ADVERTISEMENT

‘‘ഹരി ശ്രീ ഗണപതയേ നമഃ...’’

ശ്രീകോവിലിന്റെ വശങ്ങളിലുള്ള മണൽത്തിട്ടയിൽ വിരൽതൊട്ട് എഴുതുകയാണ് കുട്ടികളും മുതിർന്നവരും!

ADVERTISEMENT

നാലമ്പലത്തിൽ നല്ല തിരക്കുണ്ട്. നവരാത്രികാലമാണ്. ക്ഷേത്രത്തിൽ അപൂർവമായ സരസ്വതിപൂജകൾ നടക്കുന്ന സമയം. കുട്ടികളെ എഴുത്തിനിരുത്താൻ കൊണ്ടു വന്ന രക്ഷിതാക്കൾ, തൂലികാപൂജയ്ക്കു വന്ന വിദ്യാർഥികൾ, അരങ്ങേറ്റത്തിനു വന്ന നർത്തകരും ഗായകരും ജന്മദോഷപരിഹാരപൂജയ്ക്കായി ധാന്യപ്പറയുമായി വന്നവർ അങ്ങനെ ധാരാളം പേർ.

മാവേലിക്കര ടൗണിനടുത്താണു തട്ടാരമ്പലം സരസ്വതിക്ഷേത്രം. നഗരത്തിരക്കിനിടയിലും കുളിർകാറ്റു വീശുന്നുണ്ട് ക്ഷേത്രത്തിൽ. അൻപത്തിയൊന്ന് ദേവതകളോടൊപ്പം അക്ഷരങ്ങളുടെ അധിദേവത, കുടികൊള്ളുന്നു ഈ നാലമ്പലത്തിൽ. മിത്തും യാഥാർഥ്യവും ഇടകലർന്ന പ്രദക്ഷിണവഴികളുണ്ട് ഇവിടെ പിന്നെ. നൂറ്റാണ്ടുകൾ കടന്നുവന്ന ചരിത്രവും.

Thatta5
ADVERTISEMENT

ഓടനാട് രാജവംശത്തിന്റെ തലസ്ഥാനവും സാംസ്കാരികകേന്ദ്രവും ഒരിക്കൽ കണ്ടിയൂർ ശിവക്ഷേത്രമായിരുന്നു. തട്ടാരമ്പലം ക്ഷേത്രത്തിന്റെ ഉല്പത്തിക്കഥകളിൽ ഏറ്റവും പ്രാധാന്യമുള്ളത് കണ്ടിയൂർ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ളതാണ്. ഓടനാട് രാജാക്കന്മാർ കടുത്ത ശിവഭക്തന്മാരായിരുന്നു. അങ്ങനെയാണ് കണ്ടിയൂരിൽ ഒരു മഹാദേവക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കുന്നത്. അതിനുവേണ്ടി വിവിധ പ്രദേശങ്ങളിൽ നിന്ന് പണിക്കായി ആൾക്കാരെ കൊണ്ടുവന്നു. അങ്ങനെ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന സ്വർണ്ണപ്പണിക്കാർ അവരുടെ പരദേവതയായ സരസ്വതിയെ ഇവിടെ കുടിയിരുത്തി ആരാധിച്ചെന്നും പിന്നീട് രാജാവു തന്നെ മുൻകൈയെടുത്ത് ഈ ക്ഷേത്രം നിർമ്മിച്ചു എന്നുമാണ് ചരിത്രം. ഓണാട്ടുകരയുടെ സുവർണ്ണനാളുകളിലായിരിക്കണം ഈ ക്ഷേത്രവും പണി കഴിപ്പിച്ചിട്ടുണ്ടാവുക എന്നാണു ചരിത്രകാരന്മാർ പറയുന്നത്.

Thatta3

‘‘എ.ഡി. 823–ലാണ് കണ്ടിയൂർ ശിവക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണു കണക്കാക്കിയിട്ടുള്ളത്. അങ്ങനെയാണെങ്കിൽ ആയിരത്തിയിരുന്നൂറു വർഷത്തിലേറെ പഴക്കമുണ്ട് തട്ടാരമ്പലം ക്ഷേത്രത്തിന്. ഓടനാട് രാജാവ് തന്നെയാണു ക്ഷേത്രം പണിതു നൽകിയതെന്നും ക്ഷേത്രാവകാശം കൊട്ടാരത്തിനായിരുന്നു എന്നും രാജഭരണത്തിനുശേഷം ദേവസ്വം ബോർഡിനു കീഴിലായി ക്ഷേത്രഭരണം എന്നുമാണ് ലഭ്യമായ രേഖകളിൽ പറയുന്നത്.’’ ഏലംപാടി ഇല്ലത്തെ ശരവണൻ നമ്പൂതിരി പറയുന്നു. തട്ടാരമ്പലം ക്ഷേത്രത്തിലെ മുൻമേൽശാന്തിയും ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടത്തിയ വ്യക്തിയുമാണ് ശരവണൻ നമ്പൂതിരി.

ADVERTISEMENT

തട്ടാൻ പൂർവം വഴിയിലഴകാർന്നമ്പലം’

പതിനാലാം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ മണി പ്രവാളകൃതിയാണ് ‘ഉണ്ണുനീലി സന്ദേശം.’ കേരളത്തിലെ പല ക്ഷേത്രങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ കൃതിയിൽ ‘തട്ടാൻ പൂർവം വഴിയിലഴകാർന്നമ്പലം’ എന്നാണ് തട്ടാരമ്പലത്തെക്കുറിച്ചു പരാമർശിക്കുന്നത്. അതിനർഥം പതിനാലാം നൂറ്റാണ്ടിനു മുൻപു തന്നെ തട്ടാരമ്പലം ക്ഷേത്രം പ്രസിദ്ധമായിരുന്നു എന്നാണ്.

‘ഉണ്ണുനീലി സന്ദേശ’ത്തിൽ പറയുന്നതുപോലെ തന്നെ ഇപ്പോഴും അഴകാർന്നതാണ് ഈ അമ്പലം. അലങ്കാരശില്പങ്ങളോടു കൂടിയ ഇവിടുത്തെ ക്ഷേത്രഗോപുരം വളരെ വിശേഷപ്പെട്ടതാണ്. പഞ്ചദേവതകളെ മുകളിൽ പ്രതിഷ്ഠിച്ച ക്ഷേത്രഗോപുരം. ക്ഷേത്രത്തിനുള്ളിൽ നിന്നു പുറത്തേക്കു പടർന്നു പന്തലിച്ച വൃക്ഷത്തലപ്പുകൾ. ദ്വാരപാലകശില്പങ്ങൾ. പിന്നെ ബലിക്കൽപ്പുര ഈ മനോഹര കാഴ്ചകൾ കടന്നാണ് ശ്രീചക്രത്തിൽ കുടികൊള്ളുന്ന ഭഗവതിയുടെ ശ്രീലകത്ത് എത്തുക. പുരാതനശൈലിയിലാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. കല്ലും തടിയുമാണ് ശ്രീകോവിലിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മേൽക്കൂരയിൽ ചെമ്പോല പാകിയിരിക്കുന്നു.

അലങ്കാരഗോപുരം കടന്നാൽ എത്തുന്നത് മനോഹരമായ ബലിക്കൽപുരയിൽ. അവിടെ നിന്നാണു ശ്രീകോവിലിലേക്കു തിരിയുന്നത്. ദുർഗ്ഗാപരമേശ്വരിയും ശ്രീചക്രവും ഒരേ ശ്രീലകത്ത് വാഴുന്നു എന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും ഇതേ വിധത്തിൽ ദുർഗ്ഗാ പരമേശ്വരിയെയാണു ആരാധിക്കുന്നത്.

‘പരമേശ്വരിയുടെ മുൻപിലാണ് വിദ്യാദേവതയുടെ സങ്കല്പത്തിലുള്ള ശ്രീചക്രത്തിന്റെ അർദ്ധമേരു പ്രതിഷ്ഠ. ഇതിൽ ദുർഗ്ഗാ പരമേശ്വരി തന്നെ മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി എന്നിങ്ങനെ ത്രിഭാവ സമന്വയമാണ്. അതുകൊണ്ടാണ് ഈ ദേവി ഇത്രയും ശക്തിമതിയായിരിക്കുന്നത്.’ കല്ലമ്പള്ളി വാമനൻ നമ്പൂതിരിയുടെ വാക്കുകൾ. ഇദ്ദേഹമാണ് ഇപ്പോഴത്തെ ക്ഷേത്രം തന്ത്രി.

അക്ഷരങ്ങൾ സരസ്വതീഭാവങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെയാണു അമ്പത്തിയൊന്നു അക്ഷരങ്ങളെ അമ്പത്തിയൊന്നു സരസ്വതീഭാവത്തിൽ ഇവിടെ ശ്രീകോവിലിനു ചുറ്റുമായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ഭാവങ്ങൾ ക്ഷേത്രത്തെ ചൈതന്യവത്താക്കുന്നു. ‘അ’ മുതൽ ‘ക്ഷ’ വരെയുള്ള സ്വരവ്യഞ്ജനങ്ങൾ ഇവിടെ ദേവതാരൂപം കൈക്കൊണ്ടിരിക്കുന്നു. മൂലപ്രതിഷ്ഠയിൽ എന്നതുപോലെ ഓരോ അക്ഷരദേവതയെയും ഓരോ പീഠത്തിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത്. ഓരോ പ്രതിഷ്ഠയ്ക്കും പ്രത്യേകം പ്രത്യേകം പൂജയുമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ അമ്പത്തൊന്ന് അക്ഷരദേവതകളെ പ്രതിഷ്ഠിച്ച മറ്റൊരു ക്ഷേത്രവും ഇല്ല ഇതല്ലാതെ.

ചുമർചിത്രമണ്ഡപത്തിലെ എഴുത്തിനിരുത്ത്

വർഷത്തിൽ മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും ഇവിടെ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു. രാവിലെ 6.30മുതൽ 11 മണിവരെയാണു എഴുത്തിനിരുത്തുന്നത്. വലിയമ്പലത്തിന്റെ തെക്കെ മണ്ഡപത്തിലാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്. അവിടെ ്രപത്യേകം വരച്ചുചേർത്ത ചുമർചിത്രമുണ്ട്. താമരപ്പൂവിലിരിക്കുന്ന സരസ്വതിദേവിയുടെ അതിമനോഹരമായ ചിത്രമാണ് അതിലൊന്ന്. ശ്രീകോവിലിൽ എന്നതുപോലെ അക്ഷരദേവതകളുടെ നടുവിലായിട്ടാണ് ഈ ചുമർചിത്രത്തിലും ദേവിയുടെ സ്ഥാനം. ശ്രീചക്രം, ദുർഗ്ഗാദേവി, സരസ്വതി മഹാലക്ഷ്മി, കാളി, ശിവൻ തുടങ്ങിയവരുടെ ചുമർചിത്രങ്ങൾ വേറെയും ഉണ്ട്.

മുൻപ് സ്വർണ്ണനാരായം കൊണ്ട് നാവിൽ എഴുതുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. ക്ഷേത്രം മേൽശാന്തിയാണ് ആദ്യാക്ഷരം എഴുതിപ്പിക്കുന്നത്. ശ്രീകോവിലിനുള്ളിൽ പൂജിക്കുന്ന അരിയിലാണ് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത്.

‘നാലമ്പലത്തിനുള്ളിലെ ഈ മണ്ഡപത്തിലിരുന്ന് തങ്ങളുടെ കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കുന്നതുകാണുമ്പോൾ ഏതൊരു രക്ഷിതാവിന്റെയും മനസ്സും കണ്ണും നിറയും. അൻപത്തിയൊന്നു അക്ഷരദേവതകളുടെ അകമ്പടിയോടെയാണ് ഇവിടെ ദുർഗ്ഗാപരമേശ്വരി കുടികൊള്ളുന്നത്. ആ ശ്രീചക്രത്തിൽ പൂജിച്ച അരിയാണ് കുഞ്ഞുങ്ങൾക്ക് എഴുതാൻ കൊടുക്കുന്നത്.’ ക്ഷേത്രം മേൽശാന്തി മുട്ടം താഴവന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ വാക്കുകൾ. ശ്രീകോവിലിന്റെ കന്നിമൂലയിൽ ഗണപതിയും ഈശാനകോണിൽ ശിവനും. നിത്യവുമുള്ള ഗണപതിഹോമം വിഘ്നനിവാരണനായ ഗണപതിയുടെ പ്രീതിക്കു കാരണമാകുന്നു. നാലമ്പലത്തിനകത്ത് എഴുന്നെള്ളിപ്പ് ഇല്ല.

ആദ്യമായി എഴുത്തിനിരുത്തുന്ന കുഞ്ഞുങ്ങളെ ഒൻപതുദിവസം വ്രതമെടുപ്പിച്ച് സാരസ്വതകഷായം നൽകുന്ന സമ്പ്രദായം ചിലെങ്കിലും ഇപ്പോഴും അനുവർത്തിക്കുന്നുണ്ട്. നവരാത്രി ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ നിന്ന് സാരസ്വതകഷായം നൽകുന്നത്. ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തുന്ന സാരസ്വതകഷായം അപൂർവമായ ആയുർവേദകൂട്ടുകൾ അടങ്ങിയതാണ്. നവരാത്രിദിനങ്ങളിലാണ് ഈ കഷായം കഴിക്കേണ്ടത്. ഒൻപതു ദിവസവും കൃത്യമായ വ്രതാനുഷ്ഠാനത്തോടു കൂടി മാത്രമേ കഴിക്കാനും പാടുള്ളു എന്നാണ് പരമ്പരാഗത വിശ്വാസം. ബുദ്ധിക്കും ഉണർവിനും ഉന്മേഷത്തിനും സാരസ്വതകഷായം ഉത്തമമാണെന്നാണ് അനുഭവസ്ഥരുടെ വാക്കുകൾ.

പത്നീസമേതരായ നവഗ്രഹങ്ങൾ

നാലമ്പലത്തിനു പുറത്ത് െതക്ക് കിഴക്ക് ഭാഗത്താണ് നവഗ്രഹവിഗ്രഹ പ്രതിഷ്ഠ. ഒൻപതു ഗ്രഹങ്ങളെ അവരുടെ പത്നിമാരെ സഹിതം പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ടാണ് ദമ്പതീസമേതമുള്ള നവഗ്രഹപ്രതിഷ്ഠ എന്നു പറയുന്നത്.

ധാന്യങ്ങൾ കൊണ്ടുള്ള പറനിവേദ്യമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ശ്രീകോവിലിനു മുന്നിലും നെൽപ്പറ നിവേദ്യം പ്രധാനമാണ്. ജന്മദോഷങ്ങൾക്കുള്ള പരിഹാരം ദമ്പതീസമേതമുള്ള നവഗ്രഹക്ഷേത്രത്തിലെ പൂജകളാണ്. എല്ലാ നാളുകാർക്കും ഇവിടെ സരസ്വതിപൂജ നടത്താറുണ്ട്. ഇവിടെ ആരാധനയ്ക്ക് എത്തുന്നവരിൽ കൂടുതലും വിദ്യാർഥികളാണ്. ‘ഗണപതിയും ശിവനുമാണ് ഇവിടെ ഉപദേവതകൾ. അതിലുപരി നവഗ്രഹദമ്പതി ക്ഷേത്രവുമുണ്ട്. നവഗ്രഹക്ഷേത്രങ്ങൾ എല്ലായിടത്തും ഉണ്ടാവും. എന്നാൽ നവഗ്രഹദമ്പതി ക്ഷേത്രം വളരെ അപൂർവമാണ്.’ പ്രയാർ ആയിരത്തുമനയിലെ വിഷ്ണു നമ്പൂതിരി പറയുന്നു. അദ്ദേഹമാണു ക്ഷേത്രം കീഴ്ശാന്തി. ദമ്പതീസമേതമായ നവഗ്രഹക്ഷേത്രം പിന്നിട്ട് തെക്കെ പടിഞ്ഞാറേക്കു നീങ്ങിയാൽ കാണുന്നത് നാഗപ്രതിഷ്ഠയാണ്. മേൽകൂരയിലേക്ക് പടർന്നു കയറുന്ന വൃക്ഷലതാദികളാണ് ഇവിടുത്തെ പ്രത്യേകത.

ക്ഷേത്രത്തിനു തൊട്ടടുത്തു തന്നെ സരസ്വതി മണ്ഡപം ഉണ്ട്. കലാപരിപാടികളുടെ അരങ്ങേറ്റം മിക്കവാറും എല്ലാ ദിവസവും ഉണ്ടാവും.

നേരം ഉച്ചയോട് അടുക്കുന്നു. ഇവിടെ തിരക്ക് ഒഴിയുന്നില്ല. സരസ്വതിമണ്ഡപത്തിൽ നിന്ന് ഒഴുകിവരുന്നുണ്ട് ശ്രീരാഗവും നൂപുരധ്വനികളും

ശ്രീകോവിലിന്റെ വശങ്ങളിലുള്ള മണൽത്തിട്ടയിൽ അപ്പോഴും വിരൽതൊട്ട് എഴുതുകയാണ് കുട്ടികളും മുതിർന്നവരും;

‘സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിർ ഭവതു മേ സദാ....’

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ബോക്സ് 1

ക്ഷേത്രങ്ങളുടെ തലസ്ഥാനം എന്നാണ് ഒരു കാലത്ത് തട്ടാരമ്പലം ഉൾപ്പെടുന്ന ഓണാട്ടുകര അറിയപ്പെട്ടിരുന്നത്. അധികം ദൂരങ്ങളിൽ അല്ലാതെ ധാരാളം മഹാക്ഷേത്രങ്ങൾ ഇവിടെയുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. തട്ടാരമ്പലം സരസ്വതിക്ഷേത്രത്തിനു ചുറ്റുമായി കണ്ടിയൂർ മഹാദേവക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം. മണ്ണാറശാല നാഗരാജക്ഷേത്രം, മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം അങ്ങനെ മഹാക്ഷേത്രങ്ങൾ ധാരാളം.

നവരാത്രി മഹോത്സവമാണ് തട്ടാരമ്പലം സരസ്വതിക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഇവിടെ വർഷത്തിൽ മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും കുട്ടികളെ എഴുത്തിനിരുത്താറുണ്ട്. എങ്കിലും വിശേഷപ്പെട്ട ദിവസമായി കണക്കാക്കുന്നത് വിജയദശമി ദിവസം തന്നെയാണ്. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ നവരാത്രി വ്രതം അനുഷ്ഠിക്കുന്നു. നവരാത്രി ഉത്സവം നടക്കുന്ന ഒൻപതു ദിവസം ശ്രീകോവിലിനുള്ളിൽ ശ്രീചക്രത്തിൽ കുടികൊള്ളുന്ന വിദ്യാസരസ്വതിയെ പ്രാർഥിച്ചാൽ വിദ്യാഭിവൃത്തിയും സമ്പൽസമൃദ്ധിയും ഉണ്ടാകും എന്നാണു വിശ്വാസം.

മകരമാസത്തിലെ ഉത്തൃട്ടാതി നാളിലാണ് ക്ഷേത്രത്തിൽ മകരസംക്രമ ഉത്സവം നടക്കുന്നത്. അന്ന് സവിശേഷമായി ദേവിയെ ക്ഷേത്രത്തിന് പുറത്ത് എഴുന്നെള്ളിക്കും. ആനപ്പുറത്താണ് എഴുന്നെള്ളിപ്പ്. മകരസംക്രമദിവസം മാത്രമാണ് ഈ ചടങ്ങ്. ഇതുകൂടാതെ കാർഷിക സംസ്കൃതിയുടെ നിറവ് വിളിച്ചോതുന്ന നിറപുത്തരിയും ഇവിടെ വലിയ ആഘോഷമാണ്.

How to Reach

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്ക് പടിഞ്ഞാറാണ് തട്ടാരമ്പലം. മാവേലിക്കര റെയിൽേവ േസ്റ്റഷനിൽ നിന്ന് 4 കിലോമീറ്ററും കായംകുളം േസ്റ്റഷനിൽ നിന്ന് 9 കിലോമീറ്ററും ദൂരം. നവരാത്രി ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുന്നുണ്ട്.

ADVERTISEMENT