പന പിഴുതു മാറ്റുന്നതിനിടയിൽ അപ്രതീക്ഷിതമായി എതിർവശത്തേക്ക് മറിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Mail This Article
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പന പിഴുതു മാറ്റുന്നതിനിടയിൽ ദിശ തെറ്റി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവല്ല കടപ്ര പഞ്ചായത്ത് 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ പുത്തൻ വീട്ടിൽ ലീലാമ്മ വർഗീസ് (60) ആണ് മരിച്ചത്. സഹോദരീ ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ പാസ്റ്റർ തോമസ് സാമുവലിനും (68) അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇന്നലെ വൈകിട്ട് വൈകിട്ട് 5.30 ന് ആണ് സംഭവം.
ലീലാമ്മയുടെ പുതിയ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി പുരയിടത്തിന്റെ അതിരിനോടു ചേർന്ന് നിന്നിരുന്ന മരങ്ങൾ പിഴുതു മാറ്റുമ്പോഴാണ് പന ഇരുവരുടെയും ദേഹത്തേക്ക് വീണത്. എതിർ ഭാഗത്തേക്ക് മരം പിഴുതു മാറ്റാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് മരം വീഴുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.
തോമസ് സാമുവലിന് നട്ടെല്ലിനും തലയ്ക്കുമാണ് പരുക്ക്. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. വീട് നിർമാണം നടക്കുന്നതിനാൽ ലീലാമ്മ ഇരവിപേരൂരിലുള്ള സഹോദരി മേരിക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. മരങ്ങൾ മുറിച്ച് മാറ്റുന്നത് കാണാനാണ് ഇന്നലെ ഉച്ചയോടെ ഇവിടെ എത്തിയത്. ലീലാമ്മയുടെ ഭർത്താവ് പാസ്റ്റർ ടി.എം. വർഗീസ് ഏപ്രിലിലാണ് മരിച്ചത്. മകൻ: ഫ്ലൈബി വർഗീസ് (യുകെ). മരുമകൾ: സ്‌നേഹ. സംസ്കാരം പിന്നീട്.മണ്ണുമാന്തി യന്ത്രം പ്രവർത്തിച്ചവർക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു.