Wednesday 10 January 2018 02:04 PM IST : By പെരിങ്ങോട് ശങ്കരനാരായണൻ

നിങ്ങളുടെ രാശി ടോറസാണോ? എടുത്തുചാടി കുഴിയിൽ വീഴല്ലേ!

Jothisha-mar1,17.indd

ഇടവം – ടോറസ് (ഏപ്രിൽ 21 – മേയ് 21)

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പൊതുവെ മടിയുള്ളവരാണ് ടോറസ് രാശിക്കാർ. ഏവരേയും വരച്ച വരയിൽ നിർത്തുന്ന ഇവർ നേതൃനിരയിലെത്താൻ കഴിവുള്ളവരാകുന്നു. സൗമ്യ പ്രകൃതക്കാരാണെങ്കിലും ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യപ്പെടുന്നവരാണ്.

സൗന്ദര്യബോധമുള്ള ഇവർ കലാവാസനയുള്ളവരുമായിരിക്കും. വീട്ടുകാരോടും വീടിനോടും അമിത സ്നേഹം പുലർത്തുന്നവരുമായിരിക്കും. സമയനിഷ്ഠയും വാക്ചാതുര്യവും ഉള്ളവരായിരിക്കും. സുഹൃത്തുക്കൾ ഇവരുടെ ദൗർബല്യമാണ്. പൊതുവെ സാത്വികരും ആത്മവിശ്വാസമുള്ളവരുമായിരിക്കും. ചുറ്റുപാടുകൾക്കനുസരിച്ച് പെരുമാറാൻ പറ്റുന്നവരാണ്. ഭക്തിയും ദൈവഭയമുള്ളവരുമാണിവർ.  

ടോറസ് രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഗൃഹസുഖക്കുറവും  മാതൃജനാരിഷ്ടവും സൽകീർത്തിയും മാർച്ച്– ഏപ്രിൽ മാസങ്ങളിൽ പ്രശസ്തിയും പരീക്ഷകളിൽ സമുന്നത വിജയവും കർമലബ്ധിയും മേയ്– ജൂണിൽ ശത്രുശല്യവും ഗൃഹത്തിൽ നിന്നു മാറിത്താമസവും ഉദ്യോഗത്തിൽ അസ്വസ്ഥതയും സന്താനാരിഷ്ടവും ജൂലൈ – ഓഗസ്റ്റിൽ സ്ഥാനമാന ലബ്ധിയും ഐശ്വര്യവും  സെപ്റ്റംബർ – ഒക്ടോബറിൽ ഗൃഹസുഖക്കുറവും നവീന വസ്ത്രരത്നാഭരണ ലാഭവും വിവാഹസിദ്ധിയും നവംബർ–ഡിസംബർ മാസങ്ങളിൽ വ്യവഹാര വിജയം, ഔഷധ സേവ ഇവ ഫലമാകുന്നു.

സാമാന്യഫലം

നവീന ഗൃഹാരംഭ പ്രവർത്തനം, വിദേശധനഭാഗ്യം, വിലപ്പെട്ട പ്രമാണങ്ങളിലൊപ്പുവയ്ക്കൽ, കലാസാഹിത്യപ്രവർത്തനം മൂലം ഗുണാനുഭവം, സന്താനഭാഗ്യം, കുടുംബ സൗഖ്യം, മേലധികാരികളിൽ നിന്ന് നീരസം സമ്പാദിക്കൽ, പല സ്രോതസുകളിൽ നിന്നു പണം വന്നുചേരൽ, ലഹരി പദാർഥങ്ങളോട് വൈമുഖ്യം, വ്യവഹാരവിജയം ഇവ പ്രതീക്ഷിക്കാം.

ദേവീക്ഷേത്രത്തിൽ കുങ്കുമാർച്ചന, ശിവക്ഷേത്രത്തിൽ ധാര, പിൻവിളക്ക്, കൂവളമാല ചാർത്തൽ, ഇളനീരഭിഷേകം, വിഷ്ണുക്ഷേത്രത്തിൽ വിഷ്ണുവിന്  പാൽപ്പായസം, ചന്ദനം ചാർത്തൽ, ഇളനീരഭിഷേകം, വ്യാഴാഴ്ച ഒരിക്കൽ, അരയാൽ പ്രദക്ഷിണം, ഭാഗ്യസൂക്തം മന്ത്രംകൊണ്ട് അർച്ചന ഇവ ദോഷപരിഹാരങ്ങളാകുന്നു.

ടോറസ് – ജൂഡ് ആന്റണി ജോസഫ്

ആത്മാർഥത കൂടുതലും  മുൻകോപവുമാണ് ഞങ്ങളുടെ പ്രശ്നം. ചില കാര്യങ്ങളിൽ മുൻപിൻ നോക്കാതെ പ്രതികരിച്ചിട്ട്, പിന്നീട് ഞാൻ തന്നെയാണോ ഇതു പറഞ്ഞതെന്നോർത്ത് വിഷമിക്കാറുണ്ട്. സൗഹൃദമുണ്ടാക്കാനും അതു നിലനിർത്താനും ഞങ്ങളെക്കഴിഞ്ഞേ മറ്റാരുമുള്ളൂ.