തൃശൂർ അന്തിക്കാട്ടെ വെളിച്ചപ്പാട്ട് വീടിനു മുന്നിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവ്. ഉമ്മറത്തു തന്നെ വിളവിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ നെൽക്കതിർ കുല. തൊടിയില്‍ വള്ളി പടർത്തി നിൽക്കുന്ന പയറും പൂവിട്ട് സുന്ദരി വെണ്ടയും. മുറ്റത്തെ കേ രള സ്റ്റേറ്റ് കാറും കാത്തിരിക്കുന്ന ആൾക്കൂട്ടവുമില്ലെങ്കിൽ ഇതൊരു തനിനാടൻ കർഷകന്റെ വീടാണെന്നേ പറയൂ. രാവിലെ ഏഴര മണി. ജീവിതവും ദുരിതവും പരാതികളും കൈയിലെ കടലാസിൽ മുറുക്കി പിടിച്ചു നിന്നിരുന്ന ജനക്കൂട്ടത്തിനു നടുവിലേക്ക് മന്ത്രിയെത്തി. ടിഷർട്ടും കൈലി മുണ്ടും ധരിച്ച് വീട്ടുകാരനായി, അവരുടെ നാട്ടുകാരാനായി. ‘മുൻപ് രണ്ടു തവണ എംഎൽഎ ആയപ്പോഴും ഈ വീടു തന്നെയായിരുന്നു എന്റെ ഓഫിസ്. അച്ഛൻ പണിത ഈ വീട്ടിലിരുന്നാൽ നാട്ടുകാരുടെ കൂടെ, അവരിലൊരാളായതു പോലെ തോന്നും.’ കൃഷി മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞുതുടങ്ങി.
‘ഏക്കർ കണക്കിന് കൃഷി ഭൂമിയൊന്നുമില്ലെങ്കിലും ഈ 11 സെന്റ് പുരയിടത്തിൽ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാമുണ്ട്. തിരക്കുകൾക്കിടയിലും എവിടെ പോയാലും അവിടുന്നു തൈകളും വിത്തുകളും കൊണ്ടുവന്നു കൃഷിയിടം വിപുലമാക്കും. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിൽ മുന്തിരിവള്ളികൾ തളിർത്തിട്ടുമുണ്ട്. കൃഷി സ്വന്തം ഉത്തരവാദിത്തമായി ജനങ്ങൾ ഏറ്റെടുത്തു തുടങ്ങി. ഇനി വേണ്ടത് എങ്ങനെ കൃഷി ചെയ്യണമെന്ന പാഠമാണ്. അതിലേക്കുള്ള മികച്ച ചുവടുവയ്പാണ് വനിത ‘ഓണം ചാലഞ്ച്’ പോലുള്ള ആശയങ്ങൾ. വിഷരഹിത പച്ചക്കറി കൃഷിയുടെ സന്ദേശം ‘വനിത’യുടെ വായനക്കാരിലൂടെ ലോകമെങ്ങും അറിയട്ടെ.
പ്രശ്നങ്ങൾ പരിഹരിക്കുന്ന രീതി ഒരു ജനപ്രിയ നേതാവിന്റേതാണ്?
ഉന്നത പാർട്ടി നേതാക്കളുമായി ഇടപഴകാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. അതിൽ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന നേതാവാണ് സഖാവ് വി.കെ രാജൻ. അദ്ദേഹമൊരിക്കൽ പറഞ്ഞു, ‘നേതാക്കൾക്ക് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം മുറിഞ്ഞു പോകാൻ പാടില്ലെന്ന്. ഇടനിലക്കാരില്ലാതെ നേതാവുമായി സംവദിക്കാൻ ജനങ്ങൾക്കവസരമുണ്ടാകുന്നിടത്താണ് യഥാർഥ ജനനായകൻ ജനിക്കുന്നത്. പാർട്ടി സൂക്തം പോലെ ഇന്നും മനസ്സിലുണ്ട് ആ വാക്കുകൾ. സി. അച്യുതമേനോൻ, വി. വി രാഘവൻ, ഇ. ഗോപാലകൃഷ്ണ മേനോൻ, കെ. പി പ്രഭാകരൻ എന്നിവരുടെ ലളിതമായ ജീവിതവും ആത്മാർഥമായ പ്രവർത്തനവുമൊക്കെയാണ് ഇന്നും പ്രചോദനം.
കോളജ് രാഷ്ട്രീയകാലത്തെ അനുഭവങ്ങൾ കരുത്താകുന്നുണ്ടാകും?
കൃഷിക്കു മാത്രമല്ല വിപ്ലവത്തിനും നല്ല വളക്കൂറുള്ള മണ്ണാണല്ലോ അന്തിക്കാട്. അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതൽ സമരത്തിന്റെ വീര്യവും ചുവപ്പും അറിഞ്ഞാണു വളർന്നത്. അച്ഛൻ സുബ്രമണ്യവും അച്ചാച്ചൻ വി.കെ ശങ്കരൻകുട്ടിയുമൊക്കെ മരിക്കും വരെ പാർട്ടിയുടെയും യൂണിയന്റെയും പ്രവർത്തകരായിരുന്നു. കൊലമുറി സമരത്തിന്റെ പേരിൽ ഒരിക്കൽ അച്ചാച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്നൊക്കെ പൊലീസ് കസ്റ്റഡിയിലാവരെ ഇടിച്ചു കൊല്ലുന്ന പതിവുണ്ട്. അതുപോലെ അച്ചാച്ചനും തിരിച്ചുവരില്ലെന്ന ദുഃഖത്തിൽ അച്ചാച്ചന്റെ അമ്മ ആത്മഹത്യ ചെയ്തു. അച്ചാച്ചന്റെ കൈ പിടിച്ചാണ് മേയ് ദിന റാലിക്ക് ആദ്യമായി പോയത്. പിന്നീട് ബാലവേദിയിലും എഐഎഎസ്എഫിലുമായി പ്രവർത്തനം തുടർന്നു. നാട്ടിക എസ്.എൻ കോളജിലും തൃശൂർ ശ്രീ കേരള വർമ കോളജിലും തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളജിലുമാണ് പഠിച്ചത്.
ഡിഗ്രി സമയത്താണ് സ്വാശ്രയ കോളജിനെതിരെയുള്ള പ്രക്ഷോഭം. ഞാനും കെ.എൻ ബാലഗോപാലുമടക്കമുള്ള വിദ്യാർഥി നേതാക്കൾ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കുന്നു. നിരാഹാരം 14 ദിവസം വരെ നീണ്ടു. 69 കിലോയായിരുന്ന ഞാൻ 50 ആയി. അടുത്ത വർഷം വീണ്ടും നിരാഹാരസമരം വേണ്ടി വന്നു. 11ാം ദിവസം സമരപ്പന്തലിൽ കയറി പൊലീ സ് മർദിച്ചു. ലാത്തി ചാർജിൽ തല പൊട്ടി. മാസങ്ങളോളം ചികിത്സയിലായിരുന്നു.
പിന്നെ, 2005 ൽ. നിയമസഭ മാർച്ചിനിടെയിലാണ് ഇലക്ട്രിക് ലാത്തി കൊണ്ട് പുറത്ത് അടി വീഴുന്നത്. അങ്ങനെ സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക് ലാത്തി കൊണ്ട് അടി കിട്ടിയ നേതാവെന്ന ഖ്യാതിയും എനിക്കു കിട്ടി. അടിച്ച ഭാഗം പൊള്ളി പഴുത്തെങ്കിലും ആശുപത്രിയിൽ നിന്ന് അന്നു തന്നെ ജയിലേ ക്കു മാറ്റി. പിന്നെ, 21 ദിവസം പൂജപ്പുര ജയിലിൽ കിടന്നു. 11 തവണ പൊലീസിന്റെ കടുത്ത മർദനം ഏറ്റിട്ടുണ്ട്. ഇതൊന്നും കാര്യമാക്കാറില്ല. രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണതെല്ലാം.

നിയമത്തിൽ നിന്ന് വിഷയം കൃഷിയായപ്പോൾ?
തൊടിയിലൂടെ നടന്ന് അന്നന്നത്തേക്കു വേണ്ട കോവയ്ക്കയും കാച്ചിലുമൊക്കെ പറിച്ചു വരുന്ന അമ്മയായിരുന്നു രാവിലത്തെ പതിവ് കാഴ്ച. വിളവെടുപ്പിന്റെ സന്തോഷം മാത്രമല്ല. വിള നഷ്ടപ്പെട്ടവന്റെ കണ്ണീരും അറിയാൻ കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി കൃഷിയില്ലാതിരുന്ന മെത്രാൻ കായലിൽ കൃഷിയിറക്കാൻ സർക്കാര്‍ തീരുമാനിച്ച സമയം. അതിന്റെ ഭാഗമായി അവിടം സന്ദർശിക്കാനെത്തിയ ദിവസം ഞാൻ മറക്കില്ല. കായലിലൂടെ ഞാൻ സഞ്ചരിച്ച ബോട്ടിനു പിറകെ തന്റെ വഞ്ചി ആയത്തിൽ തുഴഞ്ഞ് ഒരാൾ വരുന്നുണ്ട്. മെലിഞ്ഞ് ഉന്തിയ കഴുത്തെല്ലുമായി ഒരു മനുഷ്യൻ. ബോട്ട് നിർത്തിച്ച് അദ്ദേഹത്തോട് വഞ്ചിയടുപ്പിക്കാൻ പറഞ്ഞു. അരികിലെത്തി കയ്യിൽ മുറുക്കി പിടിച്ച് നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു
‘മോനെ എനിക്ക് 92 വയസ്സായി. ചോര നീരാക്കി സമ്പാദിച്ച അഞ്ചേക്കർ നിലത്ത് കഴിഞ്ഞ 10 കൊല്ലമായി കൃഷി ചെയ്യാൻ പറ്റിയിട്ടില്ല. മരിക്കും മുൻപ് ഒരു തവണയെങ്കിലും എനിക്കിവിടെ കൃഷി ചെയ്യാൻ കഴിയുമോ?’. ആ കൊല്ലം കരുണാകരൻചേട്ടൻ അവിടെ കൃഷിയിറക്കി. അടുത്ത കൊല്ലം ഞങ്ങളൊന്നിച്ച് 100 മേനി കൊയ്യുകയും ചെയ്തു. ഞങ്ങൾ ഭരണത്തിലെത്തുമ്പോൾ നെഗറ്റിവ് നാലിനു താഴെ നിന്ന കേരള കാർഷിക മേഖല വളർച്ച ഇപ്പോൾ പൊസിറ്റീവ് രണ്ടിലധികമായി എത്തി. 2,20000 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. കേരളത്തിൽ 20 ലക്ഷം ടൺ പച്ചക്കറി ഉൽപാദനം വേണ്ട സ്ഥാനത്ത്, മുൻപ് വെറും ആറു ലക്ഷം ടൺ ആയിരുന്നു. എന്നാലിപ്പോൾ 9.8 ലക്ഷം ടൺ പച്ചക്കറിയിലെത്തി ആഭ്യന്തര ഉൽപാദനം.
ചക്കയെ ഔദ്യോഗികഫലമായി മാറ്റാനായതിലും അതിയായ സന്തോഷമുണ്ട്. കേരളത്തിൽ 32 കോടി ചക്കയാണുണ്ടാകുന്നത്. വിഷരഹിതമായ ഈ ഫലത്തിന്റെ മൂല്യ വർധിത സാധ്യതകൾ വളരെയധികമാണ്. കൃഷി സ്കൂൾ സിലബസിന്റെ ഭാഗമാക്കാനുള്ള ചർച്ച നടക്കുന്നുണ്ട്. അങ്ങനെയായാൽ പത്ത് വർഷത്തിനുള്ളിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം കാർഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കും. കൃഷിയും രാഷ്ട്രീയവും ചൂടു പിടിച്ചു ചർച്ച ചെയ്യുന്നിടത്തേക്ക് മന്ത്രിയുടെ ഭാര്യ രേഖയെത്തി. ‘മകൻ നിരഞ്ജൻ എ.ഐ.എസ്.എഫ് സമ്മേളത്തിനു പോയിരിക്കുകയാണ്. അ തുകൊണ്ട് തൽക്കാലം ഞങ്ങളേയുള്ളൂ’. രേഖ പറഞ്ഞു.
ഒരേ പ്രഫഷനിൽ നിന്നാണല്ലോ പങ്കാളി. പ്രണയവിവാഹമായിരുന്നോ?
വിവാഹം കഴിക്കുന്ന സമയത്ത് ഞാൻ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയാണ്. വക്കീൽ പ്രാക്ടീസുമുണ്ടായിരുന്നു. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച കല്യാണമാണ്. പെണ്ണു കാണാൻ ചെന്നപ്പോഴേ ഞാൻ പറഞ്ഞു, എംഎൽഎയോ മന്ത്രിയോ ആകുമെന്നു കരുതി ഈ കല്യാണത്തിനു സമ്മതിക്കരുത് എന്ന്. പക്ഷേ, എംഎൽഎ ആകുമെന്ന പ്രതീക്ഷ അവൾക്കുണ്ടായിരുന്നെന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്. അന്തിക്കാടിനടുത്തുള്ള ചാഴൂരാണ് രേഖയുടെ നാട്. അതുകൊണ്ട് പാർട്ടി പ്രവർത്തനമെങ്ങനെയെന്ന് അവൾക്കറിയാം. വക്കീലാണെങ്കിലും ഇപ്പോൾ വീട്ടുഭരണമാണ് രേഖ പ്രാക്ടീസ് ചെയ്യുന്നത്. മുൻപ് കൺസ്യൂമർ കോർട്ടിൽ അംഗമായിരുന്നു.
മകനും അച്ഛന്റെ വഴിയേ ആണല്ലോ?
ഞാനിടയ്ക്ക് തമാശയായി പറയും ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ ശ്രീനിവാസനെ പോലെയാണല്ലോ നീയിപ്പോ എന്ന്. മുൻപ് പാർട്ടി പ്രവർത്തനത്തോട് ഇത്ര താൽപര്യമുണ്ടെന്ന് കരുതിയിരുന്നില്ല. പ്ലസ്ടു വിദ്യാർഥിയായ മകൻ ഇപ്പോൾ സജീവമായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കലാപരമായും ഇഷ്ടങ്ങളുമുണ്ട് നിരഞ്ജന്. മോണോആക്ട് സംസ്ഥാനതല ജേതാവാണ്. ‘ഉത്സാഹകമ്മറ്റി’ എന്ന സിനിമയിൽ ചെറിയൊരു വേഷവും ചെയ്തു.
ജൈവ കാർഷിക നാടായി കേരളം മാറിത്തുടങ്ങി
കേരളത്തിലെ 96 ശതമാനം പച്ചക്കറികളും വിഷവിമുക്തമാണെന്നുള്ള റിപ്പോർട്ട് ഈയിടെ പുറത്തു വന്നിരുന്നു. കർഷകർ വ്യാപകമായി ജൈവ കൃഷി രീതിയിലേക്ക് മാറുന്നു.
വിദ്യാർഥി ജീവിതത്തിൽ ഞാനും മറ്റു പ്രവർത്തകരും പാർട്ടി ഓഫിസിൽ താമസമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നത്തെ പ്രധാന കുക്ക് ഞാനാണ്. എന്നും ക ഞ്ഞിക്കൊപ്പം തോരനോ പയറു മെഴുക്കുവരട്ടിയോ കൂട്ടാനായി കാണും. 30 ആളുകൾക്കു വരെ ഭക്ഷണം ഒരുക്കിയിട്ടുണ്ട്.
ഇന്നു വീട്ടിലെത്തിയാൽ നാടൻ വിഭവങ്ങൾ രുചിക്കാനാണിഷ്ടം. മോരു കാച്ചിയതും ചീരത്തോരനും ചെറുമീനുകൾ വറുത്തതുമാണ് പ്രയ വിഭവങ്ങൾ. വീട്ടിൽ പാചകമൊന്നുമില്ല കേട്ടോ. എന്റേത് കൂട്ടുകുടുംബമാണ്. അതുകൊണ്ട് അടുക്കളയിൽ സജീവമായി എപ്പോഴും ആളുണ്ടാകും. അമ്മ പ്രേമാവതിയും ചേട്ടന്റെയും അനിയന്റെയും കുടുംബവും ഞങ്ങൾക്കൊപ്പമാണ്.