ADVERTISEMENT

ഇറാനും അമേരിക്കയും യുദ്ധവും ഒക്കെ വാർത്തകളിൽ നിറയുമ്പോൾ ഇന്നത്തെ കാലത്ത് അതു ‘ഏതോ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം’ മാത്രമല്ല. നമ്മളെ എല്ലാവരേയും അതു ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും മലയാളികളെ. നമ്മിൽ പലരുടേയും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അക്രമം നടക്കുന്ന ഈ സ്ഥലങ്ങളിലൊക്കെയുണ്ട്.. യുദ്ധം അവിടെങ്ങളിലും ഇവിടെയുള്ളയുള്ളവരുടെ മനസിലും മുറുകുന്നു...

ഈ അവസരത്തിൽ നമുക്ക് യുദ്ധഭൂമിയിൽ ഉള്ള നമ്മുടെ പ്രിയപ്പെട്ടവരെയും കുട്ടികളെയും ധൈര്യമുള്ളവരാക്കണം. എന്തും നേരിടാൻ പ്രാപ്തിയുള്ളവരാക്കണം..യുദ്ധം ഉളവാക്കുന്ന അശാന്തിയുടെ മിസൈലുകളെ നിർവീര്യമാക്കാനുള്ള സംവിധാനങ്ങൾ മനസ്സിൽ നാം  ഒരുക്കേണ്ടിയിരിക്കുന്നു. ...

ADVERTISEMENT

ചെയ്യാവുന്നതും ചെയ്യരുതാത്തതും...

വിദേശത്തുള്ളവർ സുരക്ഷിതരാണോ എന്ന പേടിയും നമ്മളെ എന്നു അലട്ടുന്നുണ്ട്. തീർച്ചയായും അവർക്ക് മെസ്സേജ് അയക്കാം. എല്ലാം സാധാരണ നിലയിലാകാനുള്ള പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്യാം. എന്നാൽ യുദ്ധഭൂമിയിൽ ഉള്ളവരെ നമ്മുടെ ആധികൾ കൊണ്ട് മൂടി പേടിപ്പിക്കാതിരിക്കാം.

ADVERTISEMENT

നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് അവരിൽ നിന്ന് നടത്താൻ നോക്കാതിരിക്കുക.. ‘ എടീ/എടാ ഇന്നതൊക്കെ പൊട്ടിയെന്നു കേട്ടല്ലോ...’ എന്നു മറ്റുമുള്ള തരത്തിലുള്ള സംസാരങ്ങൾ തീർത്തും ഒഴിവാക്കാം.. അവർക്ക് ഇപ്പോൾ വേണ്ടത് ധൈര്യം നിറയ്ക്കലാണ്... തീ നിറയ്ക്കലല്ല എന്നോർത്ത് വേണം വാക്കുകളും പ്രവർത്തിയും.

അതിനായി എല്ലാം ശരിയാകുമെന്ന പൊള്ളയായ വർത്തമാനം വേണ്ട. ഇവിടെ കേൾക്കുന്ന മോശം വാർത്തകൾ വിളമ്പുകയും വേണ്ട . അന്താരാഷ്ട്ര തലങ്ങളെ കുറിച്ചുള്ള ചർച്ചയും ഒഴിവാക്കാം.അവർക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാം. അവരുടെ അനിശ്ചിതത്വവും അരക്ഷിതാവസ്ഥകളും സൃഷ്ടിക്കുന്ന വിഷമങ്ങൾക്ക് ചെവി കൊടുക്കാം . പറയുന്നതിലേറെ കേൾക്കുക എന്ന സമീപനമാണ് അത്യാവശ്യം. എന്തു നേരിടാനുള്ള കരുത്ത് നിങ്ങളുടെ സ്നേഹ സാന്നിധ്യം കൊണ്ട് കൊടുക്കാം .

ADVERTISEMENT

കുട്ടികളെ കൂടുതൽ ചേർത്തു പിടിക്കാം

അവിടെയുള്ള കുട്ടികൾക്ക് പ്രേത്യേക കരുതൽ വേണം .മുതിർന്നവരുടെ ജീവിത വേവലാതികൾക്കിടയിൽ പലരും അവരെ ശ്രദ്ധിച്ചുവെന്ന് വരില്ല.ഭയം അടക്കി, പുറത്തിറങ്ങാതിയിരിക്കുന്ന കുട്ടികൾ നിശ്ശബ്ദമായി ആകുലപ്പെടുന്നവരാണ് . യുദ്ധത്തിന്റെ ശബ്ദഘോഷങ്ങളും വെളിച്ചങ്ങളും അവരുടെ മനസ്സിൽ അശാന്തിയുണ്ടാക്കാം.... മറ്റ് വിദ്യാർത്ഥികൾക്കൊപ്പം എഴുതേണ്ട പരീക്ഷകൾ എഴുതാനാകാതെ പോകുന്നതും വിഷമം ഉണ്ടാക്കും.

കുട്ടികൾ കൊല്ലപ്പെട്ടതായുള്ള വാർത്തകളൊക്കെ അവരെ അസ്വസ്ഥരാക്കിയേക്കാം....

ഈയവസരത്തിൽ കുട്ടികൾക്ക് ഒപ്പമിരിക്കാനുള്ള സമയം കണ്ടെത്തുക. നിങ്ങളുടെ ആകുലതകൾ ഉറക്കെ വിളിച്ചു പറയാതെ അവരെ ചേർത്ത് പിടിക്കുക. കുട്ടി പറയുന്നത് ശ്രദ്ധയോടെ കേൾക്കുക...

ഉറക്കക്കുറവ് ,പേടിസ്വപ്നം,പെരുമാറ്റ പ്രശ്നങ്ങൾ തുടങ്ങിയ മാറ്റങ്ങൾ ഉണ്ടെങ്കിൽ നേരത്തെ തിരിച്ചറിയുക .കരുതലിലൂടെ പരിഹരിക്കുക .അവരുടെ സ്വാഭാവിക ദിനചര്യകൾ നില നിർത്താൻ ശ്രമിക്കുക.ഭീതിയെ ആളിക്കത്തിക്കാതെ ചുറ്റുവട്ടത്ത് നടക്കുന്ന യുദ്ധ കോലാഹലങ്ങളെ പറ്റി വസ്തുനിഷ്ഠമായി പ്രായത്തിന് ചേരും വിധത്തിലുള്ള വിവരങ്ങൾ മാത്രം അറിയിക്കുക . അവരെയും ഇവിടെ നിന്നുള്ള വിളികളുടെ കണ്ണിയിൽ ചേർക്കുക..

ഫാമിലി ഗ്രൂപ്പ് കാളുകൾ ഈ വേളയിൽ പതിവാക്കാം...മനുഷ്യ നിയന്ത്രണം പരിമിതമായ ഇത്തരം പ്രതിസന്ധി വേളകളിൽ ശക്തി പകരാൻ വേണ്ടിയുള്ള ഇത്തരം കൂട്ടായ്മകൾ തുടർന്നുണ്ടാകാനിടയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രതിരോധം തീർത്തേക്കാം .

യുദ്ധ മേഖലയിൽ കുടുങ്ങി പോയ മാതാപിതാക്കളെ കുറിച്ചോർത്ത് ഇവിടെയുള്ള കുട്ടികളിൽ ആശങ്ക ഉണ്ടായേക്കാം. അവരോട്.നേരിട്ട് സംസാരിക്കാനും ധൈര്യം നൽകാനും മറക്കാതിരിക്കുക... വീട്ടിൽ എപ്പോഴും യുദ്ധത്തിന്റെ വാർത്തകൾ മാത്രം വച്ചുകൊണ്ടിരിക്കുന്നത് ഒഴിവാക്കി നിശ്ചിത സമയത്ത് മാത്രം വാർത്ത കാണാം.

യുദ്ധം സൃഷ്ടിക്കാൻ ഇടയുള്ള സാമൂഹികവും സാമ്പത്തികവുമായുള്ള ആഘാതങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ നമുക്കും ഒരുങ്ങിയിരിക്കാം.. യുദ്ധം പുറത്ത് സംഭവിക്കുമ്പോഴും മനസ്സിന്റെ ഉള്ളിൽ നമുക്ക് സമാധാനം വിതയ്ക്കാൻ ശ്രമിക്കാം .യുദ്ധ വെറിയുള്ളവരെ അങ്ങനെയെങ്കിലും നമുക്ക് തോല്പിക്കാം....

കടപ്പാട്: ഡോ: സി ജെ ജോൺ, സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പ്പിറ്റൽ, കൊച്ചി.

ADVERTISEMENT