Tuesday 11 February 2025 03:05 PM IST : By സ്വന്തം ലേഖകൻ

‘അവളുടെ കണ്ണിൽനിന്ന് ഇടയ്ക്ക് കണ്ണീരൊലിക്കും, വേദനിക്കുന്നുണ്ടാവും, കണ്ടിട്ട് സഹിക്കാനാവുന്നില്ല’; നൊമ്പരമായി കുഞ്ഞുദൃഷാന, കട്ടിലിനരികെ വിതുമ്പി അമ്മ

drishana-kozhikode ചിത്രം: എം.ടി.വിധുരാജ് / മനോരമ

‘‘അവളുടെ കണ്ണിൽനിന്ന് ഇടയ്ക്കു കണ്ണീരൊലിക്കും. വേദനിക്കുന്നുണ്ടാവും. അവൾക്കു പറയാനാവുന്നില്ലല്ലോ. അവൾ ബലം പിടിക്കുന്നതും പനിച്ചു വിറയ്ക്കുന്നതും കണ്ടു സഹിക്കാനാവുന്നില്ല...’’ ദൃഷാനയുടെ കട്ടിലിനരികെ വിതുമ്പുകയാണ് അമ്മ സ്മിത. വടകര ചേറോട്ട് കാറിടിച്ച് മുത്തശ്ശി ബേബി മരിക്കുകയും പേരക്കുട്ടി ദൃഷാന കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയെ പിടിച്ചതൊന്നും ദൃഷാന അറിയുന്നില്ല. അപകടത്തിൽ പരുക്കേറ്റു കോമയിൽ കഴിയുന്ന അവൾ എന്നെങ്കിലും എഴുന്നേൽക്കുമെന്നും പുഞ്ചിരിക്കുമെന്നും പ്രതീക്ഷിച്ചു കാത്തിരിക്കുകയാണു മാതാപിതാക്കളായ സ്മിതയും സുധീറും. 

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണു ദൃഷാനയുടെ ചികിത്സ. നാട്ടിൽ‍ പെയിന്റിങ്, പോളിഷിങ് ജോലികൾ ചെയ്താണു സുധീർ കുടുംബം പുലർത്തിയിരുന്നത്. ദൃഷാനയുടെ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് വന്നതോടെ ജോലി ഇല്ലാതായി. ഇപ്പോൾ മെഡിക്കൽ കോളജ് കാരന്തൂർ റോഡിൽ കൊളായിത്താഴം എൽപി സ്കൂളിനു സമീപത്തെ ഒരു വീടിന്റെ മുകൾനിലയിൽ വാടകയ്ക്കു താമസിക്കുകയാണിവർ. പകൽ മുഴുവൻ ദൃഷാനയ്ക്കു കാവലിരിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഓടിയെത്തണം. അതിനു കഴിയുന്ന വിധം സുധീർ വീടിനടുത്ത് ഒരു സ്ഥാപനത്തിൽ ചെറിയൊരു ജോലി ശരിയാക്കിയിട്ടുണ്ട്.  

പ്രതിയെ അറസ്റ്റ് ചെയ്തെന്ന് ഇന്നലെ വാർത്ത കണ്ടാണു കുടുംബം അറിഞ്ഞത്. ദൃഷാനയെ ഈ നിലയിലാക്കിയ ആൾക്കു കിട്ടാവുന്ന പരമാവധി ശിക്ഷ കൊടുക്കണമെന്നാണിവർ പറയുന്നത്. ഇപ്പോൾ‍ ദിവസവും ഒരു നേരം വീതം ഫിസിയോ തെറപ്പി ചെയ്യുന്നുണ്ട്. ദിവസവും നാലു നേരം വീതം ഫിസിയോ തെറപ്പി ചെയ്താൽ ദൃഷാന തിരികെ വരാനുള്ള സാധ്യത കൂടുമെന്നാണു ഡോക്ടർ പറഞ്ഞത്. ഇതിനായി എറണാകുളത്തെയും വൈക്കത്തെയും സ്വകാര്യ ആശുപത്രികളിൽ വിളിച്ച് അന്വേഷിച്ചെങ്കിലും ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നു സുധീറിന് അറിയില്ല.

Tags:
  • Spotlight