ADVERTISEMENT

സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകള്‍ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാര്‍ പ്രഫസര്‍, െമഡിസിന്‍, മെഡിക്കല്‍ േകാളജ്, ആലപ്പുഴ

വളരെ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണു മഞ്ഞപ്പിത്തം. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്നു കരളിനെ ബാധിച്ചു ഗുരുതരവും മാരകവും ആകാന്‍ സാധ്യതയുമുണ്ട്.

പല കാരണങ്ങള്‍ െകാണ്ടും ഉണ്ടാകുന്ന, കരളിന്‍റെ പ്രവര്‍ത്തന തകരാറുകള്‍ മൂലവും െെവറസ് ബാധ മൂലവും മഞ്ഞപ്പിത്തം ഉണ്ടാകാം. നമ്മുെട നാട്ടില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന മഞ്ഞപ്പിത്തം ‘ഹെപ്പറ്റൈറ്റിസ് എ’ വൈറസ് ബാധ മൂലം ഉണ്ടാകുന്നതാണ്.

മഞ്ഞപ്പിത്തം ബാധിച്ച വ്യക്തിക്കു കഠിനപഥ്യം വേണമെന്ന വിശ്വാസം പരക്കെയുണ്ട്. രോഗിയെ കാണാനെത്തുന്ന സന്ദർശകരാണ് ഉപദേശകരിൽ പ്രധാനികൾ. മഞ്ഞപ്പിത്തം ബാധിച്ച രോഗി തുടരേണ്ട കടുത്ത നിയന്ത്രണങ്ങളെക്കുറിച്ചു സോഷ്യൽമീഡിയയിലും നിരവധി സന്ദേശങ്ങൾ പ്രചരിക്കാറുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലാണു കൂടുതൽ നിയന്ത്രണങ്ങളുള്ളത്. ഭക്ഷണം പൂര്‍ണമായും ഉപേക്ഷിച്ചു ജലപാനം മാത്രമേ പാടുള്ളൂ, ഉപ്പു പാടില്ല, എണ്ണ പാടില്ല, പഴങ്ങൾ കഴിക്കരുത്, പകലുറക്കം ഒഴിവാക്കണം തുടങ്ങി പലതാണു നിർദേശങ്ങൾ.

എന്നാൽ മഞ്ഞപ്പിത്തം ബാധിച്ച രോഗിക്കു കർശനമായ ഭക്ഷണനിയന്ത്രണത്തിന്റെ യാതൊരു ആവശ്യവുമില്ലെന്ന് ആധുനിക െെവദ്യശാസ്ത്രം പറയുന്നു. ഭക്ഷണം നിഷേധിക്കുന്ന ഏർപ്പാടും വേണ്ട. മഞ്ഞപ്പിത്തം ബാധിച്ചു കഴിഞ്ഞാൽ പൊതുവേ രോഗിക്കു വിശപ്പു കുറവായിരിക്കും. കൂടാതെ ഓക്കാനം, ഛർദി തുടങ്ങിയ ഉദരസംബന്ധമായ പ്രശ്നങ്ങളുമുണ്ടാകും. ഇങ്ങനെ ക്ഷീണിതരായവർക്കു കൂടുതൽ ഭക്ഷണ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നതു കൂടുതൽ അവശതയിലേക്കു നയിക്കാം.

മലീമസമായ ജലം കുടിക്കുന്നതാണു രോഗം പകരുന്നതിനുള്ള പ്രധാന കാരണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്തയിടങ്ങളിൽ രോഗം വേഗം പകരും. കിണറ്റില്‍ നിന്നും െെപപ്പ് വഴിയും ലഭിക്കുന്ന ജലം അ ഞ്ചു മിനിറ്റെങ്കിലും നന്നായി തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.

ഫ്രിജിൽ വയ്ക്കുന്ന വെള്ളത്തിലായാലും വൈറസ് സജീവമായിരിക്കും. അതിനാല്‍ തിളപ്പിച്ചാറിച്ച വെള്ളം മാത്രം ഫ്രിജില്‍ വയ്ക്കുക. തുറന്നു വച്ച ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. മലവിസർജന ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുൻപും കൈകൾ സോപ്പിട്ടു നന്നായി കഴുകി വൃത്തിയാക്കണം.

ആഴ്ചകള്‍ക്കുള്ളിൽ രോഗലക്ഷണം

‘ഹെപ്പറ്റൈറ്റിസ് എ’ വൈറസുകൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടു മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. മഞ്ഞപ്പിത്തം ഉണ്ടാകുന്നതിനു മുൻപു തന്നെ രോഗിയില്‍ വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, ഓക്കാനം, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടർന്നു മൂത്രത്തിനു കടും മഞ്ഞ നിറവും കണ്ണിലും വായിലും മറ്റും ശ്ലേഷ്മചർമത്തിനു മഞ്ഞനിറവും പ്രത്യക്ഷപ്പെടും.

മഞ്ഞപ്പിത്തമുണ്ടാകുമ്പോഴേക്കും പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും വിട്ടുമാറും. മിക്കവരിലും രണ്ട് – മൂന്ന് ആഴ്ചകൾ കൊണ്ടു തന്നെ മഞ്ഞപ്പിത്തം പൂർണമായും വിട്ടു പോകുന്നു. ഒരിക്കൽ ഹെപ്പറൈറ്റിസ് എ ബാധിച്ച വ്യക്തിക്ക് ആജീവനാന്ത പ്രതിരോധശേഷി ലഭിക്കും. അതിനാൽ രോഗം വീണ്ടും വരില്ല. ഹെപ്പറ്റൈറ്റിസ് എയ്ക്കെതിരെയുള്ള വാക്സിനേഷനും നിലവിലുണ്ട്. രണ്ടു ഡോസുകളായിട്ടാണ് വാക്സിൻ എടുക്കേണ്ടത്.

മഞ്ഞപ്പിത്തം ബാധിച്ച വ്യക്തിക്കു മരുന്നു ചികിത്സ ആവശ്യമായി വരുന്നില്ല. പരിപൂർണ വിശ്രമമാണു വേണ്ടത്. മനംപിരട്ടലും ഛർദിയുമുണ്ടെങ്കിൽ കൊഴുപ്പു കൂടുതലുള്ള ഭക്ഷണം അൽപം നിയന്ത്രിക്കാം. രോഗി ഉപ്പ് കുറയ്ക്കേണ്ട ആവശ്യവുമില്ല. ഉപ്പ് കുറയ്ക്കുമ്പോള്‍ ശാരീരിക പ്രവർത്തനങ്ങളുടെ താളം തെറ്റും. പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസ്, കരിക്കിൻ വെള്ളം തുടങ്ങിയ നൽകി രോഗിക്കു ക്ഷീണമുണ്ടാകാതെ ശ്രദ്ധിക്കണം.

ADVERTISEMENT