‘താടിയും മുടിയും ട്രിം ചെയ്യുന്നതിനൊപ്പം പുരികം ഗ്രൂം ചെയ്യാൻ മറക്കേണ്ട’; ‘മെൻ മേക്കപ്’ എങ്ങനെ വേണമെന്ന് അറിഞ്ഞോളൂ...

Mail This Article
‘എന്റെ സ്കിൻ, എന്റെയീ ഫെയ്സ്...’ ഇതൊക്കെ സുന്ദരവും സൂപ്പറും ആ ക്കണമെന്ന ചിന്ത പുരുഷന്മാർക്കല്ലേ ഇപ്പോൾ കൂടുതൽ ? അതുകൊണ്ടു തന്നെ അവർ ഗ്രൂമിങ്ങിനും മേക്കപ്പിനും പ്രാധാന്യം നൽകിത്തുടങ്ങി. സോ ഗയ്സ്, ഔദ്യോഗിക മീറ്റിങ്ങിനായാലും ഡേറ്റിങ്ങിനായാലും ആത്മവിശ്വാസത്തോടെ തിളങ്ങാൻ മേക്കപ്പിനെ ഫ്രണ്ട്സ് ലിസ്റ്റിൽ ചേർത്തോളൂ.
പുരുഷന്മാർക്കുള്ള ബേസിക് മേക്കപ്പിന്റെ ഘട്ടങ്ങളും ആവശ്യമായ മേക്കപ് ഉൽപ്പന്നങ്ങളും ചർമസംരക്ഷണത്തിനുള്ള നുറുങ്ങുകളും അറിഞ്ഞു വയ്ക്കാം സ്വാഭാവിക സൗന്ദര്യത്തെ കൂടുതൽ തിളക്കമാർന്നതാക്കാൻ ഒട്ടും വൈകേണ്ട.
മേക്കപ് തുടങ്ങും മുൻപ്
∙ നാചുറൽ ലൈറ്റിങ്ങിൽ വേണം മേക്കപ്. അല്ലെങ്കിൽ ഒരുങ്ങിയിറങ്ങുമ്പോൾ മേക്കപ് അമിതമായ പോലെ തോന്നാം.
∙ രാവിലെ ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം വൃത്തിയാക്കിയ ശേഷം ഒരു ഐസ് ക്യൂബ് ചർമത്തിൽ മെല്ലെ ഉരസാം. ചർമ സുഷിരങ്ങൾ അടയാൻ ഇതു സ ഹായിക്കും. മേക്കപ്പിനു ഫിനിഷിങ്ങും ലഭിക്കും.
∙ ഉപയോഗ ശേഷമുള്ള രണ്ടു ഗ്രീൻ ടീ ഫ്രിജിൽ വച്ചു തണുപ്പിച്ചു കണ്ണിനു മുകളിൽ വയ്ക്കാം. കണ്ണിനടിയിലെ തടിപ്പ് അകറ്റാനും കണ്ണിന് ഉണർവ് നൽകാനും ന ല്ല വഴിയാണിത്. പ്രസരിപ്പ് നിറഞ്ഞ കണ്ണുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മേക്കപ് തുടങ്ങിയാലോ ?
മേക്കപ് അണിഞ്ഞുട്ടുണ്ടെന്നു പെട്ടെന്നു തിരിച്ചറിയാത്ത ഇൻവിസിബിൾ മേക്കപ് ആണ് പുരുഷന്മാർ കൂടുതലും ആഗ്രഹിക്കുന്നത്. അതിനുള്ള ഘട്ടങ്ങളിതാ...
മുഖം വൃത്തിയാക്കാം: വൃത്തിയുള്ള ചർമത്തിൽ വേ ണം മേക്കപ് ചെയ്യാൻ. ഫെയ്സ് വാഷ് അല്ലെങ്കിൽ ക്ലെ ൻസർ ഉപയോഗിച്ചു മുഖം കഴുകി ഈർപ്പം ഒപ്പി മാറ്റുക. ശേഷം ലൈറ്റ് വെയ്റ്റ് മോയിസ്ചറൈസറോ ഹൈഡ്രേറ്റിങ് ഫെയ്സ് മിസ്റ്റോ ഉപയോഗിക്കാം.

ബേസ് വേണമല്ലോ: മേക്കപ്പിന്റെ അടിത്തറയാണ് പ്രൈമർ. ചർമസുഷിരങ്ങൾ പ്രകടമാകാതിരിക്കാനും മേക്കപ് ഏറെ നേരം നിലനിൽക്കാനും പ്രൈമർ വേണം.
ഒരു ടിപ് പറയാം, മേക്കപ് പ്രൊഡക്റ്റ്സിൽ വില യേക്കാൾ ഗുണമേന്മയ്ക്കു മുൻതൂക്കം നൽകേണ്ട ഉൽപന്നമാണു പ്രൈമർ.
ഫൗണ്ടേഷൻ മാറ്റിനിർത്താം : സ്വാഭാവിക ലുക്ക് കിട്ടാൻ ടിന്റഡ് മോയിസ്ചറൈസർ ഉപയോഗിച്ചാൽ മതി. ഫൗണ്ടേഷൻ കൃത്യമായി തിരഞ്ഞെടുക്കുകയും നേർമയായി ഉപയോഗിക്കുകയും ചെയ്തില്ലെങ്കിൽ ‘ഒാവർ’ ആയി തോന്നാം. ബിബി ക്രീം (ബ്ലെമിഷ് ബാം ക്രീം/ബ്യൂട്ടി ബാം ക്രീം) പുരട്ടുന്നതും സ്വാഭാവിക ലുക് നൽകും.
മറയ്ക്കാൻ കൺസീലർ : കറുത്ത പാടുകൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പ് എന്നിവ മറയ്ക്കാനായി ലൈറ്റ് വെയ്റ്റ് കൺസീലർ ഉപയോഗിക്കാം. പാടുകളിൽ കൺസീലർ തൊട്ടു വച്ചു ചർമവുമായി യോജിപ്പിക്കണം.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കൺസീലർ മാത്രം ഉപയോഗിച്ചാൽ ഇരുളിമയുള്ള ഭാഗങ്ങൾ ഗ്രേ ടോണിലാകാം. കണ്ണിനടിയിലെ ചുളിവും കുഴിവും എടുത്തറിയാനും ഇടയാക്കാം. അതിനാൽ പീച്ച് കളർ കറക്ടേഴ്സ് ഉപയോഗിച്ചശേഷം കൺസീലർ പുരട്ടുന്നതാണ് നല്ലത്. അതല്ലെങ്കിൽ ഡാർക്കർ കൺസീലർ ഉപയോഗിക്കുക.
പുരികത്തിന്റെ ഭംഗി മുഖ്യം : മുഖത്തിന്റെ ആകൃതിയും സൗന്ദര്യവും നിശ്ചയിക്കുന്നതിൽ പുരികത്തിന്റെ ഭംഗിയും രൂപവും വളരെ വലുതാണ്. ബ്രോ ജെൽ ഉപയോഗിച്ച് പുരികം ഡിഫൈൻ ചെയ്യണം. പുരികത്തിലെ ഇടയ്ക്കുള്ള ഗ്യാപ് മാറ്റാൻ ബ്രോ പെൻസിലും വേണ്ടിവരാം. പുരികത്തിന്റെ നടുഭാഗം മുതൽ അറ്റം വരെ ബ്രോ പെൻസിൽ നേർമയായി ഫിൽ ചെയ്തു കൊടുക്കുക.
കണ്ണിനഴകിന് മസ്കാര : ക്ലിയർ മസ്കാര കൺപീലിയിൽ അണിഞ്ഞാൽ കണ്ണിനു സ്വാഭാവിക ഭംഗി ലഭിക്കും.
ചുണ്ടിൽ ലിപ് ബാം : ചുണ്ടുകൾ മൃദുലമാകാൻ ഹൈഡ്രേറ്റിങ് ലിപ് ബാം പുരട്ടാം. സ്വാഭാവിക നിറത്തിലുള്ള ലിപ് ടിന്റുകൾ പുരട്ടുകയുമാകാം.
സെറ്റിങ് സ്പ്രേ : മേക്കപ്പിന്റെ അവസാനപടിയാണ് സെറ്റിങ് സ്പ്രേ. കവിളിലെ ചീക് ബോൺസിലും നെറ്റിയുടെ വശങ്ങളിലും ബ്രോൺസ് അണിഞ്ഞ് കോംപാക്ട് പൗഡർ നേർമായി ഉപയോഗിച്ച ശേഷവും സെറ്റിങ് സ്പ്രേ ഉപയോഗിച്ച് മേക്കപ് ഫിനിഷ് ചെയ്യാം.
സ്പെഷൽ ഡേയുടെ തലേന്നാൾ
മേക്കപ് അണിഞ്ഞു മിനുങ്ങേണ്ട സ്പെഷൽ ദിവസത്തിന്റെ തലേ ദിവസമാണ് പ്രപ് ഡേ. ഹാൻസം ജെന്റിൽമാൻ ആയി ഒരുങ്ങാൻ തലേരാത്രിയിൽ പ്രിപയർ ചെയ്യേണ്ട ചിലതുണ്ട്.
∙ ചർമത്തിലെ മൃതകോശങ്ങളും ബ്ലാക്ക് ഹെഡ്‌സും അകറ്റാനായി സ്ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ഇനി ഒരു ഹൈഡ്രേറ്റിങ് മാസ്ക് കൂടി അണിയാം.
∙ ധാരാളം വെള്ളം കുടിക്കണം. പ്രപ് ഡേയിൽ മാത്രമല്ല, എല്ലാ ദിവസവും മൂന്നു ലീറ്റർ വെള്ളം കുടിക്കുന്നതു ചർമത്തിന്റെ തിളക്കവും യുവത്വവും കാക്കും.
∙ താടിയും മുടിയും ട്രിം ചെയ്തു ഭംഗിയാക്കി വയ്ക്കണം. പുരികം ഗ്രൂം ചെയ്യാനും മറക്കേണ്ട. ട്വീസേഴ്സ് ഉപയോഗിച്ച് പുരികത്തിന്റെ വശങ്ങളിലുള്ള അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാം. തനിയെ ചെയ്യാനുള്ള ആത്മവിശ്വാസമില്ലെങ്കിൽ സലോണിലേക്കു വിട്ടോളൂ...
∙ ചർമത്തിനു ചേരുന്ന നിറത്തിലുള്ള ഔട്ട് ഫിറ്റ് തിരഞ്ഞെടുക്കുന്നതിലുമുണ്ടു കാര്യം. വസ്ത്രം അവസരത്തിനു ചേരും വിധവും ആകണം.
∙ ഏറെനേരം നിലനിൽക്കുന്ന സുഗന്ധമുള്ള പെര്‍ഫ്യൂം തിരഞ്ഞെടുക്കണം. അണിഞ്ഞൊരുങ്ങലിന്റെ അവസാനപടിയായി പെർഫ്യൂം ഉപയോഗിക്കാം. ചൂടുകാലത്ത് ശരീരം പെട്ടെന്നു വിയർക്കാനും ദുർഗന്ധം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ പെർഫ്യൂം ഒപ്പം കരുതിക്കോളൂ.
ഉറങ്ങിയുണരുമ്പോൾ വരും തിളക്കം
മുഖത്തിന് ഒരു ഗ്ലോ ഒക്കെ വേണ്ടേ... അതിനു വീട്ടിൽ ത ന്നെ ചെയ്യാവുന്ന സിംപിൾ വഴികൾ ഉണ്ട്.
∙ ഒരു ചെറിയ സ്പൂൺ തേനിൽ മൂന്നു തുള്ളി നാരങ്ങാനീര് ചേർത്തു യോജിപ്പിച്ചു മുഖത്തു പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.
∙ മുഖത്ത് അലോവെര ജെൽ പുരട്ടി രാത്രി ഉറങ്ങാം. പിറ്റേന്ന് ചർമം മൃദുലവും തുടുത്തതുമാകും.
∙ പൊതുവെ അൽപം വരണ്ടതാണ് മിക്ക പുരുഷന്മാരുടെ ചർമം. ഈ വരൾച്ചയെ തോൽപ്പിക്കാൻ മൂന്നു വലിയ സ്പൂൺ ഏത്തപ്പഴം ഉടച്ചതും അൽപം വെളിച്ചെണ്ണയും യോജിപ്പിച്ച് മുഖത്ത് അണിയാം. 10 മിനിറ്റിന് ശേഷം വെള്ളം മാത്രം ഉപയോഗിച്ചു മുഖം കഴുകി കിടക്കാം.
∙ ഒരു മുട്ടയുടെ വെള്ളയിലേക്കു രണ്ടു വലിയ സ്പൂൺ ഓറഞ്ച് നീര് ചേർക്കുക. ഇതു യോജിപ്പിച്ചു പുരട്ടി 15 മിനിറ്റിന് ശേഷം കഴുകാം. മറ്റൊരു രീതിയിലും ഈ മാസ്ക് അണിയാം. ടിഷ്യൂ പേപ്പർ കഷണങ്ങളാക്കി മുഖത്തു വച്ചു മുട്ടവെള്ള - ഓറഞ്ച് മിശ്രിതം അൽപം വീതം പുരട്ടുക. വീണ്ടും ടിഷ്യു പേപ്പർ ലെയർ ചെയ്തു മിശ്രിതം പുരട്ടുക. ടിഷ്യൂ പേപ്പർ ഉണങ്ങിയശേഷം മുഖത്തു നിന്നു മാറ്റാം.
ചില ക്വിക്ക് ഫിക്സസ്
∙ ബ്ലോട്ടിങ് പേപ്പർ കയ്യിൽ വച്ചോളൂ. മുഖത്തെ എണ്ണമയം ഒപ്പി എടുക്കാൻ ഇതുപയോഗിക്കാം.
∙ മുഖത്തെ എണ്ണമയം അകറ്റാൻ മറ്റൊരു വഴി ട്രാൻസ്‌ലൂസന്റ് കോംപാക്ട് പൗഡർ ഉപയോഗിക്കുക എന്നതാണ്. ഇത് അൽപം മാത്രമെടുത്ത് മുഖത്തു ബ്രഷ് ചെയ്താൽ എണ്ണമയം അകലും. മേക്കപ് ഫ്രഷ് ആയിരിക്കും.
∙ ചുണ്ടിന്റെ വരൾച്ച അകറ്റുന്ന ലിപ് ബാം എപ്പോഴും വേണ്ട ഒന്നാണ്. സ്വാഭാവിക നിറമുള്ള ടിന്റഡ് ലിപ് ബാം ആയാൽ കൂടുതൽ നല്ലത്.
∙ ഹൈഡ്രേറ്റിങ് ഫെയ്സ് മിസ്റ്റ് ഇടയ്ക്കിടെ മുഖത്ത് സ്പ്രേ ചെയുന്നത് ചർമം ഏറെ നേരം ഉന്മേഷത്തോടെ യിരിക്കാൻ സഹായിക്കും.
∙ സ്പോട് കൺസീലർ കരുതുന്നതും നല്ലതാണ്. മേക്കപ്പ് എവിടെങ്കിലും പാടുകൾ തെളിഞ്ഞു വന്നാലോ കൺസീലർ ഉപയോഗിച്ച് പെട്ടെന്ന് ഫിക്സ് ചെയ്യാം.
സ്കിൻ കെയർ റുട്ടീൻ വേണം
ചർമപരിപാലനം ഇതുവരെ തുടങ്ങിയില്ലെങ്കിൽ ഇനി ഒട്ടും കാത്തു നിൽക്കേണ്ട. പെർഫക്ട് മേക്കപ് ലുക്ക് നേടാൻ കട്ടയ്ക്കു കൂടെ നിൽക്കുന്ന സ്കിൻ കെയർ റുട്ടീൻ വേണം. രാവിലെയും വൈകിട്ടും മുഖം സോപ്പിട്ടു കഴുകുന്നതല്ല ചർമ പരിപാലനം. പതിവായി ചില കാര്യങ്ങളുണ്ട്, അതിനു ചില ചിട്ടവട്ടങ്ങളുമുണ്ട്.
ഫെയ്സ് വാഷ് : മുഖം കഴുകാൻ ഫെയ്സ് വാഷ് തന്നെ തിരഞ്ഞെടുക്കണം. ചർമത്തിന്റെ സ്വഭാവം അനുസരിച്ച് യോജിക്കുന്ന ഫെയ്സ് വാഷ് വാങ്ങുക, രാവിലെയും വൈകിട്ടും ഈ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. ചർമത്തിലെ അഴുക്കും വിയർപ്പും അകറ്റാനുള്ള വഴിയാണിത്.
ടോണർ : മോണിങ് സ്കിൻ കെയർ റുട്ടീന്റെ ഭാഗമാണ് ടോണർ. ചർമത്തിന്റെ പിഎച്ച് നില ബാലൻസ് ചെയ്യാനും വലിയ ചർമസുഷിരങ്ങൾ ചുരുക്കാനുമൊക്കെയാണു ടോണർ സാധാരണയായി ഉപയോഗിക്കുന്നത്. വേണമെങ്കിൽ മാത്രം ടോണ ർ ഉപയോഗിച്ചാൽ മതി.
സീറം : ചർമപ്രശ്നങ്ങളെ പരിഹരിക്കാനുതകുന്ന സീറം നൈറ്റ് സ്കിൻ റുട്ടീനിൽ ഉൾപ്പെടുത്താം. പ്രായാധിക്യത്തെ തട യാനുള്ള പെപ്റ്റൈഡ്, ചർമത്തിലെ ജലാംശം കാക്കുന്ന ഹയലുറോണിക് ആസിഡ് എന്നിങ്ങനെ സീറം പല വിധമുണ്ട്.
മോയിസ്ചറൈസർ : രാവിലെ ടോണറിനു ശേഷവും രാത്രിയിൽ സീറം പുരട്ടിയശേഷവുമാണ് മോയിസ്ചറൈസർ പുരട്ടേണ്ടത്. വരണ്ട ചർമമുള്ളവർ ഓയിൽ ബേസ്ഡ് മോയിസ്ചറൈസറും എണ്ണമയമുള്ള ചർമക്കാർ ജെൽ ബേസ്‍ഡ് മോയിസ്ചറൈസറും ഉപയോഗിക്കുക. രാത്രിയിൽ നൈറ്റ് ക്രീം ആയാലും മതി.
സൺസ്ക്രീൻ : സ്ക്രീനില്‍ നിന്നു വരുന്ന അൾട്രാവയലറ്റ് രശ്മികൾ പോലും ചർമത്തെ ബാധിക്കാം. വീട്ടിൽ നിന്നു പുറത്തു പോകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ സൺസ്ക്രീൻ പുരട്ടണം.
മേക്കപ് അണിയുന്ന ദിവസങ്ങളിൽ നൈറ്റ് സ്കിൻ കെയർ റൂട്ടീനിൽ ഡബിൾ ക്ലെൻസിങ് വേണം. മേക്കപ് റിമൂവർ അല്ലെങ്കിൽ ക്ലെൻസിങ് ഓയിൽ ഉപയോഗിച്ച് മേക്കപ് നീക്കിയശേഷം ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകുക.
വിവരങ്ങൾക്കു കടപ്പാട് : ബിന്ദു മാമ്മൻ, അഡ്വാൻസ് ഡിപ്ലോമ ഇൻ കോസ്മറ്റോളജി കോസ്മറ്റോളജി, മേക്കപ് ആർട്ടിസ്റ്റ്, ആൽക്കമീ സലോൺ, ആലുവ, കോട്ടയം