ഓർമ്മകളുടെ റീലുകളിൽ നാടൻ പെണ്ണിന്റെ ചേലോടെ നിറഞ്ഞു നിൽക്കുന്ന ആ നായികയെ മലയാളി മറക്കില്ല. സിനിമയോട് താത്കാലികമായി ഗുഗ്ഡൈ പറഞ്ഞ് കുടുംബിനിയുടെ റോളിൽ നിൽക്കുമ്പോഴും പാർവതിയോടുള്ള മലയാളിയുടെ ഇഷ്ടത്തിന് ഇന്നും കുറവുവന്നിട്ടില്ല. പതിവുപോലെ ഡബിൾ സർപ്രൈസുമായി വനിത ഓണം സ്പെഷ്യൽ എത്തുമ്പോൾ വനിത ആ പ്രിയങ്കരിയായ നായികയെ വായനക്കാർക്കു മുന്നിലേക്ക് ഒരിക്കൽ കൂടി എത്തിക്കുകയാണ്. തീർന്നില്ല വിശേഷം, മലയാളി പ്രേക്ഷകരും സ്നേഹത്തോടെ ചക്കി എന്നു വിളിക്കുന്ന ജയറാം– പാർവതി ജോഡിയുടെ പ്രിയമകൾ മാളവികയും വിശേഷങ്ങൾ പങ്കിട്ട് വായനക്കാർക്കു മുന്നിലേക്കെത്തുകയാണ്. ജീവിതവും സ്വപ്നങ്ങളും നിലപാടുകളും പിന്നെ ഇത്തിരി കൊച്ചു വർത്താനങ്ങളുമൊക്കെയായി എത്തുന്ന ഈ അമ്മ–മകൾ കോംബോ തന്നെയാണ് വായനക്കാരുടെ ഹൃദയം കവരുന്ന ഹൈലൈറ്റ്.
ക്യാമറയ്ക്ക് മുന്നിൽ പഴയ അതേ ചാരുതയോടെ പാർവതിയും യുവത്വത്തിന്റെ ചുറുചുറുക്കോടെ ചക്കിയും എത്തിയപ്പോൾ ഒത്തിരി സുന്ദര നിമിഷങ്ങളാണ് പിറന്നത്. ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കിട്ട് ചക്കിയും ജീവിതാനുഭവങ്ങൾ പങ്കിട്ട് പാർവതിയും എത്തിയത് സുന്ദര നിമിഷങ്ങളായി.
‘പെൺകുട്ടികള്‍ ഇന്നത്തെക്കാലത്ത് ഒരു ജോലി പോലുമില്ലാതെ ഒന്നുമില്ലാതെ എടുത്തു ചാടി വിവാഹം കഴിക്കുന്നത് ശരിയല്ലെന്നാണ് എന്റെ നിലപാട്. എനിക്കൊരു കരിയർ ഉണ്ടായിട്ടേ വിവാഹം കഴിക്കൂ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. അവിടെ സൊസൈറ്റിയുടെ പ്രഷർ നോക്കേണ്ട കാര്യമില്ല.’– മാളവിക പറയുന്നു.
‘ഷൂട്ടിങ് തിരക്കുകളിൽ നിന്ന് മാറിയാൽ പൂർണമായും കുടുംബനാഥനാണ് ജയറാം. കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കും. കുട്ടികളുടെ പഠനകാര്യങ്ങൾ തിരക്കും. പാരന്റ്സ് മീറ്റിങ്ങുകളിൽ പങ്കെടുക്കും.’– പാർവതി പറയുന്നു.
രണ്ട് വാല്യങ്ങളിലായി പുറത്തിറങ്ങുന്ന വനിത ഓണം സ്പെഷ്യൽ വായനക്കാർക്കായി കാത്തുവച്ചിരിക്കുന്നത് ഒത്തിരി വിശേഷങ്ങളാണ്.