‘ഒരു പ്രധാനപ്പെട്ട ആൾ വിളിക്കും... എല്ലാം വരുമ്പോൾ പറയാം.’
സസ്പെൻസ് നിറച്ചായിരുന്നു കേന്ദ്രീയ വിദ്യാലയ അസിസ്റ്റന്റ് കമ്മീഷണർമാരായ ദീപ്തി നായരും സന്തോഷും വിനായകിനോട് അത് പറഞ്ഞത്. കേട്ടമാത്രയിൽ ഒന്നും മനസിലാകാതെ അമ്പരന്ന് ഒരേ നിൽപ്പ്! പ്ലസ്ടു സിബിഎസ്ഇ പരീക്ഷയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർക് നേടിയതിന് നാട് മുഴുവൻ അഭിനന്ദനപ്പെരുമഴയുമായി എത്തി. എംപിമാരായ സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ് വരെ അഭിനന്ദിച്ചു. അതിനുമപ്പുറം തന്നെ വിളിക്കാനും അഭിനന്ദിക്കാനുമുള്ള ‘പ്രധാനപ്പെട്ട ആളെ’ സ്വപ്നത്തിൽ പോലും വിനായകൻ കണ്ടില്ല. ആരായിരിക്കും എന്ന് ആലോചിച്ച് ഒരുപാട് തലപുകച്ചു. കാത്തിരിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ ഇന്ത്യയിൽ ഏതൊരു വിദ്യാർത്ഥിയും കൊതിച്ചു പോകുന്ന ആ വിളിയെത്തി. ഫോണിന്റെ തലയ്ക്കൽ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘പ്രധാനപ്പെട്ട കോൾ’
സ്വപ്നം പോലെ കടന്നു പോയ നിമിഷങ്ങൾ... അളന്നു കുറിച്ചുള്ള വാക്കുകൾ, ആകാശംതൊട്ട അഭിനന്ദനങ്ങൾ... വിനായകൻ ഇപ്പോഴും ആ ഫോൺ കോളിന്റെ ഹാങ്ഓവറിലാണ്. സന്തോഷത്തിന്റെ ഏഴാം സ്വർഗത്തിൽ. സന്തോഷത്തിന്റെ കാര്യത്തിൽ ഒരായുസിന്റെ വാലിഡിറ്റിയുള്ള ആ ഫോൺ കോൾ വനിത ഓൺലൈൻ വായനക്കാർക്കായി ഓർത്തെടുക്കുമ്പോൾ വിനായകിന്റെ മനസിൽ സന്തോഷം അലയടിക്കുകയായിരുന്നു.
ഡൽഹിയിൽ നിന്നും ഒരു കോളുണ്ട്. ഒരു പ്രധാനപ്പെട്ട ആളോട് സംസാരിക്കണം എന്നു മാത്രമേ കേന്ദ്രീയ വിദ്യാലയ അസിസ്റ്റന്റ് കമ്മീഷണർമാരായ ദീപ്തി നായരും, സന്തോഷും പറഞ്ഞത്. അവർ പറഞ്ഞത് പ്രകാരം കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെത്തി. വൈകുന്നേരം 4 മണിയോടെ സ്കൂളിലെത്തുമ്പോഴും വിളിക്കുന്ന വ്യക്തിയെക്കുറിച്ച് ഒരു ചിത്രവും മനസിൽ ഇല്ലായിരുന്നു. ഉടൻ വിളിയെത്തും എന്ന് മാത്രം അറിയിച്ചു. ഇടയ്ക്ക് വിളിച്ച് ഹിന്ദിയാണോ ഇംഗ്ലീഷാണോ സംസാരിക്കാൻ സൗകര്യം എന്ന് ആരാഞ്ഞപ്പോൾ ഇംഗ്ലീഷാണെന്ന് മറുപടി നൽകി. ഒടുവിൽ 6.30ന് ഒരു കോൾ കൂടി വന്നു. അരമണിക്കൂറിനകം വിളിക്കുമെന്ന് അറിയിച്ചു. കാത്തിരിപ്പിനൊടുവിൽ ഫോണിന്റെ മറുതലയ്ക്കലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിചയപ്പെടുത്തിയപ്പോൾ വല്ലാതെ സർപ്രൈസായി പോയി.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ്! – വിനായകിന്റെ വാക്കുകളിൽ സന്തോഷം.
എത്ര സംസ്ഥാനങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചോദിച്ചു. കേരളത്തിലും കർണാടകയിലും പോയിട്ടുണ്ടെന്ന് മറുപടി നൽകി. കായികമേളകളിൽ പങ്കെടുക്കാറുണ്ടോ എന്ന ചോദ്യത്തിന് ബാഡ്മിന്റൺ കളിക്കാറുണ്ടെന്നും സ്കൂളിൽ പരിശീലനം ലഭിക്കാറുണ്ടെന്നുമായിരുന്നു മറുപടി. അദ്ദേഹം ഡൽഹിയിലേക്ക് ക്ഷണിച്ചത് വലിയ അംഗീകാരമായി കാണുന്നു. ഡൽഹിയിൽ ബികോം ഉപരി പഠനത്തിന് വരാൻ താത്പര്യം ഉണ്ടെന്നറിയിച്ചപ്പോൾ അദ്ദേഹം സ്വാഗതം ചെയ്തു. ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു “കഠിനമായി അധ്വാനിക്കാനും, കിട്ടുന്ന സമയം ഫലപ്രദമായി ചെലവഴിക്കാനുമാണ് കൂട്ടുകാർക്കായി ഞാൻ പങ്കിട്ട മറുപടി. ആ ഭാഗം മൻകീ ബാത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്തു
രണ്ടു മിനിറ്റായിരുന്നു അദ്ദേഹം എന്നോട് സംസാരിച്ചത്. പക്ഷേ ആ രണ്ടു മിനിറ്റിന് എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം എന്നു കൂടി അർത്ഥമുണ്ട്. സിവിൽ സർവീസ് ആണ് എന്റെ സ്വപ്നം. ആ സ്വപ്നങ്ങൾക്കുള്ള ഊർജമാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ആ വാക്കുകളും പ്രോത്സാഹനവും കരുത്താക്കി ഞാൻ മുന്നേറും– വിനായകൻ പറഞ്ഞു നിർത്തി.
നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിൽനിന്നുള്ള വിദ്യാ്ർത്ഥിയാണ് വിനായക് എം. മാലിൽ. സി.ബി.എസ്.ഇ. പ്ളസ് ടു പരീക്ഷയിൽ കൊമോഴ്സ് വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് വിനായകാണ്. 500-ൽ 493 മാർക്കാണ് വിനായകിന് ലഭിച്ചത്. മൂന്ന് വിഷയത്തിൽ മുഴുവൻ മാർക്കും ലഭിച്ചു. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലിൽ വീട്ടിൽ മനോജിന്റെയും തങ്കമ്മയുടെയും മകനാണ്. വിഷ്ണുപ്രസാദാണ് സഹോദരൻ.