നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ മറുപടി നൽകുന്ന പംക്തി
എന്റെ അച്ഛന്റെ സഹോദരി കഴിഞ്ഞ മാസം മരിച്ചു. പതി നാറു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ക്ഷേത്രത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന വഴിപാടു നട ത്താൻ പോയി. പുലയുള്ള മാസം ആയതിനാ ൽ പരിഹാരം ചെയ്യണമെന്നു ബന്ധുക്കൾ പ റയുന്നു. യഥാർഥത്തിൽ എത്ര ദിവസമാണു പുല ആചരിക്കേണ്ടത് ? പരിഹാരം ചെയ്യാതിരുന്നാ ൽ ദോഷമാകുമോ ?
രാജലക്ഷ്മി, വൈക്കം
പുല, വാലായ്മ എന്നു പറയുന്നതു പത്തു ദിവസമേ വേണ്ടതുള്ളൂ. ആ സ്ഥിതിക്ക് 16 ദിവസവും കഴിഞ്ഞു ക്ഷേത്രത്തിൽ പോയതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ദോഷമില്ല. പരിഹാരവും ആവശ്യമില്ല. ജ്യോതിഷത്തിൽ തന്നെ പറയുന്നതു കലിയുഗത്തിൽ എല്ലാ മനുഷ്യരും പുല, വാലായ്മ 10 ദിവസം അനുഷ്ഠിച്ചാൽ മതിയെന്നാണ്.
സർവേഷാമേവ വർണാനാം
സൂതകേ മൃതകേപിവാ
ദശാഹിത് ശുദ്ധിരിത്യേഷ
കലൗ ശാസ്ത്രസ്യ നിശ്ചയ
എന്ന പ്രമാണം അനുസരിച്ചു വാലായ്മയും പുലയും പത്തു ദിവസം നോക്കിയാൽ മതി എന്നു സാരം. പിന്നെ, എന്തുകൊണ്ടാണ് 16 എന്നൊരു സംഖ്യ ഇതുമായി ബന്ധപ്പെട്ടു പ്രചാരത്തിൽ വന്നതെന്നൊരു ചോദ്യം സ്വാഭാവികമായി ഉണ്ടാകും.
ഒരാൾ മരിച്ചാൽ അയാളുടെ സപിണ്ഡീകരണം എന്ന കർമം പൂർത്തിയാകണമെങ്കിൽ 16 പിണ്ഡങ്ങൾ സമർപ്പിക്കണം. 16 പിണ്ഡങ്ങളുടെ സമർപ്പണത്തിലൂടെയാണു സപിണ്ഡീകരണം പൂർത്തിയാകുന്നത്. പിറ്റേന്നു മുതൽ ശുദ്ധമായി എന്നാണു സങ്കൽപം. 16 പിണ്ഡങ്ങൾ എന്ന കണക്ക് പതിനാറ് ദിവസം എന്നു കാലക്രമത്തിൽ മാറിയതാകാം. ജ്യോതിഷം പറയുന്നത് പത്തുദിവസമാണെന്നിരിക്കിലും ദേശഭേദവും വിശ്വാസവും അനുസരിച്ചു മാറ്റങ്ങളോടെ അനുഷ്ഠിക്കുന്നവരുമുണ്ട്.