Tuesday 05 September 2023 03:53 PM IST : By സ്വന്തം ലേഖകൻ

കഷ്ടപ്പെട്ടിട്ടും ഫലം ലഭിക്കുന്നില്ലേ... പുതുവർഷം കാർത്തിക, രോഹിണി നക്ഷത്രക്കാർക്ക് എങ്ങനെ?

career-star

പൊന്നിൻ ചിങ്ങമിതാ വന്നെത്തിക്കഴിഞ്ഞു. പ്രതീക്ഷകളുടെ പുതുവർഷത്തിൽ പലരുടെയും മനസ്സിലോടുന്ന ചിന്തകളിൽ പ്രധാനപ്പെട്ട ഒന്ന് കരിയർ ആകും. ഒാരോ നക്ഷത്രക്കാർക്കും ഈ മലയാള വർഷം തൊഴിൽ മേഖലയിൽ അനുഭവവേദ്യമാകുന്ന ഭാഗ്യാനുകൂല്യങ്ങളും ദോഷസമയങ്ങളും അറിയാം. ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം ഗണിച്ച ഫലങ്ങളും പുരോഗതി കൈവരിക്കാൻ ശീലിക്കേണ്ട മാറ്റങ്ങളും മനസ്സിലാക്കാം.

അശ്വതി

കരിയറിൽ മാറ്റം ആഗ്രഹിക്കുന്ന മനസ്സുള്ളവരാണ് അശ്വതി നക്ഷത്രക്കാർ. തൊഴിൽസ്ഥാപനങ്ങൾ മാറാനും ഒരു ഘട്ടത്തിൽ പ്രഫഷൻ തന്നെ മാറാനും ഇവർക്കു മടിയില്ല. കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ഈ ചുറുചുറുക്ക് സഹായകരമാകാറുണ്ട്. വീണ്ടും ഒരു തൊഴിൽ മാറ്റ ചിന്ത ഈ വർഷം സജീവമായി മുന്നിൽ വരും. എന്നാൽ ഈ മലയാളവർഷം അത്തരം മാറ്റത്തിന് അനുകൂലമായ ഭാവഫലം അല്ല നൽകുന്നത്. അതുകൊണ്ടു തന്നെ വൈകാരികമായ അസംതൃപ്തികളുടെ പേരിൽ ജോലിമാറ്റത്തിനു സ്വയം ശ്രമിക്കേണ്ടതില്ല. എന്നാൽ തേടിവരുന്ന ഉറപ്പുള്ള ഓഫറുകൾ സ്വീകരിക്കുകയുമാകാം. മിഥുനം, കർക്കടകം, ധനു മാസങ്ങൾ ശുഭകരമല്ലെന്നു മനസ്സിലാക്കി മുന്നോട്ടു പോവുക.

ഭരണി

പ്രതിഭയും കർമശേഷിയുമുള്ളവരുമാണു ഭരണി ന ക്ഷത്രക്കാർ. പക്ഷേ, പലപ്പോഴും അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ ഈ വർഷം നേരിടേണ്ടി വരാം. ദോഷസമയമെന്നു സ്വയം തിരിച്ചറിഞ്ഞു മുന്നോട്ടു പോകണം. വിജയം ശ്രമസാധ്യമാണ്. കുറച്ചു ദുഷ്കരമായ ഉത്തരവാദിത്തങ്ങൾ മേലധികാരി ഏൽപ്പിക്കാനിടയുണ്ട്. സത്യസന്ധതയോടെ അതു പൂർത്തിയാക്കാൻ ശ്രമിക്കുക. വൃശ്ചികം, കുംഭം മാസങ്ങളിൽ പ്രതികൂല സാഹചര്യങ്ങൾ വർധിക്കാം. അതിനാൽ ഇക്കാലയളവിൽ ജോലിയിൽ കൂടുതൽ സൂക്ഷ്മത പുലർത്തുക.

കാർത്തിക

വിഷയങ്ങളെ ആഴത്തിൽ പഠിക്കാനും അപഗ്രഥിക്കാനുമുള്ള കഴിവ്, ഭരണതലത്തിൽ ശോഭിക്കാനുള്ള കാര്യശേഷി എന്നീ ഗുണങ്ങൾ ഉള്ളവരാണു കാർത്തിക നക്ഷത്രക്കാർ. ഏതു കാര്യം ഏറ്റെടുക്കാനും പൂർത്തിയാക്കാനും ഉള്ള ആസൂത്രണ മികവും പ്രാപ്തിയുമുണ്ടാകും. അതു സ്വയം തിരിച്ചറിയണം. സ്വന്തം കഴിവുകളേക്കാൾ കാര്യം നടത്താൻ മറ്റുള്ളവരെ ആശ്രയിക്കുന്ന രീതി ഉണ്ടാകാം. അതു കഴിവതും ഒഴിവാക്കാൻ ശ്രമിക്കുന്നത് ഈ വർഷം കരിയറിൽ ഗുണം ചെയ്യും. ധനു, മകരം, കുംഭം മാസങ്ങളിൽ കർമമേഖലയിൽ കൂടുതൽ ജാഗ്രത പുലർത്തുക.

രോഹിണി

കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്തവരാണ് രോഹിണി നക്ഷത്രക്കാർ.  കഷ്ടപ്പാടിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ല എന്ന സ്ഥിതി പൊതുവെ ഉണ്ടാകാറുണ്ട്. ഈ വർഷം അത്തരം സാഹചര്യങ്ങൾ അൽപം കൂടുതലാകാം. സ്വന്തം ചുമതലയിലുള്ള ജോലികൾ സൂക്ഷ്മതയോടെ ചെയ്യാൻ ഈ വർഷം ശ്രമിക്കണം. മറ്റുള്ളവരുടെ ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഒഴിവാ ക്കണം. മേടം, മിഥുനം മാസങ്ങളിൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

തുടരും