ചിരിയുടെ ഭംഗിമായാതെ പല്ലുകൾ ക്രമീകരിക്കാം; ക്ലിയർ അലൈനറുകൾ: ദന്തക്രമീകരണത്തിനു പുതിയ മുഖം
Mail This Article
സിനിമാതാരങ്ങളും മറ്റും നിരതെറ്റിയ പല്ലുകൾ ക്രമീകരിക്കാനായി പല്ലിൽ കമ്പിയിടുന്നതു നമ്മൾ പുറമേ കാണാറില്ല. ഇപ്പോൾ ചിലർക്കെങ്കിലും അറിയാം പുറമേ കാണാത്ത ഇൻവിസിബിൾ അലൈനറുകളാണു അവരെ അതിനു സഹായിക്കുന്നതെന്ന്. മുൻപ് വിദേശത്തു പോയി ചെയ്തിരുന്ന ഈ ചികിത്സാരീതി താരതമ്യേന കുറഞ്ഞ ചെലവിൽ ഇന്നു നാട്ടിൽ തന്നെ ചെയ്യാമെന്നായി. അതോടെ ചിരിയുടെ ഭംഗിമായാതെയുള്ള ക്ലിയർ അലൈനർ ഉപയോഗിച്ചുള്ള ദന്തക്രമീകരണത്തിനു പ്രചാരമേറുകയാണ്.
നമ്മുടെ ചിരിയുടെ ഭംഗി നിർണയിക്കുന്നതിൽ പല്ലുകളുടെ സ്‌ഥാനം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ മുഖത്തിന് അനുയോജ്യമായ രീതിയിൽ പല്ലുകളെ ക്രമീകരിച്ചു സ്മൈൽ ഡിസൈൻ ചെയ്യുന്ന ദന്തചികിത്സാ വിഭാഗം ആണ് ഓർത്തോഡോണ്ടിക്സ് (Orthodontics). പല്ലുകളിൽ മുത്തുകൾ (braces) പിടിപ്പിച്ചുള്ള ചികിത്സ ആണ് ദന്തക്രമീകരണത്തിനു പരമ്പരാഗതമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ, ഭക്ഷണ രീതിയിൽ ഉള്ള നിയന്ത്രണങ്ങൾ, പല്ലുകൾ വൃത്തിയാക്കുന്നതിൽ ഉള്ള ബുദ്ധിമുട്ട്, പല്ലിൽ കമ്പി ഇട്ടിരിക്കുന്ന സമയത്തെ ലോഹ മുത്തുകൾ കാരണമുള്ള സൗന്ദര്യക്കുറവ്, എന്നിവ ഈ ചികിത്സയ്ക്ക് സ്വീകാര്യത കുറയുന്നുണ്ട്. എന്നാൽ, ഈ രംഗത്തെ നൂതന മാറ്റങ്ങൾ ഈ പ്രശ്നത്തിനു പരിഹാരമാവുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്ലിയർ അലൈനർ ചികിത്സാ രീതി (clear aligner treatment). ഈ ചികിത്സയുടെ സാധ്യതകളും പോരായ്മകളും എന്തൊക്കെയെന്നു മനസ്സിലാക്കുന്നത് ഏതു തരം ദന്തക്രമീകരണ രീതി സ്വീകരിക്കണെന്നു തീരുമാനിക്കാൻ സഹായിക്കും.
ക്ലിയർ അലൈനർ ചികിത്സ
നമ്മുടെ വായ്ക്കുള്ളിൽ പല്ലുകളെ ചലിപ്പിച്ച് ഭംഗിയായും ആരോഗ്യകരമായും ക്രമീകരിക്കുകയാണ് ദന്ത ക്രമീകരണ ചികിത്സ. ഇതിനായി പുറമേ നിന്നുള്ള വസ്തുക്കൾ പല്ലിൽ ഉറപ്പിച്ചു വയ്ക്കുകയും സമയാസമയം അതു ക്രമീകരിക്കുകയും ചെയ്യണം. അതിനു വേണ്ടി ഉപയോഗിക്കുന്ന ഏതൊരു പദാർഥത്തിനും ചില പ്രശ്നങ്ങളെ നേരിടേണ്ടി വരും. വായിലെ ഈർപ്പം (humidity), ഉമിനീരിൽ അടങ്ങിയ രാസവസ്തുക്കൾ(enzymes), താപവ്യതിയാനം, സാധാരണ പ്രവർത്തനങ്ങൾ ആയ ചവക്കൽ, വിഴുങ്ങൽ, സംസാരം, ഇതു കൂടാതെ പല്ലുറുമ്മുക പോലുള്ള പ്രവർത്തനങ്ങൾക്കും വിധേയമാകാറുണ്ട്. ഈ സാഹചര്യങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പോളിയൂറിത്തെൻ റെസിൻ എന്ന സുതാര്യമായ ട്രേ ഉപയോഗിച്ചു ആണ് പല്ലുകളുടെ നീക്കം ക്ലിയർ അലൈനർ ചികിത്സയിൽ ക്രമീകരിക്കുന്നത്.
സാധാരണ രീതിയിൽ പല്ലിൽ കമ്പി ഇടുമ്പോഴുള്ള ലോഹ മുത്തുകളും വയറുകളും ആവശ്യമില്ലാത്തതിനാൽ ചികിത്സ കൂടുതൽ ആശ്വാസകരമായി മാറ്റുന്നു. കൂടാതെ ഭക്ഷണം കഴിക്കുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും ഊരി മാറ്റാൻ കഴിയുന്നതിനാൽ പല്ലുകളുടെയും മോണയുടെയും ആരോഗ്യം ശരിയായി പരിപാലിക്കാൻ കഴിയുന്നു.
കൃത്യമായ ഇടവേളകളിൽ ഉള്ള കമ്പി മുറുക്കൽ അലൈനറുകൾക്കു ആവശ്യമില്ല. 10-14 ദിവസം കഴിയുമ്പോൾ ക്രമം അനുസരിച്ചു അടുത്ത ട്രേ ഉപയോഗിക്കുന്നവർക്കുതന്നെ സ്വയം മാറ്റാൻ കഴിയുന്നതിനാൽ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അതുപോലെ കമ്പി മുറുക്കുന്ന സമയത്തോ അനുബന്ധിച്ചോ അനുഭവപ്പെടുന്ന വേദന ഈ ചികിത്സയിൽ താരതമ്യേനെ കുറവാണ്.
ആരാണു ചികിത്സിക്കുന്നത്?
ദന്തക്രമീകരണ വിഭാഗത്തിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഓർത്തോഡോണ്ടിസ്റ്റിനെ ആണ് ഈ ചികിത്സക്കു സമീപിക്കേണ്ടത്. ഓരോ ലാബും ക്ലിയർ അലൈനർ ട്രേ നിർമാണ സമയത്തു ഓർത്തോഡോണ്ടിസ്റ്റിന്റെ സേവനം തേടും. മാത്രമല്ല ചികിത്സയിൽ ഉള്ള പുരോഗതി വിലയിരുത്താനും കൂടുതൽ മെച്ചപ്പെട്ട ചികിത്സാഫലം നേടിയെടുക്കാനും ഓർത്തോഡോണ്ടിസ്റ്റിനെ കാണേണ്ടത് അനിവാര്യമാണ്. പല്ല് എടുക്കാതെ മോണയുടെ വീതി കൂട്ടി പല്ലുകളുടെ നീക്കം, പല്ലുകളുടെ വലുപ്പം കുറച്ചുള്ള ചികിത്സ, പല്ല് എടുത്തുള്ള ചികിത്സ എന്നിവ ഒരോ കേസും അനുസരിച്ചു തീരുമാനം എടുക്കുന്നത് ഓർത്തോഡോണ്ടിസ്റ്റാണ്.
ചികിത്സ എങ്ങനെ?
ചികിത്സയുടെ പ്രാരംഭനടപടി യായി പല്ലുകളുടെയും എല്ലുകളുടെയും ഘടന മനസ്സിലാക്കുന്നതിനു വേണ്ടി എക്സ്–റേ യോ CBCT പോലുള്ള സ്കാനോ ചെയ്യേണ്ടതുണ്ട്. പല്ലുകൾക്കു എല്ലിന്റെ പിൻബലം വേണ്ടത്ര ഉണ്ടെന്നും മോണയുടെ ആരോഗ്യം തൃപ്തികരമാണെന്നും ഉറപ്പിച്ചാൽ കേസിന്റെ തീവ്രത (കാഠിന്യം ) അനുസരിച്ചു ചികിത്സയിലേക്കു കടക്കാം.
ചികിത്സ അനുയോജ്യമാണെങ്കിൽ വായ്ക്കുള്ളിൽ ഉപയോഗിക്കുന്ന പ്രത്യേകതരം സ്കാൻനർ കൊണ്ടു പല്ലിന്റെയും ചുറ്റുമുള്ള മോണയുടെയും ഡിജിറ്റൽ അളവ് എടുക്കാം. ഈ അളവുകളെ ആധുനിക സോഫ്റ്റ്‌വെയ്റുകൾ ഉപയോഗിച്ചു ഘട്ടം ഘട്ടമായുള്ള ത്രിമാന മാതൃകകൾ രൂപപ്പെടുത്തി പല്ലുകളുടെ നീക്കത്തിന്റെ തീവ്രത അനുസരിച്ചു നിശ്ചിത എണ്ണം സുതാര്യ ട്രേകൾ ഉണ്ടാക്കിയെടുക്കും. ഒരു ട്രേയിൽ നിന്നും നിശ്ചിത ദിവസത്തെ ഉപയോഗം കഴിഞ്ഞ് അടുത്ത ട്രെയിലേക്ക് മാറും. അപ്പോൾ പല്ലുകൾക്കു എന്തൊക്കെ നീക്കങ്ങൾ നടക്കണമെന്നും അവ എങ്ങനെ ക്രമാനുസൃതമായി നീങ്ങി കൃത്യമായി ക്രമീകരിക്കപ്പെടുമെന്നും സോഫ്റ്റ്‌വെയർ ഉപയോഗിച്ചു മുൻകൂട്ടി നിശ്ചയിക്കുന്നു.
നമ്മുടെ പല്ലുകളുടെ സ്‌ഥാനം എത്രത്തോളം ക്രമീകരിക്കാൻ ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കി ആണ് ട്രേകളുടെ എണ്ണം തീരുമാനിക്കുന്നത്. ചികിത്സയുടെ തുടക്കത്തിൽ തന്നെ ചികിത്സാവസാനം വരെയുള്ള ട്രേകൾ നമുക്ക് ലഭിക്കുന്നതിനാൽ ഇടയ്ക്ക് ഓർത്തോഡോണ്ടിസ്റ്റിനെ കാണേണ്ട ആവശ്യമില്ല. പല്ലുകളുടെ വേരിന്റെ നീക്കം കൂടുതൽ പൂർണതയിൽ കൊണ്ട് വരാൻ പല്ലിന്റെ നിറത്തിൽ ഉള്ള കോംപോസിറ്റ് അറ്റാച്മെന്റ്സ് (composite attachments)ചികിത്സയുടെ തുടക്കത്തിൽ തന്നെ പല്ലുകളിൽ പിടിപ്പിക്കും.
ചികിത്സ സമയത്ത് പിന്തുടരേണ്ട കാര്യങ്ങൾ
ഓർത്തോഡോണ്ടിസ്റ്റിന്റെ നിർദേശപ്രകാരം കൃത്യമായ ഇടവേളകളിൽ(7-14 ദിവസങ്ങൾ) നമുക്ക് അടുത്ത ട്രേയിലേക്ക് പോകാം. പുതിയ ട്രേ ഉപയോഗിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ തൊട്ടു മുന്നിലുള്ള ട്രേ 5-7 ദിവസം അധികം വയ്ച്ചാൽ മതി. ദിവസം മിനിമം 20 മണിക്കൂർ ഉപയോഗിക്കണം. വിദേശത്തു ഉള്ളവർ, ട്രേ എല്ലാം കഴിഞ്ഞു ചികിത്സ പൂർത്തീകരിക്കുകയോ, ഇടയിലുള്ള ട്രേ ഏതേലും ഫിറ്റ് ആകാതെയോ വന്നാൽ തൊട്ട് മുന്നേ ഉള്ള ഫിറ്റ് ആയ ട്രേ സ്വന്തം ഓർത്തോഡോണ്ടിസ്റ്റിനെ കാണുന്നതുവരെ റീടെയ്നർ ആയി ഉപയോഗിക്കുകയും നാട്ടിൽ വരുമ്പോൾ സ്‌ഥിരം റീടെയ്നറോ അടുത്ത പാകമാകുന്ന ആകുന്ന ട്രേയോ ഡോക്ടറുടെ അടുത്ത് നിന്നും ലഭ്യമാക്കേണ്ടതും ആണ്.
ചികിത്സാ ചെലവ്
ചികിത്സ ചെലവ് പൂർണമായും ട്രേകളുടെ എണ്ണം, ട്രേ ഗുണനിലവാരം, ട്രേ നിർമിക്കുന്ന ലാബ് എന്നിവയെ ആശ്രയിച്ചു ഇരിക്കും. നിരവധി ലബോറട്ടറികൾ ഈ രംഗത്ത് ഉണ്ട്.
∙ ഗുണനിലവാരമനുസരിച്ച് ട്രേകൾ മൂന്നായി തിരിക്കാം. പ്രാദേശിക മേഖലകളിൽ തന്നെ നിർമിച്ചു എടുക്കുന്ന ചെലവു കുറഞ്ഞ അലൈനറുകളാണ് ആണ് ആദ്യത്തേത്. 50,000 മുതൽ 90,000 വരെയാണ് ഇവയുടെ ചെലവ്. എന്നാൽ ഈ ഈ ട്രേകളുെട ഉപയോഗം സങ്കീർണമായ പല്ലിന്റെ ചലനങ്ങൾ പറ്റിയതല്ല.
∙ രണ്ടാമത്തേത് ഏറ്റവും ആധുനിക സോഫ്റ്റ്‌വെയറും ത്രിമാന പ്രിന്റിങ് രീതിയിലും നിർമിക്കുന്നവയാണ്. ഏകദേശം 1.3 ലക്ഷം മുതൽ 3 ലക്ഷം വരെ ആകാം ഇതിന്റെ ചിലവ്.
∙ മൂന്നാമത്തേത് വിദേശത്തു നിന്നും വരുന്ന ബ്രാൻഡഡ് ആലൈനറുകളാണ് (ഉദാ–ഇൻവിസ് അലൈൻ, സ്പാർക്ക്). പല്ലിലെ ചെറിയ വിടവുകൾ പോലും ഇതിൽ മാറ്റാനാകും. ഇവയിൽ പലതും ഓർത്തോഡോണ്ടിസ്റ്റ് അല്ലാത്ത ദന്തഡോക്ടർമാർക്കും ചെയ്യാനാവും. കൂടുതൽ ആധുനികമായ സ്മാർട് ട്രാക്ക് മെറ്റീരിയൽ, സ്മാർട് ഫോഴ്സ് സിസ്റ്റം ഉപയോഗിച്ചുള്ള ദന്തക്രമീകരണം ചികിത്സ കൂടുതൽ ആയാസ രഹിതം ആക്കുന്നു. സ്മാർട് ട്രാക്ക് മെറ്റീരിയൽ ഉപയോഗിച്ചുള്ള ചികിത്സയുടെ ചെലവ് 2 ലക്ഷം മുതൽ 6 ലക്ഷം വരെ ആകും.
പല്ലിലെ ചെറിയ വിടവുകൾ മാറ്റാൻ ഉള്ള essentials എന്ന ഗണത്തിൽ പെടുന്ന trays orthodontist അല്ലാത്ത ദന്തഡോക്ടർ മാർക്കും ചെയ്യാൻ ആകും. എന്നാൽ കൂടുതൽ സങ്കീർണമായ കേസുകൾ ചെയ്യാൻ ഉപയോഗിക്കുന്ന സ്മാർട്ട് ട്രാക്ക് മെറ്റീരിയൽ, സ്മാർട്ട് ഫോഴ്സ് സിസ്റ്റം എന്നിവ ഉപയോഗിച്ചുള്ള ദന്തക്രമീകരണം orthodontist കൾ മാത്രം ആണ് ചെയ്യുന്നത്.
സ്‌ഥിരമായി നാട്ടിൽ നിക്കാൻ ബുദ്ധിമുട്ടുള്ള, വിദേശത്തോ അന്യനാടുകളിലോ ജോലി ചെയ്യുന്നവർക്ക് മാസംതോറും മുറുക്കാനുള്ള പല്ലിൽ കമ്പിയിട്ടുള്ള ചികിത്സ ബുദ്ധിമുട്ട് ഉണ്ടാക്കും. അതുപോലെ ഭക്ഷണ ക്രമത്തിൽ നിർദ്ദേശങ്ങൾ പാലിക്കാൻ പറ്റാതെ മുത്തു പൊട്ടുകയോ കമ്പി വളയുകയോ ചെയ്താൽ കവിളിൽ മുറിവുണ്ടായി ബുദ്ധിമുട്ടുകൾ വേറെയും. ഇങ്ങനെ ഉള്ളവർക്ക് അനുയോജ്യമായ ചികിത്സയാണ് ക്ലിയർ അലൈനർ. ചികിത്സയുടെ തുടക്കത്തിൽ തന്നെ മുഴുവൻ ട്രേകളും ലഭ്യമാക്കുന്നതിനാൽ ഇടയ്ക്ക് ഡോക്ടർനെ കാണേണ്ട ആവശ്യമില്ല. കൃത്യമായ ഇടവേളകളിൽ ട്രേ സ്വയം മാറ്റി ഉപയോഗിച്ചാൽ മതിയാകുമെന്നതാണഅ ഇതിന്റെ പ്രധാന ഗുണം.
മാധ്യമ, സിനിമ മേഖലകളിൽ ജോലി ചെയ്യുന്നവർ, മറ്റുള്ളവരുമായി സ്‌ഥിരം ഇടപഴകി ജോലി ചെയ്യേണ്ടി വരുന്നവർ, പ്രായമായവർ എന്നിങ്ങനെ കമ്പി ഇട്ടു നടക്കുന്ന തിന്റെ ഭംഗിക്കുറവ് ഇഷ്ടമല്ലാത്തവർക്ക് ഈ ചികിത്സ വലിയ ഒരു അനുഗ്രഹം ആണ്.
ഈ ചികിത്സയുടെ പോരായ്മകൾ
കൂടുതൽ സങ്കീർണമായ പല്ലിന്റെ നീക്കങ്ങൾ വേണ്ടിവരുന്നവര്‍ക്ക് ഇപ്പോഴത്തെ നിലയിൽ ഈ ചികിത്സ നിലവില്‍ അത്ര പ്രയോഗികമല്ല. ഈ മേഖലയിലെ കൂടുതൽ ഗവേഷണങ്ങളിലൂടെ ഈ ന്യുനതകൾ തരണം ചെയ്യാനായേക്കും..
നമ്മുടെ പ്രശ്നങ്ങൾക്ക് അനുസരിച്ചു, പ്രശ്നങ്ങളുടെ സങ്കീർണത കൂടി പരിഗണിച്ചു ഏതു ചികിത്സയാണ് നമുക്ക് അനുയോജ്യം എന്നു മനസ്സിലാക്കാൻ ഒരു ഓർത്തോഡോണ്ടിസ്റ്റിനെ കണ്ടു ഉപദേശം തേടണം.
തയാറാക്കിയത്:
ഡോ. പ്രശാന്ത് എസ്.പി
സീനിയർ കൺസൽറ്റന്റ് ഇൻ
ഓർത്തോഡോണ്ടിക്സ് &
ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്
ഐഡിഎ, ആറ്റിങ്ങൽ ബ്രാഞ്ച്,
തിരുവനന്തപുരം
smiledzign@gmail.com