Friday 14 May 2021 11:40 AM IST : By വി. സജീവ് ശാസ്‌താരം

ഇഹ ജന്മത്തിലെ ദോഷങ്ങൾ കുറച്ച് മോക്ഷത്തിലേയ്ക്ക് നയിക്കും; ക്ഷയിക്കാത്ത ഐശ്വര്യത്തിനായി ‘അക്ഷയതൃതീയ’ വ്രതം

akssg4345fhghghg

വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയദിനം 'അക്ഷയതൃതീയ' എന്ന പേരിൽ ആചരിക്കകപ്പെടുന്നു. ജ്യോതിഷപരമായി ചിന്തിച്ചാൽ ആത്മകാരകനായ സൂര്യനും മനഃകാരകനായ ചന്ദ്രനും താന്താങ്ങളുടെ ഉച്ചരാശിയിൽ സഞ്ചരിക്കുന്ന കാലം കൂടിയാണ് ഈ ദിനം.

മോക്ഷാർത്ഥികൾ ഈ ദിനം നിർബന്ധമായും വ്രതമനുഷ്ഠിച്ച് ഭഗവൽ നാമത്തിൽ ചെയ്യുന്ന പുണ്യകർമ്മങ്ങൾ ക്ഷയിക്കാതെ അവരുടെ ഇഹ ജന്മത്തിലെ ദോഷങ്ങളെ കുറച്ച് മോക്ഷത്തിലേയ്ക്ക് നയിക്കും എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത എന്നാണ് വിശ്വാസം. ദാനധർമ്മങ്ങൾക്ക് വലിയ പ്രാധാന്യവും ഈ ദിവസത്തിനുണ്ട്.

ഈ ദിവസം നടത്തുന്ന ശുഭകർമ്മങ്ങൾക്ക് ക്ഷയം സംഭവിയ്ക്കില്ല എന്ന വിശ്വാസത്തിൽ നിന്നാണ്  ഈ ദിവസത്തിന്റെ പേരുതന്നെ ഉണ്ടായത്. ശ്രീ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ശ്രീകൃഷ്ണ സഹോദരനായി ആദിശേഷാംശമായ ബലരാമന്റെ ജന്മദിനം കൂടിയാണെന്ന് പറയപ്പെടുന്നു. അതിനാൽ 'ബലരാമജയന്തി'യായും ആചരിച്ചുവരുന്നു.

ഈ ദിനത്തിൽ മഹാവിഷ്ണുവിനേയും മഹാലക്ഷ്മിയെയും മനസ്സിൽ സ്മരിച്ചു സ്വഭവനത്തിലിരുന്ന് നാരായണ കവചം, കനകധാരാ സ്തോത്രം, ലളിതാത്രിശതി, ത്രിപുര സുന്ദരീ സ്തോത്രം, ശ്രീ സൂക്തം മുതലായവ പാരായണം ചെയ്യുക. ഈ ദിനത്തിൽ സസ്യാഹാരം മാത്രം കഴിക്കുകയും യഥാശക്തി സാധുജനങ്ങൾക്ക് അന്നദാനം, വസ്ത്ര ദാനം എന്നിവ ചെയ്യുന്നതും അതീവ ശ്രേയസ്ക്കരമാണ്.

ഈ ദിവസം വിഷ്ണു സഹസ്രനാമം, അഷ്ടാക്ഷരീ മന്ത്രം (ഓം നമോ നാരായണായ), ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ), കൂടാതെ 

കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ  ഹരേ രാമ  മന്ത്രമായ 

'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ' 

എന്നിവയും ജപിക്കുന്നത് അതീവ ശ്രേയസ്കരമാണ്.

ഈ വർഷത്തെ അക്ഷയതൃതീയ മേയ് 13 വ്യാഴാഴ്ച അസ്തമിച്ചു പുലരുന്ന 5.39 മുതൽ 15ന് കാലത്ത് 8.00 മണി വരെയാണ്. തൃതീയ വ്രതം അനുഷ്ഠിക്കുവാൻ ഉദ്ദേശിക്കുന്നവർ ഈ സമയം ആണ് അനുഷ്ഠിക്കേണ്ടത്.

more...