നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം മറുപടി നൽകുന്ന പംക്തി
ഞങ്ങൾ മൂന്ന് പെൺമക്കളാണ്, വിവാഹിതരുമാണ്. അച്ഛൻ മരിച്ചു. അമ്മ പൊന്നുപോലെയാണ് ഞങ്ങളെ വളര്‍ത്തിയത്. അച്ഛന്റെ വീട്ടുകാരുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ദിവസം അമ്മയുടെ കഴുത്തിന്റെ ഭാഗത്ത് ഒരു തടിപ്പ് കണ്ടു. ഡോക്ടറെ കാണിച്ചപ്പോൾ ബയോപ്സിക്ക് അയയ്ക്കണം എന്നു പറഞ്ഞു. അനിയത്തി ജ്യോത്സ്യനെ കണ്ടപ്പോൾ അച്ഛന്റെ കുടുംബ പരദേവതകൾ കോപിച്ചിരിക്കുന്നു എന്നും അതാണ് രോഗകാരണമെന്നും പരിഹാരകർമം ചെയ്തില്ലെങ്കിൽ ജീവന് ആപത്താണെന്നും പറഞ്ഞു. ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന പൂജയാണത്രേ. കുടുംബക്ഷേത്രത്തിൽ അച്ഛന്‍റെ വീട്ടുകാർ ഒന്നും ചെയ്യാത്തതിന്റെ ദോഷം ഞങ്ങളെ ബാധിച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. ഈ പൂജ ചെയ്തില്ലെങ്കിൽ അമ്മയ്ക്ക് എന്തെങ്കിലും പറ്റുമോ? അമ്മയുടെ ജനനസമയം കൃത്യമായി അറിയില്ല. 1135 അല്ലെങ്കിൽ 1134 കുംഭമാസത്തിലെ ചോതിയാണ്, വ്യാഴാഴ്ചയാണ് എന്നു മാത്രം അറിയാം.
- ഗിരിജാകുമാരി, തൃപ്പൂണിത്തുറ
അമ്മ ജനിച്ചത് 1135 കുംഭം 6 (1960 ഫെബ്രുവരി 18) വ്യാഴാഴ്ചയാണ്. അന്നാണ് ചോതി നക്ഷത്രം വരുന്നത്. ബയോപ്സിക്ക് അയച്ചു എന്നുകരുതി രോഗമാണെന്ന് ഉറപ്പിക്കാൻ വരട്ടെ. സംശയം ഉള്ളതു കൊണ്ടു മാത്രമല്ലേ ഡോക്ടർ അങ്ങനെ ചെയ്തത്. ലോകത്തുള്ള എല്ലാ കാര്യങ്ങൾക്കും ജ്യോതിഷത്തിലൂടെ പരിഹാരം കണ്ടെത്താൻ കഴിയില്ല, അതിന് ശ്രമിക്കുകയും അരുത്. രോഗം വന്നാൽ ജ്യോത്സ്യനെ അല്ല, ഡോക്ടറെ തന്നെയാണ് കാണേണ്ടത്.
പാരമ്പര്യമായി ജ്യോതിഷം കൈകാര്യം ചെയ്തിരുന്നവർ രോഗചികിത്സയ്ക്കായി അന്ന് ആയുർവേദമരുന്നുകളും മറ്റും ഉപയോഗിച്ചിരുന്നു. അതാണ് ജ്യോതിഷവും ചികിത്സയും തമ്മിലുള്ള ബന്ധം. അതുകൊണ്ട് രോഗാവസ്ഥയ്ക്ക് പൂജയും മന്ത്രവാദവുമല്ല, ചികിത്സയാണ് വേണ്ടതെന്നു സഹോദരി മനസ്സിലാക്കുക.
മനുഷ്യര്‍ക്കു പിടിപെടുന്ന അസുഖങ്ങളൊക്കെ ദൈവകോപത്താൽ വരുന്നതാണെന്നു പറഞ്ഞാൽ അതു വിശ്വസിക്കരുത്. നിഷ്കളങ്കരായ മനുഷ്യർക്ക് കോപം മൂലം രോഗം കൊടുക്കാൻ ഒരു ദൈവവും മുതിരില്ല. മാത്രമല്ല, അച്ഛന്റെ കുടുംബത്തിൽപെട്ടവർ ആരോ ചെയ്ത അനിഷ്ടത്തിന്‍റെ ദോഷം ആ കുടുംബത്തിൽ ഉള്ളവർക്കല്ലേ വരികയുള്ളു. അതൊന്നും ഇല്ലാതെ മറ്റൊരു ചുറ്റുപാടിൽ ജീവിക്കുന്ന നിങ്ങൾ ഭയപ്പെടേണ്ടതില്ല.
അമ്മയ്ക്കിപ്പോൾ അത്തരത്തിൽ ഗുരുതരമായ രോഗം വരാനുള്ള യാതൊരു സാധ്യതയും ജോതിഷപ്രകാരം കാണുന്നില്ല. ഭയപ്പെടുത്തി അമ്മയുടെ മനസ്സ് തളർത്തരുത്. നിങ്ങൾ മക്കൾ മൂന്നുപേരും ചേര്‍ന്ന് അമ്മയെ നല്ലതുപോലെ സംരക്ഷിക്കുക. ഏതു ദൈവകോപത്തിനും പരിഹാരം അതു മാത്രമാണ്.
അത്തം, പൂയം, പൂരാടം നക്ഷത്രങ്ങളിൽ കുട്ടി പിറന്നാൽ ‘കാൽദോഷം’ ഉണ്ടാകുമോ?
കാല്‍ദോഷം എന്ന ദോഷം
അത്തം, പൂയം, പൂരാടം എന്നീ നക്ഷത്രങ്ങളിൽ കുഞ്ഞ് പിറന്നാൽ അച്ഛനും അമ്മയ്ക്കും അമ്മാവനുമൊക്കെ ആശങ്കയാണ്. ഈ നക്ഷത്രങ്ങളിൽ കുട്ടി പിറന്നാൽ ‘കാൽദോഷം’ മൂലം ദുരിതം അനുഭവിക്കേണ്ടി വരും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണിത്.
അത്തത്തിന്റെ ആദ്യ 15 നാഴികയിൽ ജനിച്ചാൽ പിതാവിനും രണ്ടാം 15 നാഴികയിൽ ജനിച്ചാൽ അമ്മാവനും മൂന്നാം 15 നാഴികയിലാണ് ജനനമെങ്കിൽ കുഞ്ഞിനു തന്നെയും നാലാം 15 നാഴികയിൽ ആണെങ്കിൽ അമ്മയ്ക്കും ദോഷം പറയുന്നു. എന്നാല്‍ ഇതിെലാരു നക്ഷത്രത്തില്‍ ജനിച്ചു എന്നു കരുതി കാൽദോഷം ഉണ്ടാകില്ല.
‘അത്തവും കുജവാരം ച, സപ്തമീ വനിതാദിയും പൂരാടം, മന്ദനും രിക്ത, ചാപരാശിയും ക്രമാൽ...’ എന്ന ശ്ലോകം അനുസരിച്ച് അത്തം നക്ഷത്രം, ചൊവ്വാഴ്ച ദിവസം, സപ്തമി തിഥി, കന്നി രാശി ലഗ്നം ഇവ കൂടിച്ചേർന്നു വന്നെങ്കിലേ ദോഷമുള്ളൂ എന്നു ഗ്രന്ഥങ്ങള്‍ പറയുന്നു. പൂരാടം, പൂയം നക്ഷത്രങ്ങള്‍ക്കും ഇതേ േപാലെ ചില നിബന്ധനകള്‍ ഒത്തുവരണം. ഇത്രയും കാര്യങ്ങൾ ഒത്തുചേരുന്ന ജനന സമയം വിരളമാണെന്നും അറിയുക.
നിങ്ങളുടെ ചോദ്യങ്ങള്‍ വനിത, പി.ബി. നമ്പര്‍ 226, കോട്ടയം 686 001 എന്ന വിലാസത്തിലോ askvanitha@mmp.in എന്ന ഇമെയിലിലോ 9895399205 എന്ന വാട്സ്ആപ് നമ്പറിലോ അയയ്ക്കുക.