പങ്കാളിയുമൊത്തുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും വഴക്കിനും ശേഷം ബന്ധം ശക്തിപ്പെടുത്താനുള്ള ‘റിപെയർ കോൺവർസേഷൻ’ ചെയ്യാൻ പഠിക്കാം... ? The Importance of Repair Conversations
Mail This Article
യാതൊരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങളും ഇല്ലാത്ത കളിചിരികൾ മാത്രമുള്ള സ്നേഹബന്ധങ്ങൾ ഒരുപക്ഷേ, പഴയ സിനിമകളിലോ നോവലുകളിലോ മാത്രം കാണുന്ന ഒന്നാകും. രണ്ടു വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിച്ചു വന്ന രണ്ടു വ്യക്തികൾ ഒരുമിച്ചുള്ളപ്പോൾ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും വരിക സ്വാഭാവികമാണ്. അത് കൈയാം കളിയിലേക്കും ചീത്ത വിളിയിലേക്കും തരം താഴ്ത്തലിലേക്കും കൊണ്ടെത്തിക്കുന്നത് തെറ്റാണെന്ന് മാറിചിന്തിക്കുന്ന വലിയൊരു വിഭാഗം മനുഷ്യർക്കും ഇപ്പോൾ അറിയാം. അവിടെ പോലും പലരും അഭിപ്രായ വ്യത്യാസത്തിനും അറിഞ്ഞോ അറിയാതെയോ ഉള്ള മുറിവേൽപ്പിക്കലിനു ശേഷമോ ചെയ്യേണ്ട ‘റിപെയർ കോൺവർസേഷ’നെ കുറിച്ച് ചിന്തിക്കാറില്ല.. അതെന്താണെന്നും എങ്ങനെ ചെയ്യണമെന്നും മനസിലാക്കാം....
മിക്കവാറും പങ്കാളികളും വഴക്കുണ്ടായാൽ കൂടുതൽ വഷളാകാതിരിക്കാൻ ഒന്നുകിൽ അതേപറ്റി കൂടുതലോന്നും മിണ്ടാതെ ഇരിക്കും അല്ലെങ്കിൽ ഒന്നും സംഭവിക്കാത്തതു പോലെ അടുത്ത നിമിഷം തൊട്ട് പെരുമാറും.. എന്നാൽ പിന്നീടും ഒരേ സ്വഭാവമുള്ള വഴക്കുകൾ ആവർത്തിക്കപ്പെടുന്നതിനു കാരണം ശരിയായ മുറിവുണക്കൽ നടക്കാത്തതാണ്. അത്തരം മുറിവുണക്കലിനായി ‘റിപെയർ കോൺവർസേഷ’ൻ ശീലിക്കാം.
എപ്പോഴാണ് സംസാരിക്കേണ്ടത്?വഴക്കുണ്ടായി അതിന്റെ കൊടുമുടിയിലെത്തി നിൽക്കുമ്പോഴോ വഴക്കു കഴിഞ്ഞ് ആഴ്ച്ചകൾക്ക് ശേഷമോ അല്ല പരിഹാര സംഭാഷണത്തിന് മുതിരേണ്ടത്. പകരം 24–48 മണിക്കൂറിനടയ്ക്കാണ് നല്ല സമയം. വഴക്കു കഴിഞ്ഞൊരു ശാന്തത വന്നു എന്നാൽ വഴക്കിട്ട കാര്യം തീരെ കെട്ടുപോയിട്ടുമില്ല എന്ന സമയം. ആ സമയത്ത് പങ്കാളിയോട് ‘എന്താണ് ശരിക്കും സംഭവിച്ചതെന്ന് സംസാരിക്കാൻ നീ തയ്യാറാണോ?’എന്ന് ചോദിക്കാം..
എന്താണ് നടന്നതെന്ന് പരസ്പരം മനസിലാക്കുക
വഴക്ക് മുഴുവൻ പുനരാവിഷ്കരിക്കാതെ അതിന്റെ കാരണം മാത്രം ചർച്ച ചെയ്യുക. ഉദാഹരണത്തിന് ‘വീടു വയ്ക്കുന്നതിലേക്ക് നമ്മൾ രണ്ടും ഇടേണ്ട ഷെയറിനെ കുറിച്ച് തർക്കമുണ്ടായി അതിലേക്ക് നമ്മുടെ വീട്ടുകാുടെ കാര്യം കൂട്ടിക്കലർത്തിയത് ശരിയായില്ല.’ എന്ന് പറയാം. ഇതിൽ നിന്നു തന്നെ നിങ്ങൾ പ്രശ്നത്തെ ഇല്ലാതെയാക്കാനാണ് ശ്രമിക്കുന്നത് അല്ലാതെ പഴിചാരലല്ല ഉദ്ദേശമെന്ന് പങ്കാളിക്ക് മനസിലാകും.
സ്വന്തം തെറ്റ് അംഗീകരിക്കുക
നിങ്ങൾ ചെയ്തു പോയ തെറ്റുകൾ മടികൂടാതെ നാണം വിചാരിക്കാതെ ഏറ്റു പറയുക. ‘ഞാൻ അത്ര ഉറക്കെ സംസാരിച്ചത് ശരിയായില്ല, നീ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ പോയത് തെറ്റായിപ്പോയി, പണ്ടത്തെ കാര്യങ്ങൾ വലിച്ചിഴച്ചത് മോശമായി’ എന്നൊക്കെ പരസ്പരം അംഗീകരിക്കാം.. എന്നാലും നീയങ്ങനെ ചെയ്തില്ലേ... എന്നൊരു പഴിചാരൽ ഇതിനിടയിലേക്ക് വരാതെ നോക്കാം.
നിനക്ക് അതെങ്ങനെ ‘കൊണ്ടു’ എന്ന് ചോദിക്കാം
ഞാനങ്ങനെ പറഞ്ഞപ്പോൾ നിനക്ക് എന്താണ് തോന്നിയത് എന്ന് ചോദിക്കുകയും എതിരെ നിൽക്കുന്നയാൾ എന്താണ് പറയുന്നതെന്ന് മുഴുവനായി കേൾക്കുകയും ചെയ്യുക. അവരുടെ ഭാഗം തെറ്റാണെന്ന് പറയാതെ മുഴുവൻ കേട്ടിട്ട് നിങ്ങളുടെ ഭാഗവും പറയാം.
ഇനിയാവർത്തിക്കില്ല എന്ന ഉറപ്പ്, മെച്ചപ്പെടാനുള്ള ശ്രമം
തമ്മിൽ സംസാരിച്ചതിൽ നിന്നും പരസ്പരം നോവിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കുമെന്ന് തീരുമാനിക്കാം.. കൂടാതെ ചില കാര്യങ്ങളിൽ മെച്ചപ്പെടാനുള്ള നടപടികൾ സ്വീകരിക്കാം.. ഉദാഹരണത്തിന് ‘ഇനി ദേഷ്യം വരുമ്പോൾ ഞാൻ ഓടിയൊളിക്കില്ല, നിന്നോട് അത് പറയാൻ ശ്രമിക്കും’ എന്നിങ്ങനെയുള്ള കാര്യങ്ങൾ തീരുമാനിക്കാം.
ഉള്ളിൽ തട്ടി മാപ്പ് പറയാം
പരസ്പരം സംസാരിച്ചൊരു ധാരണയിലെത്തിയാൽ െചയ്ത തെറ്റിന് മാപ്പ് പറയാം. നീയെന്നോട് ക്ഷമിക്കണം എന്നു ഞാൻ പറയില്ല പക്ഷേ, എനിക്ക് എന്റെ തെറ്റ് മനസിലായതു കൊണ്ട് മാപ്പു പറയുന്നു. നിനക്ക് സമയം വേണമെങ്കിൽ എടുക്കൂ. എന്നിട്ട് നമുക്ക് പറ്റിയ പാളിച്ചയൊക്കെ തിരുത്തി ഇവിടുന്നൊരു പുതിയ തുടക്കമിടാം എന്ന് പറയാം.
ഞാൻ സോറി പറഞ്ഞില്ലേ... ഇതിൽ കൂടുതൽ എന്താ വേണ്ടത്? ഞാനത് ഉദ്ദേശിച്ചല്ല പറഞ്ഞത് അപ്പോ പിന്നെ അത് നിന്റെ കുഴപ്പമാണ്... തുടങ്ങിയ വാചകങ്ങളും ചോദ്യങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. പ്രതിരോധമല്ല മറിച്ച് കരുണയും അലിവും സഹജീവിയോടുള്ള ബഹുമാനവുമാണ് ഇവിടെ വേണ്ടത്.