ADVERTISEMENT

ചിരിയോടെ സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നൊരാൾക്കു വിഷാദമുണ്ടെന്ന് എങ്ങനെ കരുതാനാണ്?    ഉറക്കം കുറവ്, ഓർമയുടെ താളം തെറ്റുന്നു, വിശപ്പു കുറയുന്നു, ദഹനപ്രശ്നങ്ങൾ. അങ്ങനെ ലക്ഷണങ്ങൾ ഓരോരുത്തരിലും പ്രകടമാകുന്നത് ഓരോ തരത്തിലാകും.

ഹൈ ഫങ്ഷനിങ് ഡിപ്രഷൻ. മാസ്ക്ഡ് ഡിപ്രഷൻ എന്നും ഇതിനുപേരുകളുണ്ട്. പൊതുവേ മനോബലം പ്രദർശിപ്പിക്കുന്നവരും ഇതിന് ഇരകളാകാം.  ചില സാഹചര്യങ്ങളിൽ ആത്മഹത്യയിലേക്കു വരെ ഇതു നയിക്കാം. പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലായിരുന്നു. എന്നിട്ടും  എന്തിനാണങ്ങനെ ചെയ്തത് എന്ന സംശയം പലർക്കും തോന്നാം.

ADVERTISEMENT

ഒരു വരിയിൽ പറഞ്ഞൊതുക്കാനാവില്ല നിശബ്ദ വിഷാദത്തിന്റെ ചുഴികൾ. മനുഷ്യർ തമ്മിൽ നേരിട്ടുള്ള സാമൂഹിക സമ്പർക്കം കുറഞ്ഞതു പ്രധാന കാരണങ്ങളിലൊന്നാണ്.  എന്തു കാര്യവും ഉള്ളുതുറന്നു സംസാരിക്കാൻ പറ്റുന്ന എത്ര പേരുണ്ടു നിങ്ങൾക്ക്? ഉറ്റവരും ബന്ധുക്കളും പരിചയക്കാരും ഒരുപാടുണ്ടാകും. പക്ഷേ, മനസ്സു തുറന്നു സംസാരിക്കാൻ പറ്റുന്നവർ എത്രപേരുണ്ട്. ഇപ്പോൾ വിരലുകളിൽ എണ്ണം പിടിക്കുന്ന പലരും അറിയാൻ ഒരു കാര്യം പറയട്ടെ. എണ്ണം നാല് എങ്കിലും കടന്നാൽ ആശ്വസിച്ചോളൂ. നിങ്ങൾ പ്രീമിയം ലീഗിൽ പെടുന്ന വ്യക്തിയാണ്. ഉള്ളുതുറക്കുമ്പോൾ കരുതലോടെ കേൾക്കാൻ ഒരാൾ പോലും ഇല്ലെന്ന ശൂന്യത അനുഭവിക്കുന്നവരാണു ഭൂരിപക്ഷവും. 100 പേരിൽ അഞ്ചു മുതൽ 10 പേർക്കു  നിശബ്ദ വിഷാദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്.   
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
വിഷാദത്തിനു പ്രധാനമായും ഒൻപതു ലക്ഷണങ്ങളാണുള്ളത്. ഇത് എല്ലാം ഒരു രോഗിയിൽ പ്രകടമാകണമെന്നില്ല.

1 എന്തു ചെയ്താലും മാറാത്ത സങ്കടമാണ് ആദ്യ ലക്ഷണം. ഒന്നിലും തൃപ്തി തോന്നാത്ത അവസ്ഥ.  .
 2  പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിലും എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥ ഉണ്ടാകാം.
3 എല്ലാത്തിനോടും താൽപര്യക്കുറവു തോന്നാം.   
4  ശരീരം നൽകുന്ന അപായമണിയാണ് ഉറക്കകുറവ്. വിഷാദരോഗമുള്ളവരുടെ ഉറക്ക തടസ്സത്തിനെ ‘ടെർമിനൽ ഇൻസോമ്നിയ’ എന്നാണു പറയുന്നത്.
5 വിഷാദം തീവ്രഘട്ടത്തിലേക്ക് എത്തിയെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ലക്ഷണമാണു വിശപ്പില്ലായ്മ.
6 നെഗറ്റീവ് ചിന്തകളും സ്വയം ഒറ്റപ്പെടുത്തി സങ്കൽപിച്ചു സംസാരിക്കുന്ന രീതിയും വിഷാദ ലക്ഷണമാണ്. സഹായിക്കാനോ അന്വേഷിക്കാനോ ആരും ഇല്ല എന്ന തോന്നൽ വിഷാദരോഗിയിൽ പ്രകടമാകുന്ന ലക്ഷണമാണ്.  
7 വിഷാദ ലക്ഷണമുള്ള എല്ലാവരിലും ആത്മഹത്യാ പ്രവണത പ്രകടമാകണമെന്നില്ല. പക്ഷേ, അതിനും സാധ്യത ഉണ്ട്. അതുകൊണ്ട് ‘സ്ട്രെസ് ബോംബ്’ പൊട്ടും മുൻപേ നിർവീര്യമാക്കണം.  
8 അടുത്തത് ഏകാഗ്രത കുറവാണ്.  ചിട്ടയോടെ ചെയ്തിരുന്ന പതിവു കാര്യങ്ങളിൽ പോലും പിഴവുകൾ വരാം.
9 അവസാന ലക്ഷണം സൈക്കോ മോട്ടോർ റിട്ടാർഡേഷൻ എന്ന അവസ്ഥയാണ്. ചലനങ്ങളും ചിന്തകളും വളരെ സാവധാനം നീങ്ങുന്ന സ്ഥിതി ഉണ്ടാകാം. ഈ ലക്ഷണങ്ങളി ൽ അഞ്ചു ലക്ഷണമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ വിഷാദരോഗം നിർണയിക്കാൻ സാധിക്കൂ.

ADVERTISEMENT

വിഷാദ സാധ്യത ആർക്കെല്ലാം?

പുഞ്ചിരിയുടെ മാസ്ക് ധരിച്ച വിഷാദം
‘‘ മനസ്സിലെ കലക്കങ്ങൾക്ക് അവർ പുഞ്ചിരിയുടെ മാസ്ക് ഇടും. ‘സ്മൈലിങ് ഡിപ്രഷൻ’ എന്ന വിളിപ്പേര് വന്നത് ആ കാരണത്താലാണ്.’’ കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിൽ സൈക്യാട്രി വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റ ് ആയ ഡോ.കെ.എൻ. കൃഷ്ണകുമാർ പറയുന്നു.
വിഷാദത്തിന്റെ ഏറെക്കുറെ രോഗലക്ഷണങ്ങളാണു നിശ്ശബ്ദ വിഷാദത്തിലും പ്രകടമാകുന്നത്. രോഗിയോടു വളരെ അടുപ്പമുള്ളവർക്കും പ്രഫഷനലായ ഡോക്ടർമാർക്കും മാത്രമേ ഈ മാറ്റം തിരിച്ചറിയാൻ കഴിയൂ.  അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടാകും. ജോലി ചെയ്യാനും വീട്ടിലെ കാര്യങ്ങൾ ചെയ്യാനും സാധിക്കും.’’ ഡോ. കെ. എൻ. കൃഷ്ണകുമാർ മുന്നറിയിപ്പെന്നോണം പറയുന്നു.

depression
ADVERTISEMENT

മാറാത്ത വേദനകൾ
‘‘സൈലന്റ്  ഡിപ്രഷന്റെ ചില ലക്ഷണങ്ങൾ ചിലപ്പോൾ ഡോക്ടർമാർക്കു കൃത്യമായി ലഭിക്കാറുണ്ട്. ഉദാഹരണമായി 30 – 40 വയസ്സു കഴിഞ്ഞ സ്ത്രീകളിൽ പലരും പറയുന്നത്  ശാരീരിക വേദനകളാണ്. പക്ഷേ, വിശദമായ പരിശോധനകളിലാണ് സൈലന്റ് ഡിപ്രഷൻ ആണെന്നു മനസ്സിലാകുന്നത്. ഇത്തരത്തിൽ നോൺ സ്പെസിഫിക് ആയ വേദനയുടെ ലക്ഷണങ്ങൾ ഉള്ളവരിൽ നിശ്ശബ്ദ വിഷാദം ഉണ്ടാകാൻ സാധ്യതയുണ്ട്’’. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ്  സൈക്യാട്രിസ്റ്റ്
ഡോ. ചിക്കു മാത്യു പറയുന്നു.
‘‘നിശ്ശബ്ദ വിഷാദം ഉള്ളവരിൽ അമിതദേഷ്യം കാണാറുണ്ട്. ചിലർ  ലഹരി ഉപയോഗത്തിലേക്കും നീങ്ങാം.’’.ഡോ. കെ.എൻ.കൃഷ്ണകുമാർ വിശദമാക്കുന്നു.

കുട്ടികളിലും പ്രായമായവരിലും
‘‘സൈലന്റ് ഡിപ്രഷൻ ഏതു പ്രായത്തിലും സംഭവിക്കാം. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ലക്ഷണങ്ങൾ പ്രകടമാകാം. ഒരു കുട്ടി സ്കൂളിൽ പോകുന്നില്ല. ചോദിക്കുമ്പോൾ വയറുവേദനയോ പനിയോ തലവേദനയോ ആയിരിക്കും പറയുന്നത്. യഥാർഥ കാരണം ചിലപ്പോൾ  വിഷാദം ആകാം. കൗമാരത്തിലുള്ള കുട്ടിയാണെങ്കിൽ ചീത്ത കൂട്ടുകെട്ടും ലഹരി ഉപയോഗവും ഉണ്ടെങ്കിൽ അവിടെയും വിഷാദലക്ഷണം കാണാം’’. ഡോ. ചിക്കു വിശദീകരിച്ചു.
‘‘നിശ്ശബ്ദ വിഷാദം വാർധക്യത്തിലും പ്രകടമാകാറുണ്ട്. ജീവിതത്തിൽ വളരെ ബോൾഡ് ആയി കുടുംബഭാരം മുഴുവൻ ചുമന്നവരായിരിക്കും ഇവർ. ജീവിത സായാഹ്നത്തിൽ അവർക്കു വിഷാദസാധ്യത കൂടുതലാണ്. പ്രതിസന്ധിയുണ്ടെന്നു തുറന്നു പറയാൻ കഴിയണമെന്നുമില്ല.’’   ഡോ. കൃഷ്ണകുമാർ പറയുന്നു. ‌

വൈകാരിക അവഗണന
വൈകാരിക അവഗണനയും പ്രധാന കാരണമാണ്. ‘‘പലരും കുടുംബത്തിൽ വൈകാരിക അവഗണനയിലൂടെ കടന്നുവന്നവരാകാം. മാതാപിതാക്കളുടെ അമിതചിട്ടകൾ, ചി ല ശീലങ്ങൾ, ലഹരി ഉപയോഗം  അങ്ങനെ പലവിധ കാരണങ്ങളുമുണ്ടാകാം.  മാതാപിതാക്കളുടെ മാനസിക പ്രതിസന്ധികളും രോഗങ്ങളും  കുട്ടികളെ ബാധിക്കാം.
 കേൾക്കാൻ ആരുമില്ല എന്ന ബോധ്യത്തിൽ വളരുന്ന കുട്ടികൾ ഇതൊക്കെ ഉള്ളിൽ ഒതുക്കുന്നതാണു ബുദ്ധി എന്നു കരുതാം. ചിലപ്പോൾ അതു പ്രകടമാകുന്നതു പ്രായമായ ശേഷം ഏറെക്കുറെ സ്വസ്ഥമായ ജീവിതസാഹചര്യങ്ങളിൽ എത്തിയ ശേഷമാകാം. അതുകൊണ്ട് ലക്ഷണങ്ങൾ പ്രകടമാകുന്ന ഘട്ടത്തിലേ തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും പ്രധാനമാണ്.’’ ഡോ. കൃഷ്ണകുമാർ ഓർമിപ്പിക്കുന്നു.

രോഗനിർണയവും ചികിത്സയും
സൈലന്റ് ഡിപ്രഷൻ കണ്ടെത്തിയില്ലെങ്കിൽ  ജീവിതം ആ സ്വദിക്കാൻ സാധിക്കാതെ വരും. ചിലർ ആത്മഹത്യയിലേക്കും വഴുതി വീഴാം. രോഗ തീവ്രത അനുസരിച്ച് മരുന്നില്ലാതെയും മരുന്നു നൽകിയും ചികിത്സിക്കാറുണ്ട്.
കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി ഉൾപ്പെടെ തെറപ്പികളും മരുന്നുകളും നൽകുന്നു.  ജീവിതത്തിൽ ചില ക്രമീകരണങ്ങൾ നടത്താനും നിർദേശിക്കാറുണ്ട്. അതായതു തിരക്കും ചിട്ടകളും കുറച്ചു വിശ്രമം എടുക്കുക, കൃത്യമായി വ്യായാമം ചെയ്യുക, മനസ്സിനു സന്തോഷകരമായ കാര്യങ്ങൾ ചെയ്യുക.
ഇതുവരെ പറഞ്ഞ ലക്ഷണങ്ങളൊന്നും നിങ്ങൾക്കില്ലെന്നു കരുതുക.  പക്ഷേ, പരിചയമുള്ളവരിലോ കുടുംബാംഗങ്ങളിലോ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞാൽ ചികിത്സ തേടാൻ അവരെ സൗമ്യമായി പ്രേരിപ്പിക്കുക. കാരണം, പുഞ്ചിരി അണിഞ്ഞ വിഷാദം അടുപ്പമില്ലാത്തവർക്കു തിരിച്ചറിയാൻ വിഷമമാണ്. അവരോടു ഹൃദയം തുറന്നു സംസാരിക്കാം. പ്രതിസന്ധികളിൽ ഒപ്പമുണ്ടെന്നു പറയാം.  

ADVERTISEMENT