ADVERTISEMENT

പലതും അടിച്ചു പൊട്ടിക്കുക, കണ്ണുപൊട്ടുന്ന ചീത്ത ഓൺലൈനിലും ഓഫ്‌ലൈനിലും പറയുക, വണ്ടി വഴിയിൽ കുറുകെയിട്ട് മാസ് കാണിക്കുക, മിണ്ടാപ്രാണികളോടും കുട്ടികളോടും  പോലും അതിക്രമം കാണിക്കുക.... തുടങ്ങി കുറച്ച് നാൾ വരെ എല്ലാവരും ഇത് തെറ്റാണെന്ന് പറഞ്ഞിരുന്ന കാര്യങ്ങൾ വരെ ഇന്ന് ‘കട്ട കലിപ്പാകുന്നു’. കലിപ്പിന് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് വരുന്നു. സിനിമ രാഷ്ട്രീയം, ചാനലുകൾ തുടങ്ങി പലതും ഒരു ജനതയ്ക്കിടയിൽ ഈ കലിപ്പിനോടുള്ള ആസക്തി കൂട്ടുന്നതിന് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുണ്ട്.. പുതിയ കാലത്ത് ക്രോധ നിയന്ത്രണത്തിന്റെ അതിരു കുറഞ്ഞു വരുന്നുമുണ്ട്. ചില സന്ദർഭങ്ങളിൽ അക്രമം കാണിക്കുന്നതിൽ തെറ്റില്ല എന്നു പോലും പലരും വിചാരിക്കുന്നു. ഇതൊക്കെ ആശങ്കാജനകമാണ്. 

ഒരു മനുഷ്യന് സ്വാഭാവികമായി വരുന്ന വികാരമാണ് ദേഷ്യം. എന്നാൽ എതിരെ നിൽക്കുന്നയാൾ അല്ലെങ്കിൽ ഒരു സംവിധാനം തിരുത്തപ്പെടണം എന്നൊരു ലക്ഷ്യമില്ലാതെ വേദനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ചെയ്യുന്ന ക്രോധ പ്രകടനങ്ങൾ അപകടകരമാണ്. അല്ലാതെ ദേഷ്യം ചെന്ന് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും കൊലപാതകത്തിലേക്കും എത്തുന്നത് കൈയടിച്ചു പ്രോത്സാഹിപ്പിക്കേണ്ട ‘മാസ് ഐറ്റം’ അല്ല. ദേഷ്യമായാലും സങ്കടമായാലും ആധിയായാലും അതിനെയൊക്കെ മെരുക്കി നിർത്തുക എന്നത് ഒരു മനുഷ്യന്റെ വളർച്ചയ്ക്ക് ആവശ്യമായൊരു ലൈഫ് സ്കിൽ തന്നെയാണ്.

ADVERTISEMENT

നമ്മുടെ സമൂഹത്തിൽ വിഷാദം, ഉത്കണ്ഠ എന്നതു പോലെ ക്രോധം ഒരു ക്രിനിക്കൽ സ്റ്റേറ്റ് ആയി ഉടലെടുത്തു കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാൻ നിലവിലുള്ളത്. ‘ഭയങ്കര ദേഷ്യമാണ്... കൈയൊക്കെ ചുരുട്ടി ചുറ്റുമിരിക്കുന്നതൊക്കെ എടുത്ത് വലിച്ചെറിയുന്നു’ എന്ന് കുട്ടികളെ പറ്റി പോലും പറയുന്ന അവസ്ഥയിലെത്തി നിൽക്കുന്നു കാര്യങ്ങൾ. ഒരു പക്ഷേ, ചുറ്റുമുള്ള ആളുകളോ സിനിമയിലെ നായകനോ അതിരു വിട്ട ദേഷ്യം കാണിക്കുമ്പോൾ മറ്റുള്ളവർ അതിനു കൈയടിക്കുന്നതും ‘ഇതൊക്കെ വേണ്ടതാണ്’ എന്ന് പറയുന്നതും കുട്ടി കേൾക്കുന്നുണ്ടാവാം. ഇത്തരത്തിലുള്ള അക്രമം ന്യായീകരിക്കൽ വലിയൊരു വിപത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നത്.

കോപം അതിരു കടക്കുന്നോ എന്നറിയാൻ ഒരു ചെക്ക് ലിസ്റ്റ് വയ്ക്കാം:

anger2
ADVERTISEMENT

– അമിത കോപം എത്ര നേരത്തേക്ക് കത്തി നിൽക്കുന്നു?

– കഴിഞ്ഞ മാസം എത്ര തവണ അമിതമായി കോപിച്ചു?

ADVERTISEMENT

– ക്രോധം എങ്ങനെയൊക്കെയാണ് പ്രകടിപ്പിക്കുന്നത്?

– ആരുമായുള്ള/ എന്തുമായുള്ള ഇടപെടലാണ് അമിത കോപത്തിലേക്ക് നയിക്കുന്നത്?

– ദേഷ്യം കൂടുമ്പോൾ വരുന്ന ശാരീരികാസ്വസ്ഥതകൾ എന്തൊക്കെ?

– ദേഷ്യത്തിലാകുമ്പോഴും അതിനു ശേഷവുമുള്ള മാനസികാവസ്ഥ എങ്ങനെ?

– മറ്റുള്ളവരുടെ കോപത്തിന് പാത്രമാകുമ്പോൾ എങ്ങനെയാണ് പ്രതികരിക്കുക?

– മറ്റുള്ളവർ ദേഷ്യപ്പെടുന്നത് കാണുമ്പോൾ എന്താണ് അതേക്കുറിച്ച് തോന്നുക?

– കലി വന്നാലും അതു നിയന്ത്രിച്ച് നിർത്തുന്ന സാഹചര്യങ്ങളുണ്ടോ? എന്തൊക്കെ?

അവനവന്റെ ദേഷ്യത്തെ കുറിച്ച് ഇത്തരം സ്വയമൊരു അവലോകനം ഇടയ്ക്കിടെ നടത്തുന്നത് നല്ലതാണ്. ചിലപ്പോൾ ഇതിൽ നിന്നൊക്കെ തന്നെ നിങ്ങൾക്ക് പരിഹാര മാർഗങ്ങളും കണ്ടെത്താനായേക്കും....

എപ്പോഴാണ് വിദഗ്ധ സഹായം തേടേണ്ട സമയമെന്നറിയാം...

– നിസാര കാര്യങ്ങൾക്കു പോലും ചാടിക്കടിക്കുന്നു.

– കോപം കാരണം ജോലിയിലും കുടുബത്തിലും സൗഹൃദവലയങ്ങളിലും പ്രശ്നങ്ങൾ വരുന്നു.

– കലി കാരണം ഗാർഹിക പീഢനത്തിനും ശാരീരിക അക്രമങ്ങൾക്കുമുള്ള ആസക്തി വരുമ്പോൾ.

– കോപം കാരണം ചുറ്റുമുള്ളതൊക്കെ നശിപ്പിക്കാൻ തോന്നുമ്പോൾ.

– ആത്മഹത്യാ ചിന്തയും സ്വയം വേദനിപ്പിക്കാനുള്ള തോന്നലും വന്നു തുടങ്ങുന്നു.

– മദ്യമോ, ലഹരിയോ കാരണം അരിശം രൂക്ഷമാകുമ്പോൾ

കടപ്പാട്: ഡോ. സി. ജെ. ജോൺ, സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പ്പിറ്റൽ, കൊച്ചി.

ADVERTISEMENT