അടുത്തിടെ വൈറലായ ഒരു റീലുണ്ട്. ഫോൺ നോക്കിക്കൊണ്ടിരിക്കുന്ന ഭർത്താവിനോടു വളരെ സീരിയസ്സായി സംസാരിക്കുകയാണു ഭാര്യ. ഓരോന്നും ഭർത്താവു മൂളിക്കേൾക്കുന്നുമുണ്ട്. ചില മൂളലുകൾ ‘അസ്ഥാന’ത്താണെന്നു കണ്ടതോടെ ഭാര്യ ഒരു നമ്പരിറക്കി.
‘മിക്ക ആണുങ്ങളും ഭാര്യ പറയുന്നതിന്റെ പാതി മാത്രമേ കേൾക്കൂ എന്നു പറയുന്നതു ശരിയല്ലേ ചേട്ടാ...?’ വീണ്ടും വന്നു ഭർത്താവിന്റെ മൂളൽ. ‘ഇപ്പോൾ ഞാൻ നിങ്ങളുടെ തല തല്ലിപ്പൊളിച്ചാലും കുറ്റം പറയാനാകില്ലല്ലോ അല്ലേ...?’ വീണ്ടും വന്നു മൂളൽ.
ചിരിക്കപ്പുറം വിശദമായി ചിന്തിക്കേണ്ട ചിലത് ആ ‘മൂള ലിനു’ പിന്നിലുണ്ടെന്നാണു മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. ഭർത്താവിന്റെ കയ്യിലിരിക്കുന്ന ഫോണാണു യഥാർഥ വില്ലൻ. മിക്കവരും ‘പുതിയ രോഗ’മായി പറയുന്ന മറവിപ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവിനും പിന്നിലെ യഥാർഥ വില്ലൻ അമിത സ്ക്രീൻ ഉപയോഗം ആണെന്നാണു പഠനങ്ങൾ പറയുന്നത്.
ദീർഘനേരം ടിവി കാണുക, മടുപ്പു മാറ്റാനായി മണിക്കൂറുകളോളം റീലുകൾ കാണുക, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ സമയം ചെലവഴിക്കുക തുടങ്ങിയവയൊക്കെ ശീലമാക്കിയവരിലാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
അമിതമായ സ്ക്രീൻ ഉപയോഗം കൊണ്ടു തലച്ചോറിന്റെ ആരോഗ്യം മോശമാകുകയും തലച്ചോറു തന്നെ ക്ഷീണിച്ചുപോകുകയും ചെയ്യുന്നു എന്നാണു പഠനങ്ങൾ പറയുന്നത്. കംപ്യൂട്ടറുകൾ, ഫോണുകൾ എന്നിവ അമിതമായി ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ തളർച്ചയെ ഡിജിറ്റൽ ഫറ്റീഗ് (Digital Fatigue) എന്ന പേരിട്ടാണു വിളിക്കുന്നതെങ്കിലും ഡിജിറ്റൽ അമ്നീഷ്യ, സൂം ഫറ്റീഗ്, ഡിജിറ്റൽ ഒബേസിറ്റി തുടങ്ങിയ ചെല്ലപ്പേരുകളും ഇതിനുണ്ട്.
എന്താണ് ഡിജിറ്റൽ ഫറ്റീഗ് ?
രാവിലെ മുതൽ ഓഫീസ് കംപ്യൂട്ടറിനു മുന്നിൽ. ഇടയ്ക്ക് ഓൺലൈൻ മീറ്റിങ്ങുകൾ. ബ്രേക് ടൈമിൽ റിലാക്സ് ചെയ്യാനായി അൽപം റീൽസ്. വൈകിട്ടു വീട്ടിലെത്തി ടിവിയുടെ മുന്നിൽ. ഉറങ്ങും മുൻപു വീണ്ടും കുറച്ചു റീൽസ്... പുകവലി പരസ്യത്തിലേതു പോലെ പറഞ്ഞാൽ, ‘ഒരു ശരാശരി മലയാളിയുടെ തലച്ചോറിൽ അടിഞ്ഞുകൂടുന്ന സ്ക്രീൻ ടൈം പിഴിഞ്ഞെടുത്താൽ ഏകദേശം ഇത്രയുമുണ്ടാകും...’ അളന്നുനോക്കാൻ പറ്റാത്തതു കൊണ്ടുതന്നെ ‘ഹാനികരമല്ല’ എന്നു ചിന്തിച്ചു ചെയ്യുന്ന ഈ ശീലം പുകവലിയേക്കാൾ അപകടമാണെന്നാണു വിദഗ്ധർ പറയുന്നത്.
ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുടെ കൂട്ടായ്മയാണ് ഡിജിറ്റൽ ക്ഷീണം (Digital Fatigue). കാഴ്ചക്കുറവ്, കണ്ണുകളിൽ വേദന, സമ്മർദം, കണ്ണുനീരില്ലാതെയാകുന്ന അവസ്ഥ, തലവേദന, കഴുത്തു വേദന, ദീർഘനേരം ഒരേനിലയിൽ ഇരിക്കുന്നതു മൂലം നടുവേദനയും ശരീരവേദനയും ഉണ്ടാകുക തുടങ്ങിയവയാണു ശാരീരിക ബുദ്ധിമുട്ടുകളിൽ പെടുക.
ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതു മൂലം ശ്രദ്ധയും ഓർമയും കുറയുക, ഏകാഗ്രത ഇല്ലാതാകുക, ചെയ്യുന്ന കാര്യങ്ങളെ കുറിച്ചുള്ള വ്യക്തത നഷ്ടപ്പെടുക, പ്രവൃത്തികളിൽ തെറ്റുവരിക, ആളുകളോട് പ്രതികരിക്കുന്നതിൽ അപാകതകൾ സംഭവിക്കുക തുടങ്ങി മാനസികാരോഗ്യത്തെയും ഇതു ദോഷമായി ബാധിക്കും.
ഉറക്കക്കുറവാണു മറ്റൊരു പ്രധാന ലക്ഷണം. രാത്രി വൈകി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതു മൂലം ഉറക്കം വരാൻ വൈകുന്നു. രാത്രി നന്നായി ഉറങ്ങാത്തതു കൊണ്ടുതന്നെ പകൽ ഉറക്കക്ഷീണം അനുഭവപ്പെടുന്നു. ടെക്നോ സ്ട്രെസ്, സൈബർ ഫറ്റീഗ് എന്നിങ്ങനെയൊക്കെ ഈ അവസ്ഥ അറിയപ്പെടുന്നു. ഉറക്കക്കുറവു മുതൽ ഏകാഗ്രത ഇല്ലാതെ ജോലിയിലും പഠനത്തിലും ഗുരുതര പ്രശ്നങ്ങളും ഡിജിറ്റൽ ഫറ്റീഗ് കൊണ്ടുണ്ടാകും.
ദോഷമാകുന്നത് എങ്ങനെ ?
ഡിജിറ്റൽ ക്ഷീണം മൂന്നു തരത്തിലാണു വ്യക്തിയെ ബാധിക്കുക. കാഴ്ചയും കണ്ണും സംബന്ധമായ പ്രശ്നങ്ങളും, ശ്രദ്ധക്കുറവു പോലുള്ള ബുദ്ധി സംബന്ധമായ പ്രശ്നങ്ങ ൾ, പെട്ടെന്നു നിരാശയും പ്രതീക്ഷയില്ലായ്മയും സങ്കടവും അമിത ഉത്കണ്ഠയുമൊക്കെയായി വൈകാരിക അസ്വാസ്ഥ്യങ്ങൾ എന്നിവയാണവ.
കണ്ണുനീർ വറ്റുന്നതിനൊപ്പം കണ്ണിൽ വേദനയും ചൊറി ച്ചിലും ചുവപ്പും ഭാരവുമൊക്കെയായി ക്രമേണ കാഴ്ചക്കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. ഒരേ നിലയിൽ ഇരുന്നു സ്ക്രീൻ കാണുന്നതുകൊണ്ടു പേശികൾക്കും പ്രശ്നം വ രാം. താടിയെല്ലു മുതൽ കൈകാലുകളിലെ സന്ധികളിൽ വരെ വേദന അനുഭവപ്പെടുകയും അവിടെയുള്ള പേശികൾ വലിഞ്ഞുമുറുകുകയും ചെയ്യും.
ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി മനസ്സിലാക്കാത്ത വിധത്തിലുള്ള മസ്തിഷ്ക മന്ദത (ബ്രെയിൻ ഫോഗ്) എന്ന അവസ്ഥയിലേക്കും ഇതു പോയേക്കാം. ഫോണിൽ ഒരുപാട് നോട്ടിഫിക്കേഷനുകൾ പെട്ടെന്നു വരുന്ന സമയത്ത് എന്തോ അപകടമാണെന്നു കരുതി ഞെട്ടലുണ്ടാകുകയും, അസ്വസ്ഥതയും അമിത ഉത്കണ്ഠയും ഉണ്ടാകുന്ന സാഹചര്യവും വരാം.
പ്രതിരോധം പ്രധാനം
- കണ്ണിനു വേണ്ട പരിചരണമാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി 20–20–20 നിയമം പാലിക്കാം. കംപ്യൂട്ടറോ ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ ഓരോ 20 മിനിറ്റ് കഴിഞ്ഞും 20 സെക്കൻഡ് നേരത്തേക്ക് 20 മീറ്ററെങ്കിലും ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കിയിരിക്കുക. ഇതു കണ്ണിനു വിശ്രമം നൽകും. ഓരോ 20 മിനിറ്റ് കൂടുമ്പോഴും 10 പ്രാവശ്യം കണ്ണുകൾ സാവധാനം അടച്ചുതുറന്നു കണ്ണുകളിൽ നനവുണ്ടെന്ന് ഉറപ്പാക്കണം.
- പരമാവധി അകലെ വച്ചുമാത്രം സ്ക്രീനുകൾ ഉപയോഗിക്കണം. സ്ക്രീനിലോ കണ്ണടയിലോ ബ്ലൂ ലൈറ്റ് ഫിൽറ്റർ പോലുള്ളവ ഉപയോഗിക്കുക. സ്ക്രീനിന്റെ ബ്രൈറ്റ്നസ് കണ്ണിനു ചേരും വിധം കുറച്ചുവയ്ക്കുക.
- വീട്ടിലെ ചില ഇടങ്ങളിൽ ഡിജിറ്റൽ ബാൻ നടപ്പാക്കുക. കിടപ്പുമുറി, ഡൈനിങ് ടേബിൾ എന്നിവിടങ്ങളിൽ ഡിജി റ്റൽ ഉപകരണങ്ങൾ േവണ്ടേ വേണ്ട. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയത്തും ഫോൺ കയ്യിൽ വേണ്ട.
- ആഴ്ചയിലൊരിക്കൽ ഡിജിറ്റൽ ഡീടോക്സ് നടപ്പാക്കുക. അന്നു വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാം.
- ജോലിയുടെ ഭാഗമായല്ലാതെയുള്ള ഡിജിറ്റൽ ഉപയോഗം ഒരു ദിവസം രണ്ടു മണിക്കൂറിൽ താഴെയാകണം എന്നു നിശ്്ചയിക്കുക. ഫോണിലെ അത്യാവശ്യമല്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക.
പരിഹാരം ശീലമാക്കാം
- ഉറക്കക്കുറവ് ബാധിച്ചു എന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാ ൽ നിദ്രാശുചിത്വവ്യായാമങ്ങൾ (സ്ലീപ് ഹൈജീൻ എക്സർസൈസുകൾ) ശീലമാക്കുക. നിശ്ചിതസമയത്തു തന്നെ ഉ റങ്ങാൻ കിടക്കുക, നിശ്ചിതസമയത്ത് ഉണരുക, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് സ്ക്രീൻ ഉപയോഗം നിർത്തുക, കിടക്കുന്നതിനു മുൻപു പ്രാണായാമം പോലുള്ള ദീർഘശ്വസന വ്യായാമങ്ങൾ ചെയ്യുക. ഇവയൊക്കെ നല്ല ഉറക്കം കിട്ടാൻ സഹായിക്കും
- കലാ– കായിക വ്യായാമങ്ങളും സൗഹൃദസദസ്സുകളുമൊക്കെയായി ഓഫ്‌ലൈൻ വിനോദങ്ങളിൽ ഏർപ്പെടുക.
- ശ്രദ്ധയും ഓർമയും കുറയുന്നതായി കണ്ടാൽ പരിശോധന നടത്തി വൈറ്റമിൻ ഡി, തൈറോയ്ഡ് ഹോർമോൺ, ഹോമോസിസ്റ്റിന്റെ അളവ് തുടങ്ങിയവയിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കാം.
- ഉറക്കക്കുറവു പരിഹരിക്കാനാകുന്നില്ലെങ്കിൽ മനോരോഗചികിത്സാ വിദഗ്ധന്റെ സേവനം തേടാം. ഉത്കണ്ഠാപ്രശ്നങ്ങളോ വിഷാദരോഗമോ ഉണ്ടെങ്കിൽ മരുന്നുകളിലൂടെ പരിഹരിക്കണം. ശ്രദ്ധക്കുറവും ഏകാഗ്രതക്കുറവും പരിഹരിക്കാനും മരുന്നുകളുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം. (ഓണററി കൺസൾട്ടന്റ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി)