിസൽറ്റ് നോക്കിയാൽ ഒരു കുട്ടി പോലും പരാജയപ്പെട്ടില്ല; നൂറുമേനി വിജയരഹസ്യവുമായി സരസ്വതി വിദ്യാലയം!

Lakshmi Premkumar

Sub Editor

saraswathy2

സാധാരണ  സിബിഎസ്‌സി സ്കൂൾ എന്നതായിരുന്നു തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിന്റെ പത്തു വർഷം മുൻപുള്ള ഐഡന്റിറ്റി. ഇന്നത് കേരളത്തിലെ മികച്ച പത്ത് സ്കൂളുകളിൽ ഒന്നായി മാറിയെന്നു പറയുന്നു സരസ്വതി വിദ്യാലയത്തിന്റെ അമരക്കാരനായ രാജ് മോഹൻ. ഒരു സുപ്രഭാതത്തിൽ കൈവന്നതല്ല ഈ നേട്ടം. അതിനു പിന്നിലൊരു  മാസ്റ്റർ ബ്രെയിൻ ഉണ്ട്. അധ്യാപകരുടെ കൂട്ടായ അധ്വാനമുണ്ട്. കിന്റർഗാർട്ടനും സ്കൂളും കോളജുമായി സരസ്വതി വിദ്യാലയത്തിന്റെ ശാഖകൾ വിപുലമാണ്. രാജ് മോഹൻ എന്ന പ്രതിഭയുടെ സ്വപ്നമാണ് ഇന്നു കാണുന്ന ഈ സരസ്വതി വിദ്യാലയം. അച്ചടക്കമുള്ള പ്രവർത്തനങ്ങളിലൂടെ വിജയതിലകം തൊട്ട സ്കൂളിന്റെ കഥ രാജ്മോഹന്റെ വാക്കുകളിൽ:

അറിവിന്റെ വെളിച്ചം

‘‘അച്ഛന് നിർബന്ധമായിരുന്നു മക്കള്‍ക്ക് ഉയർന്ന വിദ്യാഭ്യാസം വേണമെന്ന്. പണ്ട് മധ്യതിരുവിതാംകൂറിൽ ഏ റെ പ്ര‌ചാരമുള്ള പത്രമായിരുന്ന ‘മലയാള രാജ്യ’ത്തിന്‍റെ പത്രാധിപര്‍ ആയിരുന്നു അച്ഛൻ വി. ഗംഗാധരന്‍. കൂടാതെ രാഷ്ട്രീയത്തിലും  സജീവം.  പട്ടംതാണുപിള്ള മന്ത്രിസഭയിൽ സ്പീക്കറായിരുന്ന അച്ഛൻ എഴുതിയ ‘ഇന്ത്യൻ പാർലമെന്റ്’  എന്ന പുസ്തകം അന്ന് എസ്എസ്എയുടെ ടെക്സ്റ്റ് ബുക്കായിരുന്നു.

കൊല്ലത്ത് പ്രഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തിരുവനന്തപുരം മോഡൽ സ്കൂളിലാണു  ഞാന്‍ പഠിച്ചത്. അന്ന് ക്ലാസുകൾ അല്ല ഫോം എന്നാണ് പറയുന്നത്. ആറാമത്തെ ഫോം ആണ് ഇന്നത്തെ എസ്എസ്എൽസി. അതിനു ശേ ഷം കൊല്ലം എസ്എൻ കോളജിൽ നിന്ന് പ്രീ ഡിഗ്രി പാസായി. എൻജിനീയറിങ്ങായിരുന്നു ലക്ഷ്യം.

കൊല്ലം ടികെഎം കോളജിൽ നിന്നു മെക്കാനിക്കൽ  എ ൻജിനീയറിങ് ബിരുദം നേടി. ഉടൻ ജോലിയും കിട്ടി. തിരുവനന്തപുരത്ത് ജൂനിയർ എൻജിനീയർ തസ്തികയിൽ. ഒരു വർഷം കഴിഞ്ഞപ്പോൾ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിൽ ജോയിൻ ചെയ്തു. അന്ന് കമ്പനി പ്രാരംഭദശയിലാണ്.  2005 വരെ അവിടെ തുടർന്നു. അവസാന  പതിനഞ്ചുവർഷം ചെയർമാനായിരുന്നു. ഒരു കമ്പനിയിൽ ആയുസ്സിന്റെ നല്ല പങ്കും ചെലവഴിക്കുമ്പോൾ കിട്ടുന്ന അനുഭവ സമ്പത്ത് വളരെ വലുതാണ്. പിന്നെ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാനായി.  

സരസ്വതി വിദ്യാലയത്തിലേക്ക്

2008 ലാണ് സരസ്വതി വിദ്യാലയത്തിൽ എത്തുന്നത്. 91 ൽ ചാരിറ്റബിൾ സൊസൈറ്റി ആയാണ് വിദ്യാലയത്തിന്റെ തുടക്കം. അതിൽ അംഗമായതിനാലാകണം  ഈ നിയോഗം എന്നിൽ  വന്നു ചേർന്നത്.  മറ്റു മേഖലകൾ പോലെ ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്നവർക്കുള്ളതല്ല വിദ്യാഭ്യാസരംഗം. ഇതൊരു സാമൂഹിക സേവനമാണെന്ന കാഴ്ചപ്പാടിലായിരുന്നു തുടക്കം മുതല്‍ക്കെ ഞങ്ങളുടെ പ്രവർത്തനം. കുട്ടികൾക്ക് ഏതു പ്രശ്നവും തുറന്നു പറയാനുള്ള വേദി ഇവിടെയുണ്ട്. ഏതു സമയത്തു വേണമെങ്കിലും അവർക്ക് എന്റെ അരികിലേക്കു വരാം.  ഞാൻ ചെയർമാനാണ്   അതുകൊണ്ടു ഗൗരവം വേണം,  സ്ട്രിക്്റ്റ് ആകണം  എന്നൊന്നുമില്ല. എന്തും പറയാനുള്ള ഒരു ഇടം അവർക്കുള്ളിൽ ഉണ്ടാകണമെങ്കിൽ നമ്മൾ അവരിലേക്ക് ഇറങ്ങി ചെല്ലണം.

എന്നെ ഈ പ്രായത്തിലും ഏറെ സന്തോഷിപ്പിക്കുന്ന കാര്യവും അതുതന്നെ. ചെറിയ കുട്ടികളുമായുള്ള ആശയവിനിമയം  നമ്മുടെ ചിന്തകളിലും ചെറുപ്പം നിറയ്ക്കും. കുട്ടികൾക്ക്, കൂട്ടുകാരോടെന്ന പോലെ അധ്യാപകരോട്  അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും പറയാം. പലപ്പോഴും കുഞ്ഞുങ്ങളുെട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവരോടല്ല നാം സംസാരിക്കേണ്ടി വരിക, അവരുടെ മാതാപിതാക്കളോടാണ്.

ജീവിതപരിചയത്തിന്റെ തണലിലാണ് എനിക്കവരോട് നല്ല വഴികൾ പറഞ്ഞു കൊടുക്കാൻ കഴിയുന്നത്. തുറന്ന ആശയ വിനിമയത്തിലൂടെ തന്നെയാണ്  കുട്ടികളെ പഠിക്കാൻ മുൻപന്തിയിലേക്ക് എത്തിക്കുന്നത്. മൂന്നു വയസ്സുള്ളവര്‍ മുതൽ പതിനേഴുകാർ വരെ ഇവിടെയുണ്ട്. പ്ലസ്ടൂവിന് ഇവിടെ സയൻസ്, കൊമേഴ്സ്, ഹുമാനിറ്റീസ് വിഷയങ്ങളിൽ തന്നെ എല്ലാ കോംപിനേഷനുമുണ്ട്.

പഠനം മാത്രമാണ് സ്കൂളിൽ നടക്കേണ്ടത് എന്ന കാഴ്ചപാടല്ല  ഞങ്ങൾക്കുള്ളത്. അതുകൊണ്ട് സ്പോർട്സിനും ആർട്സിനും  പഠനത്തിന്റെ അതേ പ്രാധാന്യം നൽകുന്നു. യോഗയും മെഡിറ്റേഷനും പരിശീലിപ്പിക്കുന്നുണ്ട്. ഏകാഗ്രതയോടെയുള്ള പഠനത്തിന്  ഇതു വളരെ നല്ലതാണ്.

നാഷ്നൽ ടാലന്റ്സ് ചെക്ക് എക്സാമിനേഷനുകൾക്കായി കുട്ടികൾക്ക് സൗജന്യ കോച്ചിങ്ങ് ക്ലാസുകൾ,  ആറ്,  ഏഴ്,  എട്ട് ക്ലാസുകളിലായി കേംബ്രിജ്  ഇംഗ്ലിഷ് സ്പെഷൽ കോച്ചിങ്  തുടങ്ങിയവയും നൽകുന്നു. പുതിയ തലമുറയുടെ അവസരങ്ങൾ ലോകം മുഴുവനും ആണ്. അതിനുള്ള അടിത്തറയും കാഴ്ചപ്പാടും രൂപപ്പെടുത്തലാണ്  ലക്ഷ്യം.’

സ്മാർട് ക്ലാസ് റൂം പിന്നെ, നാടകവും

‘സ്മാർട് ക്ലാസ്മുറികളാണ് ഇനി നമുക്കാവശ്യം. മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് രീതികളും മാറണം. സരസ്വതി വിദ്യാലയത്തിലെ എല്ലാ ക്ലാസുകളും സ്മാർട് ക്ലാസ് റൂം ആണ്. ചില കുട്ടികൾ പഠനത്തിൽ മുഖ്യധാരയിലുണ്ടാകും. പക്ഷേ, ആളുകളെ അഭിമുഖീകരിക്കാനും സ്റ്റേജിൽ കയറാനുമൊക്കെ മടിയായിരിക്കും. അവർക്ക് പ്രത്യേക ശ്രദ്ധയും പ്രോൽസാഹനവും ആവശ്യമാണ്.  

കുഞ്ഞു മനസ്സുകളിലെ ഇത്തരം ഭയം മാറ്റാനായി നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികൾക്കായി നാടക പരിശീലനം നൽകുന്നുണ്ട്. നാടകം, മോണോആക്ട് അങ്ങനെ പല പ്രോഗ്രാമുകൾ ഉണ്ട്. അതിലൂടെ കുട്ടിയുടെ ആത്മവിശ്വാസം കൂടും. സഭാകമ്പം  മാറും. ഭാവിയിൽ  ഇന്റർവ്യൂവിലൊ ഗ്രൂപ്പ് ചർച്ചയിലോ പങ്കെടുക്കേണ്ടി വരുമ്പോൾ ഈ അനുഭവ പരിചയം ആശയവിനിമയത്തിൽ അവർക്ക് ഗുണമാകും.

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നിർണായകമാണ് സ്കൂൾകാലം. അതുകൊണ്ടു തന്നെ ജാഗ്രതയോടുള്ള നിരീക്ഷണം ആവശ്യമാണ്. പല സ്കൂളിലും ഇന്ന് കുട്ടികളിലെ ലഹരി ഉപയോഗം പ്രധാന പ്രശ്നമാണ്. ഇവിടെ എല്ലാ ക്ലാസ്റൂമും ക്യാമറ നിരീക്ഷണത്തിൽ ആണ്. കുട്ടികൾക്ക്  ലഹരിവിരുദ്ധ ബോധവൽകരണവും നൽകാറുണ്ട്. സ്കൂൾ കാലത്തിൽ ഏതു കുട്ടിയും ശ്രദ്ധയും സ്നേഹവും അൽപം കൂടൂതൽ ആഗ്രഹിക്കും. സ്കൂളിലും ഗൃഹാന്തരീക്ഷത്തിലും അത്  ഉറപ്പ് വരുത്തിയാൽ നമ്മുടെ മക്കളെ നേർവഴിയെ തന്നെ നയിക്കാൻ കഴിയും.

saraswathy21

ഒത്തൊരുമിച്ച് പബ്ലിക് പരീക്ഷ

കഴിഞ്ഞ പത്തു വർഷത്തെ റിസൽറ്റ് നോക്കിയാൽ ഒരു കുട്ടി പോലും പരാജയപ്പെട്ടില്ല എന്നതാണ് ഞങ്ങളുടെ വി‍ജയം. ഏതെങ്കിലും കുട്ടി പിന്നാക്കം പോയാൽ പ്രത്യേക കെയർ നൽകാൻ ഒരു അധ്യാപകനെ ചുമതലപ്പെടുത്തും. ആ അധ്യാപകനോടു കുട്ടിക്ക് എപ്പോൾ വേണമെങ്കിലും സംസാരിക്കാം. സംശയങ്ങൾ ചോദിക്കാം. പതിയെ കുറവുക ൾ പരിഹരിച്ച് അവരും മുൻനിരയിൽ എത്തും. അതാണ് ഞങ്ങളുടെ വിജയഫോർമുല. പല നിലവാരത്തിൽ ഐക്യു ഉള്ള കുട്ടികളായിരിക്കും ഒരു ക്ലാസിൽ. പ്രത്യേക ശ്രദ്ധ വേണ്ടവരെ മനസ്സിലാക്കിയാൽ നേരത്തേ തന്നെ അവർക്ക് കോച്ചിങ് നൽകാൻ കഴിയും. അവരുടെ മേൽ അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകും.

പബ്ലിക് എക്സാമിനു മുൻപ് അവരെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റേണ്ട ഉത്തരവാദിത്തം അധ്യാപകരുടേതു മാത്രമല്ല. രക്ഷിതാക്കൾക്കും ചിലപ്പോൾ മാർഗനിർദേശവും പരിശീലനവും നൽകേണ്ടി വരും.  മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തിയാകും പല രക്ഷിതാക്കളും സ്വന്തം കുട്ടിയെ വിലയിരുത്തുന്നത്. കുട്ടിയുടെ ഐക്യുവിനെക്കുറിച്ച് രക്ഷിതാക്കൾക്ക് നല്ല ബോധ്യം വേണം. അതല്ലാതെ സഹിക്കാൻ കഴിയാത്ത വിധം പ്രഷർ നൽകിയാൽ കുട്ടി മാനസ്സിക സമ്മർദത്തിലാകും.  ഇത് വിപരീത ഫലം ഉണ്ടാക്കും. ഇത്തരം  സാഹചര്യങ്ങളിൽ  കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മാതാപിതാക്കൾക്ക്  ക്ലാസ് നൽകിയേ തീരൂ.

പത്താംക്ലാസ്, പ്ലസ്ടൂ  പരീക്ഷാസമയങ്ങളിൽ സ്കൂളി ൽ  രണ്ടാഴ്ച പ്രത്യേക ക്യാംപ് നടത്താറുണ്ട്. ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ടാകും. പെൺകുട്ടികൾക്ക് രാത്രി രക്ഷിതാക്കൾക്കൊപ്പം വീട്ടിൽ പോകാം. ക്യാംപ് കഴിയുന്നതു വരെ അധ്യാപകരും സ്കൂളിൽ തന്നെ ഉണ്ടാകും. പത്തു  മണി  മുതൽ അഞ്ചു വരെ എന്ന സങ്കൽപമല്ല, ഇതൊരു സാമൂഹിക സേവനം കൂടിയാണെന്ന സമർപ്പണ മനോഭാവം ഞങ്ങളുടെ അധ്യാപകർക്കുണ്ട്.  രണ്ട് ആഴ്ച മുഴുവനും അധ്യാപകർക്കൊപ്പമുള്ള പഠനം കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തും.

കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായമുള്ള ‘അടൽ ടിങ്കറിങ് ലാബ്’ എന്ന പ്രോജക്ടാണ്  ഞങ്ങളുടെ മറ്റൊരു സവിശേഷത. സാങ്കേതിക വിദ്യയിൽ കുട്ടികളുടെ കഴിവ് വളർത്തുകയാണ് ഇതിന്റെ  ലക്ഷ്യം. ഇതിനൊപ്പം തന്നെ റോബട്ടിക് ലാബും സ്കൂളിൽ ഉണ്ട്.  ചില കുട്ടികൾ പഠനത്തിൽ അത്ര മിടുക്കരായിരിക്കില്ല. പക്ഷേ, അവരുടെ ടെക്നിക്കൽ സ്കിൽ, അറിവ് നമ്മളെ അദ്ഭുതപ്പെടുത്തും. എൻജിനീയറിങ് മേഖലയിൽ സ്വാഭാവിക താൽപര്യമുള്ളവർക്ക് അവരുടെ ഐഡിയ പരീക്ഷിക്കാനും അറിവു നേടാനുമുള്ള അവസരമാണ് റോബട്ടിക് ലാബ് നൽകുന്നത്.

ഇപ്പോൾ കോളജ് കൂടി ആയപ്പോൾ ഉത്തരവാദിത്തം കൂടി. കുടുംബവും ഈ രംഗത്ത് സജീവമാണ്. ഭാര്യ ലൈല, മകൾ ദേവി, മകളുടെ ഭർത്താവ് റീജണൽ കാൻസർ സെന്റർ സർജനായ  ഡോ. ചന്ദ്രമോഹൻ  എന്റെ സഹോദരി വിജയലക്ഷ്മിയും അവരുടെ മക്കൾ കാർത്തികയും രേവതിയും ഭർത്താക്കൻമാരായ അജിത്കുമാറും ഉണ്ണികൃഷ്ണനും സ്കൂളിന്റെ ട്രസ്റ്റിൽ അംഗമാണ്.

സരസ്വതി കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ ഇപ്പോൾ നാലു കോഴ്സ് ആണുള്ളത്. ഇനി ഓരോ വർഷവും ഓരോ കോഴ്സുകള്‍ വീതം തുടങ്ങി കേരളത്തിലെ മികച്ച കോളജിൽ ഒന്നായി സരസ്വതി വിദ്യാലയത്തെ മാറ്റണം. കിന്റർഗാർട്ടനിൽ എത്തുന്ന കുട്ടിക്ക് ഇവിടെ നിന്നു തന്നെ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുങ്ങുന്ന ഇടമായി ഇതു മാറണം. അതു മാത്രമാണ് സ്വപ്നം.’

Tags:
  • Spotlight
  • Inspirational Story