ADVERTISEMENT

ജോലിക്കാര്യം ജോലിസ്ഥലത്ത് ഉപേക്ഷിച്ചിട്ട് വരണം. അത് വീട്ടിലേക്ക് കൊണ്ടുവരരുത് എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ ഇത് എല്ലാവർക്കും സാധ്യമാണോ? പ്രത്യേകിച്ചും വളരെയധികം സമ്മർദ്ദമുള്ള ജോലി ചെയ്യുന്നവർക്ക് സ്വിച്ച് ഇട്ട പോലെ ജോലിക്കാര്യം ഇത്ര സമയം കഴിഞ്ഞ് ചിന്തിക്കില്ലെന്ന് വിചാരിക്കാൻ നല്ല ബുദ്ധിമുട്ടാകും. തൊഴിലിടങ്ങൾ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങള്‍ ലോകരാജ്യങ്ങളുടെ വാർഷികോത്പാദനം പത്തു ശതമാനത്തോളം കുറയ്ക്കാൻ ഇടയാക്കുന്നുണ്ട്. സമയ പരിമിധികൾ, അവനവന്റെ നിയന്ത്രണത്തിനു പുറമേയുള്ള ഘടകങ്ങളുടെ ആധിക്യം, പൊതുവേയുള്ള അനിശ്ചിതത്വങ്ങൾ തുടങ്ങിയവ പല തോഴിലിടങ്ങളേയും കൂടുതൽ സമ്മർദ്ദമുള്ളവയാക്കി മാറ്റുന്നുണ്ട്. തളർച്ച, വിമുഖത, ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്നൊരു മാനസികാവസ്ഥ, ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരിക, പ്രചോദനത്തിന്റെ ഇല്ലായ്മ... തുടങ്ങി ജോലിക്കാര്യം കൊണ്ടുള്ള ‘ബേൺഔട്ട്’ പല ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം.  

ഒരാൾ ഉദ്ദേശിക്കുന്ന കാര്യം മറ്റുചിലരുടെ ഇഷ്ടാനിഷ്ടങ്ങൾ കാരണം ചെയ്യാൻ സാധിക്കാതെ വരിക, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും സ്വന്തം അഭിപ്രായം പറയാൻ സാധിക്കാതെ വരിക, എല്ലാ തീരുമാനങ്ങളും തൊഴിൽദാതാക്കൾ ഒരാൾക്കു മേലേ അടിച്ചേൽപ്പിക്കുക, സഹപ്രവർത്തകരുടേയും മേലധികാരികളുടേയും നിസ്സഹകരണം, അധ്വാനത്തിന് അനുയോജ്യമായ പ്രതിഫലം ലഭിക്കാതെ വരിക, പറഞ്ഞ സമയത്തിനപ്പുറവും ജോലിയെടുക്കേണ്ടിവരിക തുടങ്ങിയവയൊക്കെയും ഒരാൾക്ക് അയാളുടെ ജോലി കൂടുതൽ ക്ലേശകരമാക്കുന്ന ഘടകങ്ങളാണ്.

ADVERTISEMENT

ഓർക്കേണ്ടൊരു കാര്യം എന്തെന്നാൽ തൊഴിൽ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങൾ എല്ലാവരേയും ഒരുപോലെയല്ല ബാധിക്കുക. ഒരാളുടെ ആരോഗ്യസ്ഥിതി, വ്യക്തിത്വം, ജീവിതരീതി, വിദ്യാഭ്യാസം, സാമ്പത്തികനില, ജോലി ചെയ്യുന്ന രീതി, മുന്നനുഭവങ്ങൾ, വീട്ടിലെയും ചുറ്റുപാടിലേയും അന്തരീക്ഷം തുടങ്ങി പലതും ഒരാളെ സമ്മർദ്ദം എങ്ങനെ ബാധിക്കുമെന്നതിനെ സ്വാധീനിക്കാം.

നിങ്ങളുടെ ജോലി സമ്മർദ്ദജനകമാകുന്നുണ്ടോ എന്ന് പരിശോധിക്കാം:

ADVERTISEMENT

താഴേക്കാണുന്ന മൂന്ന് ചോദ്യങ്ങൾക്കും ‘അതെ’ എന്നോ ‘ഇല്ല’ എന്നോ ഉത്തരം നൽകുക.

കാഠിന്യം

ADVERTISEMENT

a. എന്റെ ജോലി അതികഠിനമാണ്.

b. വളരെയധികം ജോലികൾ ചെയ്തു തീർക്കാൻ നിർബന്ധിതരാകുന്നു.

c. ജോലി മുഴുവൻ ചെയ്തു തീർക്കാൻ വേണ്ടത്ര സമയം എനിക്കു കിട്ടാറില്ല.

  • നിയന്ത്രണം

    a. ഞാൻ ചെയ്യുന്ന ജോലിയിൽ അത്യാവശ്യം വൈവിധ്യങ്ങൾ ഉണ്ട്.

    b. എന്റെ ജോലി എനിക്ക് സർഗവൈഭവം പ്രകടിപ്പിക്കാനുള്ള അവസരം തരുന്നുണ്ട്.

    c. എന്റെ ജോലി എനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ട്.

    d. ജോലിസ്ഥലത്തു നടക്കുന്ന കാര്യങ്ങളെ പറ്റി എനിക്ക് മറ്റുള്ളവരോട് ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കുവാനുണ്ടാകാറുണ്ട്.

    e. ഞാനെന്റെ ജോലി എങ്ങനെ ചെയ്യുന്നു എന്നു നിശ്ചയിക്കാനുള്ള പൂർണ സ്വാതന്ത്ര്യം എനിക്കുണ്ട്.

  • പിന്തുണ

    a. എന്റെ സഹപ്രവർത്തകർ സഹായമനസ്കതയുള്ളവരാണ്.

    b. എന്റെ സഹപ്രവർത്തകർ എന്റെ കാര്യങ്ങളിൽ വ്യക്തിപരമായ താൽപര്യം കാണിക്കാറുണ്ട്.

    c. എന്റെ മേലുദ്ദ്യേഗർ സഹായമനസ്തിഥിയുള്ള വ്യക്തികളാണ്.

    എന്റെ മേലുദ്ദ്യേഗസ്ഥർ എന്റെ ഉന്നമനം കാംക്ഷിക്കുന്നവരാണ്.

    ‘അതെ’ എന്ന ഓരോ ഉത്തരത്തിനും ഒരു മാർക്ക് വീതം ഇടുക. എന്നിട്ട് കഠിന്യം, നിയന്ത്രണം, പിന്തുണ എന്നീ ഭാഗങ്ങൾക്ക് എത്ര മാർക്ക് വീതം കിട്ടി എന്നു കൂട്ടി നോക്കുക. കിട്ടിയ മാർക്കുകളുടെ ഫലം അറിയാൻ താഴയുള്ള സൂചിക വായിക്കാം.

    എന്റെ ജോലിയുടെ കാഠിന്യം........

    (0–1: കുറവാണ്, 2–3: കൂടുതലാണ്)

    എന്റെ ജോലിക്കു മേൽ എനിക്ക് നിയന്ത്രണം.......

    (0–2: കുറവാണ്, 2–3: കൂടുതലാണ്)

    ജോലി സ്ഥലത്ത് എനിക്കു കിട്ടുന്ന പിന്തുണ........

    (0–1: വളരെ കുറവാണ്, 2: വലിയ കുഴപ്പമില്ലാത്തതാണ്, 3–4: വളരെ മികച്ചതാണ്)

    കാഠിന്യം അധികമാണെന്നോ, നിയന്ത്രണമോ പിന്തുണയോ കുറവാണെന്നോ സൂചന കിട്ടിയവർക്ക് മാനസികസമ്മർദ്ദവും അനുബന്ധപ്രശ്നങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

    വിവരങ്ങൾക്കു കടപ്പാട്: ഡോ. ഷാഹുൽ അമീൻ, സൈക്യാട്രിസ്റ്റ്, സെന്റ് തോമസ് ഹോസ്പിറ്റൽ,  ചങ്ങനാശ്ശേരി.

    ADVERTISEMENT