ഒരായുഷ്‌ക്കാലത്തിനും അപ്പുറമുള്ള വേദന അനുഭവിച്ചു. പച്ചമാംസത്തിലൂടെ ഊര്‍ന്നിറങ്ങുന്ന വേദന ശരീരവും മനസും താങ്ങില്ലെന്ന് കണ്ടപ്പോള്‍ അവള്‍ ജീവിതം അവസാനിപ്പിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട അനന്യ കുമാരി അലക്‌സ് സഹികെട്ടപ്പോഴാണ് ജീവിതം ഒരുമുഴം കയറില്‍ അവസാനിപ്പിച്ചത്. എപ്പോഴും പുഞ്ചിരിച്ചു കണ്ടമുഖം മലയാളിയുടെ മനസാക്ഷിക്കു മുന്നില്‍ തൂങ്ങിയാടി നില്‍ക്കുമ്പോള്‍ അവള്‍ അനുഭവിച്ച വേദനയുടെ ആഴവും പരപ്പും എത്രയെന്ന് പ്രിയ സുഹൃത്തുക്കള്‍ പങ്കുവയ്ക്കുന്നു. ഒരു പക്ഷേ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു മാത്രം മനസിലാകുന്ന, തിരിച്ചറിയുന്ന ആ വേദനയെക്കുറിച്ച് സുഹൃത്തായി വൈഗ സുബ്രഹ്‌മണ്യം വനിത ഓണ്‍ലൈനോട് പങ്കുവയ്ക്കുകയാണ്.

താന്‍ ചതിക്കപ്പെട്ടു, നീതി നിഷേധിക്കപ്പെട്ടു എന്നൊക്കെ ആയിരംവട്ടം ഈ ലോകത്തോട് വിളിച്ചു പറഞ്ഞതാണ് ആ പാവം. ആരും ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല പലവട്ടം പരിഹസിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ, എന്തിനീ പണിക്ക് പോയി എന്ന് പരിഹാസച്ചിരിയോടെ ചോദിച്ചവരും ഏറെ. അവള്‍ക്കു നേരെ മുഖംതിരിച്ചു നടന്ന ആ നിസംഗതയുണ്ടല്ലോ. ആ നിസംഗതയ്ക്കു മുന്നിലാണ് അവള്‍ തൂങ്ങിയാടി നില്‍ക്കുന്നത്- വൈഗ വേദനയോടെ പറയുന്നു.

ശസ്ത്രക്രിയയിലെ പിഴവ് പലവട്ടം അവള്‍ ചൂണ്ടിക്കാട്ടി. കൊല്ലുന്ന വേദനയില്‍ നിന്ന് പരിഹാരം തേടി മുട്ടാവുന്ന വാതിലെല്ലാം മുട്ടി. പക്ഷേ നിരാശയായിരുന്നു ഫലം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവു വരുത്തിയ ഡോക്ടര്‍മാര്‍ തെറ്റു സംഭവിച്ചെന്ന് മനസിലാക്കിയതോടെ അവളെ കയ്യൊഴിയാന്‍ തുടങ്ങി. ഒരിക്കല്‍ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ആ ഡോക്ടര്‍മാരുണ്ടായിരുന്നു. അവളും ആ ചര്‍ച്ചയില്‍ ഉണ്ടെന്ന് കണ്ടതോടെ അവളെ ബോധപൂര്‍വം പുറത്താക്കി. തന്നെ ഈ വിധം ആക്കിയത് എന്തിനെന്ന് വീണ്ടും ചോദിക്കുമെന്ന് കരുതിയായിരുന്നു ആ പുറത്താക്കല്‍. വീണ്ടും അവള്‍ ഡിസ്‌കഷന്‍ പാനലില്‍ സ്പീക്കറായി എത്തി. അ്‌പ്പോഴും അവളെ ചര്‍ച്ചയില്‍ നിന്ന് വലിച്ച് താഴേക്കിട്ടു. 

വെറുമൊരു ചികിത്സാ പിഴവ് എന്നു പറഞ്ഞ് അവര്‍ക്ക് കയ്യൊഴിയാം. പക്ഷേ അവള്‍ അനുഭവിച്ച വേദനയറിയണോ? ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്യുന്നത്. അവിടെയാണ് പിഴവ് സംഭവിച്ചതും. ആ സര്‍ജറി പരാജയമായിരുന്നുവെന്നു മാത്രമല്ല അവിടുന്നങ്ങോട്ട് അവള്‍ വേദന തിന്നാന്‍ തുടങ്ങി. വജൈനയില്‍ നിന്നും മ്യൂക്കസ് തുടര്‍ച്ചയായി ഒഴുകാന്‍ തുടങ്ങി. ദിവസം എട്ട് പാഡ് വരെ അവള്‍ക്ക് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ഒന്ന് ഇരിക്കാന്‍ പോലും പറ്റില്ല. മൂത്രം ഒഴിക്കുമ്പോള്‍ പോലും കൊല്ലുന്ന വേദനയായിരുന്നുവെന്ന് അവളെന്നോട് പറഞ്ഞിട്ടുണ്ട്. മൂത്രം സ്പ്രേ ചെയ്തതു പോലെ മാത്രം പുറത്തേക്കു പോകും. ആ സമയങ്ങളിലൊക്കെ അവള്‍ വേദനകൊണ്ട് അലറിവിളിക്കും. ഇന്ത്യയിലെ തന്നെ പ്രശസ്തനായ പ്ലാസ്റ്റിക് സര്‍ജന്‍ അവളുടെ പ്രശ്‌നം പരിഹരിച്ച് തുടര്‍ സര്‍ജറി ചെയ്യാം എന്ന് അറിയിച്ചതാണ്. അവളെ സഹായിക്കുന്നതിനായി വലിയ ചെലവു വരുന്ന സര്‍ജറിക്കു വേണ്ടിയുള്ള ക്രൗഡ് ഫണ്ടിംഗും നടത്തിയുരുന്നു. പക്ഷേ അവിടെയും പഴയ സര്‍ജറി വിലങ്ങു തടിയായി. പഴയ സര്‍ജറിയുടെ ഡോക്യുമെന്റ്‌സ് കിട്ടില്ലെന്നായതോടെ ആ പ്രതീക്ഷയും മങ്ങി. എല്ലാവരും കയ്യൊഴിഞ്ഞപ്പോള്‍ അവള്‍ അങ്ങു പോയി. വേദനകളില്ലാത്ത ലോകത്തേക്ക്.- വൈഗ പറഞ്ഞു നിര്‍ത്തി.