ADVERTISEMENT

മുറിയൊക്കെ വൃത്തിയാക്കി വയ്ക്കുന്നത് ഇഷ്ടമാണെന്ന് പറയുന്നൊരാളോട് ചിരിച്ചു കൊണ്ട് ‘ആഹാ... നിനക്ക് ഓ.സി.ഡിയാണല്ലേ?’ എന്നൊക്കെ ചോദിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതൽ പേരിലേക്ക് മാനിസികാരോഗ്യത്തെ കുറിച്ചുള്ള അവബോധമെത്തുന്നത് നല്ല കാര്യം... എന്നാൽ അതിനൊരു മറുവശം കൂടിയുണ്ട്. ഈ മേഖലയിൽ യാതൊരു പഠനവും നടത്താത്ത ആധികാരികത ഇല്ലാത്തവർ പോലും ഇതേ കുറിച്ച് വാചാലരാകുന്നു. തെറ്റിധാരണകൾ പോലും നോർമലൈസ് ചെയ്യപ്പെടുന്നു, മനുഷ്യർക്കുള്ള സ്വാഭാവിക ചെയ്തികളും പോരായ്മകളും ഒക്കെ ചിലപ്പോൾ അസുഖങ്ങളും അസുഖ ലക്ഷണങ്ങളുമായി വ്യഖ്യാനിക്കപ്പെടുന്നു...

ചില വാക്കുകൾ ഉപയോഗിക്കുന്നതിൽ എന്താണ് ഇത്ര വലിയ തെറ്റെന്ന് ചിലരെങ്കിലും ചിന്തിക്കാറുണ്ട്. അതങ്ങ് അവഗണിച്ചാൽ പോരെ എന്നൊക്കെയും ചോദ്യം വരാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ രോഗാവസ്ഥയോ മാനസികപ്രശ്നങ്ങളോ യഥാർഥത്തിൽ അനുഭവിക്കുന്നവർക്ക് ജീവിതം കൂടുതൽ ദുഷ്കരമാക്കും എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

ADVERTISEMENT

പലപ്പോഴും നമ്മൾ കളിയാക്കലിന്റേയും മുൻവിധിയുടേയും ഒക്കെ സ്വരത്തിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ ഉണ്ട്. അവയിൽ ഓരോന്നിനേയും കുറിച്ച് വരുന്ന ലേഖനങ്ങളിലൂടെ അറിയാം. ഇന്നത്തെ വാക്ക് ‘ഓ.സി.ഡി’യാണ്.

എന്താണ് സാധാരണ വൃത്തിയും ഒ.സി.ഡിയും തമ്മിലുള്ള വ്യത്യാസം?

ADVERTISEMENT

ശരീര ഭാഗങ്ങളും പരിസരവും ഒക്കെ വൃത്തിയായി സൂക്ഷിക്കുക എന്നത് ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായൊരു കാര്യമാണ്. കോവിഡ് വന്നതോടെയാണ് ഇത് വലിയൊരു വിഭാഗം ആളുകൾക്കും വ്യക്തമായി മനസിലായത്. പല പ്രതലങ്ങളിലും മറ്റും തൊട്ടിട്ട് ഭക്ഷണം കഴിക്കും മുൻപേ 20 സെക്കെന്റെങ്കിലും കൈകൾ വൃത്തിയായി കഴുകിയിട്ട് വേണം ഭക്ഷണം കഴിക്കാൻ, അതാണ് അണുവിമുക്തമായിരിക്കാനുള്ള ഒരു നല്ല മാർഗം എന്നത് എല്ലാവർക്കും ബോധ്യപ്പെട്ടു. എന്നാൽ കോവിഡ് അടങ്ങിയതോടെ നമ്മളിൽ പലരും ഈ ശീലം മറന്നു.

ഓർക്കേണ്ടത് കോവിഡ് മാത്രമല്ല മറ്റ് പല പകർച്ച വ്യാധികളും വരാനുള്ള സാധ്യത നിലനിൽക്കുന്നു എന്നതാണ്. അതുകൊണ്ട് ന്യായമായൊരു വൃത്തി ശീലം സൂക്ഷിക്കുന്നതാണ് നല്ലത്. മറ്റിടങ്ങളിൽ തൊട്ടിട്ട് കൈകഴുകിയിട്ട് മാത്രം കണ്ണിലും മൂക്കിലും തൊടൂ എന്ന് കരുതുന്നത്, പുറത്തു പോയിട്ട് വന്നയുടനെ വീട്ടിന് പുറത്തെ ടാപ്പിൽ കൈയും കാലും കഴുകിയിട്ട് അകത്തു കയറുന്നതും, വീട് അഴുക്കും ചെളിയും നിറയും മുൻപേ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി വയ്ക്കുന്നതുമൊക്കെ നല്ല ശീലങ്ങൾ തന്നെയാണ്.

ADVERTISEMENT

ഈ വൃത്തി എന്നതു മാറി അത് ഒബ്സസീവ് കംപൾസീവ് ഡിസോഡർ (ഒ.സി.ഡി.) ആകുന്നത് എപ്പോഴാണെന്ന് നോക്കാം. ഒസിഡിയുള്ളൊരാൾക്ക് മനസിൽ ആവർത്തന സ്വഭാവമുളള അസ്വസ്ഥതയുളവാക്കുന്ന ഒട്ടേറെ ചിന്തകൾ വരും. ആ ചിന്തകൾക്കൊപ്പം വല്ലാത്ത ഉത്കണ്ഠയും കടന്നു വരും. നെഞ്ചിടിപ്പു കൂടുക, കൈകാലുകൾ വിറയ്ക്കുക, തല പെരുക്കുക, വയറ്റിൽ കത്തൽ തോന്നുക ഒക്കെയുണ്ടാകാം. ഇതൊക്കെ അസഹനീയമാകുമ്പോൾ  രക്ഷപ്പെടാനെന്നോണം ആവർത്തന സ്വഭാവമുള്ള പ്രവർത്തികളിൽ ആളുകൾ ഏർപ്പെടും. ഇത് നിത്യജീവിതത്തെ തന്നെ ദോഷകരമായി ബാധിക്കുമ്പോഴാണ് അതിനെ ‘ഒ.സി.ഡി.’ എന്ന് വിളിക്കുക.

വൃത്തിയുമായി ബന്ധപ്പെട്ട പ്രവർത്തികൾ തന്നെയാണ് ഒസിഡിയുടേയും പ്രധാന ലക്ഷണങ്ങളിലൊന്ന്. എവിടെയെങ്കിലും തൊട്ടിട്ട് 20 സെക്കന്റ് നേരം സോപ്പിട്ട് കൈ കഴുകിയാൽ വൃത്തിയാകുമെന്ന് സാധാരക്കാർക്ക് മനസിലാകും. എന്നാൽ ഒസിഡിയുള്ളവരുടെ ചിന്തകൾ ‘കൈ കഴുകിയാലും പോകാത്ത അണുക്കൾ ഉണ്ടാകുമോ? അത് ശരീരത്തിലെത്തിയാൽ ഞാൻ രോഗിയാകുമോ? ഞാൻ മൂലം മറ്റുള്ളവർക്ക് രോഗം വരുമോ? എന്റെ പ്രിയപ്പെട്ടവരൊക്കെ ഞാൻ മൂലം മരണപ്പെട്ട് പോകുമോ? തുടങ്ങിയ യുക്തിരഹിത ചിന്തകൾ മനസിൽ ആവർത്തിച്ച് കടന്നു വരും. ഉത്കണ്ഠ കനക്കുമ്പോൾ സ്വസ്ഥമായി ഇരിക്കാൻ കഴിയില്ല, ഉറങ്ങാനാവില്ല അതോടെ വീണ്ടും കൈകഴുകും.  ഇതൊരു ആവർത്തന സ്വഭാവമായി മാറും. ഭക്ഷണത്തിനു മുൻപ് 10–20 മിനിറ്റോളം കൈ കഴുകുക, മണിക്കൂറുകളോളം എടുത്ത് കുളിക്കുക, എന്നിട്ടും വൃത്തിയായില്ലെന്ന തോന്നൽ ഇവരിൽ ബാക്കിയാകും.ഇതൊരാളുടെ പഠനത്തെ, ജോലിയെ, വ്യക്തിബന്ധത്തെ ഒക്കെ ബാധിച്ചു തുടങ്ങുമ്പോഴാണ് അത് ഒസിഡിയാകുന്നത്.

തലച്ചോറിലെ സെറട്ടോണിൻ കുറയുന്നതു മൂലമുള്ളൊരു ഉത്കണ്ഠാ രോഗമാണിത്. മരുന്നുകളും ബൗദ്ധിക പ്രക്രിയകളും ചേർന്ന മാനസിക ചികിത്സകൾ വഴി നിയന്ത്രിക്കാൻ സാധിക്കുന്ന അവസ്ഥയാണിത്.

രോഗാവസ്ഥയില്ലാത്ത സാധാരണ വൃത്തി പാലിക്കുന്നവരെ ഈ പേരു വിളിച്ചു കളിയാക്കുന്ന ശീലം ഉപേക്ഷിക്കാം. വൃത്തികൊണ്ട് അവരുടെ ജീവിതം ഒരു തരത്തിലുള്ള പ്രതിസന്ധികളിലൂടെയും കടന്നു പോകുന്നില്ലെന്ന് ഓർക്കാം. ഇതു മാത്രമല്ല യഥാർഥ രോഗികൾക്ക് സമൂഹത്തിൽ അന്തസോടെ ജീവിക്കാനുള്ള അവകാശവും കൂടിയാണ് ഇത്തരം ‘നിസാരമെന്ന്’ പൊതുവേ പറയപ്പെടുന്ന കളിയാക്കലുകൾ നഷ്ടപ്പെടുത്തുന്നത്. മാനസികാരോഗ്യ സംരക്ഷണ നിയമം 2017 രോഗികൾക്ക് സമൂഹത്തിൽ അന്തസോടെ ജീവിക്കാനുള്ള അവകാശം അനുവദിച്ചു കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവഹേളനങ്ങൾ നിയമപ്രകാരമുള്ള കുറ്റകൃത്യം തന്നെയാണെന്ന് മനസിലാക്കി നമുക്ക് വിവേകത്തോടെ  പ്രവർത്തിക്കാം. നമ്മളാൽ സഹജീവിക്ക് അറിഞ്ഞു കൊണ്ടൊരു ബുദ്ധിമുട്ടു വരാതിരിക്കാനുള്ള ശ്രമം നടത്താം. 

കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം.

ADVERTISEMENT