ADVERTISEMENT

വിരസമായ ജോലികൾക്കിടയിലോ തിരക്കുള്ള ഒരു ദിവസത്തിന്റെ അവസാനമോ ആയിരിക്കാം ചെറിയ ഇടവേള എടുത്ത് സ്മാർട്ഫോണിൽ അൽപസമയം ചെലവഴിക്കുന്നത്. വെറും പത്ത് മിനിറ്റിനുള്ളിൽതന്നെ അൽഗോരിതം നിരവധി വിവരങ്ങളാണു നമ്മളിലേക്കെത്തിക്കുന്നത്. സ്ഥിരമായി നമ്മൾ കേൾക്കുന്ന മോട്ടിവേഷൻ സ്പീക്കറുടെയും ഇൻഫ്ലുവൻസർമാരുടെയും കണ്ടന്റുകൾ നിമിഷങ്ങൾക്കകം നമ്മുടെ ഫീഡിൽ വന്നുപോകും. വെറും പത്ത് മിനിറ്റിനുള്ളിൽ നിരവധി വിവരങ്ങളാണ് നമ്മിലേക്ക് ഒഴുകിയെത്തുന്നത്.

ആകർഷകമായി സംസാരിക്കുന്ന ഒരു ഇൻഫ്ലുവൻസർ ക്യാമറയിലേക്ക് നോക്കി പറയുന്നു, ‘‘നിങ്ങൾ അയയ്ക്കുന്ന മെസേജുകളെക്കുറിച്ച് നിങ്ങൾ അമിതമായി ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഹൈ-ഫങ്ഷനിങ് ഉത്കണ്ഠ (high-functioning anxiety) ഉണ്ട്.’’ കുറച്ചു വിഡിയോകൾക്ക് ശേഷം മറ്റൊരു ശബ്ദം ഉറപ്പിച്ചു പറയുന്നു, ‘‘വിരസമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ADHD ഉണ്ട്.’’ കേൾക്കുമ്പോൾ ഇതു സത്യമാണല്ലോയെന്നു തോന്നാം. കേൾക്കുന്ന പല അനുഭവങ്ങളിലൂടെയും നമ്മളും കടന്നുപോകുന്നുണ്ടല്ലോ എന്നും അനുഭവപ്പെടാം. എന്നാലിത് നമ്മൾ കരുതുന്നതിനുമപ്പുറം നിശ്ശബ്ദമായ ആധുനിക പ്രതിസന്ധിയുടെ തുടക്കം കൂടിയാണ്.

ADVERTISEMENT

മാറുന്ന മാനസികാരോഗ്യ രംഗം

മാനസികാരോഗ്യരംഗത്തു കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ, കേരള സമൂഹത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കുറച്ചു കാലം മുൻപു വരെ അടച്ചിട്ട മുറികൾക്കുള്ളിൽ മാത്രം മന്ത്രിച്ചിരുന്ന ഒന്നായിരുന്നു ‘മാനസികാരോഗ്യ’ത്തെക്കുറിച്ചുള്ള സംശയങ്ങളും നിഗമനങ്ങളുമെല്ലാം. ശാരീരികാരോഗ്യം പോലെയല്ല മറിച്ച് ഗോപ്യമായി വയ്ക്കേണ്ട എന്തോ ഒന്നാണു മാനസികസംബന്ധിയായ അവസ്ഥകളെന്ന് ഓരോ കുടുംബവും കരുതിപ്പോന്നിരുന്നു. സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളെക്കുറിച്ചുള്ള ഭയം, അയൽക്കാർ എന്തു പറയുമെന്ന ആശങ്ക, കൂടാതെ ‘വട്ട്’ പോലുള്ള വാക്കുകളുടെ ക്രൂരമായ ഉപയോഗം എന്നിവ കാരണം പലർക്കും അത്യാവശ്യമായിരുന്ന സഹായം പോലും ലഭിക്കാതെ പോയി. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുൾപ്പെടെ നിരവധിയാളുകളുടെ സ്ഥിരോത്സാഹത്തോടെയുള്ള പ്രവർത്തനങ്ങളുടെയും പ്രചാരണങ്ങളുടെയും ഫലമായി ഇപ്പോൾ ആ അവസ്ഥ ഏതാണ്ടു മാറിയിരിക്കുന്നു. നീണ്ട കാലത്തെ നിശ്ശബ്ദതയിൽ നിന്നു നമ്മൾ ധീരമായി പുറത്തുവന്നു.

ADVERTISEMENT

അന്ധവിശ്വാസങ്ങളും മുൻവിധികളും മാറ്റിനിർത്തി, സമൂഹം ശാസ്ത്രീയമായ രീതികളവലംബിച്ചു തുടങ്ങി. ഇന്നു മാനസികരോഗങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റവസ്ഥകളെക്കുറിച്ചും മെച്ചപ്പെട്ട ധാരണ മിക്കവർക്കുമുണ്ട്. അതിനായി മനോരോഗവിദഗ്ധരെയോ മനഃശാസ്ത്രജ്ഞരെയോ സമീപിക്കുന്നതിൽ ആളുകൾക്ക് വിമുഖതയില്ല. ആളുകളിൽ ഇത്തരത്തിൽ അവബോധമുണ്ടാക്കിയെടുക്കുന്നതിനായി ടെലിവിഷൻ-ഡിജിറ്റൽ മീഡിയ വളരെയധികം സഹായിച്ചിട്ടുണ്ട്. അതുവഴി മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം കുത്തനെ ഉയർന്നു എന്നത് വലിയൊരു നേട്ടമാണ്. ഡിജിറ്റൽ കാലത്തേക്ക് കടക്കുമ്പോൾ ഇതിന്റെ മറ്റൊരു വശംകൂടി നമ്മൾ കാണേണ്ടതുണ്ട്. ‘അമിതമായ ഡിജിറ്റൽ ഇടപെടൽ’ (digital over-exposure) എന്ന കാലഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇതിനൊപ്പം ‘‘പോപ്പ്-സൈക്കോളജി’’ (Pop-Psychology) എന്നൊരു വലിയ തിരമാലയും ആഞ്ഞുവീശുന്നതായി കാണാം.

എന്താണ് പോപ്പ്-സൈക്കോളജി?

ADVERTISEMENT

സെൽഫ്-ഹെൽപ് പുസ്തകങ്ങളിലോ പ്രസിദ്ധീകരണങ്ങളിൽനിന്നോ നിങ്ങൾ വായിച്ചറിഞ്ഞ മനഃശാസ്ത്ര സംബന്ധിയായ ടിപ്പുകൾ, ടിക് ടോക്കിലോ, ഇൻസ്റ്റാഗ്രാമിലോ, ബന്ധങ്ങളെക്കുറിച്ചോ വ്യക്തിത്വവികസനത്തെക്കുറിച്ചോ ഒക്കെ നിങ്ങൾ കണ്ട റീലുകൾ എന്നിവയെല്ലാം പോപ്പ് സൈക്കോളജിയുടെ ഭാഗമാണ്. അതായത് ‘ജനപ്രിയ മനഃശാസ്ത്രം’ എന്നാൽ ഒരു സയൻസ് ക്ലാസിൽ നിന്നോ പ്രഫഷനലിൽ നിന്നോ കേൾക്കുന്ന ഒന്നല്ല. പകരം മനുഷ്യ മസ്തിഷ്കത്തെക്കുറിച്ചുള്ള സങ്കീർണമായ ശാസ്ത്രീയ ആശയങ്ങളെ രസകരവും ലളിതവുമായ ചെറിയ ഭാഗങ്ങളാക്കിയാൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലേക്കു കൊണ്ടുവരാൻ സാധിക്കും. ഇന്റർനെറ്റിൽ കാണാറുള്ള ‘പഴ്സനാലിറ്റി’ ക്വിസ്സുകൾ, ജ്യോതിഷവുമായി ബന്ധപ്പെടുത്തി വിവിധ രാശികളിലുള്ള (Zodiac sign) വ്യക്തികളുടെ സ്വഭാവ സവിശേഷതകൾ, നമുക്കു ചുറ്റുമുള്ള നാർസിസിസ്റ്റുകളെ തിരിച്ചറിയാനുള്ള 5 വഴികൾ ഇതെല്ലാം പോപ്പ് സൈക്കോളജിയുടെ ഭാഗമാണ്. പോപ്പ് സൈക്കോളജി രസകരവും ചിലപ്പോഴൊക്കെ നമ്മെതന്നെ ഒന്ന് വിലയിരുത്താൻ (Introspection) സഹായിക്കുന്നതുമാണ്.

മറ്റുള്ളവർ എങ്ങനെ ചിന്തിക്കുന്നു, എന്തുകൊണ്ടങ്ങനെ പെരുമാറുന്നു, സ്വപ്നങ്ങളുടെ അർഥങ്ങൾ, മാനസിക പ്രശ്നങ്ങൾ ഇതെല്ലാം പൊതുവെ ആളുകൾക്കു കൗതുകമുള്ള കാര്യങ്ങളാണ്. ഇതിനെ ഫാസ്റ്റ്-ഫൂഡ് കൾച്ചറുമായി ചേർത്തുവായിക്കാം. വളരെ വേഗത്തിൽ ഉപഭോഗം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിർമിതി. പെട്ടെന്ന് അടിമപ്പെടുന്നതും ആ നിമിഷത്തിൽ വലിയ സംതൃപ്തി നൽകുന്നതുമാണിത്. എന്നിരുന്നാലും, ഫാസ്റ്റ് ഫൂഡ് പോലെ തന്നെ, ഇതിന്റെ പോരായ്മകൾ മനസ്സിലാക്കാതെയിരുന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സോഷ്യൽ മീഡിയയുടെ സ്വാധീനം യഥാർഥ ക്ലിനിക്കൽ യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കുന്ന, തികച്ചും അപകടകരമായ ഒരു അവസ്ഥയിലാണു നാം ഇപ്പോൾ നിൽക്കുന്നത്.

ഡിജിറ്റൽ പ്ലാറ്റുഫോമുകളിലെ വിനോദവും ചികിത്സാപരമായ ഇടപെടലുകളും (intervention) തമ്മിലുള്ള അതിർവരമ്പുകൾ വ്യക്തമാക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് ‘സൈബർ സൈക്കോളജി’യും മാനസികാരോഗ്യവും എന്ന ഈ പംക്തി ജനിക്കുന്നത്. അമിതമായ ഈ ഡിജിറ്റൽ ഇടപെടലുകളുടെ ഏറ്റവും ഭയാനകമായ ലക്ഷണം ‘ഇൻഫ്ലുവൻസർ രോഗനിർണയങ്ങളുടെ’ (Influencer Diagnosis) വർധനയാണ്. ഇന്ന്, ഒരു റിങ് ലൈറ്റും സ്മാർട്ഫോണും ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള കഴിവും ഉള്ള ആർക്കും മനഃശ്ശാസ്ത്ര വിദഗ്ധരാവാം. അവർ സങ്കീർണവും സൂക്ഷ്മവുമായ മാനസികാവസ്ഥകളെ ചെറിയ, ആകർഷകമായ ചെക്ക്‌ലിസ്റ്റുകളാക്കി ചുരുക്കുന്നു. അക്കാദമിക് സമ്മർദം നേരിടുന്ന വിദ്യാർഥികൾ, അമിതജോലി കാരണം തളർന്ന വീട്ടമ്മമാർ, തൊഴിലിടങ്ങളിലെ സമ്മർദം അനുഭവിക്കുന്ന പ്രഫഷനലുകൾ തുടങ്ങി ദശലക്ഷക്കണക്കിന് മലയാളി ഉപയോക്താക്കൾ ഈ 60 സെക്കൻഡ് ‘ഷോർട്ട്സ്’ അല്ലെങ്കിൽ ‘റീൽസ്’ കാണുകയും, അവരുടെ ദൈനംദിന ബുദ്ധിമുട്ടുകൾക്ക് പെട്ടെന്ന് ഒരു മെഡിക്കൽ പേരു കണ്ടെത്തുകയും ചെയ്യുന്നു.

അൽഗോരിതം നടത്തുന്ന രോഗനിർണയം

എന്തുകൊണ്ടാണ് ഇത് ഇത്രത്തോളം സ്വാധീനം ചെലുത്തുന്നത്? ഇതിനെ 'ബാർണം ഇഫക്റ്റ്' (Barnum Effect) എന്ന് വിളിക്കുന്നു. അതായത്, പൊതുവായ വ്യക്തിത്വ വിവരണങ്ങൾ തങ്ങളെക്കുറിച്ച് മാത്രമുള്ളതാണെന്നു വിശ്വസിക്കാനുള്ള ആളുകളുടെ പ്രവണത. ‘ഉറങ്ങി എഴുന്നേറ്റാലും നിങ്ങൾക്ക് ക്ഷീണം തോന്നുന്നു, മറ്റുള്ളവർ വിമർശിക്കുന്നത് നിങ്ങൾ വെറുക്കുന്നു’ എന്ന് ഒരു വീഡിയോയിൽ പറയുമ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾ അതു ശരിവയ്ക്കും. ഈ തിരക്കേറിയ ലോകത്ത്, ഇവ തികച്ചും സാധാരണവും ആർക്കും ഉണ്ടാകാവുന്നതുമായ അനുഭവങ്ങളാണ്. എന്നാൽ, ഇൻഫ്ലുവൻസർ ഉടൻ തന്നെ ഇതിനോട് ചേർത്ത് പറയുന്നു, ‘‘ഇതിനർഥം നിങ്ങൾക്ക് ക്ലിനിക്കൽ ബേൺഔട്ടും (clinical burnout) നാഡീവ്യൂഹത്തിന് ആഘാതവും (traumatized nervous system) സംഭവിച്ചിരിക്കുന്നു എന്നാണ്.’’ അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഈ രോഗനിർണയം തികച്ചും ഉപരിപ്ലവമാണ്. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഒരു ‘ലൈക്ക്’ നേടാനും മാത്രമാണ് ഇതു രൂപകൽപ്പന ചെയ്തിരിക്കുന്നത്, അല്ലാതെ നമ്മുടെ മനസ്സിനെ സുഖപ്പെടുത്താനല്ല. ഒരു വീഡിയോ നിങ്ങളുടേതുമായി സാമ്യമുള്ളതായി തോന്നുമ്പോൾ, ഒരു ചെറിയ നിമിഷത്തേക്ക് നിങ്ങളെ ആരോ മനസ്സിലാക്കി എന്ന തോന്നലുണ്ടാക്കുന്ന ആശ്വാസം മാത്രമാണ് നിങ്ങളനുഭവിക്കുന്നത്. ആ ചെറിയ നിമിഷം ഒരിക്കലും മെഡിക്കൽ ഹിസ്റ്ററി അല്ല.

ഇതിൽ നിന്നു തികച്ചും വ്യത്യസ്തമായി, ഒരു പ്രഫഷനൽ ക്ലിനിക്കൽ കൺസൽറ്റേഷൻ എന്നത് 60 സെക്കൻഡ് ദൈർഘ്യമുള്ള ഒരു പ്രകടനമല്ല; അത് 60 മിനിറ്റ് നീളുന്ന കർശനമായ ഒരു പരിശോധനയാണ്. യോഗ്യതയുള്ള ഒരു സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിക് സോഷ്യൽ വർക്കറുടെയോ മുന്നിൽ നമ്മൾ ഇരിക്കുമ്പോൾ, നമുക്ക് പരിചിതമായ ചില ലക്ഷണങ്ങളുടെ ഒരു ചെക്ക്‌ലിസ്റ്റ് അല്ല നൽകുന്നത്. നമ്മുടെ ജീവിതത്തിന്റെ പൂർണമായ പശ്ചാത്തലമാണ് അവർ നോക്കിക്കാണുന്നത്. നമ്മുടെ കുട്ടിക്കാലം, കുടുംബ പശ്ചാത്തലം, ശാരീരിക ആരോഗ്യം, ഉറക്കത്തിന്റെ രീതികൾ, നമ്മൾ വളർന്ന സാഹചര്യങ്ങൾ എന്നിവ വിലയിരുത്തപ്പെടുന്നു. ഒരു ലക്ഷണം ഗുരുതരമാണെന്നും അടിക്കടി ഉണ്ടാകുന്നതാണെന്നും അത് സമൂഹത്തിൽ ഇടപഴകാനുള്ള നമ്മുടെ കഴിവിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നുമുഉള്ള ‘തെളിവുകൾ’ ഒരു യഥാർഥ ക്ലിനിക്കൽ രോഗനിർണയത്തിന് ആവശ്യമാണ്.

നമ്മൾ ആരാണെന്ന് പറയാൻ ഇൻഫ്ലുവൻസർമാരെ ആശ്രയിക്കുമ്പോൾ, മാനസികരോഗങ്ങളോ അവസ്ഥകളോ ചികിത്സിക്കാൻ ആവശ്യമായ യഥാർഥ വൈദഗ്ധ്യത്തെയാണ് നാം വിലകുറച്ചുകാണുന്നത്. യഥാർഥത്തിൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ജീവിത യാഥാർഥ്യങ്ങളെ ഈ പ്രവണത നിസ്സാരവൽക്കരിക്കുന്നു. പ്രയാസകരമായ ഓരോ പ്രണയനൈരാശ്യങ്ങളെയും ‘ട്രോമ’ (trauma) എന്ന് വിളിക്കുമ്പോൾ, കർശനക്കാരായ ഓരോ മാതാപിതാക്കളെയും ‘നാർസിസിസ്റ്റ്’ (narcissist) എന്ന് മുദ്രകുത്തുമ്പോൾ, ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സങ്കടങ്ങളെ വളരെ ലാഘവത്തോടെ ‘ഡിപ്രഷൻ’ (depression) എന്നു വിളിക്കുമ്പോൾ, വാക്കുകളുടെ അർഥമാണു നഷ്ടപ്പെടുന്നത്. ഓട്ടിസം അല്ലെങ്കിൽ മേജർ ഡിപ്രസ്സീവ് ഡിസോർഡർ പോലുള്ള ഗുരുതരമായ അവസ്ഥകൾ നേരിടുന്ന കുടുംബങ്ങൾക്ക്, സമൂഹത്തിൽ നിന്ന് അർഹിക്കുന്ന പരിഗണനയോ സഹാനുഭൂതിയോ ലഭിക്കാൻ ഇതു വലിയ തടസ്സമാകുന്നു. അവരുടെ അതിജീവനത്തിന്റെ ഭാഷ വെറുമൊരു ഇന്റർനെറ്റ് ട്രെൻഡായി മാറിയിരിക്കുന്നു.

കൃത്യമായി ഇതു തന്നെയാണ് ഈ പംക്തിയിലൂടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്. ഇതു കേവലമൊരു ലേഖന പരമ്പരയല്ല; ആധുനിക മലയാളികൾക്കുള്ള ഒരു റിയാലിറ്റി ചെക്ക് കൂടിയാണ്. ഇതിലൂടെ സോഷ്യൽ മീഡിയയുടെ ഫിൽറ്ററുകൾക്കപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകാനും മാനസികാരോഗ്യത്തിന്റെ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് ആഗ്രഹിക്കുന്നത്.

ആധുനിക മാനസികാരോഗ്യത്തിന്റെ സങ്കീർണതകളെ കഠിനമായ സാങ്കേതിക പദങ്ങൾ ഒഴിവാക്കി, പരിശോധിക്കുന്ന പംക്തിയാണിത്. നമ്മുടെ വേദനകളെ രോഗമായി നിർണയിക്കാനും നമ്മുടെ മൂല്യം നിശ്ചയിക്കാനും അൽഗോരിതങ്ങളെ അനുവദിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമായി. 60 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയ്ക്കു പകർത്താൻ കഴിയുന്നതിനേക്കാൾ സങ്കീർണവും പ്രതിസന്ധികളെ അതിജീവിക്കാൻ കഴിവുള്ളതും ആഴത്തിലുള്ളതുമാണു നമ്മുടെ വ്യക്തിത്വം.

The Rise of Pop Psychology and Influencer Diagnoses:

Modern mental health is increasingly influenced by 'pop psychology' on social media, leading to influencer-driven diagnoses and a superficial understanding of complex psychological conditions. It's crucial to differentiate between entertainment and genuine clinical assessment, as the latter requires professional evaluation of an individual's complete life context.

ADVERTISEMENT