Thursday 30 April 2020 10:57 AM IST : By സ്വന്തം ലേഖകൻ

ലോക്ക് ഡൗൺ വർണശബളമായ കുടുംബ നവ സൃഷ്ടിക്ക് അവസരമൊരുക്കുന്നു, ശാരീരിക അകലം ആത്മബന്ധങ്ങൾ ദൃഢം ആക്കുന്നു ! ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് എഴുതുന്നു

father

ദശപുഷ്പാലംകൃത കുടുംബം’ (ലോക്ക് ഡൗൺ ചിന്തകൾ)

ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് എഴുതുന്നു:

ലോക്ക്ഡൌൺ ശരീരത്തെയും മനസ്സിനെയും നിഷ്ക്രിയം ആക്കുന്ന ഇടവേളയിൽ ഫാദർ എങ്ങനെ സമയം ഉപയോഗിക്കപ്പെടുന്നു എന്ന മാധ്യമ സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നാണ് ഈ കുറിപ്പിന്റെ ആരംഭം. എനിക്ക് പാടാൻ ഉള്ള ശബ്ദ മാധുര്യം ഇല്ല, ചിത്രരചനകൾ വഴങ്ങുന്നുമില്ല. ദൈവം സമൃദ്ധമായി തന്ന സർഗാത്മകതയുടെ അഭിഷേക് ശക്തിയിൽ കുടുംബങ്ങൾക്ക് നവ ബോധ്യങ്ങളുടെ മഴവിൽ കാന്തി നൽകാനാണ് ശ്രമിക്കുന്നത്. അത്ര വർണ്ണ ഭംഗിയില്ലാത്ത ഭൂതകാലത്തെ മായ്ച്ച് ജീവിത പുനർ വായനയുടെ നിത്യമായ ആനന്ദം നൽകുന്ന ചിന്തകളാണ് എന്റെ ബ്രഷും നിറകൂട്ടും. നിറഞ്ഞുകവിയുന്ന സന്തോഷത്തിന്റെ നിത്യമായ ശോഭയുടെ ഭാവിയാണ് ലക്ഷ്യം.

ധനുമാസത്തിലെ തിരുവാതിര നാളിൽ ഉപവാസം എടുക്കുന്ന ഭർതൃമതികൾ തലയിൽ ദശപുഷ്പം ചൂടുന്ന പാരമ്പര്യം നമ്മുടെ നാട്ടിലുണ്ട്. ലക്ഷ്യം പാപ പരിഹാരവും രോഗശമനവും. കൃഷ്ണക്രാന്ധി മുക്കുറ്റി, തിരുതാളി, നിലപ്പന തുടങ്ങി പത്ത് ചെടികളാണ് ഇതിന് തിരഞ്ഞെടുക്കുന്നത്. പാപപരിഹാരവും രോഗശാന്തിയും ഉണ്ടെങ്കിൽ വീട്ടിൽ ഐശ്വര്യം പിറക്കും അല്ലോ. ഇത് രണ്ടും അത്യാവശ്യമായി വന്നിരിക്കുന്ന ദുഷിച്ച സമയമാണ് കൊറോണക്കാലം. അനുബന്ധ ലോക്ക് ഡൗൺ പക്ഷേ വർണ്ണശബളമായ കുടുംബ നവ സൃഷ്ടിക്ക് അവസരമൊരുക്കുന്നു.

10 ഉദാഹരണങ്ങൾ

ദശപുഷ്പ കാലം കൃത്യമായ കുടുംബ സൃഷ്ടിയുടെ സജീവ പ്രതീകങ്ങളാണ്. ശാരീരിക അകലം പാലിക്കുമ്പോൾ ആത്മബന്ധങ്ങൾ ദൃഢം ആക്കുന്നു എന്നത് മനശാസ്ത്രം പഠിപ്പിക്കുന്നു. മനുഷ്യൻ കഴിഞ്ഞ രണ്ട് ദശകങ്ങളായി പ്രത്യേകിച്ചും, ആഗ്രഹിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സർവ്വ സ്വാതന്ത്ര്യം(AUTONOMY) ക്ഷിപ്ര തീരുമാനങ്ങളിലും കൂടെയുള്ള വിവാഹ വിവാഹേതരബന്ധങ്ങളിലേക്ക് അടുത്ത്‌ വന്നതിനേക്കാൾ മിന്നൽവേഗതയിൽ പിരിയുകയും(DIVORCE) ചെയ്യുന്നു. അനുരഞ്ജന കേന്ദ്രങ്ങൾ വെളിവാക്കുന്നത് 75 ശതമാനം കേസുകളും ഈഗോ വികാരത്തിൽ നിന്ന് തലപൊക്കുന്ന നിസ്സാര പ്രശ്നങ്ങളിൽനിന്ന് ആരംഭിക്കുന്നുവെന്നും വാശിയും മത്സരവും അവസാനിക്കുന്ന നിമിഷത്തിൽ ഹൃദയങ്ങൾ നിമിഷങ്ങൾകൊണ്ട് ഒന്നാകുന്നു എന്നുമാണ്. ക്ഷമിക്കാം, മറക്കാം എന്ന് പരസ്പരം ഏറ്റു പറയാവുന്ന ഈ കാലാവസ്ഥ ഉപയോഗിച്ചാൽ 'വെഡ്‌ ലോക്ക്‌ ' സുദൃഢം- വിടരുന്ന ഒരു ദശപുഷ്പം.

ഒരു സുപ്രഭാതത്തിൽ രണ്ട് അപരിചിതരായ ചെറുപ്പക്കാർ വീട്ടിലേക്ക് കടന്നു വരുന്നു, ഞങ്ങളെ നേരിട്ട് അറിയില്ലായിരിക്കും എന്ന മുഖവുരയോടെ. ഞങ്ങളുടെ പിതാവ് 2 വർഷം മുൻപ് മരണപ്പെടുന്നതിന് തലേന്നാൾ ഒരുകാര്യം ഞങ്ങളെ ഏൽപ്പിച്ചിരുന്നത് ഞങ്ങൾ നിറവേറ്റിയിരുന്നില്ല. വർഷങ്ങൾക്കു മുൻപ് വലിയ വിഷമസന്ധിയിൽ നിങ്ങളിൽ നിന്ന് വായ്പ വാങ്ങിയ പണം പ്രതിസന്ധി തരണം ചെയ്തിട്ടും പിതാവ് തിരികെ നൽകിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അന്ത്യനാളുകളിലാണ് ഞങ്ങൾ അറിയുന്നത്. പെട്ടെന്നുണ്ടായ മരണവും ശേഷ ക്രിയയും നടന്നതിനിടയിൽ ഞങ്ങളും ഇക്കാര്യം വിട്ടുപോയി. കോവിഡ് ലോക്ക് ഡൗൺ വേളയിൽ പഴയ കാര്യങ്ങൾ സംസാരിച്ചിരുന്നപ്പോഴാണ് അച്ഛൻ പറഞ്ഞു ഏൽപ്പിച്ചത് ഓർമ്മയിൽ വന്നത്. ഞങ്ങൾ സഹോദരങ്ങൾ ഇന്ന് രാവിലെ തന്നെ നിങ്ങളെ കണ്ടു ക്ഷമാപണത്തോടെ പണം തിരിച്ചു ഏൽപ്പിക്കാൻ വന്നതാണ്. പണത്തിന് ചില നിമിഷങ്ങളിൽ ഒന്നും ചെയ്യാനാവില്ല എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഡെപ്ട് (Dept)ലോക്ക് തകർന്നപ്പോൾ രണ്ടാം ദശപുഷ്പം വിരിഞ്ഞു.

വിവാഹശേഷം അധികം വൈകാതെ ഭർത്താവ് വിദേശത്തേക്ക് പറന്നു. ഭർത്താവിനുള്ള ഫോൺവിളികൾ ക്ക് മാത്രമേ മരുമകൾക്ക് സമയമുള്ളൂ. വിരുന്നുകാരിക്ക് വച്ച് വിളമ്പുന്നത് പോലെയായി ഭർത്താവിന്റെ അമ്മ എന്ന പരാതി സംസാരത്തിന് പൂട്ടിട്ടു. അമ്മായിയമ്മ മരുമകൾ ബന്ധം ഉലഞ്ഞിട്ട് ഒന്നരവർഷം. ആറുമാസത്തിനുശേഷം വീട്ടിലെത്തുന്ന മകനോട് പറയാനുള്ള പരാതികൾക്ക് ഓരോദിവസവും മൂർച്ച കൂടുന്നു. ഇതിനിടയിൽ നാട്ടിലും ഗൾഫിലും കോവിഡ്. മകനെ ഇനി കാണാൻപോലും ആകുമോ എന്ന് ആദിയിൽ അമ്മ ഉപവാസം അനുഷ്ഠിച്ച് പ്രാർത്ഥനയാണ്. ദിവസങ്ങൾക്കുള്ളിൽ പ്രാർത്ഥനയിൽ രണ്ടു ഹൃദയങ്ങളും അലിഞ്ഞു ഒന്നായി. ദശപുഷ്പങ്ങളിൽ മൂന്നാമത്തേത് മിഴി തുറക്കുന്നു! ബന്ധങ്ങളുടെ വഴി ഓപ്പൺ ആയി!!

വർഷങ്ങളായി തുടരുന്ന ഇതതർക്കം. അയൽവാസി ഓരോ വർഷവും വേലി തന്റെ തൊടിയിലേക്ക് കയറ്റി കെട്ടുന്നു. തർക്കവും കൈയേറ്റവും ബന്ധങ്ങൾ വഷളാക്കി. ഒരു ദിവസം രാവിലെ വേദിക്ക് സമീപം പതിഞ്ഞ സംസാരം. പുലർകാലത്തെ കയ്യേറ്റം ആണെന്ന് കരുതി കയ്യിലൊരു വടിയുമായി ആക്രോശം. പക്ഷേ കണ്ടത് മുൻപ് കൈയ്യേറിയ അരക്കാൽ അടിയോളം വരുന്ന സ്ഥലത്തുനിന്നും വേലിത്തറികൾ പിന്നിലേക്ക് മാറ്റുകയാണ് അവർ. കാഴ്ച കണ്ട് തരിച്ച് നിന്ന് തന്നോട് ജാള്യതയോടെ അയൽക്കാരൻ" ക്ഷമീര് ജോണി, ഒരു തുണ്ടു ഭൂമി കൊണ്ട് കാര്യമില്ലെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. മരിച്ചാൽ കുഴിച്ചിടാൻ ആറടിമണ്ണ് പോലും ലഭിക്കാതെ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന കാഴ്ച! ദശപുഷ്പങ്ങളിൽ നാലാമത്തേത് വർണ്ണപ്പൊലിമയോടെ വിരിയുന്നു!

നാലഞ്ചു വീടുകൾക്ക് അപ്പുറം താമസിക്കുന്ന ഗോപി, വയസ്സ് 52, കഴിഞ്ഞ രണ്ടുവർഷമായി ഡയാലിസിസിന് ആഴ്ചയിൽ രണ്ടു പ്രാവശ്യം ഓട്ടോയിൽ മകനോടൊപ്പം പോകുന്നത് കാണാറുണ്ട്. ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയതിനാൽ ചെറിയ ശമ്പളം കൊണ്ട് ജീവിച്ചു പോരുകയായിരുന്നു. മകന് സ്ഥിര ജോലി ആയിട്ടില്ല. ബ്ലഡ് പ്രഷർ ഉള്ള ഗോപി പണ കുറവുകൾ കൊണ്ടായിരിക്കാം ചികിത്സ ഇടയ്ക്ക് മുടക്കം, ഇതാ വരുന്നു വൃക്കരോഗം. ഗോപിയുടെ അവസ്ഥ ഞാൻ ഗൗരവമായി എടുത്തില്ല. ഇപ്പോൾ ഓഫീസിൽ പോകാതെ വീട്ടിൽ ഇരുന്നപ്പോൾ ഗോപിയുടെ ഡയാലിസിസ് ദുരിത യാത്രയും കുടുംബത്തിലെ ദാരിദ്ര്യവും എന്റെ വിഷ്വൽ ലോക്ക് ഡൗണിനു വിരാമമിട്ടു. വീട്ടിൽ ചെന്ന് സഹായം നൽകി. സന്ദർശനം തന്നെ ഗോപിക ഉണർവ് നൽകി. അഞ്ചാം പുഷ്പത്തിന്റെ സുഗന്ധം.

മദർ തെരേസ പട്ടിണിപ്പാവങ്ങളുടെ വീട് സന്ദർശിച്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയായിരുന്നു. ഭക്ഷണപ്പൊതി കിട്ടിയ വീട്ടമ്മ മറ്റൊരു വീട്ടിലേക്ക് ഓടുന്നു. ഉടൻതന്നെ തിരിച്ചുവന്ന മദറിനെ നമസ്കരിച്ച് അപ്പോൾ കാര്യമറിഞ്ഞ് മദർ ഞെട്ടി. തന്നെക്കാൾ വിശപ്പ് അനുഭവിക്കുന്ന ഒരു സ്ത്രീക്ക് കിട്ടിയതിന്റെ ഓഹരി കൊടുക്കാൻ ഓടിയ അമ്മയ്ക്ക് കാരുണ്യ പ്രവർത്തിയിൽ തന്റെ ഗുരുനാഥ എന്ന നാമമാണ് മദർ നൽകിയത്. ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ ദശപുഷ്പത്തിന്റെ സുഗന്ധം. ' ഇനി കുഴിമാടത്തിൽ' എന്ന വെല്ലുവിളിയുമായി പിരിഞ്ഞ രണ്ട് അളിയന്മാർ. വിവാഹത്തിനുശേഷം പിരിയാനാവാത്ത ബന്ധമായിരുന്നു. സഹോദരങ്ങൾ എന്ന് അവരെ സർവ്വരും പുകഴ്ത്തി. ചീട്ടുകളിയിൽ തുടങ്ങിയ വാക്ക് പോര് ഭാര്യ വീട്ടിലെ കല്യാണ ബഹിഷ്കരണം, ചുരുക്കത്തിൽ ബന്ധം അറ്റു. വർഷങ്ങൾ കടന്നുപോയി, അതാ കോവിഡ് കടന്നുവരുന്നു. ഒരു മാസത്തെ ലോക്ക് ഡൗൺ പഴയകാല തീർത്ഥാടനത്തിന് വഴിതുറന്നു. ഇതാ വരുന്നു അളിയൻ, ഭാര്യക്ക് പോലും വിശ്വസിക്കാനായില്ല. അളിയാ, സോറി. വാശിയുടെ കെട്ട് പൊട്ടി. ജീവിത യാത്ര തുടർന്നപ്പോൾ വഴിയിൽ ദശപുഷ്പങ്ങൾ പുഞ്ചിരിച്ചു.

വൈകിട്ട് എന്നും വരും ഗോപാലേട്ടൻ, സഹപാഠിയും ഒത്തു നടക്കാൻ പോകാൻ. യാത്രയുടെ ലക്ഷ്യം പാടവക്കിലെ കള്ള് ഷാപ്പ്. ഡയസിപ്പാം വീര്യത്തോടെ കുപ്പിക്ക് പിന്നാലെ കുപ്പി. രണ്ടുപേർക്കും വരുമാനമുണ്ട്. കൊറോണ ഷാപ്പിന് താഴിട്ടു. എന്നാലും ഗോപാലേട്ടൻ എന്നും വരും. സുഹൃത്ത് നൽകുന്ന ചായയിൽ ലഹരി കണ്ടെത്താൻ തുടങ്ങി. എങ്കിലും ചെറിയ വിഷമം ഉണ്ട്. കൃഷ്ണൻകുട്ടി, ഞാനൊരു കാര്യം പറയട്ടെ, നമുക്ക് ഷാപ്പിൽ പോക്ക് നിർത്താം. ഇതിന്റെ പേരിൽ ഭാര്യക്ക് വിഷമം, മോന് അഭിമാനപ്രശ്നം. എന്നാ അത് അങ്ങ് നിർത്താം. എന്റെ ഭാര്യക്കും ഇഷ്ടല്ല്യ. സംയുക്ത തീരുമാനത്തിന് കൈ കോർക്കലിനിടയിൽ ദശപുഷ്പത്തിലെ എട്ടാം പൂവും വിരിഞ്ഞു.

മൂത്ത മോന്റെ കല്യാണം, തട്ടുതകർപ്പൻ ആയിരുന്നു. അയൽവാസികളും ധനികരും അടക്കമുള്ള സമൂഹം ആഘോഷങ്ങൾ കണ്ട് ഞെട്ടിയതാ. മന്ത്രിയും തന്ത്രിയും സർവ്വ പ്രമുഖരും. ബാക്കി വന്ന ഭക്ഷണം കുഴിച്ചുമൂടി എന്ന് മുതലാളി പൊങ്ങച്ചം പറയുമ്പോൾ സാധാരണക്കാരുടെ മൂക്കിൽ എച്ചിക്കാനത്തിന്റെ ബിരിയാണി ഗന്ധം. കാലം മാറി, കോലവും. മോളുടെ സമ്മതം കഴിഞ്ഞിട്ട് മാസം ഒന്നു കഴിഞ്ഞു. ഇനി നീട്ടാൻ വയ്യെന്ന് പയ്യന്റെ വീട്ടുകാർ. ആശാവർക്കറും വികാരിയും നിയമ പക്ഷത്ത് ഉറച്ചുനിന്നു. അവസാനം പത്തുപേരുടെ വൻജനാവലിയിൽ കല്യാണം. ദൈവം ബന്ധിച്ചത് അല്ലേ, മുതലാളി പെട്ടെന്ന് വചന പ്രഘോഷകൻ ആയപ്പോൾ നാട്ടുകാരുടെ പരിഹാസച്ചിരി കൾക്കിടയിൽ കുഞ്ഞു മുക്കുറ്റിപ്പൂവ് പല്ലിളിച്ചു കാട്ടി.

ദൈവത്തിന്റെ പേരിലാണെങ്കിലും ധൂർത്ത് തിന്മതന്നെ. "കാലിത്തൊഴുത്തിൽ പിറന്നവനെ" എന്നത് ഡിസംബറിൽ ഒരു ദിവസം പാടും. പിന്നെ അവനു പാർക്കാൻ കോടികൾ മുടക്കിയുള്ള ബാബേൽ ഗോപുര നിർമ്മാണം. ഒരു കുഞ്ഞു വൈറസിന് ഏതായാലും അപരാധബോധം എങ്കിലും ജനിപ്പിക്കാൻ കഴിഞ്ഞു, ഇനിയെങ്കിലും.... രക്ഷകന്റെ തൃപ്പാദത്തിൽ ദശപുഷ്പ കുലയുടെ പൊന്ന്, മീറ, കുന്തിരിക്കം!

കുടുംബജീവിതത്തെ ഈ ബന്ധന കാലം കുറേക്കൂടി പുഷ്കലം ആക്കിയിട്ടുണ്ട്. ഫലമോ, വിശ്വാസ മൂല്യബോധത്തിൽ വളരുന്ന തലമുറ. പ്രളയകാലബന്ധം വെള്ളം ഇറങ്ങിയപ്പോൾ വറ്റിയ പോലെയാകരുത്. വിസ്മരണം വിനയാകാതിരിക്കട്ടെ. ദശപുഷ്പ സുകൃതങ്ങളാൽ അലംകൃതമായ കുടുംബം പാറമേൽ പണിതീർത്ത ഭവനത്തിന് തുല്യമാണ്.