Saturday 07 March 2020 03:45 PM IST

ചരിത്രം തിരുത്തിയ ‘മസിൽ വിമൻ’ ഇവരാണ്; ബോഡി ബിൾഡിങ്ങിൽ ആണുങ്ങൾക്കൊപ്പം മാറ്റുരച്ച് വിപ്ലവം; കേരളത്തിൽ ആദ്യം

Binsha Muhammed

women-body-building

ഫിറ്റ്നസ് മത്സര വേദികളിൽ പുരുഷൻമാർക്ക് മാത്രം ചുവപ്പു പരവതാനി വിരിച്ചിരുന്ന കേരളം പുതിയൊരു വിപ്ലവത്തിന് നാന്ദി കുറിക്കുകയാണ്. ആണിന്റെ മേനിയഴകും മസിൽ പെരുക്കവും ശരീര സൗന്ദര്യവും കണ്ട് കയ്യടിച്ചിരുന്ന പെണ്ണുങ്ങൾ കളം കയ്യടക്കിയതാണ് പുതിയ വാർത്ത. ഫിറ്റ്നസ് രംഗം ആണിന് മാത്രമെന്ന ധാരണകളെ തിരുത്തിയ ആ മാറ്റത്തിന്റെ തുടക്കം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നിന്നാണ്. തൃശൂർ തോപ്പ് ഇൻഡോർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ബോഡി ബിൾഡിംഗ് ഫിസിക് ചാമ്പ്യൻഷിപ്പാണ് മാറ്റങ്ങളുടെ ലോകത്ത് വിപ്ലവച്ചുവട് വച്ചിരിക്കുന്നത്.

ക്യാറ്റ്‍വോക്കും, മോഡലിംഗു മാത്രമാണ് പെണ്ണിന് പറഞ്ഞിട്ടുള്ളതെന്ന് മിഥ്യാധാരണകളെ തിരുത്തി ഒരു കൂട്ടം സുന്ദരിമാർ ഫിറ്റ്നസ് മോഡലുകളായി അണിനിരന്നപ്പോൾ കേരളക്കര അത് ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സദാചാര പാഠപുസ്തകങ്ങൾ തുറന്നവരും കുറവല്ല. ഇക്കണ്ടതൊന്നും സംസ്കാരത്തിന് ചേർന്നതല്ല എന്ന പതിവ് പല്ലവി വേറേയും. ആൺമേൽക്കോയ്മയുടെ ലോകത്ത് ഉറക്കെ കേട്ട പെൺശബ്ദങ്ങളെ മറ്റൊരു വനിത ദിനം ആഘോഷിക്കുമ്പോൾ ഫിറ്റ്നസ് രംഗത്തേക്ക് കടന്നു വന്ന ഈ സുന്ദരിമാർക്കും അഭിമാനിക്കാം. സോഷ്യൽ മീഡിയ തല്ലിയും തലോടിയും വൈറലാക്കിയ ആ ചാമ്പ്യൻഷിപ്പിന്റെ അമരക്കാരിലൊരാൾ ‘വനിത ഓൺലൈന്‍’ വായനക്കാരോട് സംസാരിക്കുകയാണ്. കേരള ഫിസിക് അലൻയസിന്റെ സെക്രട്ടറി ജനറൽ എഡ്‍വിൻ വിൽസൺ സംസാരിക്കുന്നു, വിപ്ലവം കുറിച്ച ആ ചുവടു വയ്പിനെ കുറിച്ച്.

കേരള ഫിസിക് അലയൻസ് പിറവിയെടുക്കുന്നു

ലോകം മാറുമ്പോൾ പുതിയ ചിന്തകളെ ഉൾക്കൊള്ളാൻ ഏവരും തയ്യാറാണ്. പക്ഷേ എന്തിനേയും മേലും കീഴും നോക്കാതെ എതിർക്കുന്ന ഒരു വിഭാഗമുള്ളപ്പോൾ സമൂഹം പിന്നേയും വർഷങ്ങളോളം പിറകോട്ടു പോകും. അയൽ പക്കക്കാർ പോലും സമസ്ത മേഖലകളിലും മുന്നോട്ടു പോകുമ്പോൾ നമ്മള്‍ മാത്രം എന്തിനേയും എതിർത്ത് കൊണ്ടിരിക്കും. വനിതകളുടെ ഫിറ്റ്നസ് രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഫിസിക് ഇന്ത്യ എന്ന ഓർഗനൈസേഷൻ കേരളത്തിലേക്ക് എത്താൻ എന്തേ വൈകി എന്ന ചോദ്യത്തിന് ഇതിലും വലിയൊരു വിശദീകരണം നൽകാനില്ല– എഡ്‍വിൻ പറ‍‌ഞ്ഞു തുടങ്ങുകയാണ്.

fitness-3

ഫിറ്റ്നസും ബോഡി ബിൾഡിംഗും പുരുഷൻമാർക്ക് മാത്രമാണ് എന്നുള്ള ധാരണ ഉത്തരേന്ത്യക്കാർ പണ്ടേ തിരുത്തിയിരുന്നു. പല സംസ്ഥാനങ്ങളിലും കോമ്പറ്റീഷനുകളിലും ഇവന്റുകളിലും പുരുഷനൊപ്പം സ്ത്രീക്കും തുല്യ പ്രാതിനിധ്യം ഉണ്ട്. പക്ഷേ കേരളം പോലെയുള്ള ചില സംസ്ഥാനങ്ങൾ ഈയൊരു മാറ്റത്തെ ഏറ്റെടുക്കാൻ വൈകി. ഏഷ്യൻ ഗെയിംസ് പോലുള്ള ഇവന്റുകളിൽ ഫിറ്റനസ് രംഗത്ത് മറ്റു രാജ്യങ്ങൾ സാന്നിദ്ധ്യമറിയിക്കുമ്പോൾ നമ്മള്‍ പിന്നാക്കം പോകുന്നതും ഈ മനോഭാവം കൊണ്ടായിരിക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഫിറ്റ്നസ് വേദികളിൽ പുരുഷനെ പോലെ സ്ത്രീയും മത്സരിച്ചാൽ ആകാശം ഇടിഞ്ഞു വീഴും എന്ന ചിന്തയാകാം. ആ സാഹചര്യത്തലാണ് ഫിസിക് അലയൻസിന്റെ കീഴിൽ കേരള ഫിസിക് അലയൻസ് ഉദയം ചെയ്യുന്നത്. നാലോളം ബോഡി ബിൾഡിങ്ങ് ഫെഡറേഷനുകളുള്ള നാട്ടിൽ വനിതകളേയും കുഞ്ഞുങ്ങളേയും ഫോക്കസ് ചെയ്ത് ഫിറ്റ്നസ് ബോഡി ബിൾഡിങ് ചാമ്പ്യൻഷിപ്പ് നടത്തുക എന്നതായിരുന്നു ലക്ഷ്യം. രണ്ടാമതായി പുരുഷനും സ്ത്രീയും തുല്യതയോടെ മാറ്റുരയ്ക്കുന്ന സ്പോർട്സ് ഐറ്റമായി ഫിറ്റ്നസിനെ കൊണ്ടു വരിക എന്നതും മനസിലുണ്ടായിരുന്നു. അതിന്റെ ആദ്യ ചുവടു വയ്പാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കഴിഞ്ഞത്. തൃശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് വൻ ജനപങ്കാളിത്തത്തോടെ ചാമ്പ്യൻഷിപ്പ് നടന്നു. പരിപാടി വൻ വിജയമായതോടെ നിരവധി സ്ത്രീകളാണ് ഞങ്ങളെ അഭിനന്ദിക്കാൻ എത്തിയത്. ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്നതിലും സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയതിലും ആയിരുന്നു പലർക്കും സന്തോഷം. എനിക്കൊപ്പം ഈ പരിപാടി വിജയിപ്പിക്കാൻ ഒപ്പം നിന്ന പ്രസിഡന്റ് വിഎൻ ഷാജിക്കും ഈയവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു.

fitness-2

വേറിട്ട് മത്സരം

സാധാരണ യോഗ കോസ്റ്റ്യൂമൊക്കെ ഇട്ട് ഫിറ്റ്നസ് ട്രെയിനിങ്ങിനെത്തുന്ന സ്ത്രീകളെ ഇവിടെ കാണാൻ കഴിയില്ല. ശരീര സൗന്ദര്യം അളക്കുന്ന അനാട്ടമി, മ്യൂസിക് റൗണ്ട് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. അനാട്ടമി റൗണ്ടിൽ സ്ത്രീ ശരീരത്തിന്റെ ഓരോ വശങ്ങളിലേയും അഴകും ഫിറ്റ്നസും കേന്ദ്രീകരിച്ചായിരിക്കും വിധി നിർണയം. ക്യാറ്റ് വോക്ക് ഉൾപ്പെടുന്നതാണ് മ്യൂസിക് റൗണ്ട്. കേരളത്തിൽ‌ ഇത് ആദ്യം ആയതു കൊണ്ട് തന്നെ ഉത്തരേന്ത്യയിലേയും വിദേശത്തേയും ഈ രംഗത്തെ പ്രമുഖർ എത്തിയാണ് മത്സരാർത്ഥികളെ സജ്ജരാക്കിയത്. ദിവസങ്ങളോളം നീളുന്ന ട്രയലും മുന്നൊരുക്കങ്ങളും അവർക്കുണ്ടായിരുന്നു. അതിന്റെ പൂർണമായ റിസൾട്ട് ഞങ്ങൾക്ക് കിട്ടി. മികച്ച മത്സരമാണ് മത്സാർത്ഥികൾ കാഴ്ച വച്ചത്. തൃശൂർ സ്വദേശിയായ ചിത്രയാണ് മത്സരത്തിലെ വിജയി.

fitness-4

വിമർശകരോട് പറയാനുള്ളത്

സൂചിപ്പിച്ചതു പോലെ പുരുഷൻമാരാണ് കൂടുതലും ഈയൊരു ചാമ്പ്യന്‍ഷിപ്പിനെ എതിർത്തത്. അനുകൂലിച്ചവർ ഇല്ല എന്നല്ല. സ്ത്രീകൾ സ്റ്റിറോയ്ഡ് ഉപയോഗിച്ചാണ് മത്സരത്തിനെത്തുന്നത് എന്നായിരുന്നു പ്രധാന വിമർശനം. സ്ത്രീകൾക്ക് ഇതൊന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞവർ വേറെ. ഈ പറ‍ഞ്ഞവരൊക്കെയും അന്യനാട്ടില്‍ ഇത്തരം ചാമ്പ്യൻഷിപ്പുകൾ നടക്കുന്നതിനെ കുറിച്ച് അറിവില്ലാത്തവരാണ് എന്ന് വ്യക്തം. എന്തായാലും വിമർശകർ പിന്നാലെയെത്തുമ്പോഴും ഈയൊരു മാറ്റത്തെ വിവേകത്തോടെ ഏറ്റെടുത്തവരാണ് അധികവും എന്നുള്ളതാണ് ആശ്വസകരം– എഡ്‍വിൻ പറഞ്ഞു നിർത്തി.