Wednesday 11 April 2018 10:24 AM IST : By ലക്ഷ്മി പ്രേംകുമാർ

ആറ്റുകാൽ അമ്മയ്ക്ക് അക്ഷരാർച്ചന! വേറിട്ട കാണിക്ക അർപ്പിച്ചു ലക്ഷ്മി രാജീവ്

lakshmi

ആറ്റുകാൽ അമ്മയെക്കുറിച്ച് പറയുമ്പോൾ അമ്മയോടുള്ള സ്നേഹ പ്രവാഹം മൂലം ലക്ഷ്മി രാജീവിന് വാക്കുകൾ പലപ്പോഴും തൊണ്ടയിൽ കുടുങ്ങും. അതുകൊണ്ടുതന്നെയാണ് അമ്മയെക്കുറിച്ച് ലക്ഷ്മി ഒരു പുസ്തകം എഴുതാൻ തീരുമാനിച്ചത്. വാക്കുകളിൽ ഒതുങ്ങാത്ത അമ്മയെന്ന അത്ഭുതത്തെ പുസ്തകത്തിലേക്ക് കുടിയിരുത്താൻ ലക്ഷ്മി എടുത്തത് അഞ്ചു വർഷം. ഉറങ്ങാതെയും ഉണ്ണാതെയും അഞ്ച് കൊല്ലത്തെ പ്രയത്നം ഒടുവിൽ അമ്മയുടെ തിരുനടയിൽ സമർപ്പിച്ചു. ഒപ്പം അമ്മയുടെ സ്നേഹത്തിന് മുന്നിൽ രണ്ടു തുള്ളി കണ്ണീരും.

ലക്ഷ്മിയുടെ അതിരു കവിഞ്ഞ ഭക്തിക്കും അമ്മയ്ക്ക് സമ്മാനമായി ഒരു പുസ്തകം എഴുതാമെന്ന തീരുമാനത്തിനും പിന്നിൽ ഒരു കഥയുണ്ട്. മാറാല പിടിക്കാത്ത ഓർമകളെ ചികഞ്ഞ് ലക്ഷമി തന്നെ ആ കഥ പറയും. ‘തിരുവനന്തപുരത്തെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. അച്ഛൻ വക്കീൽ. അമ്മയും ജ്യേഷ്ഠനും അനുജത്തിയും അടങ്ങുന്ന കുടുംബം. തിരുവനന്തപുരമായതു കൊണ്ട് തന്നെ ആറ്റുകാല്‍ അമ്മയെ പണ്ടേ വിശ്വാസമാണ്. പക്ഷേ മനസിൽ കൃഷ്ണനോടായിരുന്നു അൽപം ഇഷ്ടം കൂടുതൽ.

attukal_amma

അതിനൊരു കാരണവുമുണ്ട്. എനിക്ക് അച്ഛൻ ജീവനായിരുന്നു. ആ സ്നേഹമാണ് കൃഷ്ണനിലേക്കും ഒഴുകിയത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോ കൂട്ട് അനിവാര്യമാണ്. വിവാഹം കഴിഞ്ഞ് രാജീവിനൊപ്പം ചെന്നൈ നഗരത്തിലേക്ക് ചേക്കേറിയതും അങ്ങനെയാണ്. അവിടെവച്ചാണ് എന്റെ ഭക്തിയുടെ തീവ്രത ഞാൻ തിരിച്ചറിഞ്ഞത്. സോഷ്യൽ മീഡിയകള്‍ ഇന്നത്തെയത്ര വ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഏറിയ പങ്കും സമയം ചിലവിട്ടത് പുസ്തകങ്ങൾ വായിക്കാനായിരുന്നു. തന്ത്രവും മന്ത്രവും ഭക്തിയുടെ മാർഗങ്ങളും ഉറവിടങ്ങളും അന്നു വായിച്ച് പഠിച്ചു. ഏകാന്തതകളിൽ കൂടുതൽ ദൈവത്തോട് അടുത്തു.

വിവാഹം കഴിഞ്ഞ് 10 കൊല്ലമായിട്ടും കുഞ്ഞുങ്ങളുണ്ടായില്ല. ഒരുപാട് നേർച്ചകാഴ്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എങ്കിലും എന്റെയുള്ളിലിരുന്ന് ഏതോ ഒരു ശക്തി മന്ത്രിച്ചു കൊണ്ടിരുന്നു. പ്രതീക്ഷ കൈവെടിയരുതെന്ന്. ഒടുവിൽ എനിക്ക് ഇരട്ടകുട്ടികൾ പിറന്നു. ദൈവം രണ്ട് പ്രാണനെ എന്നിലേക്കയച്ചു എന്റെ ഭദ്രയും ആദിത്യനും. ആ വർഷം എന്റെ അമ്മ ആറ്റുകാൽ അമ്മക്ക് നൂറ്റൊന്ന് കലം പൊങ്കാലയിട്ടു. അന്ന് ആ പൊങ്കാല കലങ്ങളില്‍ തിളച്ചു തൂവിയത് എന്റെ ആഹ്ളാദം കൂടിയാണ്.

laksmi_family
ലക്ഷ്മി കുടുംബത്തോടൊപ്പം

അമ്മയെന്ന മഹാസാഗരം

അത്യാവശ്യം എഴുത്തും വായനയും പരിപാടികളുമുള്ളതുകൊണ്ട് ആയിടക്കാണ് ഒരു പുസ്തകമെഴുതുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ആദ്യമായി എഴുതുന്നെങ്കിൽ അത് കേട്ടറിഞ്ഞ അറിവുകളിൽ നിന്നും അമ്മയെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു പുസ്തകമായിരിക്കും എന്ന് ഉറപ്പിച്ചു. പിന്നെ അമ്മയെക്കുറിച്ചുള്ള പരമാവധി അറിവ് ശേഖരണമായിരുന്നു. അഞ്ചു കൊല്ലത്തെ പഠനത്തിന് ശേഷമാണ് അമ്മയെ കുറിച്ച് ഒരു പുസ്കമെഴുതാൻ ധൈര്യം ലഭിച്ചത്. ഓല മേഞ്ഞ അമ്പലത്തിൽ നിന്നും ഇന്നത്തെ ആറ്റുകാലിലേക്ക് ഭക്തിയും ജനങ്ങളും വളരുമ്പോഴും മാറുമ്പോഴും അമ്മയുടെ ഭാവത്തിന് മാറ്റമൊന്നുമില്ല.

തോറ്റംപാട്ടിന്റെ പൊരുളും കഥകളും അറിയാനുള്ള യാത്രകൾ ചെന്നെത്തിയത് അമ്മയിലേക്ക് തുറക്കുന്ന രണ്ടാമത്തെ വാതിലിലാണ്. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും വാണരുളുന്നത് ചിലപ്പതികാര നായികയായും ശ്രീപാർവ്വതിയുടെ അവതാരവുമായ കണ്ണകിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തോറ്റംപാട്ട് പാടുന്ന പാണന് അന്നും ഇന്നും കണ്ണകിയെ അറിയില്ല. കേട്ട് പഴകിയ , എഴുത്തുകാരും ചിത്രകാരും ഭാവന നൽകിയ തോറ്റം പാട്ട് കേട്ടാണ് അമ്മയിന്നും സന്തോഷിക്കുന്നത്. ഐതീഹ്യങ്ങൾക്കും കഥകൾക്കു അപ്പുറം അമ്മയെന്ന സത്യം ആറ്റുകാലിൽ തൊട്ടറിയാം. അനുഭവിച്ചറിയാം. ഒരു തവണയെങ്കിലും വന്ന് നോക്കൂ. ഒരുപിടി അരിയിൽ തിളച്ചു പൊങ്ങും അമ്മ നൽകുന്ന അനുഗ്രഹവും സൗഭാഗ്യവും.

അമ്മയ്ക്കായി പുസ്തകം ചെയ്യുമ്പോൾ അത് എല്ലാ രീതിയിലും മികച്ചു നിക്കണമെന്ന് നിർബന്ധമായിരുന്നു. ലോകത്തിൽ തന്നെ ലഭിക്കുന്ന ഏറ്റവും മുന്തിയ പേപ്പറുകളിൽ എന്റെ അമ്മയുടെ കഥ അച്ചടിച്ചു. സഹായിച്ചവർ നിരവധിയാണ്. ആവശ്യങ്ങൾക്ക് വിളിക്കുമ്പോള്‍ ഓടിയെത്തുന്ന ഓട്ടോ ഡ്രൈവർമാർ മുതൽ ചിത്രങ്ങൾ വരച്ച് നൽകിയിവർ വരെ. ഫോട്ടോ പകർത്താൻ സഹായിച്ചവർ തുടങ്ങി പബ്ലിഷിങ്ങ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ വരെ. അങ്ങനെ അമ്മയുടെ അനുഗ്രഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായി പുസ്തകം പൂർത്തിയായി. അമ്മയുടെ തിരുനടയിൽ ഞാൻ അതു സമർപ്പിച്ചു. അമ്മയത് കൺ നിറയെ കണ്ടു...

അമ്മ ഇപ്പോഴും എനിക്കൊപ്പമുണ്ട്. കാറ്റായും നിലാവായും എല്ലാം ആ സാന്നിധ്യം ഞാൻ അനുഭവിച്ചറിയുന്നു. അപ്പോഴും അമ്മ അന്ന് അനുഭവിച്ച വേദന എന്റെ ഉള്ളിൽ നീറ്റലായി അനുഭവപ്പെടുന്നു. ഈ ലോകത്തിലെ മക്കളെ മുഴുവൻ തന്റെ ചിറകിൻ കീഴിൽ ചേർക്കുമ്പോളും അമ്മ തന്റെ ദുഖങ്ങളെ സ്വയം ഒതുക്കുകയാണല്ലോ എന്നോർത്ത്... അമ്മേ... ആറ്റുകാലമ്മേ.. നമോസ്തുതേ..!!!