കുഞ്ഞിന് ഫോൺ കൊടുത്തിട്ട് ഭക്ഷണം കഴിപ്പിക്കാറുണ്ടോ? സ്ക്രീൻ എന്ന ഈസി എസ്കേപ്പിനു പകരം കുട്ടിക്ക് ബോറടിക്കാനുള്ള അവസരം നൽകൂ Setting Healthy Screen Time Limits
Mail This Article
‘‘അതങ്ങ് കയ്യിൽ കൊടുത്താൽ പിന്നെ മിണ്ടാതിരുന്നോളും.... കഴിപ്പിക്കാനും ഷോപ്പിങ്ങിനു പോകുമ്പോഴും ഒക്കെ ഞങ്ങൾ ഫോൺ അങ്ങ് കൊച്ചിന് കൊടുത്തേക്കും.. കൊച്ചും ഹാപ്പി ഞങ്ങളും.’’ ഈയിടെ മാളിൽ തുണികെട്ടുകൾക്കു താഴേയിരുന്ന് ഫോൺ നോക്കിക്കൊണ്ടിരുക്കുന്ന രണ്ട് കുട്ടികളെ കണ്ടു. ചുറ്റുമുള്ളതൊന്നും അറിയാതെ അടുത്തുള്ള ബാഗുകളുടെ സ്റ്റാന്റ് മറിഞ്ഞു വീഴുന്നതറിയാതെ ചുറ്റുമുള്ള ലോകം തിരിയുന്നത് അറിയാതെ ആ കുഞ്ഞു കണ്ണുകൾ ഒരു ചതുരക്കൂട്ടിൽ കുടുങ്ങി കിടപ്പാണ്. അവരുടെ മാതാപിതാക്കൾ ബന്ധുക്കളോട് വളരെ ലളിതമായി പറഞ്ഞു പോയ വാചകമാണ് മുകളിൽ.
നോക്കാൻ ആളില്ലാത്തതു കൊണ്ട്, അത്രയൊന്നും ചിന്തിക്കാത്തതു കൊണ്ട്, എല്ലാവരും ഉപയോഗിക്കുന്നുണ്ടല്ലോ പിന്നെന്താ എന്നു കരുതിക്കൊണ്ട് ഒക്കെ പല മാതാപിതാക്കളും തീരെ ചെറുപ്പം തൊട്ട് കുട്ടിക്ക് ഫോൺ കൊടുക്കാറുണ്ട്.. വളരെ നിർദോഷം എന്നു കരുതി ചെയ്യുന്ന ഈ പ്രവർത്തി നിങ്ങളുടെ കുട്ടിയുടെ ശ്രദ്ധയൂന്നാനുള്ള കഴിവിനെ, സ്വയം മനസിലാക്കാനുള്ള ചിന്തിക്കാനുള്ള കഴിവിനെയൊക്കെയാണ് തുരംഗം വയ്ക്കുന്നതെന്ന് ഓർക്കാം. എത്രയൊക്കെ ഒഴിവു കഴിവു പറഞ്ഞാലും ആരോഗ്യകരമായി കുട്ടിയെ വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തം തന്നയാണ്.
ഡിജിറ്റൽ സാന്ത്വനത്തിന്റെ അപകടവശങ്ങൾ
– പെട്ടുപോകുന്ന ലൂപ്പുകൾ: കുട്ടികൾ സ്വയം ശാന്തരാകാൻ കഴിവില്ലാത്തവരായി മാറും. ഫോൺ കൊടുക്കുമ്പോൾ സ്വന്തമായുണ്ടാകുന്ന പല വികാരങ്ങളും അനുഭവിക്കാതെ കുട്ടി ഫോണിന് അടിപ്പെട്ട് പോകുകയാണ് ചെയ്യുന്നത്. സ്ക്രീനൊന്ന് മാറ്റിയാൽ തന്നെ അവർക്ക് ‘മെൽറ്റ് ഡൗൺ’ സംഭവിക്കും.. അവർക്ക് വികാരങ്ങൾ നിയന്ത്രിക്കാനറിയാതെ കരച്ചിലോ വഴക്കോ ഒച്ചവയ്ക്കലോ ഒക്കെയായി ആകെ ബഹളമയമാകും. സ്ക്രീനിലെ കാഴ്ച്ചയിൽ നിന്നുള്ള സ്ഥിരമായ ഉത്തേജനം ചുറ്റുപാടും നിന്ന് കിട്ടാത്തത് അവരെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. ഇതൊരു ലൂപ്പായി തുടരും.
–ശരീരത്തിന്റെ സന്ദേശങ്ങൾ വായിക്കാൻ പറ്റാതാകും: ഫോൺ നോക്കി ഭക്ഷണം കഴിക്കുന്ന കുട്ടി കഴിക്കുന്ന ഭക്ഷണം ശരിക്ക് ആസ്വദിക്കുന്നില്ല. അവർ രുചിയോ മണമോ ഒന്നു മറിയുന്നില്ല... ചിലപ്പോൾ ഭക്ഷണം ചീത്തയായെന്നു പോലും മനസിലാക്കാൻ അവർക്ക് സാധിക്കില്ല. അവരുടെ ഇന്ദ്രിയങ്ങളെ തന്നെ വേണ്ടവിധം ഉപയോഗിക്കാത്ത അവസ്ഥയിലേക്കാണ് കുട്ടികൾ എത്തുക. ഇതു മൂലം പല കുട്ടികൾക്കും ഇന്ന് വയറു നിറഞ്ഞോ വിശപപ്പ് മുഴുവൻ മാറിയില്ലേ... മോശം ഭക്ഷണമാണോ കഴിച്ചത് എന്നൊന്നും തിരിച്ചറിയാൻ സാധിക്കാതാകുന്നുണ്ട്.. ഇതൊക്കയാണ് വലുതാകുമ്പോഴും അവരെ അനാരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് നയിക്കുന്നത്.
പകരം എന്തൊക്കെ ചെയ്യാം?
എല്ലാം തികഞ്ഞ മാതാപിതാക്കളാകാനല്ല പക്ഷേ, കുട്ടിക്കായി ‘പ്രസെന്റ്’ ആയിരിക്കാൻ പരമാവധി ശ്രമിക്കുക.
– കഴിക്കാനായി 20 മിനിറ്റ് മാറ്റി വയ്ക്കാം. ആ സമയത്ത് ഫോണും, ടാബും, ടിവിയും ഒന്നുമില്ല എന്നൊരു തീരുമാനമെടുക്കാം. പരസ്പരം സംസാരിച്ചോ കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചോ ഒക്കെ ആ സമയം കടന്നു പോകട്ടേ. ഇതവരും നിങ്ങുമായുള്ള അടുപ്പം കൂട്ടും. മാത്രമല്ല കുട്ടികളും അവരുടെ ശരീരത്തെയും അതിന്റെ ആവശ്യങ്ങളെയും ഇഷ്ടക്കെടുകളേയും കൂടുതൽ നന്നായി മനസിലാക്കിയെടുക്കും..
– സ്ക്രീൻ തീരെ കൊടുക്കില്ല എ്ന്ന് ഒറ്റയടിക്ക് പറയാതെ സ്ക്രീൻ ടൈം സെറ്റ് ചെയ്യുക. ഇത്ര സമയത്തേക്ക് മാത്രമേ ഫോണും ലാപ്ടോപ്പും കിട്ടു എന്നവർ സാവകാശം പഠിക്കും. ഉള്ള സമയം അത് നന്നായി വിനിയോഗിക്കാനും കുട്ടികൾ ശ്രമിക്കും.
സ്ക്രീൻ ടൈമിനു മുൻപായി കുടുംബാംഗങ്ങൾ ഒത്തുള്ള ഫാമിലി ടൈം, അൽപം വിനാദത്തിനുള്ള സമയം ഒക്കെയും ചിട്ടപ്പെടുത്താം.
– എല്ലായ്പ്പോഴും കുട്ടിയെ ആഹ്ലാദിപ്പിക്കേണ്ട ചുമതലയെടുക്കേണ്ടതില്ല. ചിലപ്പോഴെങ്കിലും കുട്ടിക്ക് ഒപ്പമുണ്ടായിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കുട്ടിക്ക് അവരെ ഉത്തേജിപ്പിക്കാനും സന്തോഷിപ്പിക്കാനും ബിസിയാക്കി വയ്ക്കാനുമുള്ള വഴികൾ സ്വയം കണ്ടെത്താനും അവസരം നൽകണം.
– ബോറടി നല്ലതാണ്
എപ്പോഴും സ്ക്രീൻ കണ്ടിരിക്കുന്ന കുട്ടിയുടെ പല ഇന്ദ്രിയങ്ങളും അമിതമായി ഉത്തേജിക്കപ്പെടാറുണ്ട്.. അതുകൊണ്ട് തന്നെ അവർക്ക് സ്വന്തമായി ചിന്തിക്കാനും സാധിക്കില്ല. കുട്ടിയോട് സ്നേഹമുണ്ടെങ്കിൽ അവരെ ബോറടിക്കാൻ കൂടി അനുവദിക്കണം. അപ്പോഴാണ് അവരുടെ സ്വതസിദ്ധമായ ഭാവനകൾ വളരുക.
ഇത്രയും നാൾ ഫോൺ എപ്പോഴും കിട്ടിക്കൊണ്ടിരുന്ന ഒരു കുട്ടിയോട് ഇത്തരം മാറ്റങ്ങൾ വേണമെന്ന് പറയുമ്പോൾ ഒരുപക്ഷേ, അവർക്കതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് വന്നേക്കാം. ക്ഷമയും സമയവും കൊടുക്കാം.. അത്രയും നാൾ സ്ക്രീനുമായി ചേർന്നിരുന്നിട്ട് പെട്ടന്ന് അത് അത്രയും നേരം കിട്ടാതാകുന്നതിന്റെ ‘വിടവ്’ അവരെ ഉലച്ചേക്കാം. മാതാപിതാക്കൾക്ക് ഇക്കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു പ്രഫഷണലിന്റെ സഹായം തേടുന്നതിൽ തെറ്റില്ല.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. മിലി എം. ദാസ്, കൗൺസലിങ്ങ് സൈക്കോളജിസ്റ്റ്, ദാറ്റ് സേഫ് സ്പെയ്സ്, തിരുവനന്തപുരം
