കണ്ണൂർ ജില്ലയിലാണു പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം. നവരാത്രി ആഘോഷവും വിദ്യാരംഭവും ഇവിടെ പ്രധാനമാണ്. പടിഞ്ഞാറേക്കാണു മൂകാംബിക ദേവിയുടെ ദർശനം. ഉപദൈവങ്ങൾ- മഹാഗണപതി, നാഗസ്ഥാനം. വടക്കേ ഭഗവതി, ഉമാമഹേശ്വരൻ
കൃഷ്ണഗാഥയുടെ കർത്താവായ ചെറുശ്ശേരി ഇവിടെ ശാന്തിക്കാരനായിരുന്നു എന്ന വിശ്വാസം പ്രചാരത്തിലുണ്ട്. ദേവിയുടെ അനുഗ്രഹത്താൽ കവിത്വം സിദ്ധിച്ച ശങ്കര കവി ഇവിടുത്തെ കഴകക്കാനായിരുന്നത്രേ. വിദ്യാതടസ്സം മാറാനും കലാപരമായ ഉയർച്ചയ്ക്കുമുള്ള പ്രാർഥനയോടെ വിവിധദേശങ്ങളിൽ നിന്ന് ഭക്തർ ഇവിടേക്കെത്തുന്നു.
വിജയദശമി ദിനത്തിനു പുറമേ കറുത്തവാവ്, വെളുത്ത വാവ് പ്രതിപദം ഒഴികെ ബാക്കി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഒൻപതര വരെ വിദ്യാരംഭം നടത്താം. മറ്റ് ഉത്സവസമയങ്ങളിൽ വിദ്യാരംഭം ഉണ്ടായിരിക്കുന്നതല്ല. അലങ്കാര പൂജ, ത്രിമധുരവും പഴവും, ഉമാമഹേശ്വര പൂജ, അഷ്ടദ്രവ്യഗണപതി ഹോമം എന്നിവ പ്രധാനവഴിപാടുകളാണ്. ഉത്സവദിനങ്ങളിൽ തിടമ്പ് നൃത്തം പതിവുണ്ട്.
മീനത്തിലെ പൂരം ആറാട്ടായി വരുന്ന തരത്തിലാണു പൂരമഹോത്സവം.
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ വനിത കോളജ് ബസ്‌സ്റ്റോപ്പിൽ നിന്നു മൂകാംബിക റോഡി ൽ 800 മീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്.
ക്ഷേത്ര ദർശന ക്രമം– ആദ്യം ഗണപതിയെയും നാഗത്തെയും തൊഴുത് അരയാൽ പ്രദക്ഷിണം വച്ച് ക്ഷേത്രത്തിലേക്ക് കടന്ന് മൂകാംബിക ദേവിയെ തൊഴാം. പിന്നീട് ഭദ്രകാളിയെയും ശിവപാർവതി ദർശനവും നടത്താം. രാവിലെ നാലു മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ എട്ടു വരെയുമാണ് ദർശന സമയം.
സെപ്റ്റംബർ 22 ന് ആരംഭിക്കുന്ന ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ രണ്ടിനു സമാപിക്കും.