എല്ലാവരേയും വിധിക്കാനുള്ള ത്വര നമുക്ക് കൂടുന്നുണ്ടോ? സോഷ്യൽ മീഡിയ യുദ്ധക്കളമാക്കാതിരിക്കാം... വാക്കുകൾ ബഹുമാനപൂർവ്വം ഉപയോഗിക്കാം The Danger of Online Disinhibition Syndrome
Mail This Article
രണ്ടു പേർ തമ്മിൽ നേരിട്ട് കാണുമ്പോൾ പറയാത്ത പലതും മുൻപിൻ ചിന്തിക്കാതെ ആളുകൾ സോഷ്യൽ മീഡിയയിൽ എഴുതിയിടാറുണ്ട്. വായിച്ചാലറയ്ക്കുന്ന വാചകങ്ങളുടെ കൂമ്പാരമാകുന്നു പല കമ്ന്റ് സെക്ഷനുകളും. എതിരെ നിൽക്കുന്ന ഒരു വ്യക്തിയോട് അഭിപ്രായങ്ങളോട് വിയോജിപ്പുകൾ ഉള്ളപ്പോഴും ബഹുമാനം വിടാതെ പ്രതികരിക്കാൻ നമ്മൾ മറന്നു പോകുന്നുണ്ടോ?
എന്തിനേയും ഏതിനേയും എല്ലാത്തരം വ്യക്തികളേയും കുറിച്ച് ജഡ്മെന്റലായി അഭിപ്രായം പറയുന്നൊരു സമൂഹത്തിലാണ് നാമിന്നുള്ളത്. വസ്തുനിഷ്ടമായി വിശകലനം ചെയ്യാതെ വെറും കേട്ടറിവുകളിലും ഊഹാപോഹങ്ങളിലും ഊന്നി മാത്രമായിരിക്കും പലരും ഇത്തരം പ്രവർത്തികൾ ചെയ്യുക. കഥകൾ പറയുമ്പോഴും കഥകൾ വളച്ചൊടിക്കുമ്പോഴും അതിൽ ഉൾപ്പെടുന്നയാളുകൾക്ക് മനസു നോവുമോ എന്ന് പോലും ചിന്തിക്കാത്തവർ ഇന്നിവിടെ ധാരാളമുണ്ട്.
ഇത്തരം ‘വിധികർത്താക്കളുടെ’ എണ്ണം കൂടുന്നതുകൊണ്ട് ആളുകൾക്ക് വിഷമം വന്നാൽ പോലും ഉള്ളു തുറക്കാൻ പലർക്കും ഇന്ന് പേടിയാണ്. കനിവു കിട്ടുന്നതിനു പകരം ഞാൻ വിധിക്കപ്പെടുമോ എന്ന ഭയം അവരെ കീഴ്പ്പെടുത്തും.
സോഷ്യൽ മീഡിയ വന്നതോടെ ഇത്തരം മോശം പ്രതികരണങ്ങൾക്ക് യാതൊരു വിലക്കും ഇല്ലാതെയായി. ഒരു തരം ഓൺലൈൻ ഡിസ്ഇൻഹിബിഷൻ സിൻഡ്രോം(വികാരങ്ങൾക്കും വിചാരങ്ങൾക്കും മീതെ നിയന്ത്രണമില്ലാതാകുന്ന അവസ്ഥ) ബാധിച്ച് എല്ലാവരേയും വിധിക്കുന്ന ശൈലി ഇവിടെ ‘നോർമലൈസ്ഡ്’ ആയി മാറുന്നു. ഇതുകൊണ്ട് പലപ്പോഴും വിമർശിക്കുമ്പോൾ നേരിൽ വിമർശിക്കുന്നതിനേക്കാൾ കടുത്ത ഭാഷയിലാകും ഓൻലൈൻ വിമർശനം. വിമർശനങ്ങളാകട്ടേ ഇതേ സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയിട്ടുള്ള ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയവും ആയിരിക്കും. കേട്ടപാതി കേൾക്കാത്ത പാതി അത് ശരിയാണോ എന്ന് പോലും അന്വേഷിക്കാതെ മറ്റാർക്കെങ്കിലുമൊക്കെ കൈമാറും. അടുത്തയാൾ അതിലും കഠിനമായ അടുത്തൊരു കഥ മെനയും. പലപ്പോഴും ഭാഷ അതിരു വിടും. പുലഭ്യങ്ങൾ നിറയും. നേരിൽ ചെയ്യും പോലെയല്ല ഓൺലൈനിലാകുമ്പോൾ ആരും വിമർശിക്കില്ല എന്ന ധൈര്യമാണ് പലർക്കും.
ഉദാഹരണത്തിന് ലൈംഗീക പീഢന സംഭവങ്ങളാകുമ്പോൾ ‘എന്തിനീ സ്ത്രീ എതിർക്കാതെ നിന്നു?’ എന്നുള്ള തെറ്റായ പൊതുബോധത്തിന് അടിമപ്പെട്ടവരാണ് പലരും. പലപ്പോഴും പീഡിപ്പിച്ച ആണിനെയല്ല പകരം പെണ്ണിനെയാണ് കുറ്റപ്പെടുത്തുക. ‘ഇല വന്നു മുള്ളിൽ വീണാലും...’ പോലുള്ള ചില പഴഞ്ചൻ കാഴ്ച്ചപ്പാടുകൾ വച്ചാണ് മിക്കവരും ഇന്നും ഒരാളെ വിധിക്കുന്നതും പുലഭ്യം പറയുന്നതും. ഒരാളെ പുലഭ്യം പറയാനുള്ള എന്തോ അദ്യശ്യ അവകാശം ഇവർക്ക് ആരോ കൽപ്പിച്ച് കൊടുത്ത പത്രാസിലാണ് പലരും ഇതൊക്കെ ചെയ്തു കൂട്ടുന്നതും.
തിരുത്തൽ സാധ്യമാണ്
അപ്പുറത്തു നിൽക്കുന്നത് ഒരു മനുഷ്യജീവിയാണെന്നു കരുതാനും ആ വ്യക്തിയുടെ പക്ഷത്തു നിന്നും കാര്യങ്ങൾ കാണാനുമുള്ള സാമാന്യ യുക്തി പോലും ഇങ്ങനെ വിധിപുറപ്പെടുപ്പിക്കുന്നവർക്ക് ഉണ്ടാവില്ല. വെറുപ്പും വിദ്വേഷവും റീച്ചും കിട്ടുമെന്ന കാരണത്താലാണ് പലരും ഇത് ചെയ്യുന്നതും. നല്ല കാര്യങ്ങൾ പറയുന്നതിനേക്കാൾ മോശം കാര്യങ്ങൾ കേൾക്കാൻ കൂറുകാണിക്കുന്ന ഒരുപറ്റം രൂപപ്പെട്ട് വന്നിട്ടുണ്ട്. അവർക്ക് കാര്യങ്ങളുടെ സത്യാവസ്ഥ അറിയണമെന്നേയില്ല. ഇത്തരക്കാരാണ് മുകളിൽ പറഞ്ഞ കണക്കിനുള്ള ദ്രോഹികളെ വളർത്തുന്നത്. അവർ യഥാർത്തിൽ ദ്രോഹം ചെയ്യുന്നവരും കുറ്റവാളികളും മാനസികരോഗത്തിന് അടിപ്പെട്ടവരും തന്നെയാണ്.
എന്തറിഞ്ഞിട്ടാണ് ഞാനിത്തരം കമന്റുകൾ പാസാക്കുന്നത്? എന്നൊരു ചോദ്യം സ്വയം ചോദിച്ചാൽ തന്നെ ഈ ദുഷ്പ്രവർത്തിക്ക് കടിഞ്ഞാണിടാം. അത് പറ്റാതെ വരുന്നത് ഒരു മാനസികാരോഗ്യ പ്രശ്നം തന്നെയാണ്. അത്തരക്കാരെ തിരിച്ചറിഞ്ഞ് അടുത്ത സുഹൃത്തുക്കളും മറ്റും അവരെ തിരുത്താൻ പ്രേരിപ്പിക്കുക.
സോഷ്യൽ മീഡിയയിലും മറ്റ് സാമൂഹിക ഇടങ്ങളിലും ഉള്ളവർ കുറച്ചു കൂടി ഉത്തരവാദിത്വബോധം കാണിക്കേണ്ടവരാണ്. എഴുതുന്ന കാര്യങ്ങളെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെ കുറിച്ചുമുള്ള സത്യം മനസിലാക്കി വേണം അതു ചെയ്യാൻ. എല്ലാവരുടേയും ഉള്ളിൽ നല്ലൊരു എഡിറ്ററാകാനുള്ള നല്ല പത്രാഥിപരാകാനുള്ള മനസും അധ്വാനനും വേണം. എപ്പോഴും, എതിരഭിപ്രായമുള്ളപ്പോൾ പോലും മറ്റൊരു മനുഷ്യന് ഉണങ്ങാമുറിവ് ഉണ്ടാക്കാതിരിക്കാനുള്ള ഉൾക്കാഴ്ച്ച ഉണ്ടാക്കിയെടുക്കേണ്ടതാണ്. മോശം കാര്യം എഴുതുമ്പോൾ ഇത്തരം ഒരു ഭാഷ/ശൈലി എനിക്കു നേരെ വന്നാൽ എനിക്കെത്ര ബുദ്ധിമുട്ടുണ്ടാകും അതേപോലെയല്ലേ മറ്റൊരാൾക്കും എന്നൊന്ന് ഓർക്കാം. എന്തെങ്കിലും കേട്ടാൽ ഉടൻ തന്നെ പ്രതികരിക്കാൻ പോകാതെ സത്യമെന്തെന്ന് അറിയാൻ ശ്രമിക്കാം. അറിയാത്ത കാര്യങ്ങളെ കുറിച്ച് കഴിവതും മിണ്ടാതിരിക്കാം.
കടപ്പാട്: ഡോ.സി.ജെ. ജോൺ, സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം
