Monday 04 March 2024 03:05 PM IST : By സ്വന്തം ലേഖകൻ

ഏത് ദിക്കിലേക്ക് തിരിഞ്ഞിരുന്നു പഠിക്കുന്നതാണ് ഉത്തമം? പഠനമുറി ഒരുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വാസ്തു നിയമങ്ങൾ അറിയാം...

study-vasthu

ക്ലാസുകൾ ഓൺലൈൻ ആയതോടെ കുട്ടികൾ വീട്ടിലിരുന്നു പഠിക്കുന്ന സമയം കൂടി. നല്ല രീതിയിൽ ക്രമീകരിച്ച പഠനമുറിയോ അല്ലെങ്കിൽ സ്റ്റഡി സ്പേസോ നന്നായി പ്രയോജനപ്പെടുന്നത്  ഇപ്പോഴാണ്. പഠനസംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സ്ഥിരമായി ഒരു ഇടം നൽകുന്നത് കുട്ടികളെ അടുക്കും ചിട്ടയും ഉള്ളവരാക്കും. അച്ചടക്കവും ഉത്തരവാദിത്വബോധവും കൂടും. പഠനത്തോട് താൽപര്യം കൂടുവാനും ഇതു സഹായിക്കും.
വീട്ടിൽ പഠനമുറിയോ പഠനസ്ഥലമോ ഒരുക്കുമ്പോൾ വാസ്തുശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീടിന്റെ വടക്കുപടിഞ്ഞാറേ മൂലയിൽ അഥവാ മകരം രാശിയിൽ പഠനമുറി നിർമിക്കുന്നതാണ് ഏറ്റവും ഉത്തമം. പഠനമുറി പ്രത്യേകമായി നിർമിക്കാൻ സാധിക്കില്ലെങ്കിൽ കിടപ്പുമുറിയുടെ ഭാഗമായി പഠനസ്ഥലം അഥവാ സ്റ്റഡി സ്പേസ് ഒരുക്കാം.
കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് പഠിക്കുന്നതാണ് ഏറ്റവും ഗുണകരം. ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒന്നും മുന്നിൽ വരാതിരിക്കുന്നതാണ് നല്ലത്. ചുമരിന് അഭിമുഖമായി പഠനമേശ ഇടാം. വെള്ള അല്ലെങ്കിൽ ഇളം പച്ച,നീല നിറങ്ങളാണ് പഠനമുറിക്ക് അനുയോജ്യം. കടുംനിറങ്ങൾ നൽകുന്നത് നല്ലതല്ല.

vastu-2


പഠനമുറിയിൽ ആവശ്യത്തിനു കാറ്റും വെളിച്ചവും കടക്കണം. ഇതിനായി ജനാലകളും വെന്റിലേഷനും വേണം. കുട്ടി ഇരിക്കുന്നതിന്റെ നേരെ മുന്നിൽ ജനാല വരാതിരിക്കാൻ ശ്രദ്ധിക്കണം. ഏകാഗ്രതക്കുറവിന് ഇതു കാരണമാകും. തീവ്രതയേറിയ വെളിച്ചം കണ്ണിലേക്ക് നേരിട്ട് പതിക്കാത്ത രീതിയിലാകണം ലൈറ്റിന്റെ സ്ഥാനം. നിഴൽ ഉണ്ടാകാനും പാടില്ല. ഇതു കണക്കിലെടുത്ത് സീലിങ്ങിൽ ലൈറ്റ് പിടിപ്പിക്കുന്നതാണ് നല്ലത്.
 പ്രകൃതിയിലെ ഊർജപ്രവാഹങ്ങളുമായി താദാത്മ്യം പ്രാപിച്ച് മനസ്സിന് ഏകാഗ്രതയും ബുദ്ധിക്ക് ഉണർവും ലഭിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ നിയമങ്ങളിലൂടെ വാസ്തുശാസ്ത്രം ലക്ഷ്യംവെക്കുന്നത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. മനോജ് എസ്. നായർ, കാഞ്ചി സർവകലാശാല എക്സ്റ്റേണൽ വാസ്തു കൺസൽറ്റന്റ്