ADVERTISEMENT

സൗന്ദര്യ പ്രശ്നങ്ങളിൽ ഭക്ഷണശീലങ്ങൾക്ക് വലിയ പങ്കൊന്നും ഇല്ല എന്നായിരുന്നു ഇതുവരെ നമ്മുടെ ധാരണ. അതുകൊണ്ടാണ് മുഖത്തിനും മുടിക്കും പ്രശ്നങ്ങളുണ്ടായാൽ ഉടൻ ക്രീമുകളെയും ഓയിന്റ്മെന്റുകളെയും കുറിച്ച് നമ്മൾ ചിന്തിച്ചിരുന്നതും. എന്നാൽ സൗന്ദര്യത്തിലും ചർമത്തിന്റെ സ്വഭാവത്തിലും എന്നു വേണ്ട മുടിയുടെയും മുഖത്തിന്റെയും തിളക്കത്തിലും അഴകിലുമെല്ലാം ഭക്ഷണശീലത്തിന് വലിയ പ‌ങ്കുണ്ട്.

ആന്റി ഏജിങ് ഡയറ്റ് അറിയാം 

ചുളിവുകളും നേർത്തവരകളും വീണ് മുഖവും ശരീരവും വാർധക്യ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? അയഞ്ഞു തുടങ്ങിയ ചർമക്കാർക്കും മുഖത്ത് പ്രായം കൂടുതൽ തോന്നിക്കുന്നവർക്കും ആന്റി ഏജിങ് ഡയറ്റ് ചെയ്യാം. ഈ ഡയറ്റ് ചെയ്യുമ്പോൾ പപ്പായ, നട്സ്, പാവയ്ക്ക, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, ഡാർക് ചോക്‌ലെറ്റ് (80- 90 ശതമാനം) എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉ ൾപ്പെടുത്തണം. കാപ്പി, മസാല ചേർന്ന ഭക്ഷണം, അമിതമധുരം ചേർന്നവ, പ്രോസസ്ഡ് ഫൂഡ് എന്നിവ മാത്രമല്ല, പുകവലിക്കുന്നതും പുകവലിക്കാരുടെ ഒപ്പം സമയം ചെലവഴിക്കുന്നതും ഒഴിവാക്കാൻ മറക്കേണ്ട.

ഡയറ്റ് ചാർട്

അതിരാവിലെ – ഒരു നുള്ള് മഞ്ഞൾപൊടിയിൽ ഒരു വലിയ സ്പൂൺ തേൻ ചേർത്തത്

പ്രാതലിന് – മിക്സഡ് ഫ്രൂട്ട് സ്മൂത്തി

ഇടനേരത്തേക്ക് – നട്സും ഒരു കപ്പ് അധികം പുളിയില്ലാത്ത തൈരും

ഉച്ചയ്ക്ക് – ചോറ്, മുരിങ്ങയില തോരൻ, മീനോ ചിക്കനോ ചേർത്തു വഴറ്റിയെടുത്ത പാവയ്ക്ക

വൈകിട്ട് – പപ്പായ നുറുക്കിയത്– ഒരു ബൗൾ

അത്താഴത്തിന് – മീൻ, പുഴുങ്ങിയ മധുരക്കിഴങ്ങ്

കിടക്കും മുൻപ് – ഒരു പഴം

വെള്ളം – ദിവസം 9- 11 ഗ്ലാസ്

ആന്റി ഏജിങ് ഡയറ്റിനൊപ്പം ചർമം തിളങ്ങാൻ ആന്റി ഏജിങ് മാസ്ക് കൂടി ഇടാം. ഇതിനായി ഗ്രേറ്റ് ചെയ്തെടുത്ത രണ്ടു വലിയ സ്പൂൺ ബീറ്റ്റൂട്ടും ഒരു വലിയ സ്പൂൺ തൈരും നന്നായി യോജിപ്പിക്കണം. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ തേൻ കൂടി ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. 20- 30 മിനിറ്റിനു ശേഷം ഇളംചൂടു വെള്ളത്തിൽ കഴുകാം.

വിവരങ്ങൾക്ക് കടപ്പാട്: പ്രിൻസി ജിജോ, കൺസൽട്ടന്റ് ഡയറ്റിഷ്യൻ (നോർമൽ ആൻഡ് തെറാപ്യൂട്ടിക് ഡയറ്റ്സ്) Longevity Diet Clinic, സിംഗപ്പൂർ

ADVERTISEMENT