അന്ന് ആ ‘കാഴ്ച’യിൽ കണ്ണു നനയാത്തവർ കുറവായിരുന്നു. ഗുജറാത്തിലേക്ക് കൊച്ചുണ്ടാപ്രി തിരിച്ചു പോകുന്ന ദിവസം. അളവു തെറ്റി തയ്ച്ച ഇളം നീല ഷർട്ട് ഇൻസെർട് ചെയ്ത് ‘കുട്ടപ്പനായി’ അവൻ ബോട്ട് കാത്തു നിൽക്കുന്നു. പച്ചപ്പാവാടയും ബ്ലൗസുമിട്ട് യാത്രയാക്കാൻ നിൽക്കുന്ന അമ്പിളി എ ന്ന സ്കൂൾകുഞ്ഞ്. പിന്നെ, നാട്ടുകാരും. ഇപ്പോഴിതാ 15 വർഷത്തിനു ശേഷം ആദ്യമായി ‘കാഴ്ച’ സിനിമയിലെ യഷും സനൂഷയും വീണ്ടും കാണുന്നു.
സനൂഷ – 15 വർഷം ഇത്ര വേഗം പോയെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. അഭിനയിക്കാൻ എത്തിയതും ആ ലൊക്കേഷനിൽ നിന്നു പോന്നതും എല്ലാം ഒാർമയുണ്ട്. യഷിന്റെ സ്വഭാവത്തിനും ഒട്ടും മാറ്റമില്ല. ഞാനിങ്ങനെ റേഡിയോ പോലെ ചറപറാ പറഞ്ഞു കൊണ്ടിരിക്കുന്നു, ഇവനാണെങ്കിൽ മിണ്ടുന്നുമില്ല. എവിടെയായിരുന്നു നീ ഇത്രയും നാൾ?
യഷ് – ഞാനും അതാണ് ആലോചിച്ചത്. കാഴ്ചയിൽ അഭിനയിച്ചപ്പോൾ എനിക്ക് ഏഴു വയസ്സേയുള്ളൂ. ഇപ്പോൾ ജയ്പൂരിൽ എംബിഎ ചെയ്യുന്നു. കോഴ്സ് കഴിഞ്ഞു. ഇനി രണ്ടു മാസം കൊച്ചിയിൽ ഇന്റേന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗൊക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.
സനൂഷ– പക്ഷേ, നീ മെലിഞ്ഞത് എന്നെ ഞെട്ടിച്ചു കളഞ്ഞു. അതിന്റെ സീക്രട്ട് പറഞ്ഞേ പറ്റൂ.
യഷ് – ‘കൊച്ചുണ്ടാപ്രി’ മെലിഞ്ഞത് സ്പോർട്സിൽ കൂടിയാണ്. സിനിമയിൽ നിന്നിറങ്ങിയിട്ട് ഞാൻ കയറിയത് സ്പോർട്സിലേക്കാണ്. സെന്റ് ആൽബർട്സിൽ പഠിക്കുമ്പോൾ ക്രിക്കറ്റിലും ടേബിൾ ടെന്നീസിലും സ്റ്റേറ്റ് ലെവലിൽ കളിച്ചു. മെലിഞ്ഞിട്ടും ചിലർ എന്നെ കണ്ടുപിടിക്കും. ദേ, ഇതാണ് കാഴ്ചയിലെ പയ്യനെന്നു പറഞ്ഞ് ചൂണ്ടിക്കാണിക്കും.