Wednesday 03 October 2018 04:58 PM IST

‘തുടക്കം മാംഗല്യം... തന്തുനാനേനാ...’; കല്യാണമൊക്കെ വേറെ ലെവലായി

Rakhy Raz

Sub Editor

1-Touch-aesthetics-BIJ01331

ഓരോ കല്യാണക്കാലവും രസകരമായ പല പുതു മകളുമായാണ് കടന്നു വരുന്നത്. ഇതുവരെ നടന്ന കല്യാണങ്ങളിൽ നിന്നു വ്യത്യസ്തത വേ ണം എന്ന് വരനും വധുവും ആഗ്രഹിക്കുമ്പോൾ സ്വപ്നങ്ങ ൾക്കൊപ്പം പുത്തൻ ട്രെൻഡുകളും പൊട്ടിവിടരും. ആചാരങ്ങളും ചടങ്ങുകളും പലതും പഴയതു പൊലെ ഉണ്ടെങ്കിലും ക ല്യാണദിവസം അരങ്ങു വാഴുന്നത് ‘വെറൈറ്റി’ ആക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള യൂത്തിന്റെ ആഘോഷങ്ങളാണ്. പുത്തൻ ട്രെൻഡുകളുടെ എനർജിയിൽ ആകെ കളറായി മാറിയിരിക്കുകയാണ് കല്യാണം.

BIJ00772

കല്യാണം വേണ്ട തിരുമണം പോതും

കുറേ നാളായില്ലേ എല്ലാവരും കേരള ട്രഡീഷനിൽ കല്യാണം നടത്തുന്നു. ട്രഡീഷനൽ കല്യാണങ്ങളുടെ വിഡിയോ കണ്ടു തന്നെ കിളി പോയ മട്ടായി. എന്നാൽ ആ കിളിയെ ഇങ്ങ് തിരിച്ചു കൊണ്ടു വന്നിട്ട് തന്നെ കാര്യം എന്നാണ് ന്യൂ ജൻ ബ്രൈഡ്സ് ആൻഡ് ഗ്രൂംസിന്റെ പക്ഷം. അതിനായി കേരള സ്റ്റൈൽ കല്യാണം മാറ്റി തമിഴ് രീതിയിൽ തിരുമണം ചെയ്യാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. തമിഴ് സ്റ്റൈൽ കല്യാണങ്ങൾ ഇപ്പോൾ നാട്ടിൽ മുല്ലപ്പൂവാസന പോലെ പടരുകയാണെന്നാണ് ഇവന്റ് മാനേജ്മെന്റ് കമ്പനികൾ സാക്ഷ്യപ്പെടുത്തുന്നത്.

കല്യാണം മൊത്തമായി അല്ലെങ്കിലും ഒരു ഭാഗമെങ്കിലും തമിഴ് സ്റ്റൈൽ ആക്കുന്നവരും കുറവല്ല. മലയാള സിനിമാ സംവിധായകനും നടനുമായ ലാലിന്റെ മകൾ മോനിക്കയുടെ വിവാഹത്തലേന്നത്തെ ആഘോഷം തനി തമിഴ് സ്റ്റൈലിലായിരുന്നു. തമിഴ് ഗ്രാമത്തിന്റെ സെറ്റപ്പിൽ ഒരുക്കിയെടുത്ത പ രിസരവും, മുണ്ടും വേഷ്ടിയുമണിഞ്ഞ് പുരുഷന്മാരും ചേലയുടുത്ത് മല്ലിപ്പൂ ചൂടി സിന്ദൂരം തൊട്ട് സ്തീകളും അണിനിരന്ന് ഡപ്പാംകുത്ത് പാട്ടിനൊപ്പം ആടിപ്പാടിയ മോനിക്കയുടെയും വരൻ അലന്റെയും സംഘത്തിന്റെയും വിവാഹത്തലേന്നത്തെ ആഘോഷങ്ങളുടെ വിഡിയോ വൈറലായിരുന്നു.

ചടങ്ങുകളെല്ലാം നടന്നെങ്കിലും മുഴുവൻ കല്യാണവും ത മിഴ് സിനിമാ തീമിൽ നടത്തിയവരാണ് തൃശൂരെ ജ്വല്ലറി ഉടമയായ അന്തോച്ചൻ റോയിയും വധു കാതറിൻ നെൽസനും. പ യ്യൻ വന്നത് വാഴച്ചെടി കെട്ടിവച്ച ഓട്ടോറിക്ഷയിൽ. റിസപ്ഷന്റെ വേദി താമരമൊട്ട് അറ്റത്തു തൂക്കിയ ബന്ദിപ്പൂ മാലയും അതിനു ചേരുന്ന സിൽവർ വർക്ക്ഡ് ഓറഞ്ച് ഡോട്ടഡ് ഫാബ്രിക്സും ചേർത്താണ് ഒരുക്കിയത്.

പയ്യനും പെണ്ണും തനി തമിഴ് വിവാഹ വേഷത്തിൽ. രണ്ടു പേരും തമിഴ് സിനിമയിലെ ഗാനരംഗങ്ങളിലേതു പോലുള്ള മാനറിസങ്ങളും കൂടി അനുകരിച്ചതോടെ കല്യാണം പൊടിപൂരമായി. വരനും വധുവും വിവാഹശേഷം വരന്റെ വീട്ടിലേക്ക് പോ യതും ഓട്ടോയിൽ.

‘‘ഉത്തരേന്ത്യൻ തീമുകളും ആവശ്യപ്പെടാറുണ്ടെങ്കിലും ത മിഴിനാണ് ഡിമാൻഡ് ഏറെ. ഫൺ എലമെന്റ്സ് ധാരാളം ഉണ്ട് എന്നതാണ് തമിഴ് തീം സെലക്റ്റ് ചെയ്യാൻ അവരെ പ്രേരിപ്പിച്ചത് എന്ന് അന്തോച്ചന്റെയും കാതറിന്റെയും ഇവന്റ് ടീം ടച്ച് എയ്സ്തെറ്റിക്സ് എംഡിയും ഇവന്റ് ഡിസൈനറുമായ ജെറി ജോൺ പറയുന്നു.

പ്രണയഗാനമായി കല്യാണക്കഥ

വിവാഹ ക്ഷണപത്രത്തോടൊപ്പം ‘സേവ് ദ് ഡേറ്റ് വിഡിയോ ’ അവതരിപ്പിക്കുന്ന ട്രെൻഡ് കുറച്ചു കാലമായി സജീവമാണ്.നാടകീയമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന രസികൻ വിഡിയോകൾ പുരോഗമിച്ച് ലവ് സോങ് തന്നെയായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇത്തരം വിഡിയോ ഷൂട്സ് തരംഗം തന്നെ ഒരുക്കിയിട്ടുള്ള തിരുവനന്തപുരത്തെ വെഡ്ഡിങ് കമ്പനിയായ സോൾ ബ്രദേഴ്സിന്റെ ഉടമയും സെലിബ്രിറ്റി ഫൊട്ടോഗ്രാഫറുമായ അരുൺ സോൾ കല്യാണക്കഥയെക്കുറിച്ച് പറയുന്നത് ഇങ്ങനെ.

‘സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കാത്തവരില്ല, പ്രണയഗാനത്തിലെ നായികയും നായകനുമായി സങ്കൽപിക്കാത്തവരുമില്ല. ജീവിതത്തിലെ പ്രണയനിമിഷത്തെ ആ രീതിയിൽ ചിത്രീകരിച്ചു കാണാനുള്ള ആഗ്രഹം എല്ലാവർക്കുമുണ്ട്. അതു മനസിലാക്കിയാണ് കല്യാണക്കഥ എന്ന വെഡ്ഡിങ് ആൽബത്തിന് തുടക്കം കുറിച്ചത്. അത് വളരെയധികം സ്വീകരിക്കപ്പെട്ടു.

2-Arun-sol

പഴയതു പോലെ ഏതെങ്കിലും സിനിമാ ഗാനം ഇട്ട് അഭിനയിക്കുന്ന പരിപാടിയല്ല കല്യാണ ആൽബം. വരനും വധുവിനും മാത്രമായി പ്രത്യേകമായി ഒരു തീം സെറ്റ് ചെയ്ത് അതിനനുസരിച്ച് ഗാനരചന നടത്തി സംഗീതം ചെയ്ത് എടുക്കുന്നു. തീമിന് അനുസരിച്ച് അഭിനയിച്ച് തകർത്തിട്ട് ഒടുവിൽ ഒരാൾ ചോദിക്കും ‘വിൽ യു മാരി മീ..?’ ഉദാഹരണത്തിന് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയുമായി കാട്ടിൽ കറങ്ങി നടക്കുമ്പോൾ പെൺകുട്ടിയുടെ വാഹനം കേടാകുന്നു. അപ്പോൾ ദാ വരുന്നു നായകൻ. ബൈക്കിനു പുറകിലിരുന്ന് ലക്ഷ്യസ്ഥാനത്തെത്തിയ ശേഷമാണ് നായകനും നായികയും അറിയുന്നത്, എന്തോ ഒന്ന് തങ്ങളെ പരസ്പരം കൊളുത്തി വലിക്കുന്നില്ലേ... എന്ന്. പിന്നെ പ്രണയം.. കല്യാണം...’

ജീവിതത്തിൽ പ്രണയിച്ചുള്ള വിവാഹമല്ലെങ്കിലും ആൽബത്തിൽ ഒന്ന് പ്രണയിക്കുന്നതിൽ എന്താണ് തെറ്റ്. അഭിനയം കഴിയുമ്പോഴേക്ക് പ്രണയവും അടുപ്പവും താനേ കടന്നു വരും. ജീവിതത്തിൽ ഒരിക്കലും കാട് കാണാത്തവരെ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറാക്കാനും, കോളജ് കാലത്ത് പോലും മരം ചുറ്റാൻ നിൽക്കാത്തവരെ മരം ചുറ്റി പ്രേമിപ്പിക്കാനും, പ്രാവുകളെ സന്ദേശ വാഹകരാക്കാനും, ചേലചുറ്റിയും പാളത്താറുടുത്തും അയ്യങ്കാര് വീട്ടഴകരാക്കാനും ഒക്കെ ആൽബം ഷൂട്ടിലൂടെ സാധിക്കും.

SM643608

ആൽബത്തിനു വേണ്ടിയുള്ള ഗാനങ്ങൾ പലപ്പോഴും രചിക്കുന്നതും സംവിധാനം ചെയ്യുന്നതും പാടുന്നതും മികച്ച ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരുമൊക്കെത്തന്നെയാണ്. കയ്യിലൊതുങ്ങുന്ന ബജറ്റിൽ ഇത്തരം ഗാനങ്ങ ൾ ചെയ്തുകൊടുക്കാൻ ഇപ്പോൾ അവരും റെഡിയാണ്. പിന്നെ, ആലോചിച്ചു നിൽക്കേണ്ട കാര്യമുണ്ടോ?

ഫൺ ഫോട്ടോസ് ആണ് താരം

കല്യാണ ഫോട്ടോയിലും വന്നു കാതലായ മാറ്റം എന്നാണ് സെലിബ്രിറ്റി–വെഡ്ഡിങ് ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്ന നിയാസ് മരിക്കാർ പറയുന്നത്. ‘പണ്ടൊക്കെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ, കല്യാണത്തിൽ പങ്കെടുത്തവർ ഇവരുടെയെല്ലാം ഒരു ഫോട്ടോയെങ്കിലും ഉണ്ടാകണം എന്ന നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ ഭംഗിയുള്ള ഫോട്ടോകൾ ഉണ്ടാകണം എന്നാണ് ആഗ്രഹം.

3-NMP-1-(61)

ഫൺ ഫിൽഡ് സ്നാപ്പുകൾ എത്രമാത്രം വ്യത്യസ്തമായി ചെയ്യാൻ കഴിയുന്നുവോ അതിനോടാണ് ചെറുപ്പക്കാർക്ക് താ ൽപര്യം. വസ്ത്രധാരണത്തിലും കല്യാണത്തിന്റെ രീതിയിലും വ്യത്യസ്തമായ കൺസെപ്റ്റുകൾ വരുന്നത് ഭാവനാശാലിയായ ഫൊട്ടോഗ്രഫർക്കും പുതുമ പരീക്ഷിക്കാനുള്ള അവസരം നൽകും.’

കല്യാണ വർത്തമാന പത്രം

അതെന്തോന്ന് പത്രം എന്ന് അതിശയിക്കുന്നവരുടെ കയ്യിലും താമസിയാതെ അത് ഏതു നിമിഷവും എത്താം. കല്യാണങ്ങളിലെ പുതിയ ട്രെൻഡ് ആണ് കല്യാണ വർത്തമാന പത്രങ്ങൾ. തനി പത്രത്തിന്റെ രീതിയിൽ കല്യാണത്തെക്കുറിച്ചുള്ള വിവരങ്ങൾ വാർത്താ തലക്കെട്ടുകളാക്കി മാറ്റിയ ഒന്നാന്തരം പത്രമാണ് ഇത്.

5-Arun-sol-F9112

പെണ്ണിന്റെ അച്ഛനേതാ..?, ചെറുക്കന്റെ അമ്മയാരാ..? ആ പച്ച സാരി ഉടുത്തതാണോ ചേച്ചി..? തുടങ്ങിയ സംശയങ്ങളൊക്കെ കല്യാണ മണ്‌ഡപത്തിലെ പത്രവായനയോടെ ദൂരീകരിക്കപ്പെടും.

വരന്റെയും വധുവിന്റെയും അവരുടെ വീട്ടുകാരുടേയും ഫോട്ടോയും വിവരങ്ങളും രസകരമായ താൽപര്യങ്ങളും മറ്റും വാർത്താ രൂപേണ ഈ പത്രത്തിൽ ഉണ്ടാകും. വിവാഹ വേദിയിലെത്തി കാത്തിരുന്ന് സമയം കളയേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ മടുപ്പ് തോന്നുമെന്ന പേടിയും വേണ്ട. ആ സമയം പത്രത്തിലെ രസകരമായി വാർത്തകൾ വായിച്ചു രസിക്കാം.

വെറൈറ്റി വരവേൽപ്

പെണ്ണിനെയും ചെറുക്കനെയും വരവേറ്റു കൊണ്ടു വരുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത നൃത്തച്ചുവടുകളുടെ അകമ്പടിയോടെ ആയാലോ..! വെറൈറ്റി ആയിരിക്കില്ലേ.. അതാണ് കല്യാണ മേളങ്ങളിലെ മറ്റൊരു ട്രെൻഡ്.

വരനെയും വധുവിനെയും വരവേറ്റു കൊണ്ടു വരുമ്പോൾ മാത്രമല്ല, പ്രധാന ചടങ്ങ് കഴിഞ്ഞാൽ അതിഥികളെ രസിപ്പിക്കാനും ഇത്തരം നർത്തകരുണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തരൂപങ്ങളോ വിദേശ നൃത്തരൂപങ്ങളോ ഒക്കെയായിരിക്കും അവതരിപ്പിക്കുക.

beach

ഇവയുടെ ചുമതല പൂർണമായും ഇവന്റ് മാനേജർമാരുടെ കൈകളിലാണ്. വിദേശത്തു നിന്നുള്ള നൃത്ത സംഘത്തെ കൊണ്ടു വരുന്ന പ്രയാസമൊന്നും വീട്ടുകാർ അറിയേണ്ടതില്ല.

വിവാഹാഘോഷം വ്യത്യസ്തമാക്കാൻ വൻ റിസർച്ച് ത ന്നെ ഇവന്റ് മാനേജ്മെന്റ് ടീമുകൾ നടത്തുന്നുണ്ട് എന്നതാണ് സത്യം. കാരണം, വിവാഹത്തിനു മാസങ്ങൾ മുൻപ് തന്നെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് ടീമുകളുടെ സൈറ്റുകളും ഫെയ്സ് ബുക്കും അരിച്ചു പെറുക്കിയിട്ടാണ് പലതും തന്റെ വിവാഹത്തിന്റെ ഇവന്റ് ആര് ചെയ്യണം എന്നു തീരുമാനിക്കുന്നത്.

ചിതറട്ടെ, പൂത്തിരി വെളിച്ചം

പൂത്തിരി കത്തിക്കുന്നതൊക്കെ കൊള്ളാം, അപകടം ഒന്നും വരുത്തി വയ്ക്കല്ലേ എന്ന് പറയുന്ന അപ്പൂപ്പന്മാരോടും അമ്മൂമ്മമാരോടും ധൈര്യമായി പറയാം. ഇത് സംഗതി കൂൾ ആണ്. പൊട്ടിച്ചിതറുന്ന കാഴ്ച കൊണ്ടു മാത്രം മനസിൽ ആനന്ദത്തിന്റെ അലകളുയർത്താൻ പൂത്തിരികൾക്ക് കഴിയുമെങ്കിൽ, അത് ചൂടും പുകയും ഉയർത്തുന്നില്ലെങ്കിൽ പിന്നെ കല്യാണാഘോഷങ്ങൾക്ക് എന്തിനത് വേണ്ടെന്ന് വയ്ക്കണം.

7-NMP-1-(9)_7bb

പൈറോടെക്നിക്സ് എന്ന് വിളിക്കുന്ന രീതിയിലൂടെ ഉ ണ്ടാക്കുന്ന ചൂടും പുകയും കുറഞ്ഞ കൂൾ ഫയർ വർക്സ് സാധാരണ താരനിശകളിലെ കലാപരിപാടികൾക്കിടയിലും മറ്റുമാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ വിവാഹങ്ങളിലും ട്രെൻഡായി മാറി. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവ പ്രവർത്തിപ്പിക്കുന്നത്. അതിനാൽ തന്നെ അവയുടെ ദൂരം നിശ്ചയിക്കാനാകും. കത്തിക്കഴിഞ്ഞ ശേഷമുള്ള അവശിഷ്ടങ്ങളുമില്ല. പരിശീലനം ലഭിച്ച പൈറോ ടെക്നീഷ്യന്മാരുടെ സഹായത്തോടെ വേണം ഇവ ഉപയോഗിക്കാൻ.

ശങ്കർ മഹാദേവനുണ്ടോ..?

ശങ്കർ മഹാദേവനെ കിട്ടുമോ..? അല്ലെങ്കിൽ ശിവമണി, അ ദ്നൻ സാമിയെ എങ്കിലും കിട്ടിയേ പറ്റൂ.. എന്ന വിധത്തിലാണ് ഇപ്പോൾ വിവാഹ സൽക്കാരങ്ങൾ മുന്നേറുന്നത്. സംഗീത പരിപാടികൾ പണ്ട് സംഗീത പ്രേമികളുടെ വിവാഹാഘോഷങ്ങളുടെ ഹൈലൈറ്റ് ഐറ്റം ആയിരുന്നെങ്കിൽ ഇന്ന് സാധാരണ വിവാഹങ്ങളിൽ പോലും സംഗീത വിരുന്നുകൾ കാണാം. ഗായകരുടെ താരമൂല്യത്തിൽ മാത്രമേ വ്യത്യാസമുള്ളൂ. വിവാഹ ദിനത്തിൽ വോക്കലിനെക്കാൾ ഉപകരണ സംഗീതത്തോടാണ് മിക്കവർക്കും താൽപര്യം.

ബിഗ് ബജറ്റ് വിവാഹ ആഘോഷങ്ങളിൽ സംഗീത പരിപാടികൾക്കായി സെലിബ്രിറ്റി സംഗീതജ്ഞരെ കൊണ്ടു വരികയാണ് ട്രെൻഡ്. സംഗീതത്തിനൊപ്പം വിവാഹവേദിക്ക് താരപ്രഭയേകാനും ഈ വിഐപി സാന്നിധ്യത്തിനു കഴിയുമല്ലോ.. വന്‍തുക പ്രതിഫലമായി കൈപ്പറ്റിയാണ് അരമണിക്കൂര്‍, ഒരുമണിക്കൂര്‍ സെഷനുകളില്‍ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്നത്. താരഭാരങ്ങളില്ലാതെ വിവാഹ വേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ഇന്ന് താരങ്ങളും റെഡിയാണ്. ആഘോഷങ്ങൾക്കു നടുവിൽ സൂപ്പർ ഹീറോയും ഹിറോയിനുമായി തിളങ്ങി നിൽക്കും നമ്മുടെ ചെക്കനും പെണ്ണും.

ഹൽദിയും സംഗീതും

പെൺകുട്ടിയെ മഞ്ഞൾ അണിയിക്കുന്നത് തമിഴ് വിവാഹങ്ങളിലെ ആഘോഷമായ ചടങ്ങാണ്. സംഗീത് എന്ന ഗാന–നൃത്ത രാവുകൾ ഉത്തരേന്ത്യൻ കല്യാണങ്ങളുടെ പ്രത്യേകതയാണ്. ഈ രസകരമായ ആചാരങ്ങൾ എന്തിന് നമ്മൾ വേണ്ടെന്ന് വയ്ക്കണം എന്നാണ് പുതു തലമുറയിലെ വധൂവരന്മാരുടെയും അവരുടെ വീട്ടുകാരുടെയും മനോഭാവം.

4-WEVA-ghf

വീട്ടുകാരും കൂട്ടുകാരുമായി ഒത്തുകൂടാനും ആനന്ദിക്കാനും കൂടുതൽ അടുക്കാനും സ്നേഹിക്കാനും അവസരം നൽകുന്ന ഇത്തരം ആചാരങ്ങളെ മടിയില്ലാതെ കൂട്ടിക്കൊണ്ടു വന്നിരിക്കുകയാണ് പുതിയ വിവാഹങ്ങൾ. മാത്രമല്ല, ഓർത്തിരിക്കാൻ നിറമുള്ള ഫോട്ടോകൾ എടുക്കാനുള്ള അവസരവുമാണിതൊക്കെ.

വിവാഹാഘോഷങ്ങളെ ഇരട്ടിയാക്കുന്ന ഇത്തരം ചടങ്ങുകൾക്കായി സമയവും പണവും മാറ്റി വയ്ക്കാൻ ഇന്ന് സാധാരണക്കാർ വരെ തയാറാകുന്നു. കാരണം രണ്ട് പേർ ജീവിതത്തിൽ ഒന്നിക്കുന്ന ചടങ്ങ് ഇത്രമേൽ ആർഭാടമാക്കുന്നത് ഓർമയിൽ സൂക്ഷിക്കാനുള്ള സന്തോഷത്തിന് വേണ്ടിയല്ലേ എന്നാണ് അവരുടെ ചോദ്യം.

ഫോട്ടോ ബൂത്ത് ഫാഷനാണേ...

അതിഥികൾക്കും വധൂവരന്മാർക്കും രസകരമായി ഫോട്ടോ എടുക്കാൻ വിവാഹ വേദിയുടെ ഒരു ഭാഗത്ത് ഫോട്ടോ ബൂത്ത് സെറ്റ് ചെയ്യുന്ന പതിവ് ഇപ്പോൾ വ്യാപകമാകുകയാണ്. ആകർഷകമായ രീതിയിൽ ഫോട്ടോ എടുക്കത്തക്കവണ്ണം ഫോട്ടോ ബൂത്ത് ഒരുക്കിയിട്ടുണ്ടാകും. ചിലർ പല നിറങ്ങളിലുള്ള വിഗ് തയ്യാറാക്കും. അവ തലയിൽ വച്ച് ഫോട്ടോ എടുക്കാം.

8-NMP-2c

പൂക്കൾ കൊണ്ടു തയാറാക്കിയ ഫ്രെയിമുകൾ തൂക്കിയിട്ട് അതിനു പിന്നിൽ നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യമായിരിക്കും ചിലപ്പോൾ ഒരുക്കിയിട്ടുണ്ടാകുക. വ്യത്യസ്ത ആകൃതികളിലുള്ള കണ്ണടകളും പ്രോപ്പർട്ടികളും ഫോ ട്ടോ ബൂത്തുകളിൽ തയാറാക്കി വിവാഹത്തിനെത്തുന്നവരെയും ബന്ധുക്കളെയും രസിപ്പിക്കുകയാണ് ഫോട്ടോ ബൂത്തുകളുടെ ലക്ഷ്യം.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് :

ടച്ച് എയ്സ്തെറ്റിക്സ് ഇവന്റ്സ്, കൊച്ചി

സിനാരിയോ വെഡ്ഡിങ് പ്ലാനർ, കൊച്ചി

നിയാസ് മരിക്കാർ ഫൊട്ടോഗ്രഫി, കൊച്ചി

സോൾ ബ്രദേഴ്സ് ഫൊട്ടോഗ്രഫി,

തിരുവനന്തപുരം

വേവ ഫൊട്ടോഗ്രഫി, കൊച്ചി

ഗ്രീൻ മീഡിയ, കൊച്ചി.