ഗൗരി നൽകിയത് ഞാനെന്റെ ശരീരം മാത്രമല്ല എന്ന ചുട്ട മറുപടി: ബോഡി ഷെയ്മിങ്ങ് കുശലാന്വേഷണമല്ല Fighting Body Shaming: A Collective Responsibility
Mail This Article
ഒരു മുറി നിറയെ ആളുകൾ തനിക്കെതിരെ നിന്നിട്ടും ഉറച്ച ശബ്ദത്തിൽ ‘നിങ്ങളീ ചെയ്യുന്നത് ബോഡി ഷെയിമിങ്ങ് ആണ്. അത് തെറ്റാണെന്ന്’ വിളിച്ചു പറഞ്ഞ നടി ഗൗരി കിഷന്റെ വീഡിയോ നമ്മളിൽ പലരും കണ്ടതാണ്.
ഇന്നാട്ടിൽ കുശലാന്വേഷണം പോലും ഒരാളുടെ പൊക്കത്തേയും ശാരീരികഘടനയേയും നിറത്തേയും ഒക്കെ കളിയാക്കുന്ന രീതിയിൽ നോർമലൈസ് ചെയ്യപ്പെടട്ടിട്ടുണ്ട്. ഒരാളെ കളിയാക്കി അതിൽ രസം കാണുന്ന ക്രൂരത തന്നെയാണിത്. അതിനോടാണ് ഗൗരിയുൾപ്പെടെയുള്ള പുതു സമൂഹം ‘നോ’ എന്ന് ശക്തമായി പറയുന്നത്. ഇത്രയും നാൾ പറഞ്ഞതു പറഞ്ഞു ചോദിച്ചതു ചോദിച്ചു ഇനിയങ്ങോട്ട് അതു വേണ്ട എന്ന ‘നോ’ ആണ് അത്.
‘നീയങ്ങ് മെലിഞ്ഞു പോയല്ലോ’,‘വണ്ണം വച്ചല്ലോ’ എന്നൊക്കെ പറയുന്നത് ഒരു തമാശയായി കണ്ടൂടേ... ഇതൊക്കെ വെറുമൊരു ഉപചാര സംഭാക്ഷണത്തിന്റെ ഭാഗമല്ലേ... ഇത്ര കാര്യമാക്കണോ എന്നൊക്കെ ന്യായം പറയുന്നവരുണ്ട്. എന്നാൽ കേൾക്കുന്നയാളുകളുടെ മനസിൽ ഇത്തരം വാക്കുക്കൾ ഉണ്ടാക്കുന്ന മുറിവിന്റെ ആഴത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ചെറുപ്പത്തിൽ കേട്ട ഇത്തരം ഒരു മുനവെച്ച വാചകം വലുതായാലും മറക്കാൻ പറ്റാത്തവർ ധാരാളമുണ്ട്. അത്തരം വാചക–യുദ്ധങ്ങളെ ഭയന്ന് ഇഷ്ടമുള്ള പലതും ചെയ്യാതെ പിൻമാറുന്നവർ പോലും നമുക്കിടയിലുണ്ട്.
ഇന്നതാണ് ‘ഞങ്ങൾ ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന ആകൃതി’ അതിൽ നിന്നും അണുവിട മാറിയാൽ കളിയാക്കും എന്ന് സമൂഹം നിലപാടെടുക്കുന്നത് ക്രൂരത തന്നയാണ്. വ്യക്തിത്വത്തെ ബാഹ്യരൂപത്തിൽ ഒതുക്കാതെ അതിന്റെ സമഗ്രതയിൽ കാണുന്നതാണ് പക്വമായ സമീപനം. പലർക്കും ഇതില്ലാതെ പോകുന്നു. അതിന്റെ സാക്ഷ്യമാണ് ഗൗരിയുടെ കാര്യത്തിൽ കണ്ടത്. ‘ഞാനെന്റെ ശരീരം മാത്രമല്ല’ എന്ന ചുട്ട മറുപടിയും വലിയൊരു ഓർമപ്പെടുത്തലുമാണ് ഗൗരി നടത്തിയത്. അതു തന്നെയാണ് ബോഡിഷെയിമിങ്ങ് രോഗികളെ നേരിടാനുള്ള ആയുധവും.
സമൂഹം ഒരാളെ സങ്കുചിത മനോഭാവത്തോടെ നോക്കുമ്പോൾ നിങ്ങൾ അത്തരം ചട്ടക്കൂടുകൾക്ക് മുകളിലാണെന്ന് ചിന്തിക്കാൻ ശ്രമിക്കണം. നിങ്ങൾ നിങ്ങളെ മറ്റുള്ളവർ പറയുന്നത് കേട്ട് താഴ്ത്തി കെട്ടാതിരിക്കാനും ശ്രദ്ധിക്കുക. നമുക്കുള്ള ഗുണങ്ങളെ കുറിച്ചാണ് ഈ സമയത്ത് ഓർക്കേണ്ടത്. ഗൗരി ‘നിങ്ങൾ എന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കൂ’ എന്ന് പറഞ്ഞ് ആ യൂട്യൂബറുടെ ചോദ്യങ്ങളുടെ മുനയൊടിച്ചത് അതുകൊണ്ട് തന്നെ ഒരു ധീരപ്രവൃത്തിയാണ്.
ബോഡിഷെയ്മിങ്ങിനെതിരെയുള്ള ഇത്തരം നിരന്തര പോരാട്ടങ്ങളിലൂടെ മാത്രമേ പൊതുബോധത്തെ ഈ ‘ബാധ’യിൽ നിന്നും മോചിപ്പിക്കാനാകൂ. ഈ കളിയാക്കലുകൾക്കപ്പുറം ഒരു വലിയ ഞാനുണ്ടെന്നും നിന്റെ പരിഹാസ നാവിനെ ഞാൻ പൂട്ടുമെന്നും പറയാനുള്ള തന്റേടം കാട്ടുന്നവരിലൂടെയാകും ബോഡിഷെയ്മിങ്ങ് എന്ന തിൻമ ഇല്ലാതാവുക. ഗൗരികൾ കൂടുതലുണ്ടാവട്ടേ... ബോഡിഷെയ്മിങ്ങ് നാവുകൾ തളരട്ടേ...
ബാഹ്യരൂപത്തിൽ ഊന്നിയുള്ള പരിഹാസങ്ങൾ നിർദോഷതമാശകൾ അല്ലെന്നും കേൾക്കുന്നവരുടെ ഉള്ള് തകർക്കുന്ന ക്രൂരതയാണെന്നുമുള്ള പാഠങ്ങൾ കുട്ടികൾക്ക് സ്കൂളിൽ നിന്നു തന്നെ പഠിക്കാൻ അവസരമുണ്ടാകണം. ‘ബോഡി ഷെയിമിങ്ങ് ഇസ് നോട്ട് ഫണ്ണി ബട്ട് എ ബാഡ് ഹാബിറ്റ്’ എന്ന് കുട്ടികൾ പോലും പറയട്ടേ.
കടപ്പാട്: ഡോ. സി.ജെ. ജോൺ, സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി.
