‘കുഞ്ഞേ, ഞങ്ങളുണ്ടല്ലോ...’; വിഷമസന്ധികളില്‍ സ്നേഹത്തണലാകാന് അപ്പൂപ്പനും അമ്മൂമ്മയും, അറിയാം ഇക്കാര്യങ്ങള്‍
Mail This Article
‘മോൻ നന്നായി പഠിക്കണോട്ടോ... അമ്മ പറയുന്നതൊക്കെ കേൾക്കണം. ഇനി എ ന്നാ അമ്മൂമ്മയെ കാണാൻ വരണേ?’
‘ഞാൻ ഓടി വരാം അമ്മൂമ്മേ...’
‘അപ്പൂപ്പൻ അങ്ങോട്ടു വരാട്ടൊ കാണാൻ...’
അവധി കഴിഞ്ഞു മടങ്ങുന്ന കൊച്ചുമകനോടു യാത്ര പറഞ്ഞ്, നിറ കണ്ണുകളോടെ തിരിഞ്ഞു നടക്കുന്ന അപ്പൂപ്പനും ഓട്ടോറിക്ഷ അകലേക്കു നീങ്ങുന്നതു നോക്കി നിൽക്കുന്ന അമ്മൂമ്മയും നനവാർന്ന കാഴ്ചയാണ്.
മുത്തശ്ശന്റേയും മുത്തശ്ശിയുടേയും ചൂടേറ്റ് ഉറങ്ങിയിട്ടുള്ള, ആ നെഞ്ചിൽക്കിടന്നു കഥകൾ കേട്ടിട്ടുള്ള, അവർ സ്നേഹത്തോടെ വാരിത്തന്ന ഉരുളകൾ വയറുനിറയെ കഴിച്ചിട്ടുള്ളവർക്കെല്ലാം റിലേറ്റ് ചെയ്യാൻ സാധിക്കുന്നതാണ് സാൾട്ട് മാംഗോ ട്രീ എന്ന സിനിമയിലെ ഈ യാത്രയയപ്പു രംഗം. നമ്മളെല്ലാം അണുകുടുംബങ്ങളിലേക്കു ചുരുങ്ങുന്ന സാഹചര്യത്തിൽ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയുമെല്ലാം പ്രാധാന്യം വർധിച്ചു വരുന്നു എന്നതൊരു യാഥാർഥ്യമാണ്.
കളിക്കൂട്ടുകാരാകാം
കുട്ടികൾക്കേറെ ഇഷ്ടം അവർക്കൊപ്പം സമയം ചെലവഴിക്കുന്ന, ഒപ്പം കളിക്കുന്ന കൂട്ടുകാരെയാണ്. പഴയകാല കളികളും കഥകളും പറഞ്ഞുകൊടുക്കുന്ന നല്ല കൂട്ടുകാരാകാൻ സാധിക്കണം. സമ്മാനങ്ങളേക്കാൾ കുഞ്ഞു മനസ്സുകളിൽ പതിയുക നമ്മൾ പറഞ്ഞുകൊടുക്കുന്ന കഥകളും പാടുന്ന പാട്ടുകളും വാരിക്കൊടുക്കുന്ന ഭക്ഷണത്തിന്റെ രുചിയുമാണ്. ഒരായുഷ്കാലം കാത്തുവയ്ക്കാവുന്ന ഓർമകളാകും ഇത്തരം നിമിഷങ്ങൾ കുട്ടികൾക്കു സമ്മാനിക്കുക.
സ്നേഹത്തണലാകാം
ജീവിതത്തിലെന്തു വിഷമമുണ്ടായാലും, മാതാപിതാക്കൾ ശാസിച്ചാലും കൂട്ടുകാർ പിണങ്ങിയാലുമെല്ലാം ഓടിയെത്താൻ സാധിക്കുന്ന തണലാകാം.
അപ്പൂപ്പനും അമ്മൂമ്മയും മുൻവിധിയോടെ കാണില്ലെന്ന ഉറപ്പു നൽകുക പ്രധാനമാണ്. വീടിനുള്ളിലെ വിഷമാവസ്ഥകളിൽപ്പോലും കുട്ടികളെ ചേർത്തു നിർത്തി ധൈര്യം പകരേണ്ടതു വളരെ പ്രധാനമാണ്.
പാഠപുസ്തകവുമാണ്
ജീവിതാനുഭവങ്ങളിലൂടെ നേടിയ അറിവുകളും അനുഭവങ്ങളും കുട്ടികളുമായി പങ്കുവയ്ക്കാം. അവർക്കു പറയാനുള്ളതെല്ലാം കേൾക്കുന്ന, നല്ലതു മാത്രം ഉപദേശിക്കുന്ന മാർഗദർശികളാകാം. കുഞ്ഞു മനസ്സിനെ മുറിപ്പെടുത്തുന്ന അവസ്ഥകളിൽ നിന്നു പുറത്തു വരാൻ കൂട്ടാകാം.
പകരാം പാരമ്പര്യത്തിന്റെ മഹത്വം
കുടുംബപാരമ്പര്യം, മൂല്യങ്ങൾ, മാതൃഭാഷ, ഉത്സവങ്ങൾ തുടങ്ങി എല്ലാം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്ന പാലമാണു മുത്തശ്ശനും മുത്തശ്ശിയും.
തലമുറകൾ തമ്മിലുള്ള ബന്ധം, ബന്ധങ്ങളുടെ ഇഴയടുപ്പം, ജനിച്ച നാടിനോടുള്ള സ്നേഹം തുടങ്ങി ഒരുപാടു കാര്യങ്ങൾ ഇതുവഴി കുട്ടികള്‍ മനസ്സിലാക്കുന്നു. തനിക്കൊരാവശ്യം വന്നാൽ ഒരുപാടു പേർ ചുറ്റുമുണ്ടെന്നൊരു സുരക്ഷിതത്വം ഇതുവഴി പകർന്നു നൽകാനാകും.
കളിയില്‍ അൽപം കാര്യം
തമാശകളിലൂടെയും കളികളിലൂടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ട ശീലങ്ങളും ജീവിത നൈപുണ്യങ്ങളും പകർന്നു നൽകാം. ഗാർഡനിങ്, പാചകം, തയ്യൽ, വീടു വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നതു വളരെ നല്ലതാണ്. ക്ഷമ, സ്വയംപര്യപ്തത, പ്രശ്നപരിഹാരശേഷി തുടങ്ങിയ കഴിവുകൾ ഇതുവഴി കുട്ടികൾ ആർജിക്കും.
ഒരു വിളിപ്പാടകലെ...
ഒരുമിച്ചു താമസിക്കുന്നില്ലെങ്കിൽപ്പോലും ചെറുമക്കൾക്കൊരു അത്യാവശ്യം വന്നാൽ ഓടിയെത്താൻ സജ്ജരായിരിക്കും അപ്പൂപ്പന്മാരും അമ്മൂമ്മമാരും. അതു കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകുന്ന ധൈര്യവും ആത്മവിശ്വാസവും വളരെ വലുതാണ്.
ആശ്വാസമേകാം
മാതാപിതാക്കൾ വഴക്കു പറയുമ്പോഴും പിണങ്ങുമ്പോഴുമെല്ലാം കുട്ടികളുടെ ഭാഗം കേൾക്കാനും എന്തുകൊണ്ടാണ് അച്ഛനും അമ്മയും അവരെ തിരുത്തുന്നതെന്നും സ്നേഹംപൂർവം പറഞ്ഞു മനസ്സിലാക്കാനും ശ്രമിക്കണം.
ശരിയെ പ്രശംസിച്ചും തെറ്റുകൾ തിരുത്തിയും മുന്നോട്ടുപോകാൻ ഒപ്പം നിൽക്കാം. എന്നാൽ അതൊരിക്കലും മാതാപിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടാകരുത്.
കയ്യെത്തും ദൂരെ
ചെറുമക്കൾ ഏഴാം കടലിനക്കരയാണെങ്കിലും മുത്തശ്ശനും മുത്തശ്ശിയും കയ്യെത്തും ദൂരത്തുണ്ടെന്ന് ഉറപ്പു നൽകുക. സ്മാർട്ഫോണും വിഡിയോ കോളും സോഷ്യൽ മീഡിയയും കൈകാര്യം ചെയ്യാനറിയാത്ത മുത്തശ്ശനേയും മുത്തശ്ശിയേയും ടെക് സാവികളാക്കേണ്ടത് കൊച്ചുമക്കളാണ്.
ഒരുമിച്ചുണ്ടെങ്കിൽ വിഡിയോ ഗെയിമുകളിലും ഗ്രാൻഡ് പേരന്റിനെ പങ്കാളിയാക്കാം. പുതിയ കുട്ടികളുടെ ഇഷ്ടമായ കൊറിയൻ സംഗീതത്തിൽ ഒരു കൈ നോക്കാൻ മുത്തശ്ശനും മുത്തശ്ശിയും തയാറാകുന്നതിലും തെറ്റില്ല കേട്ടോ.
ഒരു നടത്തം ആകാം
രാവിലെയോ വൈകുന്നേരമോ അൽപസമയം കൊച്ചുമക്കൾക്കൊപ്പം നടക്കാൻ പോകാം. വിശേഷങ്ങളെല്ലാം പറഞ്ഞു തിരികെ വീട്ടിലെത്തുമ്പോൾ മനസ്സും ശരീരവും ഉഷാറാകും.
ഓർമപ്പുസ്തകം
ഒരുമിച്ചുള്ള ചിത്രങ്ങളും ഓർമകളുമെല്ലാം ഒരു പുസ്തകത്തിലെഴുതി സൂക്ഷിക്കാം. പടം വരച്ചും നിറം കൊടുത്തും പുസ്തകത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കാൻ മറക്കേണ്ട.
റോളുകൾ നിരവധി
Grand Parents എന്ന വാക്കിലുണ്ട് കുട്ടികളുടെ ജീവിതത്തിൽ മുത്തശ്ശനും മുത്തശ്ശിയും ആരെല്ലാമാണെന്ന്.
G – Guides
R – Role Models
A – Admirers
N - Nurturers
D - Disciplinarians
P - Protectors
A - Advisors
R - Roots
E - Entertainers
N – Narrators
T - Teachers
S - Supporters
ഈ റോളുകള്‍ ഏറ്റെടുക്കാൻ റെഡിയല്ലേ
വിവരങ്ങൾക്കു കടപ്പാട് : ലക്ഷ്മി ഗിരീഷ് കുറുപ്പ്
സൈക്കോളജിസ്റ്റ് – സിഇഒ
ശ്രദ്ധ മെന്റൽ വെൽനസ് സെന്റർ
