Wednesday 05 August 2020 02:49 PM IST

തനിനാടൻ മുതൽ അറബ് വിഭവങ്ങൾ വരെ അണിനിരക്കുന്ന വാട്സ്ആപ് ഗ്രൂപ്പിലെ രുചിലോകം ; വരുമാനത്തിനൊപ്പം പങ്ക് വയ്ക്കലിന്റെ സന്തോഷവും സ്വന്തമാക്കി സ്ത്രീകളുടെ കൂട്ടായ്മ

Chaithra Lakshmi

Sub Editor

woman

വോഫിൾസ്, ബ്രെഡ് പോക്കറ്റ് ഷവർമ, ചിക്കൻ കറാച്ചി, അറേബ്യൻ മന്തി, നട്ടി ബബിൾ േകക്ക്, തനി നാടൻ അവിയൽ... ഇത് ഏതോ സ്റ്റാർ ഹോട്ടലിലെ മെനുവല്ല. ഒരു സംഘം സ്ത്രീകളുടെ കൈപ്പുണ്യത്തിലൊരുക്കുന്ന വിഭവങ്ങളാണ്. സൂപ്പ് മുതൽ ഡിസ്സേർട്ട് വരെ... തനിനാടൻ വിഭവം മുതൽ അറബ് വിഭവങ്ങൾ വരെ.. ദിവസം മുഴുവൻ ‘സിൽവർ ലിൻഡൻ ഫൂഡ് ഫെസ്റ്റ്’ എന്ന വാട്സ് ആപ് ഗ്രൂപ്പിൽ നിറയുന്ന വിഭവങ്ങളുടെ എണ്ണമെടുത്താൽ തീരില്ല. കോഴിക്കോട് മീഞ്ചന്ത മലബാർ സിൽവർ ലിൻഡൻ ഫ്ലാറ്റിലെ താമസക്കാരായ സ്ത്രീകളാണ് ഈ വാട്സ്ആപ് ഗ്രൂപ്പിൽ രുചി വിഭവങ്ങളൊരുക്കുന്നത്. ഫ്ലാറ്റിലെ വീട്ടുകാർ അംഗങ്ങളായ വാട്സ് ആപ് ഗ്രൂപ്പിൽ ഏത് വിഭവവും നിമിഷ നേരം കൊണ്ട് വിറ്റു േപാകും.

കൂട്ടായ്മയിലെ അംഗങ്ങൾ വീട്ടിൽ പാകം ചെയ്യുന്ന രുചിയേറിയ വിഭവങ്ങൾ അൽപം കൂടുതൽ തയാറാക്കും. ഈ വിഭവങ്ങളുടെ ചിത്രവും വിവരങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പിൽ േപാസ്റ്റ് ചെയ്യും. ആവശ്യക്കാർക്ക് ചെറിയ തുക നൽകി വിഭവങ്ങൾ വാങ്ങാം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നാലുമണി പലഹാരവും ഡിന്നറുമെല്ലാം വിഭവസമൃദ്ധമാക്കാൻ കയ്യകലത്ത് തന്നെ ഭക്ഷണമൊരുങ്ങുന്നു എന്ന സന്തോഷത്തിലാണ് ഗ്രൂപ്പിലെ അംഗങ്ങൾ. കലർപ്പില്ലാതെ തയാറാക്കുന്ന രുചികരമായ ഭക്ഷണം ലഭിക്കാൻ തുടങ്ങിയതോടെ ഫ്ലാറ്റിലേക്ക് ഫൂഡ് ഡെലിവറി ആപ്പ് വഴി ഭക്ഷണമെത്തുന്നതും കുറഞ്ഞു.

േലാക്ഡൗൺ തുടങ്ങിയ സമയത്താണ് സിൽവർ ലിൻഡൻ ഓണേഴ്സ് അസോസിയേഷൻ കമ്മിറ്റിയിൽ വീട്ടിൽ പാകം ചെയ്യുന്ന ലഘുഭക്ഷണങ്ങളുമായി ഫ്ലാറ്റിലെ താമസക്കാർക്ക് വേണ്ടി മാത്രമായി ഭക്ഷ്യമേള നടത്താം എന്ന ആശയമുദിച്ചത്. ഒരു ഞായറാഴ്ച റൂഫ് ടോപ്പിൽ സാമൂഹിക അകലം പാലിച്ച് കൊണ്ട് ഫൂഡ് ഫെസ്റ്റ് നടത്തി. ‘ഈ ഭൂമി മലയാളത്തിൽ ഇത്രയും നാലുമണി പലഹാരങ്ങളോ’ എന്ന് ഭക്ഷ്യമേള സംഘടിപ്പിക്കാൻ മുൻകൈ എടുത്ത അസോസിയേഷൻ ഭാരവാഹികൾ പോലും അമ്പരന്നു. അത്രയേറെ വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ സ്ത്രീകൾ ഒരുക്കിയത്. ഫെസ്റ്റ് വൻവിജയമായതോടെ വാട്സ്ആപ് ഗ്രൂപ്പിലായി ഭക്ഷ്യമേള. ഞായറാഴ്ചകൾക്ക് വേണ്ടി എല്ലാവരും കാത്തിരിക്കാൻ തുടങ്ങി. അതോടെ രുചിവിഭവങ്ങൾ എല്ലാദിവസവും വേണം എന്ന ആവശ്യവും ഉയർന്നു. അങ്ങനെയാണ് അസോസിയേഷൻ ഭാരവാഹികൾ ‘സിൽവർ ലിൻഡൻ ഫൂഡ് ഫെസ്റ്റ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്.

കൂട്ടായ്മയിലെ സ്ത്രീകൾ വീട്ടിലുള്ള ഭക്ഷണം കൂടുതൽ തയാറാക്കി ആവശ്യക്കാർക്ക് നൽകാമെന്ന് തീരുമാനിച്ചു. ‘ചിക്കൻ, വെജ് പിസ ൈവകിട്ട് അഞ്ച് മണി മുതൽ ലഭിക്കും’.‘ചിക്കൻ കോഫ്ത കറി 7. 30 മുതൽ ലഭിക്കും’. ഇങ്ങനെ പല തരം വിഭവങ്ങളുടെ ചിത്രം സഹിതമുള്ള പോസ്റ്റ് കണ്ട് താൽപര്യം അറിയിച്ചാൽ മതി. നിശ്ചയിച്ച സമയത്ത് ഭക്ഷണം തയാറാക്കിയ വീട്ടിലെത്തി പണം നൽകി ഭക്ഷണം വാങ്ങാം. ആവശ്യപ്പെട്ടാൽ ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്യും. സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷണ വിതരണം. സ്ത്രീകൾ മാത്രമല്ല, നളപാചകത്തിന്റെ രുചി വിളമ്പി പുരുഷന്മാരും സ്വാദിന്റെ കൂട്ടൊരുക്കുന്ന കുട്ടി ഷെഫുമാരും ഗ്രൂപ്പിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. മുൻപ് ലിഫ്റ്റിൽ കണ്ട്മുട്ടുമ്പോൾ ചിരിക്കണോ വേണ്ടയോ എന്ന് സംശയിച്ചിരുന്നവർ പോലും ഇപ്പോൾ ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. പങ്ക് വയ്ക്കുന്നതിലെ സന്തോഷം നൽകിയത് ആത്മബന്ധം കൂടിയാണെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു.

‘‘കൂട്ടായ്മയിലെ സ്ത്രീകളാണ് ഈ ഫൂഡ്ഫെസ്റ്റിന്റെ വിജയത്തിന് പിന്നിൽ. ’’ അസോസിയേഷൻ ഭാരവാഹികളിലൊരാളായ റജി ചന്ദ്ര പറയുന്നു. ‘‘ വീട്ടമ്മമാരും ഉദ്യോഗസ്ഥരായ സ്ത്രീകളും ഗ്രൂപ്പിലുണ്ട്. ജോലി കഴിഞ്ഞെത്തിയ ശേഷമുള്ള സമയങ്ങളിലാണ് പലരും വിഭവങ്ങളൊരുക്കുന്നത്. രുചികരമായ ഭക്ഷണം തയാറാക്കാനും പങ്കിടാനും ഇഷ്ടമുള്ള സ്ത്രീകൾക്ക് അതിന് അവസരമൊരുക്കുകയാണ് വാട്സ്ആപ് ഗ്രൂപ്പിന്റെ ലക്ഷ്യം. വരുമാനമെന്നതിനേക്കാൾ പങ്കിടലിന്റെ സന്തോഷമാണ് വിഭവങ്ങൾ ഒരുക്കുന്നവർക്ക് പ്രോത്സാഹനമേകുന്നത്. ഈ ഗ്രൂപ്പിനെക്കുറിച്ച് കേട്ടറിഞ്ഞ് മറ്റ് അപ്പാർട്മെന്റുകളിലുള്ളവരും വിഭവങ്ങൾക്ക് ആവശ്യക്കാരായെത്തുന്നുണ്ട്.’’ റജി ചന്ദ്ര പറയുന്നു.

Tags:
  • Spotlight