Friday 10 January 2020 07:16 PM IST

ആദ്യം സദാചാരം വിളമ്പി, പിന്നാലെ കല്യാണപ്പെണ്ണിന്റെ പ്രൊഫൈൽ തപ്പിപ്പോയി; വൈറൽ സേവ് ദ ഡേറ്റുകൾക്ക് സംഭവിച്ചത്

Rakhy Raz

Sub Editor

sd-special

പാട്ടായാലും പടമായാലും കഥയായാലും കദനമായാലും വൈറൽ ആയില്ലെങ്കിൽ പിന്നെന്തിന് കൊള്ളാം എന്ന് ചിന്തിക്കുന്ന പിള്ളേരാണ് ചുറ്റിലും. അതിനിടയിലേക്കാണ് മേനിവടിവ് മുഴുവൻ പുറത്തു കാട്ടുന്ന ഉടുപ്പുമിട്ട് ചില സേവ് ദ് ഡേറ്റ് ചിത്രങ്ങൾ കയറി വന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകാൻ പിന്നെ, താമസമുണ്ടായില്ല. കിടപ്പറയിൽ കെട്ടിമറിഞ്ഞും കടലിൽ നനഞ്ഞൊട്ടിയും മടിയിലിരുന്നും ചുംബനത്താൽ തീപിടിപ്പിച്ചും ഫോട്ടോകൾ പടപടാന്ന് വന്നു തുടങ്ങിയതോടെ മറുഭാഗം ഇളകി. ‘പിടിച്ച് ജയിലിലിടണം’ എന്നുവരെ പറഞ്ഞ് ചിലർ കത്തിക്കയറി.

sd-1

ഇതൊക്കെ ഞങ്ങളുടെ സ്വാതന്ത്ര്യം, വെറുതെ സദാചാര പൊലീസ് കളി വേണ്ടന്ന് മറുകൂട്ടർ. അനാവശ്യ പതിവുകളുടെ തുടക്കമാകും ഇത് എന്ന് താക്കീതു നൽകിയവരോട് ‘നിങ്ങളുടെ അനാവശ്യം, അവർക്കു ചിലപ്പോൾ ആവശ്യമായിരിക്കും’ എന്ന ജഗതി ഡയലോഗുമായാണ് പുതിയ ട്രെൻഡിനെ പിന്തുണയ്ക്കുന്നവർ നേരിട്ടത്.

അരീക്കൽ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പുണെക്കാരായ റാമും നവവധു ഗൗരിയും തങ്ങളുടെ സേവ് ദ് ഡേറ്റ് ഫോട്ടോയ്ക്കായി പോസ് ചെയ്തത്. ഗൗരി അണിഞ്ഞ ശരീരത്തോട് ഒട്ടിനിൽക്കുന്ന നേർത്ത സ്ട്രച്ച് ഗൗണും വിവാഹത്തിനു മുൻപ് തന്നെ തൊട്ടുരുമ്മി നിൽക്കുന്ന അവരുടെ പോസും ആണ് പലരെയും ചൊടിപ്പിച്ചത്.

റാമിന്റെയും ഗൗരിയുടേയും സേവ് ദ് ഡേറ്റ് ഫോട്ടോയ്ക്ക് ഇരുവശവുമായി ചേരി തിരിഞ്ഞ് ആളുകൾ പോര് നടത്തുന്നതിനിടെയാണ് തികച്ചും സമാധാനപരമായി, ശാന്തമായി സ്നേഹത്തോടെ നമ്മുടെ പൊലീസ് ഒരു അഭിപ്രായം പറഞ്ഞത്. ‘‘ഇതൊക്കെ ആയിക്കോളൂ.. പക്ഷേ കുട്ടികളടക്കമുള്ള സമൂഹം കാണുന്നുണ്ട് കേട്ടോ..’’അതോടെ പൊലീസിനു മേലായി അർമാദം. അല്ലെങ്കിൽ തന്നെ കിട്ടുന്ന ചാൻസിന് നാല് ചീള് വാരിയെറിയാതെ നമുക്കെന്ത് ആഘോഷം !

വെറൈറ്റിക്ക് വേണ്ടി എന്തും ചെയ്യുവോടേ..

അഭിനന്ദനവും വിമർശനവും ഒരു പോലെ ഏറ്റു വാങ്ങി ഹൗസ് ഫുൾ ആയി ഓടിയതിൽ റാം – ഗൗരി സേവ് ദ് ഡേറ്റ് ഷൂട്ട്, സിനിമാതാരം ജോൺ കൈപ്പള്ളിൽ – ഹെബ്സിബ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട്, യൂത്ത് കോൺഗ്രസ് നേതാവ് ജോസ് കെ. ചെറിയാൻ–അനിഷ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് എന്നിവയായിരുന്നു മുന്നിൽ. മലയാളിക്ക് തികച്ചും അപരിചിതമായ ബൊഡോയ്‌ർ ഷൂട്ടും കേരളത്തിൽ നടന്നു.

സോഷ്യൽ മീഡിയയിലെ പ്രശ്നങ്ങൾ കല്യാണ ഫൊട്ടോഗ്രഫർമാരെ തളർത്തി എന്നൊന്നും കരുതരുത്. രാമൻകുട്ടിമാർ അങ്ങനെ തളരാൻ വേണ്ടി ജനിച്ചവരല്ല. വെറൈറ്റിക്കുവേണ്ടി ഇങ്ങനെ എന്തും ചെയ്യുമോ എന്ന് ചോദിക്കുന്നവർ തന്നെ ഒരാഘോഷം വന്നാൽ ഞങ്ങളുടെ പേരുകൾ സെർച്ച് ചെയ്യും എന്ന ആത്മവിശ്വാസത്തിലാണ് വെഡ്ഡിങ് ഫൊട്ടോഗ്രഫി ടീമുകൾ.

‘‘റാമിന്റെയും ഗൗരിയുടെയും സേവ് ദ് ഡേറ്റ് ഷൂട്ട് അവർക്ക് വളരെ ഇഷ്ടപ്പെട്ടു. മലയാളികൾ സദാചാരക്കണ്ണു കൊണ്ടാണ് അത് കണ്ടത്. ഞങ്ങളുടെ പോസ്റ്റിനും ഇതിനെച്ചൊല്ലി വന്ന വാർത്തകൾക്കും താഴെ സദാചാരം പറഞ്ഞിട്ട് ഗൗരിയുടെ പ്രൊഫൈൽ കണ്ടുപിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയാണ് പലരും ചെയ്തത്. റാമിന്റെയും ഗൗരിയുടെയും ഷൂട്ടിനു പിന്നിലുള്ള പിന്നക്കിൾ ഇവന്റ്സ് സിഇഒ ഷാലു. എം. എ ബ്രഹാം വെളിപ്പെടുത്തി.

‘‘സഭ്യമല്ലാത്ത ഒന്നും ആ ഫോട്ടോയിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഇടാനാകില്ല, തനിയേ ഡിലീറ്റ് ആകും. ആവശ്യവുമായി സമീപിക്കുന്ന ക്ലയന്റിനെ ഇത് ചെയ്യാനാകില്ല എന്നു പറഞ്ഞ് ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിയില്ല’’ റാമിന്റെയും ഗൗരിയുടെയും ചിത്രമെടുത്ത ഫൊട്ടോഗ്രഫർ രഞ്ജിത്ത് മങ്ങാട്.

ഇഴുകിച്ചേർന്നുള്ള പോസ്റ്റ് വെഡ്ഡിങ്– ഹണിമൂൺ ഫോ ട്ടോകൾ എടുക്കുന്നത് പ്രിയപ്പെട്ട നിമിഷങ്ങൾ എന്നെന്നും സൂക്ഷിച്ചുവയ്ക്കാൻ വേണ്ടിയാണെന്ന് പറയുന്നു. എങ്കിൽ എന്തിനാണ് ഇത് സോഷ്യൽ മീഡിയയിൽ ഇടാൻ അനുവദിക്കുന്നത്. എടുക്കുന്നതിൽ തെറ്റില്ല, ലോകം മുഴുവൻ പരസ്യപ്പെടുത്തേണ്ടതുണ്ടോ എന്നു ചോദിക്കുന്നു ഗവൺമെന്റ് ഉദ്യോഗസ്ഥയായ മഞ്ജു. ഈ ആശയയുദ്ധത്തിനു നടുവിലേക്കാണ് പൊലീസിന്റെ കടന്നുവരവ്. എന്തായാലും കാക്കി കമന്റ് വന്നതോടെ ചർച്ച പുതിയ വഴിത്തിരിവിലെത്തി.

sd-3

പൊലീസുകാർക്കെന്താ, ഇവിടെ കാര്യം ?

സ്റ്റേറ്റ് പൊലീസ് മീഡിയ സെൽ സേവ് ദ് ഡേറ്റിനെ സൂചിപ്പിച്ച് പോസ്റ്റിട്ടപ്പോൾ പൊലീസ് ‘മാമൻ കേശവൻ മാമനാകരുത്’ എന്ന മട്ടിലാണ് പലരും അഭിപ്രായ പ്രകടനം നടത്തിയത്.

‘കാര്യം മനസ്സിലാക്കാതെയാണ് പൊലീസ് മീഡിയ സെന്റ ർ, സേവ് ദ് ഡേറ്റ് ആയിക്കോളൂ. കുട്ടികൾ ഉൾപ്പെടുന്ന സമൂഹം കാണുന്നുണ്ട് എന്ന് എഫ്ബി പോസ്റ്റിട്ടത്. അതുകൊണ്ടാണ് അവർക്ക് അത് പിൻവലിക്കേണ്ടി വന്നത്.’’ എന്ന് ഷാലു.

ഫൊട്ടോഗ്രാഫി പൊതുവിൽ ഇന്റർനാഷനൽ രീതികളാണ് ഇപ്പോൾ പിന്തുടരുന്നത്. പുതിയ തലമുറയ്ക്ക് അതിനെക്കുറിച്ച് അറിയാം. ഇതുമായി കാര്യമായി ബന്ധമില്ലാത്തവരാ ണ് വിമർശകർ ചമയുന്നത് എന്നാണ് ന്യൂജെൻ ചെറുപ്പക്കാരുടെ പക്ഷം.

‘‘കുറച്ച് ഓൾഡ് ജനറേഷനും ഇവിടെ ജീവിച്ചു പോകുന്നുണ്ട് കേട്ടോ. ഏതു സ്റ്റൈലായാലും പൊലീസുകാർ പറഞ്ഞതിലും ലേശം കാര്യം ഉണ്ട്. പക്ഷേ, വൈറൽ പോസ്റ്റുകളിൽ കമന്റിടാനും സദാചാരം പഠിപ്പിക്കാനും ഒന്നും ഞങ്ങളെപ്പോലുള്ളവർ പോകാറില്ല.’’ റിട്ടയേഡ് കോളജ് അധ്യാപകനായ ജോയ് ചാണ്ടി പറയുന്നു.

‘‘പയ്യനും പെൺകുട്ടിയും ഇഴുകിച്ചേർന്നുള്ള ഫൊട്ടോ സെഷൻസ് കൂടുതലും ചെയ്യുന്നത് കേരളത്തിന് പുറത്തു നിന്നുള്ളവരാണ്. മലയാളികൾ ആണെന്ന ധാരണയിലാണ് സോഷ്യൽ മീഡിയയിൽ പലരും ഇതിനെതിരേ കമന്റ് ചെയ്യുന്നത്. മറ്റു രാജ്യങ്ങളിലും ഉത്തരേന്ത്യയിലും തമിഴ്നാട്ടിലുമൊന്നും ഇത്തരം ഫോട്ടോ ഷൂട്ടുകൾ വിമർശനങ്ങൾക്കു വിധേയമാകുന്നില്ല. പക്ഷേ, മലയാളികൾക്ക് ഇതൊക്കെ വലിയ പ്രശ്നമാകുകയാണ്. ’’നടൻ ജോൺ കൈപ്പള്ളിലിന്റെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ചെയ്ത ഷാരൺ ശ്യാം പറയുന്നു.

പിറവത്തെ യൂത്ത് കോൺഗ്രസ് നേതാവും എൻജിനീയറുമായ ജോൺ.കെ. ചെറിയാനും യുകെയിൽ നഴ്സ് ആയ അനീഷയുമാണ് കട്ട ലോക്കൽ സ്റ്റൈലിൽ പാടത്തെ ചെളിയിൽ കിടന്നുരുണ്ട് വെറൈറ്റിയായി പ്രണയിച്ചു വൈറലായത്.

പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിനായാണ് ഞങ്ങൾ തെങ്കാശിക്ക് പോയത്. കാളയെ വച്ച് പാടം ഉഴുതുമറിക്കുന്നത് കണ്ടപ്പോൾ ചെളിയിൽ ഇറങ്ങി നിന്ന് എടുത്താലോ എന്ന് തോന്നി. ആശയം പറഞ്ഞപ്പോൾ അവർ രണ്ടുപേരും അനുകൂലിച്ചു. എക്കാലവും ഓർമയിൽ നിൽക്കുന്ന അനുഭവം കൂടി ആകുമല്ലോ’’ ഫൊട്ടോഗ്രഫർ ബിനു സീൻസ് ഓർത്തു.

‘‘ അത്രമേൽ മോശമാണ് പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ഫോട്ടോകൾ എന്നു തോന്നുന്നില്ല. ഓരോരുത്തരുടെയും പഴ്സനൽ കംപ്യൂട്ടറിലോ ഫോണിലോ ആണ് സോഷ്യൽ മീഡിയയുടെ ഉപയോഗം. ഇഷ്ടപ്പെട്ടില്ലെങ്കിൽ വിരൽ ചലിപ്പിച്ചാൽ നീക്കി കളയാവുന്നതേയുള്ളു.’’ എന്തായാലും കമന്റുകളാൽ കളം നിറയുമ്പോൾ ഒന്നിനും മറുപടി പറയാൻ നിൽക്കാതെ അവർ യുഎസിലേക്ക് പറന്നു കഴിഞ്ഞു.

ക്രിയേറ്റിവിറ്റി ആണ് മിസ്റ്റർ, ക്രിയേറ്റിവിറ്റി

‘‘വധൂവരന്മാർ എത്രമാത്രം വസ്ത്രം ധരിച്ചിരിക്കുന്നു എന്നതാണ് പലർക്കും വലിയ കാര്യം. സത്യത്തിൽ അൽപം എ ക്സ്പോസ്ഡ് ആയ ഫോട്ടോ ആണെങ്കിലും അതിലെ ക്രിയേറ്റിവിറ്റി തിരിച്ചറിയുകയും അംഗീകരിക്കുകയും വേണ്ടേ’’ എ ന്നു ചോദിക്കുന്നു കോക്കനട്ട് വെഡ്ഡിങ് സിനിമാസ് സിഇഒ അഖിൽ ഷാൻ.

‘‘മലേഷ്യൻ പൗരനായ തമിഴ്നാട് സ്വദേശി അനീസിന്റെയും തായ്‌ലൻഡുകാരിയായ അനീസയുടെയും പോസ്റ്റ് വെഡ്ഡിങ് ചിത്രങ്ങൾ ഇന്ത്യൻ ട്രഡീഷനൽ സ്റ്റൈലിലും, തായ്‌ലൻഡ് രീതിയിലും ഞങ്ങൾ ചെയ്തിരുന്നു. ഈ രണ്ടു രീതിയിലും വിവാഹം കവർ ചെയ്യാൻ പറ്റിയ ആരുണ്ടെന്ന് നന്നായി സെർച്ച് ചെയ്താണ് അവർ ഞങ്ങളെ കണ്ടുപിടിച്ചത്. ഇന്റർനാഷനൽ സ്റ്റൈലിൽ കേരളത്തിൽ ഫോട്ടോ ഷൂട്ട് ചെയ്തതുകൊണ്ടാണ് ഇത്തരം അവസരങ്ങൾ വരുന്നത്. അല്ലാതെ പരമ്പരാഗത ഫൊട്ടോഗ്രഫി സ്റ്റൈലിൽ പയ്യനും പെൺകുട്ടിയും മുഖത്തോട് മുഖം നോക്കി നിൽക്കുന്ന ചിത്രമൊക്കെ ഇപ്പോഴും എടുത്തുകൊണ്ടിരുന്നാൽ പുതിയ ക്ലയന്റ്സ് എങ്ങനെ വരാനാണ്? അതുപോലെ ലഭിച്ച മറ്റൊരു അവസരമാണ് ഫ്രഞ്ച് ദമ്പതികളുടെ ബുഡോയ്ർ ഷൂട്ട്. പുതിയ കാലത്തിന് അനുസരിച്ച് എല്ലാ രംഗങ്ങളിലും വരുന്ന മാറ്റം ഫൊട്ടോഗ്രഫിയിലും ഉണ്ടാകും’’

വിമർശിക്കുന്നവർ ഫൊട്ടോഗ്രഫർമാരുടെ ഇടയിൽ തന്നെയില്ലേ എന്നു ചോദിച്ചപ്പോൾ കൊച്ചിയിലെ ഓൾഡ് ജനറേഷൻ ഫൊട്ടോഗ്രഫറുടെ മറുപടി ഇങ്ങനെയായിരുന്നു ‘‘ഉള്ളതു പറഞ്ഞാൽ പുതിയ പിള്ളേർക്ക് കലിപ്പാകും. നമ്മൾ പഴഞ്ചനാകും. അതുകൊണ്ട് മനസ്സില്ലാ മനസ്സോടെയാണെങ്കിലും നാടോടുമ്പോൾ നടുവേ ഒാടുകയാണ്. വ്യക്തിപരമായി ഇത്തരം തുണിയുരിയലിനോട് യോജിപ്പില്ല. പരീക്ഷണം എന്തു തന്നെയായാലും ഫോട്ടോ എന്നാൽ ഒരു പീസ് ഓഫ് ബ്യൂട്ടി ആണ്. നമ്മൾ എടുത്ത ചിത്രങ്ങൾ കാണുന്നവർക്ക് സൗന്ദര്യമല്ല, മറിച്ച് വൾഗാരിറ്റിയാണ് തോന്നുന്നതെങ്കിൽ ഫൊട്ടോഗ്രഫർ എ ന്ന നിലയിൽ നമ്മൾ പരാജയമായി. ബ്യൂട്ടി ലൈസ് ഇൻ ദ് ഐ ഓഫ് ദ് ബിഹോൾഡർ എന്നതും സത്യമാണെങ്കിലും.’’