അമിതമായി കഴിക്കുന്നതാണ് പലപ്പോഴും അമിതവണ്ണം അഥവാ overweight നു കാരണമാകുന്നത്. വിവേകപൂർവമുള്ള ഭക്ഷണശൈലിയും ശരീരം അനങ്ങിയുള്ള വ്യായാമവും ആണ് തൂക്കം കുറയ്ക്കാനുള്ള ഏകവഴി. ഇതിന് ജീവിതശൈലി തന്നെ മാറ്റിമറിച്ച്, ദീർഘകാല അടിസ്ഥാനത്തിൽ പ്ലാനിങ് നടത്തണം. ചെറിയ അശ്രദ്ധ പറ്റിയാൽ പോലും പോയ വണ്ണം എടുത്തടിച്ചു തിരിച്ചുവരുമെന്ന് ഓർക്കുക.
ഭക്ഷണം, ശരീരഭാരം, വ്യായാമം എന്നിവ തമ്മിലുള്ള ബന്ധം മനസിലാക്കുക. അതിന് അനുസൃതമായി ശരീരത്തെയും മനസിനെയും രൂപപ്പെടുത്തുക. ഇതാണ് വണ്ണം കുറയ്ക്കുന്നതിനുള്ള ആദ്യപടി. ഊര്‍ജം കൂടിയ അഥവാ Energy dense ആയ ഭക്ഷണം കഴിക്കുന്നതു കുറയ്ക്കണം. അതായത് കൊഴുപ്പും മധുരവും കുറയ്ക്കുകയും നാരു കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യുക. കൊഴുപ്പ് അമിതമായി കഴിക്കുന്നതാണ് പ്രശ്നം എന്ന് എല്ലാവരും പറയും. പക്ഷേ, കൊഴുപ്പിനെക്കാൾ ഉപരി കാർബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണമാണ് വില്ലനാകുന്നത്. സോഫ്റ്റ് ഡ്രിങ്ക്സ്, ഫ്രൂട്ട് ഡ്രിങ്ക്സ്, ഐസ്ഡ് ടീ, വൈറ്റമിൻ ഡ്രിങ്ക്സ് തുടങ്ങിയ മധുരപാനീയങ്ങളാണ് ഇതിൽ പ്രധാനി.
ഊർജം കൂടിയ ഫാസ്റ്റ് ഫൂഡ് വിഭവങ്ങൾ വളരെയെളുപ്പത്തിൽ ലഭ്യമാണിന്ന്. ഇവയ്ക്ക് പച്ചക്കറികളെക്കാളും പഴങ്ങളെക്കാളും വിലക്കുറവും. അതുകൊണ്ടു തന്നെ ഉപയോഗവും കൂടുന്നു. അമിതവണ്ണത്തിനുള്ള മറ്റൊരു പ്രധാന കാരണം വ്യായാമം ഇല്ലാത്തതാണ്. മുതിർന്നവരായാലും കുട്ടികളായാലും ചെറിയ ദൂരം പോകാൻ പോലും വാഹനം ഉപയോഗിക്കുന്നു. നടപ്പ് തീരെയില്ലാതാകുന്നു. നടപ്പ്, സൈക്ക്ലിങ് തുടങ്ങിയവ കൂട്ടുക.
അമിതവണ്ണത്തെ ചെറുക്കാൻ ഇതാ ചില സിമ്പിൾ ടിപ്സ്
∙ വിശപ്പോടു കൂടെ ഷോപ്പിങ്ങിനു പോകരുത്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം മാത്രം ഷോപ്പിങ്ങിന് ഇറങ്ങുക.
∙ മധുരവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം വാങ്ങാൻ ശ്രദ്ധിക്കുക.
∙ ഭക്ഷണം കണ്ടാൽ കഴിക്കാൻ തോന്നുക സ്വാഭാവികം. ഭക്ഷണസാധനങ്ങൾ കാണാൻ പറ്റാത്ത വിധം അലമാരയുടെ ഉള്ളിലോ മറ്റോ സൂക്ഷിക്കുക.
∙ പുറത്തു പോകുമ്പോൾ വീട്ടിൽ നിന്നു ഭക്ഷണം കരുതുക. പുറത്തു നിന്നു ഭക്ഷണം കഴിക്കില്ലെന്നു ദൃഢപ്രതിജ്ഞ എടുക്കുക.
∙ വീട്ടിൽ കൃത്യമായി ഒരു സ്ഥലത്തു തന്നെ ഇരുന്നു ഭക്ഷണം കഴിക്കുക. ഉദാഹരണത്തിന് ഊണുമുറിയിൽ അല്ലാതെ മറ്റു മുറികളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ പാടില്ലെന്നു കർശനമായി നിർദേശിക്കുക. അതു പാലിക്കുക.
∙ ഭക്ഷണം കഴിക്കാൻ െചറിയ പ്ലേറ്റും ചെറിയ ബൗളും മറ്റും ഉപയോഗിക്കുക. എടുക്കുന്നതിന്റെ അളവു താനേ കുറയും. രണ്ടാമത് വിളമ്പിയെടുക്കില്ലെന്നും സ്വയം തീരുമാനിക്കുക.
∙ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ എഴുന്നേൽക്കുക. ഊണുമേശയിലിരുന്നു സൊ റ പറയുന്തോറും കൂടുതൽ കോരിയിട്ടു കഴിക്കാനുള്ള പ്രലോഭനം ഉണ്ടാകും.
∙ പാർട്ടികൾക്കും കല്യാണങ്ങൾക്കും മറ്റും പോകാൻ ഇറങ്ങും മുൻപ് വീട്ടിൽ നിന്ന് എന്തെങ്കിലും സ്നാക്ക് അല്ലെങ്കിൽ സാലഡ് കഴിക്കുക.
∙ എല്ലാ നേരവും കൃത്യസമയത്തു തന്നെ ഭക്ഷണം കഴിക്കണം. ഒരു നേരം കഴിക്കാതിരുന്നാൽ വിശപ്പു കൂടും. തന്മൂലം അടുത്ത നേരം കൂടുതൽ കഴിക്കുകയും െചയ്യും.
∙ ബോറടി ഒഴിവാക്കാൻ ശ്രമിക്കുക. ബോറടിക്കുമ്പോൾ വെറുതെ കൊറിക്കാൻ തോന്നും.
∙ ഭക്ഷണം പതുക്കെ, ചവച്ചരച്ചു കഴിക്കുക. ഏകദേശം 15–20 മിനിറ്റ് കൊണ്ടു മാത്രമേ വയറു നിറഞ്ഞൂ എന്ന മെസ്സേജ് തലച്ചോറിനു ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ടിവി കണ്ടു കൊണ്ടും പുസ്തകം വായിച്ചു കൊണ്ടും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
∙ സമാനരായ ആളുകളെ സംഘടിപ്പിച്ച്, ഒരുമിച്ചു കൂടി വ്യായാമം ചെയ്യുക.
എല്ലാ കാര്യങ്ങളും കൂടി ഒരുമിച്ചു തുടങ്ങാതെ ഓരോന്നായി തുടങ്ങി ശീലമാക്കുക.