Thursday 10 October 2024 05:09 PM IST : By സ്വന്തം ലേഖകൻ

‘മകനെ എഴുത്തിനിരുത്തിയത് രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള അപ്പൂപ്പൻ’; കൊച്ചുമോനും വിദ്യാഭ്യാസമില്ലാതെ വരുമെന്ന ആശങ്കയിൽ കുടുംബം, മറുപടി

gahhhnviddd

"കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചത്. അതുകൊണ്ടു തന്നെ വീട്ടിലും ആകെ സന്തോഷമായിരുന്നു. എന്നാൽ ഇപ്പോൾ അൽപം വിഷമത്തിലാണ് ഞങ്ങൾ. എന്റെ മകനെ എഴുത്തിനിരുത്തിയത് എന്റെ  അച്ഛനാണ്. ക്ഷേത്രത്തിൽ കൊണ്ടുപോയി എഴുത്തിനിരുത്തണം  എന്നായിരുന്നു ആഗ്രഹം. കോവിഡ് കാലം ആയതിനാൽ നടന്നില്ല. എന്റെ അച്ഛന് 2–ാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസ യോഗ്യത. ഇപ്പോൾ അച്ഛനോട് ആരോ പറഞ്ഞു അച്ഛൻ എഴുതിപ്പിച്ചതുകൊണ്ട് കൊച്ചുമോനും വിദ്യാഭ്യാസമില്ലാതെ വരുമെന്ന്. അതുകേട്ട് അച്ഛൻ ആകെ വിഷമത്തിലാണ്. മോൻ ജനിച്ചത് 2018 സെപ്റ്റംബർ 14, 4.14pm നാണ്. നക്ഷത്രം കൂടി ഒന്നു പറയണേ." - കെ.എൻ. സുരേന്ദ്രൻ

വിശാഖമാണ് മോന്റെ നക്ഷത്രം. കോവിഡ് കാലത്ത് വിദ്യാരംഭവും വിവാഹവും അടക്കമുള്ള ചടങ്ങുകൾ  വളരെ കുറച്ച് ആളുകളെ മാത്രം ഉൾപ്പെടുത്തി വീട്ടിൽ തന്നെ നടത്തുന്നതാണ് ഉത്തമം. പണ്ട്  കാലങ്ങളിൽ ഇത്തരം ചടങ്ങുകള്‍ വീട്ടിൽ തന്നെയാണ് നടന്നു വന്നിരുന്നത്. വിവാഹം പോലും വീട്ടിൽ പന്തലിട്ടാണ്  നടത്തിയിരുന്നത്.  അതിനാൽ ക്ഷേത്രത്തിൽ വച്ച്  എഴുത്തിനിരുത്തൽ ചടങ്ങ് നടത്താനാകാത്തതിൽ  വിഷമിക്കേണ്ട ആവശ്യമില്ല.

ശരിക്കും നമ്മുടെയൊക്കെ അച്ഛനമ്മമാരാണ് കുട്ടികളെ എഴുത്തിനിരുത്താൻ ഏറ്റവും യോഗ്യർ. അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും അമ്മയുമൊക്കെ ദൈവതുല്യർ തന്നെയാണ്. അപ്പൂപ്പന്റെ വിദ്യാഭ്യാസ യോഗ്യതയേക്കാൾ കൊച്ചുമകൻ ഏറ്റവും ഉയർന്നു വരണം എന്നുള്ള ആഗ്രഹവും പ്രാർഥനയുമാണ് വലുതെന്ന് മനസ്സിലാക്കൂ.

ഇവിടെ ക്ഷേത്രങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ നമ്മൾ ആദ്യാക്ഷരം കുറിപ്പിക്കുമ്പോൾ എഴുതിപ്പിക്കുന്ന ആളുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് ഒന്നും വാങ്ങി നോക്കിയിട്ടല്ലല്ലോ  അത് ചെയ്യുന്നത്.  നിങ്ങളുടെ അച്ഛനോട് ഒരു വിഷമവും വേണ്ട എന്നു പറയൂ. അദ്ദേഹം എഴുതിപ്പിച്ച ആ കൊച്ചുമകൻ ഏറ്റവും ഉന്നതമായ സ്ഥാനത്ത് തന്നെയെത്തും.

നക്ഷത്ര വിശേഷം ചോതി

മറ്റുള്ളവരുടെ ദുഃഖത്തിൽ വല്ലാതെ വിഷമിക്കുന്ന ഒരു സ്വഭാവരീതിയുണ്ട്.  നിസാര കാര്യങ്ങളെ ചൊല്ലി വിഷമിക്കുന്ന സ്വഭാവരീതി മാറ്റാൻ ശ്രമിക്കുക.  

സുഹൃദ്ബന്ധങ്ങൾ മൂലം കുറെയേറെ വിഷമങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാൻ ഇടയുണ്ട്. ഭാവിജീവിതത്തെ  ആവശ്യമില്ലാത്ത കുറെയേറെ ആശങ്കകൾ ഉണ്ടാകും.  

ആരെയും സഹായിക്കുന്നതിന് ശ്രമിക്കുകയും സഹായം പറ്റുന്നവരിൽ നിന്നു തന്നെ  മോശമായ. അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. ശരീരംകൊണ്ട്  ആയാസപ്പെടുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മടി കാട്ടും. നീതിക്കും ന്യായത്തിനും നിരക്കാത്ത പ്രവർത്തനങ്ങളിൽ കഴിവതും ഏർപ്പെടാറില്ല. എല്ലാവരെയും ഉപദേശിക്കുന്ന സ്വഭാവരീതി ഉണ്ടാകാം.  

എടുത്തുചാട്ട സ്വഭാവം നിയന്ത്രിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.  തുറന്നടിച്ച് സംസാരിക്കുന്ന സ്വഭാവം ഒന്നു നിയന്ത്രിക്കുന്നതും നല്ലതാണ്.  ആദ്യമാദ്യം അഭിപ്രായ വ്യത്യാസമുണ്ടാക്കുന്ന ആളുകളുമായി  പിന്നീട് വലിയ സൗഹൃദങ്ങൾ സ്ഥാപിക്കും. ചെലവുകൾ നല്ലതുപോലെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഗുണകരമാണ്.  ആകർഷകമായ വ്യക്തിത്വം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും.