ADVERTISEMENT

ഒരു പ്രത്യേക മണമോ, കുറച്ചുയർന്നൊരു ശബ്ദമോ, ചില തുണിത്തരങ്ങളോ അങ്ങനെ നമ്മിൽ പലർക്കും വളരെ സ്വാഭാവികമായി തോന്നുന്ന കാര്യങ്ങൾ ചുറ്റും നിൽക്കുന്ന ചിലർക്കെങ്കിലും മാനസിക സമ്മർദ്ദം ഉണ്ടാക്കാറുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?

ന്യൂറോ ഡൈവർജെന്റായ പലർക്കും മറ്റുള്ളവരെ തീർത്തു ബാധിക്കാത്ത കുഞ്ഞു കാര്യങ്ങൾ പോലും യുദ്ധക്കളങ്ങളാണ്... നമ്മൾ അറിയാത്ത/ മനസിലാക്കാത്ത പല തരം ബുദ്ധിമുട്ടുകളിലൂടെയാണ് അവർ ദിവസവും കടന്നു പോകുന്നത്. സഹജീവിയെ കരുതുക എന്ന വാചകത്തിന്റെ അർഥം പലപ്പോഴും ‘നമ്മളെ പോലുള്ള മാനസിക- ശാരീരിക അവസ്ഥയുള്ളവരെ മാത്രം കരുതുക’ എന്ന വൃത്തത്തിലേക്ക് അറിഞ്ഞോ അറിയാതെയോ നാം ചുരുക്കി കളയാറുണ്ട്.

ADVERTISEMENT

എല്ലാവരുടേയും എല്ലാത്തിനോടുമുള്ള സംവേദനം ഒരുപോലെയല്ല

ഓട്ടിസം സ്പെക്ട്രം ഡിസോഡർ, എഡിഎച്ച്ഡി പോലുള്ള മസ്തിഷ്ക വികസന വ്യതിയാനങ്ങളുള്ളവരെ ഒരുമിച്ച് വിളിക്കുന്ന പേരാണ് ന്യൂറോ ഡൈവർജെന്റ് എന്നത്. ഇതു പല തോതിൽ പ്രകടമാകുന്നതു കൊണ്ടു തന്നെ ചിലപ്പോൾ നമ്മൾക്ക് തൊട്ടടുത്തുള്ള ഒരാൾ പോലും ന്യൂറോഡൈവർജന്റ് ആകാനിടയുണ്ട് എന്ന് ഓർക്കാം. കരുതൽ അവിടുന്ന് തുടങ്ങാം.

ADVERTISEMENT

ന്യൂറോഡൈവർജന്റ് ആയവർക്ക് പലപ്പോഴും സംവേദനക്ഷമതയിൽ ചില വ്യത്യാസങ്ങൾ വന്നേക്കാം. രണ്ടു തരത്തിലാണ് ഇത് പ്രകടമാകുന്നത്.

1. സംവേദന ക്ഷമത കൂടുന്ന അവസ്ഥ: വെളിച്ചം, സ്പർശം മുതലായവയിൽ വളരെ ചെറിയതോതിൽ പോലും ഉള്ള വ്യത്യാസത്തോട് അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണിത്. ഉദാഹരണത്തിന് വളരെ ദൂരെയുള്ള പൊതുവേ മനുഷ്യർ അത്ര ശ്രദ്ധിക്കാത്ത തരം ശബ്ദത്തോട് പോലും ഇവർ പ്രതികരിക്കും. കൈയെടുത്ത് കാതടയ്ക്കും, കണ്ണ് മുറിക്കിയടയ്ക്കും... ഇതിൽ നിന്നും അമിത ദേഷ്യത്തിലേക്കോ, ഉത്കണ്ഠയിലേക്കോ ഒക്കെ പ്രതികരണങ്ങൾ പോയേക്കാം.

ADVERTISEMENT

ചിലർ ശബ്ദമുള്ള ഇടത്തിനടുത്തേക്ക് പോകാതിരിക്കാൻ വാശി പിടിക്കും. കല്യാണങ്ങളും പൊതു ചടങ്ങുകളും പോലും പലർക്കും ബുദ്ധിമുട്ടുകളുണ്ടാക്കും..

സ്പർശത്തോടുള്ള പ്രതികരണം ചിലപ്പോൾ  ഞെട്ടലാകാം, വേദന അനുഭവപ്പെട്ട പോലെയോ, അവരെ തൊട്ട അതേപോലെ തിരിച്ച് തൊടുക/തൊണ്ടുക  തുടങ്ങിയ രീതിയിലോ പുറത്തേക്കു വരാം.  

വെളിച്ചത്തോടും ചിലർക്ക് അസഹ്യതയുണ്ടാകാം.. മൊബൈൽ, ടിവി മുതലായ ഇടങ്ങളിൽ നിന്നു വരുന്ന വെളിച്ചം പോലും ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കാം..ചിലർക്ക് ഇതൊക്കെയും പ്രശ്നമാകുമ്പോൾ മറ്റുചിലർക്ക് ഏതെങ്കിലും ഒന്നിനോടാകും ഒത്തു പോകാൻ കഴിയാത്തത്.

2. സംവേദന ക്ഷമത തീരെ കുറയുന്ന അവസ്ഥ: എത്ര ഉറക്കെ വിളിച്ചാലും ചിലർ കേൾക്കാതെ അവരുടെ ലോകത്ത് മുഴുകിയിരിക്കുന്നതായി കാണാം. തൊട്ടടുത്ത് ഒരു പടക്കം പൊട്ടിയാൽ പോലും അറിഞ്ഞന്നു വരില്ല. തൊട്ടു വിളിച്ചാൽ പോലും ചിലർ അറിയാത്തത് പലരേയും ചൊടിപ്പിക്കാറുണ്ട്..

ഓട്ടിസം സ്പെക്ട്രമുള്ള ചില കുട്ടികളിൽ ചില മൃദുലമായ ഇടങ്ങളിൽ/ചർമത്തിൽ തൊടാനുള്ള താൽപര്യം കൂടുന്നതായി കാണാം... അതേപോലെ ചിലർക്ക് മണങ്ങളോട് ചിലപ്പോൾ ഉമിനീരിനോട് ഒക്കെ താൽപര്യം കൂടുന്നതു കാണാം. ഇതേ പോലെ നേരെ തിരിച്ച് ഇതിനോടൊക്കെ വെറുപ്പു കാട്ടി ഇറങ്ങിപ്പോകുന്നവരുമുണ്ട്.. ചിലർക്ക് ഒട്ടിപ്പിടിക്കുന്ന ഭക്ഷണത്തോട് അസഹ്യത വരാം. ചോറും മറ്റും കഴിക്കാൻ അവർ വിരക്തി കാണിക്കാറുണ്ട്.

ഇത് ചുറ്റുമുള്ള പലർക്കും മനസിലാകാറില്ല.. ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മൾ ഇതൊക്കെ അറിഞ്ഞു വയ്ക്കേണ്ടതുണ്ട്. ഇതൊന്നും അവർ വേണമെന്നു വച്ച് ചെയ്യുന്നതോ ‘വളർത്തു ദോഷമോ’ അല്ല. ഇവ ഒരു വ്യക്തിയുടെ തലച്ചോറിനകത്ത് വരുന്ന മാറ്റങ്ങൾ കാരണം സംഭവിക്കുന്നതാണ്. അതിനനുയോജ്യമായി പ്രവർത്തിക്കാൻ പാകത്തിനുള്ള പൊതു അവബോധം ഒരു സമൂഹമെന്ന നിലയ്ക്ക് നമ്മൾ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്..

കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, തിരുവന്തപുരം മെഡിക്കൽ കോളജ്. ഓണററി കൺസൾട്ടന്റ് സൈക്യാട്രി ശ്രീ ചിത്തര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി.

ADVERTISEMENT